Current Date

Search
Close this search box.
Search
Close this search box.

സമചിത്തതയും മാനസിക സംതുലിതാവസ്ഥയും

സമചിത്തത അല്ലെങ്കിൽ മനസ്സിന്റെ സംതുലിതവസ്ഥ, (mental stability or mental balace) എന്നൊരു അവസ്ഥാന്തരത്തിലേക്ക് മനുഷ്യൻ എത്തിപ്പെടുന്നത് അല്ലെങ്കിൽ ഒരാൾക്ക് മനസ്ഥിരത കൈവരിക്കാനുള്ള പ്രാപ്തി ലഭിക്കുന്നത് സ്വന്തം മനസ്സ് ആരോഗ്യകരമായ ഒരു സെക്കളോജിക്കൽ ബാലൻസിങ് നേടിയെടുക്കുമ്പോഴാണ്. ഒരു വ്യക്തിയിലെ വിവേകം, ചിന്താശേഷി, കാഴ്ചപ്പാട് അതേപോലെ ബാഹ്യപ്രേരണയേക്കാൾ വൈകാരികതയിലും വിചാരങ്ങളിലും ആന്തരിക പ്രേരണയാലുള്ള നിയന്ത്രണം, കൂടാതെ ബോധനം, ബോധം ഇവയെല്ലാം സമചിത്തത എന്ന അവസ്ഥയെ സ്വാധീനിക്കുന്നവയിൽ അതിപ്രധാനമായ ഘടകങ്ങളാണ്. ഏത് വിഷയവും ഏതൊരു കാര്യവും വിവേകബുദ്ധിയോടെ, തനതായതും സ്വന്തവുമായ രീതിയിൽ ചിന്തിച്ചുകൊണ്ട് സ്വയം വിലയിരുത്താൻ ഒരാൾക്ക് സാധിക്കണം.

കാര്യമില്ലാത്ത തോന്നലുകളെയോ (prejudicing) യുക്തിഹീനമായ അഭിപ്രായങ്ങളെയോ മുൻവിധികളെയോ നിരത്തിവെച്ചോ അല്ലെങ്കിൽ മുൻനിർത്തിക്കൊണ്ടോ മാത്രം ഒരു വ്യക്തിയെയോ സാഹചര്യങ്ങളെയോ അല്ലെങ്കിൽ അവസ്ഥകളെയോ വായിച്ചെടുക്കാൻ ഒരിക്കലും മുതിരരുത്. അത് എപ്പോഴും മനുഷ്യരെ തെറ്റായ നിഗമനത്തിലേക്ക് കൊണ്ടുചെന്നെത്തിക്കും. അതിനാലാണ് “ചിന്തകൾക്ക് വ്യക്തത” ഉണ്ടാവണം എന്ന വിഷയത്തെക്കുറിച്ച് ആവർത്തിച്ചു പറയേണ്ടി വരുന്നത്. സത്യമായും അത്ര ലാഘവത്തോടെ കാണേണ്ട ഒന്നല്ല അത്. നല്ലൊരു വ്യക്തിത്വം ആഗ്രഹിക്കുന്നവർ ഉയർന്ന വ്യക്തിത്വത്തിന് ഊന്നൽ കൊടുക്കുന്നവർ ചിന്തകളിൽ വ്യക്തത (clarity) നിർബ്ബന്ധമായും ഉണ്ടാക്കി എടുക്കേണ്ട ഒന്നാണ്. രക്ഷിതാക്കൾ അവരുടെ സന്താനങ്ങളുടെ നന്മയ്ക്കും നല്ലൊരു ഭാവിയ്ക്കും വേണ്ടി ഇക്കാര്യത്തിൽ വീഴ്ചകളൊന്നും വരുത്താതെ ശ്രദ്ധിക്കണം.

