Current Date

Search
Close this search box.
Search
Close this search box.

വ്യക്തിത്വവും വൈകാരികമായ പിന്തുണയും

ഒരു മനുഷ്യന്റെ വൈകാരികതയെ നിരാകരിക്കൽ അയാൾക്ക് മനുഷ്യത്വം നിരാകരിക്കലാണ്. ഏറ്റവും വലിയൊരു പാപം തന്നെയാണത്, ഇത്തരം കൃത്യങ്ങൾ ചെയ്യുന്നത് വ്യക്തിത്വബോധമില്ലാത്ത ആളുകളാണ് എന്ന യഥാർത്ഥ്യത്തെ വിസ്മരിക്കാതിരിക്കാം. അതിനാൽ താൻ നിലകൊള്ളുന്ന പരിസ്ഥിതിയും ചുറ്റുപാടുമായി ഇടകലർന്ന് ജീവിക്കുന്ന ആളുകൾ, നിത്യജീവിതത്തിൽ താനുമായി ഇടപഴകേണ്ടി വരുന്ന ആളുകൾ, തന്റെ കൂടെ ജീവിതം പങ്കിടുന്ന വ്യക്തികൾ ഇവരുടെയൊക്കെ വൈകാരികതയെ ഒരു പരിധിവരെ പരിഗണിക്കാനുള്ള മനസന്നദ്ധത ഒരോ വ്യക്തിയിലും ഉണ്ടായിരിക്കണം. ഇതിൽ മൂന്നാമത് പറഞ്ഞ വിഭാഗത്തെ യാതൊരു സാഹചര്യത്തിലും അവഗണനയ്ക്ക് വിട്ടുകൊടുക്കരുത്. കാരണം മറ്റുള്ളവർക്ക് അവരവരുടെ പ്രിയപ്പെട്ടവർ ഉണ്ടാകും നമ്മുടെ പ്രിയപ്പെട്ടവർക്ക് നാം തന്നെ കാണുള്ളൂ. ഇത് ഒരാൾ മനസ്സിലാക്കാത്ത പക്ഷം അയാളോടൊത്ത് ജീവിക്കുന്നവർ മാനസികമായി ഒറ്റപ്പെട്ട് പോകും, അവരിലെ അന്തരീകലോകം വരണ്ടും ശുഷ്‌ക്കിച്ചും വ്യക്തിത്വം ക്ഷയിച്ചും പോകും. ആത്മവിശ്വാസം ചോർന്ന്, പ്രതീക്ഷകളറ്റ്, ആലംബഹീനരെപ്പോലെ തോന്നിപ്പിക്കും. എല്ലാവരും ഉണ്ടായിട്ടും ഒറ്റപ്പെടുന്ന അവസ്‌ഥ ഉൾകൊള്ളാൻ ഒരു മനുഷ്യനും എളുപ്പം കഴിയില്ല.

ആത്മബോധമുള്ള ഒരു മനുഷ്യൻ പ്രഥമമായും തന്റെ തന്നെ ഇമോഷൻസിനാണ് മറ്റാരുടേതിനെക്കാളും പ്രാമുഖ്യം നൽകി വരിക. ബുദ്ധിപരമായി ചിന്തിച്ചാൽ അവനവനിൽ അല്പമെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ സാധിച്ചെങ്കിലെ ബാഹ്യലോകത്തെ സങ്കീർണമായ സാഹചര്യങ്ങളെ ഫലപ്രദമായി ഡീൽ ചെയ്യാൻ ഒരാൾക്ക് കഴിയുള്ളൂ എന്ന സത്യം തിരിച്ചറിയാൻ സാധിക്കും. ഒരു വ്യക്തി തന്റെയുള്ളിൽ നടക്കുന്ന കാലഹങ്ങളെയും സംഘട്ടനങ്ങളെയും ശമിപ്പിച്ചിട്ട് വേണം അയാൾ ബാഹ്യലോകത്തെ സമസ്യകൾക്കും പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്താൻ. കാരണം സാഹചര്യങ്ങൾ പലപ്പോഴും വഷളാവുന്നത് അവനവന്റെ ഭാഗത്ത്‌ നിന്നുള്ള അപാകതകളും പാകപ്പിഴവുകളും കൊണ്ടും കൂടെയാണല്ലോ. വികാരങ്ങളെ പ്രകടിപ്പിക്കുന്നതിലും നിയന്ത്രണ പരിധിയിൽ വെയ്ക്കുന്നതിലും ചെറിയ തോതിലുള്ള പരിശീലനങ്ങൾ നിർബ്ബന്ധമാണ്. കൊച്ചുകുട്ടികൾ പരിശീലിക്കുന്നത് സ്വന്തം വീട്ടിൽ നിന്ന് തന്നെയാണ്. സമൂഹവുമായി കൂടുതൽ ബന്ധം പുലർത്താൻ തുടങ്ങുന്നതോടെ വ്യക്തിബന്ധങ്ങളിൽ മാത്രമല്ല വ്യക്തിയേതര ബന്ധങ്ങളിലും വൈകാരികതയെ നിയന്ത്രിക്കാനുള്ള കഴിവ് ഒരു പരിധിവരെ കുട്ടികൾ സ്വായത്തമാക്കുന്നു.

