Current Date

Search
Close this search box.
Search
Close this search box.

ജീവിതവും വ്യക്തിത്വബോധവും

ജീവിതം വളരെ മനോഹരമാണ്. ജീവിച്ചിരിയ്ക്കാൻ കഴിയുന്ന ഓരോ നിമിഷവും അതിനെ ആസ്വദിച്ചും അറിഞ്ഞും ജീവിക്കാനുള്ളതാണ്. എന്നാലോ… ആരും കരുതുന്ന പോലെ ഈ ജീവിതം അത്ര ലളിതമല്ല താനും. പല കണക്കിലും മനുഷ്യനെയിട്ട് നട്ടം തിരിക്കുകയും ആശങ്കപ്പെടുത്തുകയും ഇടയ്ക്കൊക്കെ വല്ലാതെ അങ്കലാപ്പിലാക്കുകയും ചെയ്യുന്ന, ഒരായിരം പ്രശ്നങ്ങളാലും സമസ്യകളാലും കുഴഞ്ഞുമറിഞ്ഞും കിടക്കുന്ന, സംഘർഷഭരിതവും അതിസങ്കീർണ്ണവുമായ ഒരു ജീവിതമാണ് മനുഷ്യന്റേത്. അകപ്പെട്ടുപോയ ചുരുളുകൾ അഴിക്കാൻ സാധിക്കാതെ ചിലർ നിരാശരും നിസ്സഹായരും പ്രത്യാശ നഷ്ടപ്പെട്ടവരുമായി മാറാറുണ്ട്. രക്ഷപ്പെടാൻ യാതോരു ഗത്യന്തരവുമില്ലാതെ ഓരോ പ്രതിസന്ധികൾക്ക് മുന്നിൽ പകച്ചുനിൽക്കുന്നവരെയും ഗതികേടിൽ കുടുങ്ങി നെടുവീർപ്പിടുന്നവരെയും അതേസമയം സംഭവിക്കുന്നത് എന്തെന്ന് ഒന്നും തിട്ടപ്പെടുത്തിയെടുക്കാൻ കഴിയാതെ ഉഴലുന്നവരെയും കാണാം. അങ്ങനെയൊരു സാഹചര്യത്തിൽ എല്ലാത്തിനെയും സാമർത്ഥ്യത്തോടെ സധൈര്യം നേരിടുക, ജീവിതത്തെ അസങ്കീർണ്ണമാക്കാനും പ്രശ്നങ്ങളെ ലഘൂകരിക്കാനുമുള്ള വഴികൾ തന്നാലാവും വിധം കണ്ടെത്തുക, ജീവിതത്തിന് തനതായ ഒരു സിസ്റ്റം ഉണ്ടാക്കിയെടുക്കുക, ഏറ്റവും ലളിതമായി തന്നെ തനിക്ക് ലഭിച്ച ജീവിതത്തെ ചിട്ടപ്പെടുത്തിയെടുക്കുക തുടങ്ങീ വലിയ വലിയ വെല്ലുവിളികളാണ് മനുഷ്യരുടെ മുന്നിലുള്ളത്. ആ വെല്ലുവിളികൾ സ്വീകരിക്കുകയും ഏറ്റെടുത്ത് നിർവ്വഹിക്കുകയും ചെയ്യുന്നവർ ഉണ്ടെങ്കിൽ അവർ ശരിയായ അർത്ഥത്തിൽ ജീവിതത്തെ ഉൾക്കൊണ്ടവരാണെന്ന് പറയാം.