സമചിത്തത, സ്ഥിരബുദ്ധി എന്നീ പദങ്ങൾ കൊണ്ടെല്ലാം അർത്ഥമാക്കുന്നത് ഏകദേശം ഒന്ന് തന്നെയാണ്. ഏത് സാഹചര്യങ്ങളെയും അഭിമുഖീകരിക്കുമ്പോൾ അനിയന്ത്രിതമായ വികാരങ്ങൾക്കോ മറ്റുള്ളവരിൽ നിന്ന് ഉണ്ടായേക്കാവുന്ന പ്രലോഭനങ്ങൾക്കോ പ്രകോപനങ്ങൾക്കോ സാഹചര്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊന്നും വഴിപ്പെടാതെ എപ്പോഴും വിവേകപൂർവ്വം ആത്മവിശ്വാസം ഒട്ടും ചോർന്ന് പോകാൻ അനുവദിക്കാതെയും മനഃസ്ഥൈര്യത്തോടെ, നിർഭയം അവയെ നേരിടാൻ സാധിക്കുന്നതും മനസ്സിനെ സ്വന്തം വരുതിയിൽ നിർത്താനും ആത്മസംയമനം പാലിക്കാനും കഴിയുന്നതെല്ലാം സ്ഥിരബുദ്ധിയോടെ ചിന്തിക്കുന്ന, ഒരു ഉറച്ച ക്യാരക്റ്റർ ഉള്ളിലുള്ള വ്യക്തിയാവുമ്പോൾ മാത്രമാണ്.

താഴെപ്പറയുന്ന പോലെയുള്ള കാര്യങ്ങളിൽ ശ്രദ്ധപതിപ്പിക്കാനായ് സന്നദ്ധരാവുകയാണെങ്കിൽ ഏറെക്കുറെ നല്ലൊരു ചെയ്ഞ്ച്, വലിയൊരു മാറ്റം സ്വന്തം വ്യക്തിജീവിതത്തിൽ ഒരാൾക്ക് കൊണ്ടുവരാൻ സാധിക്കും.

1) പുലരിയെ സ്വാഗതം ചെയ്യുന്നത് വിടർന്ന മനസ്സോടെ വേണം. എന്നുവെച്ചാൽ ഒരു ദിനം തുടങ്ങുന്നത് കഴിയുന്നത്ര പോസിറ്റീവ് ചിന്തകളെ ചേർത്ത് പിടിച്ചിട്ടാവണം. മനസ്സിൽ ഉത്സാഹവും ഊർജ്ജസ്വലതയും ഉണ്ടാവണമെങ്കിൽ പോസിറ്റീവ് ചിന്തകൾ തന്നെ കൂടിയേ തീരൂ. അതിരാവിലെ കണ്ടുമുട്ടുന്ന എല്ലാവർക്കും നല്ലൊരു പുഞ്ചിരി സമ്മാനിക്കാനും നല്ലൊരു ദിനം ആശംസിക്കാനും ശീലിച്ചാൽ പ്രഭാതങ്ങളെല്ലാം അറിയാതെ ഊർജ്ജ ദായകമാവും. മറ്റുള്ളവരിലേക്ക് പകരുന്നത് പോസിറ്റീവ് എനർജിയെങ്കിൽ തിരികെ ലഭിക്കുന്നതും മറ്റൊന്നാവില്ലല്ലോ. എന്തെങ്കിലും ദുരനുഭവങ്ങളിലൂടെ കടന്ന് പോകുന്നെങ്കിൽ തന്നെ അവനവനെ ബാധിക്കാത്ത വിധം അനുദിനം മനസ്സിന് റീഫ്രഷ് ചെയ്ത്, റിജൂവനെറ്റ് ചെയ്ത് എടുക്കണം.

2) ഏതൊരു ദുരൂഹ സാഹചര്യങ്ങളിലും വിഷമഘട്ടത്തിലും മനസ്സിന്റെ സമനില തെറ്റാതെ നിലനിർത്തി കൊണ്ടുപോകാൻ ചിത്തചര്യയോടെ മുന്നോട്ട് പോകാൻ ആത്മാവബോധം ഇല്ലെങ്കിൽ സാധിക്കില്ല. ഇതാണ് വ്യക്തിത്വബോധം ഒരാൾക്ക് വാഗ്ദാനം ചെയ്യുന്നത്. ഒരാൾക്ക് പ്രാഥമികമായും ഉണ്ടായിരിക്കേണ്ടത് അവനവനെക്കുറിച്ച് ശരിയായ ഒരു അവബോധമാണല്ലോ. തന്നെപറ്റി കൃത്യമായി ഒരു ചിത്രമില്ലാതാവുന്നത് തനിക്ക് ചുറ്റുമുള്ള ആളുകളെയും പരിതസ്ഥിതിയെയും ഫലപ്രദമായി മാനേജ് ചെയ്യുന്നതിന് വിഘാതം സൃഷ്ടിക്കുകയും ഒന്നും സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാതെ ആവുകയും ചെയ്യുന്നത് സ്വാഭാവികം.