ആത്മബോധത്തിന്റെ അപര്യാപതത ചിന്തകളെയും വികാരങ്ങളെയും ഫലപ്രദമായി നിയന്ത്രിക്കുന്നതിന് വിഘ്നം വരുത്തുമെന്നതിനാൽ കുട്ടികളെ ബോധത്തിലേയ്ക്ക് ഏത്തിക്കൽ അനിവാര്യം തന്നെ. കുറഞ്ഞത് അപരനോടുള്ള സമീപനത്തിൽ എപ്പോഴും അവരും തന്നെപ്പോലെ വികാരവും വിചാരവും മനസ്സുമുള്ള മനുഷ്യരാണ്, അവരും അത്മാഭിമാനികളാണ്, ഈഗോ വ്രണപ്പെട്ടാൽ അവർക്കും നോവും, തന്നിലെ ഒരു കുഞ്ഞുപ്രവൃത്തി, എന്തിന് ഒരു വാക്ക് പോലും അതിന് ഹേതുവാക്കപ്പെടാൻ പാടില്ല എന്ന മഹത്തായ ചിന്ത സ്വാധീനിച്ചാൽ തന്നെ കുട്ടികളിലും മറ്റ് വ്യക്തികളിലും ആശ്ചര്യകരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. അവരൊക്കെയാണ് ഉത്തമരായ വ്യക്തിത്വങ്ങൾ അല്ലാതെ സദാസമയവും താൻ നല്ലവനാണ് നല്ലവളാണ് എന്ന് കാണിക്കാൻ വ്യഗ്രത കാണിക്കുന്നവരല്ല.

ചാരിറ്റിയും പൊതുപ്രവർത്തനങ്ങളും സേവനങ്ങളും ചര്യയായി സ്വീകരിച്ച എത്രയോ ആളുകളെ നമുക്ക് ചുറ്റും കണ്ടേക്കാം. ചെയ്യുന്നത് അതിമഹത്തായ ഒരു കാര്യം തന്നെ. എന്നാൽ തന്നിൽ നിന്ന് പരിഗണനയും കെയറും അർഹിക്കുന്നവർക്ക് ഒരൽപ്പം സമയം കണ്ടെത്തി നൽകേണ്ടത് നൽകാതെ, തന്റെ കടമകൾ മനസ്സിലാക്കാതെയും നിറവേറ്റാതെയും അവർക്ക് വേണ്ട വൈകാരികപരമായ പിന്തുണ നൽകാനോ, കൂട്ട് നിൽക്കാനോ തയാറാവാത്ത ചിലരുണ്ട് അതിൽ. പേരും പെരുമയും പ്രശസ്തിയും ആഗ്രഹിച്ച് അതിനൊക്കെ തുണിഞ്ഞിറങ്ങുന്നവരാവും അവർ. എന്നാൽ അവനവന്റെ ധർമ്മം മറന്ന് കർമ്മം ചെയ്തിട്ടെന്താണ് ഫലം?