നെഞ്ചുറപ്പ്, മനക്കരുത്ത്, മനസ്ഥൈര്യം എന്നീ പദങ്ങൾ കൊണ്ടൊക്കെ വിശേഷിപ്പിക്കുന്നത് ഇപ്പറയുന്ന കാര്യങ്ങൾ തന്നെയാണ്. കാലിടറാതെ, അടിതെറ്റാതെ, മനം തളരാതെ മുന്നേറാൻ സ്വന്തം മനസ്സിനുള്ളിൽ നിന്ന് തന്നെ രൂപംകൊള്ളുന്ന ഒരു ആജ്ഞാശക്തിയും ഒന്നിനും പിടിച്ചുലയ്ക്കാൻ കഴിയാത്ത ചങ്കുറപ്പും തളർന്ന് വീഴുമ്പോൾ എഴുന്നേറ്റ് നില്ക്കാനുള്ള മനോവീര്യവും എല്ലാം ഉൾക്കൊള്ളുന്ന മാനസികാവസ്ഥയാണ് വേണ്ടത്. ജീവിതവുമായും അവനവനുമായും ബന്ധപ്പെട്ട് മനുഷ്യരിൽ കാണപ്പെടുന്ന അനാവശ്യമായ ആധിയും ഭീതിയുമാണ് അവരുടെ ഏറ്റവും വലിയ ശത്രു എന്ന വസ്തുത തിരിച്ചറിയണം. മനസ്സിനെ ആധി, ഭീതി മുക്തമാക്കാൻ ആത്മബോധത്തിലേയ്ക്ക് എത്തുകയും ബോധപൂർവ്വം അത്തരം നിഷേധാത്മക ചിന്തകളിൽ നിന്നും നെഗറ്റീവ് ഇമോഷൻസിൽ നിന്നും മോചനം നേടുകയും ചെയ്യേണ്ടതുണ്ട്. അപ്പോൾ തന്നെ ഒട്ടേറെ മനഃപ്രയാസങ്ങളിൽ നിന്ന് മാനവന് മോചനം ലഭിക്കും.

ജീവിതത്തിന്റെ നല്ല ഭാഗങ്ങളെയും സർവ്വ നേട്ടങ്ങളെയും സദാ സ്മരിച്ചുകൊണ്ട്, ശുഭപ്രതീക്ഷകളോടൊപ്പം ഓരോന്നിനും പ്രതിവിധി കണ്ടെത്താനുള്ള പരിശ്രമങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടാവുന്നത് അതീവം ശ്ലാഘനീയമാണ്. എങ്കിലും വിജയം മാത്രം പ്രതീക്ഷിച്ചും സന്തോഷം മാത്രം കാംഷിച്ചും മുന്നോട്ട് പോകുന്നത് എപ്പോഴും അപകടമാണ് താനും. ദുഃഖങ്ങൾക്കിടയിലും സന്തോഷങ്ങളെ വേറിട്ട് തിരിച്ചറിയുകയും ആസ്വദിക്കുകയും ചെയ്യുന്നത് മാനസികാരോഗ്യം വർദ്ധിക്കാനിടയാക്കും. ഇത് ജീവിതമാണ് ഓർക്കാപ്പുറത്ത് നിനയ്ക്കാത്തതെന്തും എപ്പോൾ വേണമെന്നില്ലാതെ സംഭവിച്ചേക്കാം, അമൂല്യമെന്ന് വിശ്വസിക്കുന്ന പലതും കണ്മുന്നിൽ വെച്ചുതന്നെ നഷ്ടപ്പെട്ടേക്കാം, സ്വന്തമെന്നു വിശ്വസിച്ചവരിൽ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങൾ നേരിട്ടേക്കാം എല്ലാം സഹിക്കാനും മറക്കാനും പൊറുക്കാനും കൂടെ കഴിയണം. യഥാർത്ഥ്യങ്ങളെ ഉൾകൊള്ളാൻ കഴിഞ്ഞില്ലെങ്കിൽ വലിയ ബുദ്ധിമുട്ട് നേരിടും. ജാഗ്രത എപ്പോഴും നല്ലതാണ്. ഭയത്തേക്കാൾ ജാഗ്രതയാണ് മനുഷ്യന് ഗുണം ചെയ്യുന്നതും. ഒപ്പം എന്തിനെയും നേരിടാൻ തനിയ്ക്ക് കഴിയുമെന്ന വിശ്വാസവും മനസ്സിനെ ശക്തമാക്കി നിർത്തുകയും വേണം. പരിഹാരം ഇല്ലാത്ത പ്രശ്നങ്ങൾ ഇല്ല. അതിനാൽ പ്രശ്നങ്ങളിൽ മാത്രമായി കുരുങ്ങിക്കിടക്കാതെ പരിഹാരങ്ങൾ കണ്ടെത്തുന്നതിലേയ്ക്ക് മനസ്സിനെ വ്യാപൃതമാക്കണം. തനിയ്ക്ക് അപ്രാപ്യമായി ഒന്നുമില്ല, എപ്പോഴും വേണ്ടത് ഏത് നിലയിലേക്കും ഉയരാനും വിജയങ്ങൾ എത്തിപ്പിടിക്കാനുമുള്ള ശക്തമായ ചിന്തകളുടെ കൂട്ടാണ് എന്ന് മനുഷ്യർ തിരിച്ചറിയുന്നതോടെ മുന്നിൽ അതുവരെയുള്ള ചിത്രം തന്നെ മറ്റൊന്നായി മാറും.

