Current Date

Search
Close this search box.
Search
Close this search box.

ഡിഫൻസ് മെക്കാനിസം മാനസിക സംതുലിതാവസ്ഥക്ക്

ഹ്യൂമൺ സൈക്കോളജിയിൽ കണ്ടെത്തിയ, മനുഷ്യ മനഃശാസ്ത്രത്തിന്റെ ഭാഗമായ, അതേപോലെ നിത്യജീവിതത്തിൽ മനുഷ്യർ നേരിടുന്ന ഒരു സെക്കളോജിക്കൽ ഇഷ്യൂ ആണ് കോഗ്നിറ്റിവ് ഡിസോണൻസ് എന്ന് പറയുന്ന പ്രതിഭാസം. സ്വന്തം വിശ്വാസങ്ങൾക്കോ, ആദർശങ്ങൾക്കോ, മൂല്യങ്ങൾക്കോ അതേപോലെ സാമൂഹിക ചട്ടങ്ങൾക്കോ വിപരീതമായി ഒരാൾ ചലിക്കുമ്പോൾ അയാൾ അന്തരീകമായി നേരിടുന്ന അസ്വസ്ഥത അല്ലെങ്കിൽ ആധി അതുമല്ലെങ്കിൽ മനസ്സാക്ഷിക്കുത്ത് എന്നൊക്കെ പറയാം. ഇതിനെയാണ് കോഗ്നിറ്റീവ് ഡിസോണൻസ് എന്ന് വിളിക്കുന്നത്. എല്ലാ മനുഷ്യരിലും കുറഞ്ഞും അധികരിച്ചും ഇത് കണ്ടുവരുന്നുണ്ട്. 1957ൽ ലിയോൺ ഫെസ്റ്റിംഗർ എന്ന സൈക്കോളജിസ്റ്റ് വ്യക്തിത്വ രൂപീകരണവുമായി ബന്ധപ്പെട്ട പഠനങ്ങളിലൂടെയാണ് ഇത് കണ്ടെത്തിയത്. ഒരാൾക്ക് അനുഭവപ്പെടുന്ന കോഗ്നിറ്റീവ് ഡിസ്സോണൻസിന്റെ തോതിൽ അയാൾ പരമാവധി കുറവ് വരുത്താൻ ശ്രമിച്ചാൽ മാത്രമേ ആയാളിൽ സെക്കളോജിക്കൽ ബാലൻസിങ് നടക്കുകയുള്ളൂ. എന്നാലെ സ്വൈര്യജീവിതവും സാധ്യമാവൂ.

അതല്ലെങ്കിൽ പ്രത്യക്ഷത്തിൽ സന്തോഷം പ്രകടമാക്കുന്ന മുഖങ്ങൾക്ക് പിന്നിൽ അയാൾ മാത്രം അനുഭവിച്ചറിയുന്ന സംഘർഷഭരിതമായ ഒരു മനസ്സിന്റെ ഇരമ്പൽ ഉണ്ടാവും. തുറന്ന് സംസാരിക്കുന്ന ശീലം ഇവിടുത്തെ മനുഷ്യരിൽ വളരെ കുറവാണല്ലോ. സത്യത്തിൽ മനസ്സ് തുറന്ന് സംസാരിക്കാൻ പലപ്പോഴും ആളുകൾ ഭയക്കുന്നു എന്ന് പറയാം. മാനസികമായി നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ലഭിക്കാൻ, എന്തും തുറന്ന് പറയാൻ വിശ്വാസയോഗ്യരായ, അതേപോലെ എല്ലാം കേട്ടതിന് ശേഷം പോസിറ്റീവ് ആയ പ്രതിവിധികൾ പറഞ്ഞു തരാൻ കഴിയുന്നവർ വളരെ ചുരുക്കവുമാണ്.

കോഗ്നിറ്റീവ് ഡിസ്സോണൻസിന് ഹേതുവകുന്ന ചില കാര്യങ്ങളും പരിഹാരമാർഗ്ഗങ്ങളും നാം മനുഷ്യർ തന്നെ അറിയാതെ അബോധപൂർവ്വം സൃഷിച്ചെടുക്കുന്ന, നമ്മുടെ തന്നെ മനസിന്റെയും ചിന്തകളുടെയും സൃഷ്‌ടികളാവും. സാഹചര്യങ്ങളെ അനുകൂലമാക്കി സ്വയം പരുവപ്പെൽ, ചില പിടിവാശികളെ മുന്നോട്ടുള്ള യാത്രയിൽ ഉയർച്ചയെ എത്തിപിടിക്കാനും ക്രിയാത്മകമായി ഉപയോഗിക്കാനും വലിയൊരു ഊർജ്ജമായി പരിവർത്തനം ചെയ്ത് കൂടെ നിർത്തലും ഗുണം ചെയ്യും . ഭാവിയിൽ എടുക്കാൻ പോകുന്ന തീരുമാനങ്ങൾക്കെല്ലാം അത് ഏറെ കരുത്തേകും. അല്ലാത്തവ നാശത്തിലേക്ക് എത്തിയ്ക്കും എന്ന ബോധത്തിൽ ജീവിക്കണം. മനസ്സിന് ഒരു അയവ് വരുത്തുന്നത് നല്ലതാണ് ഫ്ലെക്സിബിൾ ആവണം മനുഷ്യർ. ഓരോ സാഹചര്യത്തിനൊത്തും മാറാൻ കഴിയണം എന്നാൽ നിലപാടുകളിൽ ഉറച്ച് നിൽക്കുകയും വേണം. സ്വത്വബോധത്തിന്റെ അഥവ വ്യക്തിത്വബോധത്തിന്റെ പ്രസക്തി തിരിച്ചറിയണം. അല്പം പോലും വ്യക്തിത്വ ബോധമില്ലാത്തവരിലെ തനിനിറം പലപ്പോഴും തിരിച്ചറിയുന്നത് വളരെ വൈകിയായിരിക്കും.

മനുഷ്യമനസ്സെന്നാൽ അതിനിഗൂഢമായ ഒന്നാണ്. ഇന്നേവരെ ആർക്കും അതിനെ കൃത്യമായി പഠിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. അറിയും തോറും ആഴമേറുന്ന ഒരു സമുദ്രം പോലെയാണ് അത്, സങ്കീർണ്ണതയും പല തരത്തിലുള്ള ആശയക്കുഴപ്പങ്ങളും സൃഷ്ടിച്ചേക്കും എന്നാൽ മനസ്സാണ് എല്ലാം. ഈ അത്ഭുതകരമായ, മാസ്മരശക്തിയുള്ള മനസ്സിനകത്ത് അസംഖ്യം ആളുകളെ കുടിയിരുത്തി സ്നേഹിക്കാനുള്ള കഴിവുണ്ട്‌. പ്രിയപ്പെട്ടവർക്ക് അർഹിക്കുന്ന സ്ഥാനം നൽകി കെയർ ചെയ്യുന്നുണ്ട്, മൗനമായി പ്രണയിക്കുന്നുണ്ട്, കാമിക്കുന്നുണ്ട്. കൂടാതെ ഇഷ്ടമുള്ള വസ്തുക്കളെ, ആളുകളെ, നല്ലൊരു ജീവിതത്തെ, ജോലി, പങ്കാളിയെ ആഗ്രഹിക്കുന്നുണ്ട്. പക്ഷെ മോഹിച്ചതും കൊതിച്ചതൊന്നും സഫലമാക്കാൻ സാധിക്കാതെ പല ദുരവസ്ഥകളിലൂടെയും ജീവിതം കടന്നുപോകുമ്പോൾ അതിനെ ഉൾകൊള്ളാൻ സാധിക്കാതെ പോകുന്ന മനുഷ്യരുണ്ട്. ഈ നിമിഷത്തിൽ ജാഗ്രത വേണം. മനസ്സിനെ കൈപ്പിടിയിൽ ഒതുക്കിയില്ലെങ്കിൽ ജീവിതമാകെ കലുഷിതമായി മാറും.