അനുദിനം ഓരോരോ മനോവ്യാപാരത്തിലകപ്പെട്ട് കിടക്കുന്ന, മനോവ്യഥകളും വിചാരങ്ങളും പേറുന്ന ഒട്ടേറെ ആളുകളുമായി നാം സമ്പർക്കത്തിൽ ഏർപ്പെടുന്നു. സർവ്വരിലെയും വൈകരികതയെ എങ്ങനെ തിരിച്ചറിയാനാണ്? അതൊക്കെ ഇപ്പറയുന്ന പോലെ ഒരു മനുഷ്യന് സാധ്യമാണോ? ഇത് വായിക്കുമ്പോൾ തീർച്ചയായും പെടുന്നനെ മനസ്സിലേക്ക് കടന്നുവന്ന ഒരു ചോദ്യമതാവും. എങ്കിൽ ഉത്തരം സാധിക്കും എന്ന് തന്നെയാണ്. ബൗദ്ധികപരമായും കഴിവുകൊണ്ടും സാമർത്ഥ്യംകൊണ്ടും സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലും ഒരാൾ മറ്റൊരാളിൽ നിന്നും പലവിധത്തിലും വ്യത്യസ്തത പുലർത്താമെങ്കിലും, പരസ്പരം വൈരുദ്ധ്യങ്ങൾ അനവധി പ്രകടമാകുമെങ്കിലും അടിസ്ഥാനപരമായി മനുഷ്യർ ഒന്ന് തന്നെയാണെന്ന് തിരിച്ചറിയണം. ഇമോഷൻസും വികാരങ്ങളും പ്രകടമാക്കുന്നതും ഒരുപക്ഷേ വിഭിന്ന രീതിയിലായിരിക്കും പക്ഷെ വികാരങ്ങൾ അല്ലെങ്കിൽ ഫീലിംഗ്‌സൊക്കെ ഒന്ന് തന്നെ. ഏറിയും കുറഞ്ഞുമിരിക്കും എന്ന് മാത്രം.

ഒരാൾ ആത്മബോധത്തിലേക്ക് എത്തുമ്പോൾ ഓരോ സാഹചര്യങ്ങൾ തന്നിലുണ്ടാക്കുന്ന വൈകാരികപരമായ മാറ്റങ്ങൾ കൃത്യമായി തിരിച്ചറിയും. മറ്റൊരാൾ പ്രകോപിതനായിട്ടോ, പുച്ഛം കലർന്ന സ്വരത്തിലോ, ഇകഴ്ത്തികൊണ്ടോ, അധിക്ഷേപം നിറഞ്ഞ വാക്കുകളാലോ സംസാരിക്കുമ്പോൾ തന്നിൽ അത് എത്രത്തോളം ആരോചകമുണർത്തുന്നു, അസ്വസ്ഥത നിറയ്ക്കുന്നു, രോഷം കൊള്ളിക്കുന്നു, തന്റെ അന്തരംഗങ്ങളിൽ സംഭവിക്കുന്നതൊക്കെയും മറ്റൊരാളുടെ ഉള്ളിലും സംഭവിക്കും അതേ മാനസികസമ്മർദ്ദതത്തിലൂടെ അവരും കടന്നുപോകും എന്ന തിരിച്ചറിവ് അത്ര നിസ്സാരമല്ല. താനുമായി അടുത്ത ബന്ധത്തിലിരിക്കുന്നവരിൽ നിന്ന് വൈകരിപരമായ അവഗണന നേരിടേണ്ട സാഹചര്യങ്ങൾ ഉണ്ടായാൽ അത് ഒരാളിൽ ആഴത്തിൽ മുറിവേല്പിക്കും. ക്ഷോഭം, സങ്കടം, സന്തോഷം, ഇഷ്ടം, സ്നേഹം ഇവയൊക്കെ ഒട്ടും പ്രകടിപ്പിക്കാതെ ഒതുക്കിവെയ്ക്കുന്നത് വിപരീതിഫലം ചെയ്യും.