ജീവിതത്തിൽ ഈ വിധം നേരിവേണ്ടി വരുന്ന കടുത്ത പ്രയാസങ്ങളെയും അത്യന്തം കൈപ്പും കാഠിന്യവുമേറിയ അനുഭവങ്ങളെയും ആകസ്മികമായി ഏൽക്കുന്ന പ്രഹരങ്ങളെയും താങ്ങാൻ മനസ്സിനെ എങ്ങനെ സജ്ജമാക്കാം എന്ന് ചോദിച്ചാൽ ജീവിതത്തിന്റെ ദ്വന്ദഭാവത്തെ അംഗീകരിക്കുക എന്നതാണ് വിവേകിയായ ഒരു മനുഷ്യൻ പലപ്പോഴും ചെയ്യുന്നത്. പകലിന് ഒരു രാത്രി ഉള്ളത്പോലെ തന്നെ വിജയത്തിനൊപ്പം പരാജയത്തിന്റെ സാധ്യതകളെ തള്ളിക്കളയരുത്. സുഖം-ദുഃഖം, ഉയർച്ച-താഴ്ച ഇവയൊക്കെ അതിന്റെതായ അർത്ഥത്തിൽ ഉൾകൊള്ളാൻ ഒരാൾ തയാറായെ തീരൂ. റോസാചെടിയിൽ മനോഹരമായ പൂക്കൾ മാത്രമല്ല മുള്ളുകളും ഉണ്ട്. റോസാപ്പൂ വിജയമാണെങ്കിൽ മുള്ളുകൾ വെല്ലുവിളിയാണ്. ഇതുപോലെ ജീവിതത്തോടുള്ള സമീപനവും മനോഭാവവും പോസിറ്റീവ് ആക്കിയെടുക്കലാണ് ഒരു ബുദ്ധിമാനും വിവേകിയും ബോധപൂർവ്വം ചെയ്യുന്നത്‌. അതല്ലെങ്കിൽ സ്വാഭാവികമായും നാളുകൾ കഴിയുമ്പോൾ ജീവിതത്തോട് വിരക്തിയും അസംതൃപ്തിയും നൈരാശ്യവും വന്നുചേരും. ദുരന്തഘട്ടങ്ങളിൽ ചിലർ സകല പിടിവള്ളികളും പ്രതീക്ഷകളുമെല്ലാം നഷ്ടപ്പെട്ട് വിഷാദചൂഴിയിലേയ്ക്ക് ചെന്ന് പതിക്കുന്നതും കാണാറുണ്ട്. ഇതെല്ലാം സംഭവിക്കുന്നതിന്റെ ഒരു കാരണം ആത്മാവബോധത്തിന്റെ അഭാവവും മറ്റൊന്ന് യാഥാർത്ഥ്യങ്ങൾ ഉൾകൊള്ളാൻ മനസ്സ് വിസമ്മതിക്കുന്നതുമാണ്. തന്റെ കഴിവിൽ ഒരാൾക്ക് ഉത്തമ ബോധമുണ്ടെങ്കിൽ ഏറെക്കുറെ കാര്യങ്ങൾ സ്വന്തം നിയന്ത്രണപരിധിയിൽ നിൽക്കും. അതുകൊണ്ട് നിലനില്പിനായും സാർത്ഥകമായ ഒരു ജീവിതത്തിനായും വ്യക്തിത്വബോധത്തിന്റെ പ്രാധാന്യവും പ്രസക്തിയും ഓരോരുത്തരും മനസ്സിലാക്കാണം.