3) അവനവനെക്കുറിച്ച് ഉള്ളിൽ ഒരു മതിപ്പ് ഓരോരുത്തരും തന്നിലെ ക്വളിറ്റികൾ തിരിച്ചറിഞ്ഞു സ്വയം തന്നെ ഉണ്ടാക്കിയെടുക്കണം. അതിനായുള്ള ശ്രമങ്ങൾ നിരന്തരം നടത്തുമ്പോൾ അവസാനം വലിയൊരു മോടിവേഷനായി മാറും അത്. അല്ലാത്തവർക്ക് പല സന്ദർഭങ്ങളിലും ഉയർന്ന് ചിന്തിക്കാനും പ്രവൃത്തിക്കാനും കഴിയില്ല. അവനവനെക്കുറിച്ച് പോസിറ്റീവായ രീതിയിലുള്ള ഒരു “നിർവ്വചനം” (self definition) കണ്ടെത്തലും വളരെ അനിവാര്യമാണ്. ഒരു വ്യക്തിയ്ക്ക് തന്നോട് തന്നെ അവജ്ഞ തോന്നിപ്പിക്കുന്നതും ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുന്നതുമായ തരം ചിന്തകളും പ്രവൃത്തികളും പരിപൂർണ്ണമായും വർജ്ജിക്കുമ്പോഴാണ് അയാളിൽ അത്ഭുതങ്ങൾ സംഭവിക്കുന്നത്.

4) താനെന്ന വ്യക്തിയ്ക്ക് ഏറ്റവും മികവ് പുലർത്താനും ശോഭിക്കാനും കഴിയുന്നത് എന്തിലൊക്കെ അല്ലെങ്കിൽ ഏതിലൊക്കെ എന്ന് നോട്ട് ചെയ്തുവെക്കുകയും അതിനായ് സമയവും ഊർജ്ജവും കണ്ടെത്തുകയും ചെയ്യുന്നത് മാനസിക സംതുലിതാവസ്ഥയിലേക്ക് എത്താൻ സഹായിക്കും.

5) തനിയ്ക്ക് ഉള്ളതിനും തനിയ്ക്ക് ലഭിച്ചതിനും കൃതജ്ഞതയും നന്ദിയും നിറഞ്ഞ മനസ്സോടെ വേണം ജീവിക്കാൻ. തന്നെക്കുറിച്ച് തന്റെ കഴിവുകളെക്കുറിച്ച് നല്ലൊരു ബോദ്ധ്യമില്ലാതെയാവുന്നത് ഒരാളിൽ സൈക്കളോജിക്കൽ ബാലൻസ് രൂപംകൊള്ളുന്നതിന് തടസ്സം സൃഷ്ടിക്കും.

6) എപ്പോഴും വർത്തമാനകാലത്തിൽ ജീവിക്കാൻ പരിശീലിക്കുന്നത് അത്യുത്തമവും പ്രോത്സാഹനീയവുമായ ഒരു കാര്യമാണ്. പല രീതിയിലും ഒരാൾക്ക് അത് ഗുണം ചെയ്യും. ഭൂതകാല ഓർമ്മകൾ നൽകുന്ന അലട്ടലും മനോവ്യഥകളും അസ്വസ്ഥതകളും ഭാവിയെക്കുറിച്ചുള്ള ഭയവും വർത്തമാനകാലത്തെ അസ്വദിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കും. ഇത്തരമൊരു വ്യക്തി മോഹഭംഗത്താൽ നിരാശ ബാധിച്ച് മനോവീര്യം നഷ്ടപ്പെട്ട പോലെ ജീവിക്കും. അയാളിൽ പെട്ടെന്ന് വികാരക്ഷോഭവും പലവിധ വികാരങ്ങൾക്കും അടിമപ്പെട്ട് അയാൾക്ക് ജീവിതം ആസ്വദിക്കാനും കഴിയാതെയാവും.