മറ്റൊരാളിലെ വൈകാരികതയെ അവഗണിക്കുന്നത് തെറ്റാണെന്ന് പറഞ്ഞുവെച്ചുവല്ലോ, വാസ്തവത്തിൽ ക്രൂരവും അത്യധികം വേദനാജനകവുമായ ഒന്നാണത് . എന്ത് സംസാരിക്കുമ്പോഴും പ്രവൃത്തിക്കുമ്പോഴും അപരന്റെ മനസ്സിനെയും വികാരത്തെയും മാനിക്കണം എങ്കിലേ ഒരാളിൽ ഉചിതമായൊരു വ്യക്തിത്വം ഉണ്ടെന്ന് പറയാൻ സാധിക്കൂ. ബോധത്തിൽ നിലനിന്നുകൊണ്ട് പെരുമാറാൻ ഇത്തരം അറിവുകൾ അവശ്യമായതിനാൽ രക്ഷിതാക്കൾ തങ്ങളുടെ യഥാർത്ഥ കടമകൾ തിരിച്ചറിഞ്ഞ്, ഏറ്റെടുത്ത് നിറവേറ്റാൻ എന്തുകൊണ്ടും ഉത്സുകരായിരിക്കണം അപ്പോഴേ മക്കളിൽ ആരിലും മതിപ്പും ആദരവുമുളവാക്കുന്ന ശ്രേഷ്ഠമായ ഒരു വ്യക്തിത്വം രൂപപ്പെടുകയുള്ളൂ.

സർവ്വരും തന്നെപ്പോലെ വികാരവും വിചാരവുമുള്ള പച്ചയായ മനുഷ്യരാണെന്നും ജീവിതം ഓരോരുത്തരേയും പലവിധത്തിൽ പരുവപ്പെടുത്തിയെടുത്തതാണെന്നുമുള്ള കാര്യം ഉൾക്കൊണ്ടുകൊണ്ട് പെരുമാറുകയും ഇടപഴകുകയും വേണം. ഓരോ ജീവിത സഹചര്യത്തോടും പൊരുതി നിന്നാണ് മനുഷ്യർ ജീവിതമെന്തെന്ന് പഠിക്കുന്നത്. തനിയ്ക്ക് ലഭിച്ച ജീവിതവുമായി താദാത്മ്യം പ്രാപിക്കാൻ തന്നിലെ ചിന്തകളെ കൂട്ട്പിടിക്കുന്ന മനുഷ്യർ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെയും ഉള്ളിൽ സ്വയം ന്യായീകരിച്ച് നിർത്തേണ്ടിയും വരുന്നുണ്ട്. അല്ലെങ്കിൽ അയാളിലെ സൈക്കളോജിക്കൽ ബാലൻസ് താറുമാറാകുകയും അത് അയാളിലെ മനോനില തെറ്റുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യും.

ഒരു വ്യക്തി അവനവന് തന്നെ ഒരുതരത്തിലും മാപ്പ് നൽകാൻ പറ്റാത്ത ഒരു പ്രവൃത്തി ചെയ്ത് പോയിട്ടുണ്ടെങ്കിൽ ആജീവനാന്തം അയാളെ അത് വേട്ടയാടിക്കൊണ്ടിരിക്കും. സമാധാനം കാംക്ഷിക്കുന്ന ഏതൊരു മനുഷ്യനും അവനവന് മാപ്പ് നൽകാൻ കഴിയുകയും, അജ്ഞതയാൽ ചെയ്തുപോയ പാതകത്തിന് ക്ഷമ ചോദിക്കുകയും മറ്റുള്ളവർക്കും കൂടെ പൊറുത്തുകൊടുക്കാനുള്ള മനസ്സ് കാണിക്കുകയും വേണം. വൈകാരികതയിൽ സംതുലിതാവസ്ഥ അല്ലെങ്കിൽ സമചിത്തത കൈവരുന്നത് അപ്പോഴൊക്കെയാണ്. ഇമോഷണൽ ഇന്റലിജൻസ്‌ സാമാന്യം തെറ്റില്ലാത്ത രീതിയിൽ ഡെവലപായ ഒരു വ്യക്തിയെ വേറിട്ട് തന്നെ തിരിച്ചറിയാൻ സാധിക്കും. മനുഷ്യരെ മനുഷ്യരാക്കി നിലനിർത്തുന്ന, പലപ്പൊഴും തങ്ങൾക്ക് കാതലും കരുത്തുമായി തീരുന്ന വികാരങ്ങളെ വേറിട്ട് തിരിച്ചറിയൽ നിർബ്ബന്ധമാണ്.