പ്രിയപ്പെട്ടവരിൽ ആശങ്ക പടർത്തും വിധമുള്ള പെരുമാറ്റങ്ങൾ ഒഴിവാക്കാൻ ഉള്ളിലുള്ള പ്രയാസങ്ങൾ മനസ്സിലാക്കുന്ന ഒരാളോട് തുറന്ന് പറയുന്ന ശീലവും അതിന്റെ പരിഹാരം തേടുന്നതും വളരെ നല്ലതാണ്. തന്നിലെ സ്വത്വത്തെ സ്വയം നെഗറ്റീവ് ചിന്തകളിൽ തളച്ചിട്ടുപോയവർക്ക് ഒരിക്കലും മറ്റൊരു മനുഷ്യനിലേക്ക് പൊസിറ്റിവ് ഫീൽ പകർന്ന് നൽകാൻ കഴിയില്ല. നിർമ്മാണാത്മകമായ ചിന്തകളെ അല്ലെങ്കിൽ പോസിറ്റീവ് ചിന്തകളെ മനസ്സിൽ ബോധപൂർവ്വം നിലനിർത്തണം. അതേപോലെ ചെയ്യാൻ പോകുന്ന ഒരു പദ്ധതിയെക്കുറിച്ച് പങ്കാളിയുമായോ, സുഹൃത്തുക്കളുമായിട്ടോ, അച്ഛനമ്മമാരുമായോ പങ്ക് വെക്കുന്നതും അവരുടെ വിശ്വാസവും പിന്തുണയും കൂട്ടിന് ഉണ്ടാവുന്നത് ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കും. തിരിച്ചും അവരുടെ മനോഗതം അറിഞ്ഞുള്ള പെരുമാറ്റവും എന്തിനും ഏതൊരു സാഹചര്യത്തിലും അവരോടൊപ്പം നിൽക്കാനായ് മനസ്സ് കാണിച്ചാൽ ബന്ധങ്ങൾക്ക് ദൃഢത കൈവരും ഏത് അവശതയിലും ആരും ആരെയും കൈവെടിയില്ല. പ്രത്യശകൾ കൈമോശം വരാതെ നോക്കണം. ജീവിതമാകെ തകിടം മറയുന്ന അവസ്ഥ മുന്നിൽ വന്നാലും പതറരുത്.

ഓരോ മനുഷ്യരും തന്റെ ജീവിതത്തിലെ പ്രയാസങ്ങളെ അതിജയിക്കാൻ അവർക്ക് സ്വന്തമായ, സ്വതസിദ്ധമായ ഒരു രീതി അവലംബിക്കാവുന്നതാണ് ഉചിതം. അതിന് മുമ്പേ ചെയ്യേണ്ടത് ചിന്തകളെ ചിട്ടപ്പെടുത്തിയെടുക്കുക എന്നൊരു ഉദ്യമം തന്നിൽ നിക്ഷിപ്‌തമാണെന്ന തിരിച്ചറിവില മനസ്സും ചിന്തകളും ആകെ അലങ്കോലമായി കിടക്കാൻ അനുവദിയ്ക്കാതെ നോക്കണം. സത്തയിലേയ്ക്ക് ഇറങ്ങി ചിന്തിക്കുമ്പോൾ തന്നിലെ ന്യൂനതകളും അപര്യാപ്തതകളും വളരെ സുതാര്യമായ, വ്യക്തമായ രീതിയിൽ വീക്ഷിക്കാൻ കഴിയും. ന്യൂനതകളെ നികത്തിയും കഴിവുകളെ പരിപോഷിപ്പിച്ചും ജീവിക്കുന്ന ഒരു വ്യക്തി എന്നും അവനിൽ തന്നെ സംതൃപ്തി കൊള്ളുകയും ആത്മനിർവൃതിയടയുന്നവനുമായിരിക്കുമെന്നതിനാൽ നിരാശ ബാധിക്കുന്നില്ല. എന്നാൽ മനുഷ്യർ ഈ ഭൂമിയിൽ നേരിടുന്ന പ്രശ്‌നങ്ങൾ മൊത്തം അവർ തന്നെ സ്വയം സൃഷ്ടിച്ചെടുക്കുന്നതും അല്ല. അത് പ്രകൃതിപരം, ജീവിക്കുന്ന പരിസ്ഥിതിയുമായി ബന്ധപ്പെട്ടത്, വ്യക്തിപരം, കുടുംബപരം, സാമൂഹികപരം കൂടാതെ ജന്മനാ ഒരാളോടൊപ്പം പിറവിയെടുക്കുന്ന പ്രശ്നങ്ങൾ വേറെയും അത് ശാരീരികമോ, മാനസികമോ, ജനിതകപരമായി കൈമാറുന്നവയോ, മസ്തിഷ്ക വളർച്ചയുടെതോ, നാഡീവ്യൂഹ സംബന്ധമായതുമൊക്കെ ആവാം.