ബാഹ്യലോകത്ത് ദൃശ്യമാവുന്നതിൽ നിന്നും അത്യധികം വിചിത്രമായ ഒട്ടേറെ കലഹങ്ങളും സംഘട്ടനങ്ങളും ഓരോ നിമിഷവും ഓരോ വ്യക്തികളുടെയും മനസ്സിനകത്ത് നടക്കുന്നുണ്ട്. വൈകാരികമായി ചിന്തിക്കുമ്പോഴും മനസ്സ് കടുത്ത പ്രക്ഷുബ്ധാവസ്ഥയിലൂടെ കടന്ന് പോകുമ്പോഴുമൊക്കെ മിന്നിമായുന്ന സമ്മിശ്ര വികാരങ്ങളിലും ചിന്തകളിലും വിചാരങ്ങളിലും മുന്നിലുള്ള ആളുകളെ തീക്ഷണമായി സ്നേഹിക്കുന്ന പോലെ തന്നെ വെറുക്കുന്നുമുണ്ട്. ചില ദുർബല നിമിഷങ്ങളിൽ ഒരു അക്രമിയുടെ രൂപംകൊണ്ട് ചിലരെയൊക്കെ മനസ്സിനുള്ളിലിട്ട് ആക്രമിക്കുകയും കൊല്ലുകയും പലവട്ടം അവനവനെ തന്നെ സ്വയം വെറുക്കുകയും ചിന്തകളാൽ ഹിംസിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം കലഹങ്ങൾ ശമിപ്പിക്കാൻ സ്വയം കണ്ടെത്തുന്ന പല പ്രതിവിധികളും മനുഷ്യരിൽ കാണാം. ഉണ്ട്. ഡിഫൻസ് മെക്കാനിസം എന്നാണ് അതിനെ വിളിക്കുന്നത് മേൽപ്പറഞ്ഞ പോലെ സംഘർഷാവസ്ഥയിലും അതിയായ ഉത്കണ്ഠയിലുംപെട്ട് മനസ്സിന്റെ കടിഞ്ഞാൺ പൊട്ടിപ്പോകാതെ മനുഷ്യന് അവനവനെ സംരക്ഷിക്കാൻ ഒരു ഡിഫൻസ് മെക്കാനിസം തീർച്ചയായും അനിവാര്യമാണ്. ബോധപൂർവ്വമായിരിക്കില്ല എന്നാൽ സാഹചര്യാനുസരണം ഓരോരോ രീതിയിലാണ് ഈ പ്രക്രിയ മനുഷ്യരിൽ നടപ്പിലാക്കപെടുന്നത്. അതിൽ ചിലതെല്ലാം നെഗറ്റീവായും തോന്നിയേക്കാം.

ഡിഫൻസ് മെക്കാനിസത്തിൽ മനുഷ്യർ ഉപയോഗിക്കുന്ന ചില ടെക്നിക്കുകളാണ് താഴെ.

1) നമ്മൾ ഓർക്കാൻ ഇഷ്ടപ്പെടാത്ത അല്ലെങ്കിൽ മറക്കാൻ ആഗ്രഹിക്കുന്ന അപ്രിയങ്ങളായ അല്ലെങ്കിൽ അരോചകമായ ഒന്ന് അല്ലെങ്കിൽ കണ്മുന്നിൽ കാണേണ്ടി വന്ന ഒരു ദാരുണ സംഭവം ഉദാ: കഴുത്തിൽ കിടന്ന ചെയിൻ പൊട്ടിച്ചെടുക്കുന്നതിനിടയിൽ ഒരു റൗഡി സ്വന്തം അമ്മയെ അതിക്രൂരമായി മർദ്ദിക്കുന്നത് രാജീവ് തന്റെ ഏഴാമത്തെ വയസ്സിൽ നിസ്സഹായനായി നോക്കി നിൽക്കേണ്ടി വരുന്നു. ഇന്ന് വളർന്ന് ഒരു യുവാവായി കഴിഞ്ഞതിൽ പിന്നെ മുമ്പത്തെ അത്ര മാനസിക പിരിമുറുക്കം അയാളിൽ ആ സംഭവം സൃഷ്ടിക്കുന്നില്ല. കാരണം അന്നുണ്ടായിരുന്ന ഷോക്കിനേയും വേദനയുടെ കാഠിന്യത്തെയും അയാൾ അബോധപൂർവ്വം മറവിയിലേക്ക് സബ്കോണ്ഷ്യസ് മൈൻഡിലേക്ക് അമർത്തി വെച്ചുകളയും, സപ്രസ്സ് ചെയ്യും

2) നിഷയ്ക്ക് അവളുടെ ബോസ്സിനോട് ഒരു പ്രത്യേക ആകർഷണം തോന്നുന്നു. പക്ഷെ മനസ്സ് അതിനെ അംഗീകരിക്കാൻ തയാറല്ല. ഇത്തരമൊരു സാഹചര്യത്തിൽ അവളുടെ മനസ്സ് ഉള്ളിലെ ഫീലിംഗ്‌സിന് വിപരീതമായ കാരണങ്ങൾ അയാളിൽ കണ്ടെത്തുകയും അതിനെക്കുറിച്ച് കൂടുതലായി സംസാരിക്കുകയും ചെയ്യുന്നു.

3) ജാക്സണിന് തന്റെ ഭാര്യയല്ലത്ത അപര സ്ത്രീകളിലേക്ക് ആകർഷിക്കപ്പെടുന്നത് ഉള്ളിൽ വല്ലാത്ത കുറ്റബോധം സൃഷ്‌ടിക്കുന്നു. അത് ഒട്ടും ഉൾകൊള്ളാൻ കഴിയാത്ത അവൻ അറിയാതെ സ്വന്തം ഭാര്യയിൽ അത്തരമൊരു കുറ്റം ചുമത്തുകയും അവൾക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമങ്ങൾ നടത്തുകയും ചെയ്യുന്നു.