സഹജീവികളോട് യാതൊരു ഇമോഷൻസും ഫീലിംഗ്‌സും തോന്നിക്കാത്ത വ്യക്തികളും നമുക്കിടയിൽ ഉണ്ട്. തരിശുനിലം പോലെ, കനികൾ വിളയാത്ത നിലം പോലെയിരിക്കും ആ മനസ്സ്. മറ്റൊരാളുടെയുമെന്നല്ല അവനവനോട് പോലും അല്പം ഇഷ്ടവും സ്നേഹവും പ്രതിപത്തിയും പ്രതിബദ്ധതയും ഉണ്ടായിരുന്നെങ്കിൽ എന്ന് കൊതിച്ചുപോകും അവരെ അടുത്തറിയുമ്പോൾ. സ്വാഭാവികമായും അവരുടെ സൈക്കോളജി മറ്റൊരാൾക്ക് ഉൾകൊള്ളാൻ വലിയ പ്രയാസമായിരിക്കും. ആളുകൾക്ക് തന്നിലുള്ള പ്രതീക്ഷകൾ നിറവേറ്റാൻ പിന്നിലായിരിക്കും ഈ വിഭാഗം. അതേപോലെ അവനവന്റെ ഇമോഷൻസിന് കണക്കിലധികം പ്രാധാന്യം നൽകുകയും എന്നാൽ മറ്റൊരാളുടെത് ആവുമ്പോൾ നിസ്സംഗത നിറഞ്ഞ മനോഭാവവും കാണുകയും ചെയ്യുന്നത് സ്വാർത്ഥരിലാണ്.

മോറൽ സപ്പോർട്ടും ഇമോഷണൽ സപ്പോർട്ടും രണ്ടും ഒരേപോലെ മുഖ്യമാണ് മനുഷ്യർക്ക്. പോസിറ്റീവ് വികാരങ്ങളും ചിന്തകളും ഒരാളിൽ ശക്തമായി വേരൂന്നുമ്പോൾ അയാളിലെ വ്യക്തിയും വ്യക്തിത്വവും അതിശക്തവും ആചഞ്ചലവും സുദൃഢമാവുമായിത്തീരും. നെഗറ്റീവ് ഇമോഷൻസ് ആയ ഭയം, സങ്കടം, വിഷാദം, നിരാശ ഇവയിൽ നിന്നെല്ലാം ഏറെക്കുറെ മോചനം ലഭിക്കുന്നതോടെ ആ വ്യക്തിയിൽ പോസിറ്റീവായ വളർച്ചയ്ക്കും ഉയർച്ചയ്ക്കും സാദ്ധ്യതയും പ്രതീക്ഷയും വർദ്ധിക്കുകയാണ്.

ഒരാളുടെ ഇമോഷൻസിനെ അല്ലെങ്കിൽ ഫീലിംഗ്സിനെ വെച്ച് പന്താടരുത് ഒരിക്കലും. അയാളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ് അത്. ആത് അയാളിലെ വ്യക്തിത്വത്തെ മാത്രമല്ല അയാളുടെ ജീവിതത്തെയും മൊത്തത്തിൽ സാരമായി തന്നെ ബാധിക്കും. മാത്രമല്ല അയാളിൽ അത് വരുത്തുന്ന അഘാതം പല അപകടങ്ങളെയും നമ്മിലേക്ക് വിളിച്ചുവരുത്തിയേയ്ക്കും. കറങ്ങിത്തിരിഞ്ഞ് ബൂംറാങ്ങ് പോലെ നമ്മിലേക്ക് തന്നെ വന്ന് പതിക്കുമെന്ന് സാരം. വൈകാരികതയെ അല്ലെങ്കിൽ ഫീലിംഗ്‌സിനെ നിരന്തരം വ്രണപ്പെടുത്തുമ്പോൾ മനസ്സ് അസഹ്യമായ വേദനയിലൂടെ കടുത്ത അപമാനവും പേറി കടന്ന് പോകുമെന്നതിനാൽ അതൊക്കെ നേരിടുന്ന വ്യക്തിയിലെ സൈക്കോളജിയെ നെഗറ്റീവ് ആയി ബാധിക്കുകയും ഭാവിജീവിതത്തിൽ ഓരോരോ അനർത്ഥങ്ങൾ വരുത്തിവെയ്ക്കാനും ഇടയുണ്ട്