ഉയർന്ന ചിന്ത എന്നത് പ്രാകൃത മനുഷ്യനിൽ നിന്നും പരിഷ്ക്കരിക്കപ്പെട്ട, പരിവർത്തനം സംഭവിച്ച ആധുനിക മനുഷ്യനിലേക്കുള്ള ഒരു സാധ്യതയാണ്. കാലങ്ങളായുള്ള പരിശ്രമങ്ങളിലൂടെ തനിയ്ക്ക് അല്ലെങ്കിൽ തന്റെ സഹജീവികൾക്ക് നല്ലതെന്തെന്ന ബോധത്തിൽ നിന്ന് നിലനിൽപ്പിനായ് തുണയാകുന്ന ചിന്തകളെ പരിപോഷിപ്പിക്കാനുള്ള കഴിവ് മനുഷ്യൻ നേടിക്കൊണ്ടിരിക്കുന്നു. പിടിച്ചടക്കൽ, കീഴടക്കൽ, പോര്, പോരാട്ടം, യുദ്ധം ഇവയൊക്കെ അർത്ഥ ശൂന്യമെന്ന് മനസ്സിലാക്കി ഹൃദയ വിശാലത, കാരുണ്യം, പരസ്പര ധാരണ, വീട്ടുവീഴ്ചാ മനോഭാവം, ക്ഷമാശീലം, മറക്കാനും പൊറുക്കാനുമുള്ള മനസ്സ് ഇതിന്റെയൊക്കെ മൂല്യം അല്ലെങ്കിൽ മൂല്യബോധം അവരെ ഉത്കൃഷ്ടരാക്കി മാറ്റുന്നു. മുതിർന്നവരോടും പ്രായത്തിൽ കുറഞ്ഞവരോടും കുട്ടികളോടും സ്ത്രീകളോടും മയത്തിൽ പെരുമാറാനും തുല്യപ്രാധാന്യം നൽകാനും ആധുനിക മനുഷ്യന്റെ ചിന്തയിലേക്ക് ഒരു വിഭാഗത്തിന് എങ്കിലും ബോധം വന്നിട്ടുണ്ട്. ജാതി, മത, വേഷ, ഭാഷ, വർഗ്ഗ, വർണ്ണ, ലിംഗ ഭേദമന്യേ മനുഷ്യരുമായി നല്ല രീതിയിൽ ഇടപഴക്കാനും പെരുമാറാനും വ്യക്തിത്വബോധം തുണയാകുന്നു.