7) വ്യായാമം നല്ലൊരു മരുന്നാണ്. വർക്ക് ഔട്ട് ചെയ്യുമ്പോൾ മൂഡ് ബൂസ്റ്റ് ചെയ്യാനും സ്‌ട്രെസ്സ് കുറയ്ക്കാനുള്ളതുമായ എൻഡോർഫിൻസ് ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ മനസ്സിന് റിലാക്സേഷൻ നൽകുന്ന ഒന്നാണ് വ്യായാമം.

8) നല്ല പോഷകസമൃദ്ധമായ ആഹാരങ്ങൾ കഴിക്കുക. ബ്രെയിനിന്റെ വികാസത്തിന് ആവശ്യമായ പോഷകങ്ങൾ നിറഞ്ഞതും അധികം കാർബോഹൈഡ്രേറ്റ് അടങ്ങാത്തതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. കാർബോഹൈഡ്രേറ്റ്സ് ബ്രെയിനിൽ സെറോടോണിൻ എന്ന കെമിക്കൽ( hormone) ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. മനസ്സിന്റെ അശാന്തതയെ ശമിപ്പിക്കുന്നതിലും മാനസിക സംതുലിതവസ്ഥയ്ക്കും സെറോടോണിൻ മുഖ്യഘടകമാണ്. പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഡോപ്പമൈൻ, തൈറോസൈൻ പോലുള്ള ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന് ഉത്തേജകമാവുന്നു. മനുഷ്യനെ ഉത്സാഹികളും ജാഗ്രതയുള്ളവരുമായി നിർത്താൻ അത് സഹായിക്കുന്നു. മറ്റു പച്ചക്കറികളിലും പഴവർഗ്ഗങ്ങളിലും ഒട്ടനവധി വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിരിക്കുന്നു. ഇവയിൽ പലതും ബ്രെയിനിൽ മൂഡ് റെഗുലേറ്റ് ചെയ്ത് നിർത്തുന്നതിന് അവരവരുടേതായ പങ്ക് വഹിക്കുന്നു.

9) വിശാസയോഗ്യനായ ഒരാളുടെ മുന്നിൽ മനസ്സ് തുറന്ന് സംസാരിക്കാൻ കഴിയുന്നത് പ്രയോജനം ചെയ്യും. അത്തരക്കരുമായി ബന്ധങ്ങൾ നിലനിർത്തി പോരുന്നത് അതീവം ഗുണകരമായ ഒന്നാണ് അസന്നിഗ്ദഘട്ടത്തിലും ആരും ഇല്ലെന്ന് തോന്നുമ്പോഴും ഒരു വിളിപ്പാടകലെ തന്നെ കേൾക്കാനും മനസ്സിലാക്കാനും ചിലരെങ്കിലും ഉണ്ടെന്ന തോന്നൽ മനസ്സിന് വളരെയധികം ബലം നൽകും.

10) മറ്റുള്ളവർ നമ്മെ വാല്യു ചെയ്യുന്നു അഥവ വിലമതിക്കുന്നു, കുടുംബ സാമൂഹിക ഇടങ്ങളിൽ താൻ അംഗീകരിക്കപ്പെടുന്നു എന്ന തിരിച്ചറിവ് സ്ഥിരചിത്തതയിലേക്ക് നയിക്കാൻ ഒരാൾക്ക് ആവശ്യമാണ്. മറ്റുള്ള ആൾക്കാർ തന്നിൽ വിശ്വാസമർപ്പിക്കുന്നു എന്നുള്ള വാർത്തയും ഒരു വ്യക്തിയിൽ വൈകാരികമായ സുരക്ഷിതത്വം ഉറപ്പ് വരുത്താൻ നല്ലതാണ്. അതേപോലെ അപരനിൽ പോസിറ്റീവ് കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുമ്പോൾ അവനവനെ സ്വയം അംഗീകരിക്കുന്നതിലും ആരും അമാന്തം കാണിക്കില്ല.