ബന്ധങ്ങൾക്ക് വർണ്ണപ്പകിട്ടേകാനും ഭംഗിയായി നിലനിർത്താനും ഇടയ്ക്കൊക്കെ ഒരാളോട് നമുക്ക് മനസ്സിൽ തോന്നുന്ന പോസിറ്റിവ് ഫീലിംഗ്‌സും കൂടെ എടുത്ത് പറയേണ്ടതിന്റെ ആവശ്യകത തിരിച്ചറിയണം. നെഗറ്റീവ് മാത്രം പറയുന്ന ശീലം വെടിഞ്ഞെ തീരൂ. അതുകൊണ്ട് വിനകൾ മാത്രം വിളിച്ചു വരുത്താനെ ഉപകരിക്കൂ. ഐ ലവ് യൂ എന്ന വാക്യം എത്രയധികം മനോഹരമാണ് എന്നാൽ ഇത് കമിതാക്കൾക്ക് മാത്രമായി നാം തീറെഴുതിവെച്ച പോലെയാണ്. മക്കളോടും ജീവിത പങ്കാളിയോടും അച്ഛനമ്മമാരോടും സുഹൃത്തുക്കൾ തമ്മിലും ഏതൊരു ആത്മബന്ധത്തിലും ഐ ലവ് യൂ എന്ന വാചകം സാഹചര്യാനുസരണം ഇഷ്ടത്തെയും സ്നേഹത്തെയും തത്സമയം തന്നെ ഫിലോടെ പ്രകടമാക്കാൻ കഴിയുന്നത് ആളുകളിൽ ഉണർവും ഉന്മേഷവും പകരും. അതോടൊപ്പം ഒരു ചുംബനമോ, ആലിംഗനമോ കൂടെ ആയാൽ സ്നേഹമെന്ന വികാരത്തെ കടത്തിവിടുന്ന ഒരു ചാലകം പോലെ മറ്റൊരാളിൽ നിന്ന് അത് പകർത്തിയെടുക്കാൻ എളുപ്പമായി. ബന്ധങ്ങളെ എന്നുമെന്നും ഊഷ്മളമാക്കി നിലനിർത്താൻ ഇതൊക്കെ കൂടിയേ തീരൂ. എന്നാൽ പൊതുവെ കാണുന്നത് എന്താണ്? നെഗറ്റീവ് ഫീലിംഗ്‌സ് എടുത്ത് പറഞ്ഞ് വിരസത സൃഷ്ടിച്ച്, വിരക്തി തോന്നിപ്പിച്ച് ബന്ധങ്ങളെ നശിപ്പിക്കുന്നതാണ്. അതിശോചനീയമായ രീതിയിൽ ദയനീയതയുടെ പാരമ്യതയിലേക്ക് ബന്ധങ്ങളെ എത്തിക്കുന്നതിൽ ഓരോരുത്തർക്കുമുള്ള പങ്ക് വിലയിരുത്തപ്പെടണം, അപ്പോഴേ സത്യാവസ്ഥ തിരിച്ചറിയാൻ സാധിക്കുള്ളൂ. എതിർഭാഗത്ത് നിൽക്കുന്ന വ്യക്തിയ്ക്ക് എതിരെ വിരൽ ചൂണ്ടാൻ എളുപ്പമാണ്. ബന്ധം തകരാതെ സൂക്ഷിക്കുന്നതിൽ ഏവർക്കും അതിന്റെതായ ഉത്തരവാദിത്വമുണ്ട് അതിൽ സുപ്രധാനമായ ഒന്നാണ് ഇപ്പറയുന്ന വൈകാരികമായ പരിഗണന, പിന്തുണ, സപ്പോർട്ടെല്ലാം. എങ്കിൽ ബന്ധങ്ങൾക്ക് അധികം കോട്ടം വരാതെ സൂക്ഷിക്കാം. അർഹതപ്പെട്ടവരോട് ഇത്തരം കടമകൾ നിറവേറ്റാൻ നമുക്ക് എന്നും മനസ്സുണ്ടാവണം.

Related Articles