വ്യക്തിത്വരൂപീകരണവും ഇപ്പറയുന്ന വിഷയങ്ങളുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. ആത്മാവബോധമുള്ള മനുഷ്യനോളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനുള്ള ബോധവും ബുദ്ധിവൈഭവവും മറ്റാരിലും കാണില്ല. ആത്മബോധമാണ് നല്ലൊരു വ്യക്തിത്വത്തിന് ആധാരമാവുന്നതും. “സമചിത്തത” എന്ന അവസ്ഥ കൈവരിക്കാൻ ആത്മബോധം കൂടിയേ തീരൂ. ഓരോ സന്ദർഭങ്ങൾക്കും സാഹചര്യങ്ങൾക്കും അനുസൃതമായി അവനവനെ നിയന്ത്രിക്കലാണ് സമചിത്തത. സംയമനം പാലിക്കാൻ ശീലിച്ച ഒരാൾക്കെ സമചിത്തത നേടിയെടുക്കാൻ സാധിക്കുള്ളൂ. ഒരു വ്യക്തി നേരിടുന്ന ഒട്ടേറെ സമസ്യകൾക്ക് ഉത്തരം അയാൾ സ്വന്തം സത്തയിലേയ്ക്ക് ഇറങ്ങി ചിന്തിക്കുമ്പോൾ കിട്ടും. ഉൾക്കാഴ്ച അല്ലെങ്കിൽ അന്തരീക ജ്ഞാനം പ്രദാനം ചെയ്യുന്നത് അതാണ്.

വിജയപരാജയങ്ങൾ നോക്കുമ്പോൾ ഒരിടത്ത് പരാജയപ്പെട്ടാൽ പിന്മാറുകയല്ല വേണ്ടത് മറ്റൊരിടത്ത് ഭാഗ്യപരീക്ഷിക്കണം തുടരണം. സാധ്യതകളെ തീർത്തും തള്ളിപ്പറഞ്ഞുകൊണ്ട് ഒരിക്കലും സംസാരിക്കരുത് അത് ഗുണം ചെയ്യില്ല ആർക്കും. നമുക്ക് സാധിക്കാത്ത ഒരു കാര്യം മറ്റൊരാൾക്ക് സാധിച്ചേക്കാം. ഓരോ മനുഷ്യരിലെയും അന്തരീക വിഭവങ്ങൾ അതുല്യവും വ്യത്യസ്തവുമായിരിക്കും. അവനവനെ വെച്ച് അന്യനെ അളക്കുന്നത് തെറ്റാണ്. എന്തിന്റെയും സാധ്യതകളോടൊപ്പം പോരായ്മകളെ കൂടെ വിശകലനം ചെയ്തും പരിഹാരം കണ്ടെത്തിയും ഉണ്ടാവാൻ പോകുന്ന റിസ്‌ക്ക് നികത്താൻ പറ്റും. തോൽവിയെ അംഗീകരിക്കാം ഒരിക്കലും എന്നന്നേക്കുമായി സ്വീകരിക്കരുത്. ഒരു കാര്യത്തിന് വേണ്ടി മുന്നിട്ടിറങ്ങിയാൽ മുന്നോട്ട് എടുത്ത് വെച്ച കാൽ പിന്നോട്ട് എടുക്കാൻ തയാറാവരുത്.

ഒരു വൃക്ഷം നടുകയാണെങ്കിൽ അതിനെ വെച്ചുപിടിപ്പിക്കുന്ന മണ്ണിന്റെ ഗുണം, ഫലഭൂയിഷ്ഠത, കിട്ടുന്ന പരിചരണം, വായു, വളരുന്ന കാലാവസ്‌ഥ, ഇവയൊക്കെ അടിസ്ഥാനപ്പെടുത്തിയാണ് അതിന്റെ വളർച്ചയും നിലനിൽപ്പും. സ്വന്തം മക്കളിലെ വളർച്ചയ്ക്കും പുരോഗതിയ്ക്കും അഭിവൃദ്ധിയ്ക്കും രക്ഷിതാക്കൾ വഴിയൊരുക്കേണ്ടത് അങ്ങനെയാണ്. അതേസമയം തന്നിലെ കഴിവുകളെക്കുറിച്ച് ബോധമുള്ളത്ര തന്നെ ഒരാൾക്ക് കഴിവുകേടുകളെക്കുറിച്ചും തന്റെ ദൗർബല്യങ്ങളെക്കുറിച്ചും ബോധമുണ്ടായിരിക്കേണ്ടത് വളരെ അനിവാര്യമാണ്. ആത്മാവബോധം ഒരാളെ അതിലേക്ക് നയിക്കും. തനിയ്ക്ക് ചെയ്യാൻ സാധിക്കില്ലെന്ന് ബോദ്ധ്യപ്പെട്ട ഒരു കാര്യം, അല്ലെങ്കിൽ കടിഞ്ഞാണിട്ടു പിടിക്കേണ്ടതോ ബോധപൂർവ്വം നികത്തേണ്ടതോ ആയ കുറവുകൾ, ദൗർബല്യങ്ങൾ, അതുമല്ലെങ്കിൽ ഏത് ഗതിയിൽ സഞ്ചരിച്ചാൽ താൻ പരാജയപ്പെട്ടേക്കാം എന്ന ബോധം ഇവയൊക്കെ വ്യക്തിത്വബോധത്തിന്റെ ഭാഗമാണ്. ഇവയൊന്നും കൂടാതെ ശക്തമായൊരു വ്യക്തിത്വം സാധ്യമല്ല. പലയാവർത്തി സമാനമായ അനുഭവങ്ങൾ തന്നെ ജീവിതത്തിൽ നിറഞ്ഞാടുമ്പോൾ ചിലരിലെ മനോനില തകരാറിലാവും. അയാൾ മൊത്തത്തിൽ തകർന്ന് തരിപ്പണമായി പോകും. എന്നാൽ മറ്റുചിലർ അതിൽ നിന്നും മനകരുത്ത് ആർജ്ജിച്ചെടുക്കുന്നതാണ് കാണാറുള്ളത്. ശക്തമായ പിന്തുണ നൽകാൻ കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടെയുണ്ടെങ്കിൽ ഭാഗ്യം.

