Current Date

Search
Close this search box.
Search
Close this search box.

ഖദീജയും ആയിശയുമാണ് ആവേണ്ടത്

ഉർവതു ബിനു സുബൈർ പറഞ്ഞതായി ഇങ്ങനെ കാണാം: “ഖുർആനെക്കുറിച്ചോ അതിലെ ഹറാം ഹലാലുകളെക്കുറിച്ചോ കവിതയെക്കുറിച്ചോ അറബികളെക്കുറിച്ചോ അവരുടെ വംശപരമ്പരയെക്കുറിച്ചോ മറ്റോ, പ്രവാചക പത്നി ആയിശയെക്കാൾ കൂടുതൽ അറിവുള്ള ആരെയും ഞാൻ കണ്ടിട്ടില്ല.”

ഇക്കാലത്ത് ജീവിക്കുന്ന അധികം മുസ്ലീം സ്ത്രീകൾക്കും വിശ്വാസികളുടെ മാതാക്കളുടെ ( ഉമ്മഹാതുൽ മുഅ്മിനീൻ) സ്വഭാവ സവിശേഷതകളെക്കുറിച്ചോ അവർ എങ്ങനെയാണ് അതെല്ലാം നേടിയതെന്നോ ശരിയായി അറിയില്ല എന്നതാണ് വസ്തുത. റസൂലിന്റെ ഭാര്യമാരുടെ ജവിത മാതൃകകൾ നമ്മിലെ ഉമ്മമാരിൽ എത്രപേർ അവരുടെ പെൺമക്കളെ വളർത്തുന്നതിൽ മാതൃകയായി സ്വീകരിക്കുന്നു എന്നതും പരിശോധിക്കേണ്ടതാണ്. വിശ്വാസികളുടെ ഉമ്മമാരാണല്ലോ അവർ. ആ അർഥത്തിൽ അവരുടെ സ്വഭാവവിശേഷങ്ങളാണല്ലോ അവരെ പഠിപ്പിക്കേണ്ടത്. സ്ത്രീകളുടെ പ്രധാന ചുമതല വിവാഹജീവിതവും തുടർന്നുള്ള കുടുംബവുമായി പരിമിതപ്പെടുത്തിയാണ് പലരും മനസ്സിലാക്കുന്നത്. ഞാൻ വിവാഹത്തിനോ പ്രത്യുൽപാദനത്തിനോ അതുവഴിയുള്ള കുടുംബ ജീവിതത്തിനോ എതിരാണെന്ന് ആരും തെറ്റി ധരിക്കരുത്. മാത്രവുമല്ല രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന്മയ്ക്കായി തന്റെ ആൺ – പെൺമക്കളെ വളർത്തിയെടുക്കുക എന്ന പവിത്രമായ ദൗത്യം ഒരു മാതാവിനുണ്ടെന്ന് ശക്തമായി വിശ്വസിക്കുന്ന ആളുകൂടിയാണ് ഞാൻ.

നമുക്കും നമ്മുടെ കുട്ടികൾക്ക് ഉത്തമ മാതൃകകളായി വിശ്വാസികളുടെ മാതാക്കളെക്കാൾ മികച്ചതായി ആരാണുള്ളത്? ഉഹ്ദ് യുദ്ധത്തിൽ മുറിവേറ്റവരെ പരിചരിച്ചുകൊണ്ടിരുന്ന ആയിശ ( റ ) യുടെ കാര്യം മക്കളോട് പറയാതിരിക്കാനെങ്ങനെ സാധിക്കും? ദരിദ്രരെയും അശരണരെയും സഹായിക്കുന്നതിലും അവരോട് ഔദാര്യവും സ്നേഹവും കാണിക്കുന്നതിലും പേരുകേട്ട സൈനബി ( റ )നെക്കുറിച്ച് മക്കൾ അറിയേണ്ടതില്ലേ? തന്റെ ഭർത്താവായ പ്രവാചകന്റെ താങ്ങും തണലുമായി ജീവിതത്തിൽ കത്തിനിന്ന ഖദീജ ( റ ) ബീവിയില്ലേ, വഹ് യിന്റെ ആദ്യ നാളുകളിൽ പ്രവാചകന് ആശ്വാസം നൽകിയതും ആദ്യമതിനെ സത്യപ്പെടുത്തി വിശ്വസിച്ചതും മഹതിയായിരുന്നല്ലോ.