11) ആളുകൾക്ക് തന്നാൽ കഴിയുന്ന ചെറിയ സഹായങ്ങളൊക്കെ ചെയ്ത് ജീവിക്കുന്നത് മനസിന് ശാന്തത കൈവരുത്താൻ സഹായിക്കും. അതിലൂടെ തന്നെക്കുറിച്ച് മതിപ്പ് വർദ്ധിക്കാനും അവനവനെ സ്നേഹിക്കാനുമുള്ള നല്ലൊരു പ്രവണത ഉള്ളിൽ ഉറഞ്ഞുകൂടും. മറ്റുള്ളവരെ സഹായിക്കുന്നത് ജീവിതത്തിന് അർത്ഥം കണ്ടെത്താൻ സഹായിക്കുമെന്ന് മാത്രമല്ല ജീവിതത്തെയും മനസ്സിനെയും സന്തുഷ്ടവും സമ്പുഷ്ടവും വിശാലവുമാക്കി തരും.

13) മനസ്സ് പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ ഒരു ബ്രെയ്ക്ക് എടുക്കണം. പൂർവ്വാവസ്ഥയിലേയ്ക്ക് മനസ്സിനെ കൊണ്ടുവരാൻ തക്ക വല്ലതിലും മുഴുകണം. സ്ട്രെസ്സ് കുറയ്ക്കാൻ സഹായിക്കുന്ന വല്ല കാര്യങ്ങളിലും മനസ്സിനെ കുരുക്കി നിർത്തണം. അല്ലെങ്കിൽ ബ്രീത്തിങ് എക്സർസൈസ് പോലെ ചിലത് പരീക്ഷിക്കാം.

14) വേണ്ടത്ര ഉറക്കവും ഒരു മനുഷ്യന് വളരെയധികം അനിവാര്യമായി വരുന്ന ഒന്നാണ്. മാനസിക ശാരീരിക ആരോഗ്യം നിലനിർത്താൻ ശരിയായ ഉറക്കം ലഭിച്ചിരിക്കണം. കുട്ടികൾ 8 മണിക്കൂറും മുതിർന്നവർ 6 മണിക്കൂറെങ്കിലും മിനിമം ഉറങ്ങിയിരിക്കണം എന്നാണ്. ഉറക്ക കുറവ് മനുഷ്യന്റെ മൂഡിനെ പലവിധത്തിൽ ബാധിക്കുന്നുണ്ടെന്ന് മനഃശാസ്ത്രജ്ഞർ പറയുന്നു. ഉറക്കം വരാനായി ഉറങ്ങും മുമ്പ് അൽപ്പം വായനയോ വൈകുന്നേരത്തെ ഈവനിംഗ് വോക്ക് പോലുള്ള വർക്ക് ഔട്ട് ഗുണപ്രദമാണ്. ഉറങ്ങുന്നതിന്റെ അര മണിക്കൂർ മുമ്പ് എങ്കിലും ഫോണ് ലാപ്ടോപ്പ് പോലുള്ള ഡിവൈസുകൾ മാറ്റി വെക്കണം മനസ്സ് റിലാക്സ് ആക്കിയിട്ട് വേണം ഉറങ്ങാൻ.

ഇവയെല്ലാം ആർക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്. മനസ്സിനെ സ്വന്തം വരുതിയിൽ നിർത്താനും എത്ര തന്നെ കഠിനപൂർണ്ണവും ദുഷ്ക്കരവുമായ ഘട്ടങ്ങളിൽ പതറാതെ, കാലുകൾ ഇടറാതെ മുന്നോട്ട് എടുത്ത് വെയ്ക്കാനും സമചിത്തതയോടെ പെരുമാറാനും സാധിക്കുന്ന ശക്തമായ വ്യക്തിത്വങ്ങൾ ആവാൻ ആരാണ് സ്വയം ആഗ്രഹിക്കാത്തത്. അങ്ങനെയുള്ളവർക്ക് മേൽപ്പറഞ്ഞ പോലെയുള്ള ഉപാധികൾ തേടാവുന്നതാണ്. അഭിമാനത്തോടെയും ഗർവ്വോടെയും ജീവിക്കാൻ, വരും തലമുറയ്ക്ക് ഉത്കൃഷ്ട മാതൃകയാവാൻ ജീവിതത്തിൽ ഒരിക്കലും കൈമോശം വരാൻ ഇടയില്ലാത്ത വിധം ആത്മവീര്യത്തോടെയും മനോദർഢ്യത്തോടെയും മുന്നേറണം നാം.

Related Articles