4) റഷീദ് ട്രാഫിക്ക് സിഗ്നൽ റെഡ് ആയെന്ന് കണ്ടിട്ടും വണ്ടി നിർത്താതെ സിഗ്നൽ ബ്രെയ്ക് ചെയ്ത് ഓടിച്ചു പോകുന്നു. ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കുമ്പോൾ താൻ പാതിവഴി കടന്ന് പോന്നതിന് ശേഷമാണ് സിഗ്നൽ റെഡ് ആയതെന്നോ മറ്റോ
തന്റേതായ ഒരു ന്യായീകരണം അവൻ ഉള്ളിൽ സ്വയം കണ്ടെത്തുന്നു.

5) നമ്മൾ അറിയാതെ ചെയ്‌തുപോകുന്ന മറ്റൊരു കാര്യം മനസ്സിന് ഉള്ളിലെ ഫ്രാസ്ട്രേഷൻ മറ്റൊരിടത്ത് തീർക്കൽ ആണ്. ഉദാ: സ്‌കൂളിൽ ടീച്ചർ ഷിജിനെ ശകാരിക്കുന്നു, ശിക്ഷയും നൽകുന്നു. ഉള്ളിലെ അമർഷം ടീച്ചറിനോട് തീർക്കാൻ കഴിയില്ലല്ലോ. വഴിയിൽ കാണുന്ന ഒരാളോടോ, ഒരു പട്ടിയെ വഴിയിൽ കണ്ടാൽ കല്ലെടുത്ത് എറിഞ്ഞോ, കൂട്ടുകാരനെ പിടിച്ച് തല്ലിയോ അവൻ അത് തീർക്കും. ഓഫീസിൽ ശ്യാമിനെ ബോസ് ഫയറിങ് ചെയ്താൽ ചിലപ്പോൾ വീട്ടിൽ വന്ന് പങ്കാളിയോടൊ മക്കളോടൊ അരിശം തീർക്കും. അങ്ങാടിയിൽ തോറ്റതിന് അമ്മയോടൊ എന്ന് ചോദിക്കാറില്ലേ അത് തന്നെ.

6) തെറ്റാണ് ചെയ്യുന്നത് എന്നറിഞ്ഞിട്ടും അതിനെ ന്യായീകരിക്കാനായ് ഉള്ളിൽ വഴികൾ കണ്ടെത്തുന്ന പ്രവണത മറ്റൊന്ന്. കള്ള് കുടി സ്വന്തം ജീവിതത്തെയും പ്രൊഫഷനെയും പരിധിയിലേറെ ബാധിച്ചാലും താൻ അഡിക്ട് ഒന്നുമല്ല, തന്റെ ജീവിതത്തിനോ തനിക്കോ ഒരു കുഴപ്പവുമില്ല. തനിക്കുള്ള സ്ട്രെസ്സ് അല്ലെങ്കിൽ സങ്കടം കുറയ്ക്കാൻ വേണ്ടിയാണ് കുടിക്കുന്നതെന്ന കഴമ്പില്ലാത്ത ചില ന്യായീകരണം.

7) കൂടുതൽ പക്വതയാർജ്ജിക്കേണ്ട ഒരു സാഹചര്യത്തിൽ അതിന് നേർവിപരീതമായി പ്രവൃത്തിക്കുക അല്ലെങ്കിൽ പ്രതിഗമിക്കുക. ഉദാ: തന്റെ സ്ഥാനം കയ്യേറി ഒരു പുതിയ കുഞ്ഞുവാവയുടെ ആഗമനത്തിൽ അച്ഛനമ്മമാർക്ക് തന്നിലേയ്ക്കുള്ള അറ്റെൻഷൻ നഷ്ടമാകുന്നത് കാണുന്ന മൂത്തകുട്ടി രാത്രി ഉറക്കത്തിൽ ബെഡ് നനയ്ക്കുന്നതും പതിവിൽ നിന്ന് വിപരീതമായതോ, വിചിത്രമായതോ ആയ കാര്യങ്ങൾ ചെയ്യുന്നതും ഇതാണ്.