മഹതി ഖദീജ ബീവി (റ )
ഖദീജ ( റ ) സാമ്പത്തികമായി വളരെ ഉന്നതയും പ്രമുഖ വ്യാപാരിയും, ഖുറൈശികളിൽ അവൾക്ക് വലിയ സ്ഥാനവുമുണ്ടായിരുന്നല്ലോ. എന്നാൽ ദൈവദൂതന്റെ ആത്മാർത്ഥതയും സത്യസന്ധതയും അവർതമ്മിലുള്ള വിവാഹത്തിലേക്ക് വളർന്ന് വികസിക്കുകയായിരുന്നു. അവർക്കിടയിൽ പതിനഞ്ച് വയസ്സിൻെറ വലിയ പ്രായവ്യത്യാസമുണ്ടായിട്ടും അവരുടെ ദാമ്പത്യ – കുടുംബ ജീവിതം ഏറെ പശിമയുള്ളതും ഇഴയടുപ്പമുള്ളതുമായതിനാലാണല്ലോ അവർ വഫാതായ വർഷത്തെ ദുഃഖ വർഷം എന്ന് പേര് നൽകി പ്രവാചകൻ വിളിച്ചത്.

ഖദീജ ( റ ) പ്രവാചകനിൽ ആദ്യം വിശ്വസിക്കുകയും ആദ്യം വുദു ചെയ്യുകയും നമസ്കരിക്കുകയും ചെയ്ത മഹതിയാണ്. ശിഹാബുദ്ദീനുൽ ഖുസ്തലാനി പറയുകണ്ടായി : “അല്ലാഹുവിൽ ആദ്യമായി വിശ്വസിച്ചത് പ്രവാചകനാണ് പിന്നെ സ്ത്രീകളിൽ ഖദീജയും. അങ്ങനെ മഹതി അവർകൾ സൗഹൃദത്തിന്റെയും സാന്ത്വനത്തിന്റെയും ഇരട്ട രൂപങ്ങളായി മാറി. അങ്ങനെ ഒരിക്കൽ പ്രവാചകൻ ഖദീജയോട് പറയുന്നുണ്ട് : ഖദീജ, ഞാൻ വല്ലാതെ ഭയപ്പെടുന്നു, അപ്പോൾ ഖദീജ പ്രവാചകനെ സമാധാനിപ്പിക്കുന്നത് നോക്കു: ഉന്നത സ്വഭാവ ​ഗുണങ്ങളും ജീവിത വിശുദ്ധിയും ഉയർന്ന ധാർമികതയും എല്ലാം കാത്ത് സൂക്ഷിക്കുന്ന താങ്കളെ പോലുള്ളവരെ അല്ലാഹു ഒരിക്കലും അപമാനിക്കുകയില്ല. അതിനാൽ താങ്കൾ സന്തോഷിക്കുകയാണ് വേണ്ടത്.”

പ്രവാചകന് അല്ലാഹുവിൽനിന്ന് ലഭിച്ച സന്ദേശത്തിൽ വിശ്വസിക്കുകയും ദഅ് വാ പ്രവർത്തനങ്ങളിൽ പ്രവാചകന് വലിയ പിന്തുണയും ആത്മ ബലവും നൽകിയ ജീവിത പങ്കാളിയായിരുന്നു ഖദീജ (റ). അബ്ദുല്ലാഹിബിനു അബ്ബാസ് പറഞ്ഞതായി ഇങ്ങനെ കാണാം: “അല്ലാഹുവിലും അവന്റെ ദൂതനിലും ആദ്യമായി വിശ്വസിച്ചത് ഖദീജ ബിൻത് ഖുവൈലിദായിരുന്നു. മുഹമ്മദ് തന്റെ നാഥനിൽ നിന്ന് കൊണ്ടുവന്നതിലും അവന്റെ സകല കൽപ്പനകളിലും അവർ അദ്ദേഹത്തെ പിന്തുണക്കുകയും സത്യസന്ധനായി ദൈവദൂതനെ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു. അതിനാൽ വിഗ്രഹാരാധകരിൽ നിന്ന് പ്രവാചകൻ വെറുക്കുന്ന എല്ലാ ഖണ്ഡനങ്ങളെയും നിഷേധങ്ങളെയും ഖദീജയിലൂടെ അല്ലാഹു ദൂരീകരിക്കുകയായിരുന്നു. പ്രിയ പത്നി നൽകിയ കലവറയില്ലാത്ത പിന്തുണയും സപ്പോട്ടും മറ്റെല്ലാ പ്രതിബന്ധങ്ങൾക്കുമപ്പുറത്തായിരുന്നു. ”

ഇതാണ് ഖദീജ എന്ന റസൂലിന്റെ ആദ്യ ഭാര്യ. അവരുമായുള്ള പ്രവാചകന്റെ ദാമ്പത്യത്തിൽ ആറ് മക്കൾക്ക് ജൻമം നൽകിയ മാതാവ് കൂടിയാണവർ. തന്റെ ഭർത്താവിന് വേണ്ട എല്ലാ പിന്തുണയും സർവ്വശക്തനായ അല്ലാഹുവിന്റെ ദീനിന് വേണ്ടി സ്വയം ത്യജിച്ചും തന്റെ സ്വത്തും മുതലും നീക്കിവച്ചും മനസ്സ് പങ്കിട്ടവരായിരുന്നല്ലോ ഖദീജ ബീവി. ഖുറൈശികൾ ബനൂ ഹാഷിമിനെ ഉപരോധിച്ചപ്പോൾ അവൾ തന്റെ ഗോത്രം (ബാനി അസദ്) ഉപേക്ഷിച്ച് പ്രവാചകനോടൊപ്പം നിലയുറപ്പിക്കുകയായിരുന്നുവെന്നും നാം അറിയണം.