മാതാപിതാക്കൾക്ക് ഉള്ള അതേ സൂക്ഷ്മതയും കഴിവുകളും വൈദഗ്ധ്യവും മക്കളിൽ കണ്ടെത്താൻ മിക്കപ്പോഴും സാധിച്ചെന്ന് വരില്ല. ഉദാഹരണത്തിന് അമ്മ സ്‌കൂളിൽ കണക്ക് അധ്യാപികയാണെങ്കിൽ മക്കൾ ചിലപ്പോൾ കണക്കിൽ വളരെ പിന്നിലായിരിക്കാം. അച്ഛൻ നല്ലൊരു നിപുണനായ ബിസിനസ്സുകാരനാണെങ്കിൽ മക്കൾക്ക് ആ നിലവാരത്തിലേക്ക് എത്താനോ അതെ പെർഫോമൻസ് കാഴ്ചവെയ്ക്കാനോ സാധിച്ചെന്ന് വരില്ല. ഇതൊന്നും കഴിവില്ലായ്മയല്ല എന്ന് മനസ്സിലാക്കാൻ രക്ഷിതാക്കൾക്ക് സാധിക്കണം. ജനങ്ങളുടെ മുന്നിൽ പൊങ്ങച്ചം കാണിക്കാനോ അല്ലെങ്കിൽ കുടുംബമഹിമ വിളിച്ചോതാനോ, പേരിനൊപ്പം വാലുപോലെ കീർത്തിയും പെരുമയും വെച്ചുകെട്ടാൻ വേണ്ടിയോ വെറുമൊരു ഉപകരണമാക്കാനായുള്ളതല്ല മക്കൾ. അവർക്ക് സ്വന്തമായതും തനതായതുമായ ഒരു വ്യക്തിത്വമുണ്ട് എന്ന് അംഗീകരിച്ചേ തീരൂ. അതേസമയം അവരിൽ അച്ഛനമ്മമാരിൽ നിന്നും മാറി വ്യത്യസ്തമായ ഒട്ടേറെ കഴിവുകൾ കണ്ടെത്താൻ സാധിക്കും. മറ്റൊരു ഫീൽഡിൽ ആവും അവരുടെ കഴിവുകൾ അല്ലെങ്കിൽ പൊട്ടൻഷ്യൽ കിടക്കുന്നത്. പ്രസ്തുത മേഖലയിൽ അവാച്യവും അസാമാന്യവുമായ
പ്രകടനം കാഴ്ചവയ്ക്കാനും ആഗ്രഹിച്ച ഫലം കണ്ടെത്താനും കഴിയും മക്കൾക്ക്. അതിനാൽ അവരെ തിരിച്ചറിയാൻ വൈകരുത് അവരിലെ വ്യക്തിത്വത്തെയും.

Related Articles