8) ഒരിടത്ത് നേരിടുന്ന അമർഷവും രോഷവും മറ്റൊരിടത്ത് പൊസിറ്റീവ് ആയിട്ട് വിനിയോഗിക്കുക. ഉദാ: എഴുത്തുകാരിയായ രേഷ്മയ്ക്ക് സ്വന്തം വീട്ടിൽ നിരന്തരം മാനസീക പീഡ നേരിടേണ്ടി വരുന്നു എന്നിരിക്കട്ടെ, സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കുമ്പോഴും എഴുതാൻ തൂലിക ചലിപ്പിക്കുമ്പോഴും രണ്ടിനും അതിയായ പ്രകോപനം ആവശ്യമായി വരുന്നുണ്ട്. ഉള്ളിൽ തങ്ങി നിൽക്കുന്ന അമർഷം അവൾ അറിയാതെ അതിലേക്ക് പരിവർത്തനം ചെയ്യപ്പെടുന്നു.

മനസ്സിനുള്ളിലെ അശാന്തതയെ ശമിപ്പിക്കാൻ അബോധപൂർവ്വം മനുഷ്യർ വരുത്തുന്ന അല്ലെങ്കിൽ തേടുന്ന പ്രതിവിധികളാണ് ഇവയൊക്കെ. അതിലൂടെ മനസിന്റെ പിരിമുറുക്കവും ഉത്കണ്ഠയും കുറയുമെന്ന് മാത്രമല്ല മനസ്സിനെ അടക്കി നിർത്താനും ഇത്തരം അഡ്ജസ്റ്റ്‌മെന്റ് ഒരു പരിധിവരെ പൊസിറ്റീവും സ്വന്തം നിലനിൽപിന് ഗുണപ്രദവുമാണ്. പക്ഷെ ഡിഫൻസ് മെക്കാനിസം പരിധി വിടുമ്പോൾ അവനവനും മറ്റുള്ളവർക്കും ദോഷമാവുകയും ഇമ്മോറൽ ആക്ടിവിറ്റിസ് ചെയ്യുന്നതിൽ നിയന്ത്രണവും കുറ്റബോധവും ഇല്ലാത്തവരായ് മാറുകയും ചെയ്യും. എന്നാൽ ഒട്ടും ഇല്ലാതെയായാലോ? ഒരു ഘട്ടത്തിൽ മാനസിക നില മൊത്തം തകരാറിലാകും. അവനവന് മാപ്പ് നൽകാനോ, പൊറുത്ത് കൊടുക്കാനോ സാധിക്കാതെ സ്വയം ക്രൂശിതരായി മാറും അതേപോലെ ജീവിതമാകെ താറുമാറാകും.

സൈക്കോളജിക്കൽ കൺസിസ്റ്റെൻസി നിലനിർത്താൻ അതായത് ഓരോ മനുഷ്യനും അവരവരുടെ മനസ്സിന്റെ സൈക്കോളജിയിൽ സ്ഥിരത കൈവരിക്കാൻ ഇപ്പറയുന്ന കോഗ്നിറ്റീവ് ഡിസ്സോണൻസ് മാക്സിമം കുറയ്ക്കാനായ് വഴി തേടേണ്ടതുണ്ട്. അതിനായുള്ള ചില പരിഹാരമാർഗ്ഗങ്ങളും കൂടെ ഇവിടെ പറയാം.

1) പെരുമാറ്റ രീതികൾ (behaviour) മാറ്റുക. സ്വന്തം മനസ്സാക്ഷി “അരുത്” എന്ന് പറയുന്ന ഒന്ന് കഴിവതും ചെയ്യാതിരിക്കുക. സ്വന്തം വിശ്വാസത്തിനും മൂല്യബോധത്തിനും എതിരായി പ്രവൃത്തിക്കാതിരിക്കുക.

2) നിലവിലുള്ള ധാരണകളിലും വിശ്വാസങ്ങളിലും പൊസിറ്റീവ് ആയി തോന്നും വിധം മാറ്റങ്ങൾ കൊണ്ടുവരാൻ തയാറാവുക.

3) സ്വയം മാറാനുള്ള ശ്രമങ്ങൾ നടത്തുന്നതോടൊപ്പം തന്നെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയെ ജസ്റ്റിഫൈ ചെയ്യാൻ പറ്റുന്ന രീതിയിൽ ചെയ്യാൻ പഠിക്കുക.

വ്യക്തിത്വബോധം ഇവയിലേക്കെല്ലാം തുറന്നിട്ട സാധ്യതകളുടെ വലിയൊരു വാതായനമാണ്. ഒരു വ്യക്തിയിൽ അതിന്റെയെല്ലാം സ്വാധീനം മരിക്കുവോളം നിലനിൽക്കുമെന്നതാണ് അതിന്റെ സവിശേഷത.

Related Articles