ആയിശ (റ)
അല്ലാഹുവിന്റെ പ്രവാചകന് ഇത്രമേൽ സ്നേഹമുണ്ടായിരുന്ന മറ്റൊരാൾ ഇല്ലന്ന് തന്നെ പറയാം. പ്രവാചകൻ ആഇശയെ വളരെയധികം സ്നേഹിച്ചു, അവർ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. അംറുബ്നുൽ ആസ് പറഞ്ഞതായി ഇങ്ങനെ കാണാം, “ഞാൻ പ്രവാചകന്റെ അടുക്കൽ വന്നു, എന്നിട്ട് ഞാൻ ചോദിച്ചു, അല്ലാഹുവിന്റെ ദൂതരേ: നിങ്ങൾക്ക് ആളുകളിൽ ഏറ്റവും പ്രിയപ്പെട്ടത് ആരാണ്? പ്രവാചകൻ പറഞ്ഞു: ആഇശ” പ്രവാചകൻ ആയിശയുമായി ശൃംഗരിക്കുകയും അവളുമായി മത്സരത്തിലേർപ്പെടുകയും ചെയ്യുമായിരുന്നു. പ്രവാചകനും ആയിശയും നടത്തിയ ഓട്ട മത്സരങ്ങളും ആദ്യം ആയിശ വിജയിച്ചതും പിന്നീട് പ്രവാചകൻ വിജയിച്ചതും നമുക്ക് അറിയാവുന്ന സംഭവങ്ങളാണല്ലോ.

പ്രവാചകനും മഹതി ആയിശയും തമ്മുലുള്ള പരസ്പര സ്നേഹത്തിന്റെയും അനുരാ​ഗത്തിന്റെയും മനോഹരമായ എത്രയോ ഉദാഹരണങ്ങൾ നമുക്ക് കാണാൻ കഴിയും. ആയിശ ബീവി പ്രവാചകന്റെ ഭാര്യ മാത്രമായിരുന്നില്ല, നല്ലൊരു സഹകാരിയും സുഹൃത്തും വിദ്യാ‌ർഥിയുമെല്ലാമായിരുന്നു. പ്രവാചകനിൽ നിന്ന് നിരവധി ഹദീസുകളാണല്ലോ അവർ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വഹാബികൾ പോലും ആയിശയിൽ നിന്നാണ് പ്രവാചകന് ശേഷം നബിചര്യ പഠിച്ചിരുന്നതെന്നും ഏറെ സുവിദിതമാണല്ലോ. അബു മൂസൽ-അശ്അരി ഒരിക്കൽ പറയുകയുണ്ടായി: ”സ്വഹാബികളായ ഞങ്ങൾക്ക് ഒരു ഹദീസിനെ കുറിച്ച് ആശയകുഴപ്പമുണ്ടായാൽ, ഞങ്ങൾ ആയിശയിൽ നിന്നാണ് അതിന്റെ ശരിതെറ്റുകൾ മനസ്സിലാക്കിയിരുന്നത്.” മദീനയിലെ പ്രവാചകൻെറ പള്ളിയുടെ ഒരു ഭാ​ഗത്തിരുന്നു ദീന് പഠിപ്പിക്കുന്ന മഹാപണ്ഡിതയായിരുന്നല്ലോ ആയിശ ബീവി (റ ). എത്രയെത്ര ഹദീസുകളാണ് മഹതി അങ്ങനെ പഠിപ്പിച്ചു കൊടുത്തത്.

അഹ്‌നഫ് ബിനു ഖൈസ് പറഞ്ഞതായി ഇങ്ങനെ കാണാം : “അബൂബക്കർ ( റ ) , ഉമർ ( റ ), ഉസ്മാൻ ( റ ), അലി ( റ ) എന്നീ ഖലീഫമാരുടെ പ്രഭാഷണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ആയിശ (റ)യുടെ സംസാരത്തേക്കാൾ മികച്ചതും അതി മനോഹരവുമായ സംസാരം ഒരാളുടെ വായിൽ നിന്നും ഞാൻ കേട്ടില്ല. സ്ത്രീകളുടെ അവകാശങ്ങൾക്കായി റസൂലിന്റെ കാലത്ത് ശക്തമായി നിലകൊണ്ട മഹതി കൂടിയായിരുന്നു ആയിശ (റ). നബിയുടെ കാലത്ത് സ്ത്രീകളുടെ വിവധ വിഷയങ്ങളും ആവലാതികളും പ്രവാചകന്റെ ശ്രദ്ധയിൽപെടുത്താൻ സ്ത്രീകളെല്ലാം മഹതിയെയാണ് സമീപിച്ചിരുന്നതന്നതും ചരിത്രമാണ്.

വിവ- അബൂ ഫിദ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles