Current Date

Search
Close this search box.
Search
Close this search box.

മക്കളെ നഷ്ടപ്പെടാതിരിക്കാൻ

മക്കളെ നാം ആഗ്രഹിക്കുന്ന വഴിയിൽ കിട്ടുന്നില്ല എന്നാണു നമ്മിൽ പലരുടെയും പരാതി. നമ്മുടെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം നിലനില്ക്കുവോളം ഈ പരാതിയും നിലനില്ക്കും. നമ്മുടെ മക്കൾ നഷ്ടപ്പെടാതിരിക്കാൻ നാം സദാ ശ്രദ്ധിക്കേണ്ട ചില വസ്തുതകളുണ്ട്. അവരുടെ വിഷയങ്ങളിൽ നാമിടപെടുന്നുണ്ട് എന്ന ധാരണ അവർക്കുണ്ടാവണം. നാം മനസ്സു നിറയെ അവരെ എത്ര സ്നേഹിച്ചിട്ടും വയറു നിറയെ എങ്ങനെ തീറ്റിച്ചിട്ടും കാര്യമില്ല; അവരോട് നമ്മുടെ സ്നേഹം പ്രകടിപ്പിക്കാനാവുന്നില്ലെങ്കിൽ പല വിധത്തിലുള്ള മാനസിക സമ്മർദ്ദങ്ങളിലും അവരകപ്പെടും. അതിനെ എങ്ങനെ തരണം ചെയ്യാൻ കഴിയുമെന്ന് നമുക്ക് ലഘുവായി പരിശോധിക്കാം :

1- കുട്ടികളുമായി അവരുടെ കൂടെ പക്കാ സുഹൃത്തുക്കളായി ആഴ്ചയിൽ ഇരുപത് മിനിറ്റ് ചുരുങ്ങിയത് സംഭാഷണം നടത്തുക (ഉപദേശം, സ്‌കൂളിനെക്കുറിച്ച് സംസാരിക്കുക, മാർഗനിർദേശം എന്നിവ തല്ക്കാലം ആ സമയത്ത് മാറ്റി വയ്ക്കുക)

2- മാതാപിതാക്കളെന്ന നിലയിൽ കുട്ടികളോട് വാത്സല്യത്തിന്റെയും സ്നേഹത്തിന്റെയും വികാര നിർഭരമായ വാക്കുകളും പ്രവൃത്തികളും
ദിവസവും 5-10 തവണ എങ്കിലും വേണം.

3- അവരുടെ ഏതെങ്കിലും തരത്തിലുള്ള നല്ല പെരുമാറ്റത്തിന് ദിവസേന അഞ്ച് തവണ കുട്ടികളെ പ്രശംസിക്കുക. അവരുടെ വ്യക്തിത്വ വികസനത്തിന് അത് വല്ലാതെ ഫലം ചെയ്യും.

4- കുട്ടികളുടെ ബാഹ്യരൂപത്തെ ( പുഞ്ചിരി – മുടി – കണ്ണുകൾ – വസ്ത്രം അങ്ങനെ എന്തും) ദിവസേന രണ്ട് തവണ എങ്കിലും എടുത്തു പറഞ്ഞ് പ്രോത്സാഹിപ്പിക്കുക.

5- ആഴ്ചയിൽ രണ്ടുതവണ, മക്കളോടൊപ്പം വീടിന് പുറത്തുള്ള ഏതെങ്കിലും പ്രവർത്തനത്തിൽ പങ്കെടുക്കുക. അത് അഞ്ച് മിനിറ്റ് (നടത്തം, വ്യായാമം, കാറിൽ സവാരി ) മതി.

6- കിടക്കുന്നതിന് മുമ്പ് അവരന്ന് ചെയ്ത എന്തെങ്കിലും നല്ല ഗുണങ്ങൾ എടുത്തു പറഞ്ഞ് പ്രോത്സാഹന വാചകങ്ങൾ ആവശ്യാനുസരണം
പറയണം . ഉദാ:
– ഇന്ന് നീ ഉമ്മാനെ സഹായിക്കുന്നത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി.
– നിന്റെ ചെറിയ പെങ്ങളുടെ ബാഗ് എടുത്തു ബസിൽ കയറ്റി സഹായിച്ചതിൽ സന്തോഷമുണ്ട്.
– ഇന്ന ഇന്ന വാഗ്ദാനങ്ങൾ പൂർത്തീകരിച്ചത് മനോഹരമാണ്.

7- ആഴ്ചയിൽ രണ്ടുതവണ, വീട്ടിൽ നിന്നോ മാസത്തിൽ ഒരിക്കൽ പുറത്തുനിന്നോ കുടുംബത്തോടൊപ്പം അത്താഴം കഴിക്കുക. അത് ശാപ്പാടിനുള്ള സമയമായല്ല; പ്രത്യുത സമയമെടുത്ത് ചെയ്യേണ്ട ഗൃഹയോഗം പോലെയാവണം . തീരുമാനങ്ങൾ എടുക്കാൻ മാത്രം അത്തരം ഇരുത്തങ്ങൾ മാറ്റരുത്. പല കാര്യങ്ങളിലും ഫോളോഅപ്പ് ഇല്ലാത്തത് കൊണ്ട് “ഇൻശാ അല്ലാഹ് “എന്ന വാക്കിലൊതുങ്ങുന്നു പല തീരുമാനങ്ങളും.

8- ആഴ്ചയിൽ അല്പ നേരം (1-3 മിനിറ്റ്) ശ്രദ്ധ മുഴുവൻ മക്കൾക്ക് കൊടുത്ത് അവർക്കായി മാറ്റി വയ്ക്കുക.
-നിശബ്ദമായ സ്ഥലത്ത് അവൻ / അവളോടൊപ്പം ഇരുന്നുകൊണ്ട് നിങ്ങളുടെ ഭാഗത്ത് നിന്നുള്ള നിയന്ത്രണങ്ങളോ ചർച്ചകളോ ഇല്ലാതെ അവരുദ്ദേശിക്കുന്നതെല്ലാം പറയാൻ ആവശ്യപ്പെടുക. ഓർക്കുക ,അത് നിങ്ങൾക്ക് വഅള് പറയാനുള്ള സമയമല്ല.

9- ദൈനംദിന പെരുമാറ്റങ്ങളിലൂടെ നിങ്ങളുടെ മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുക: (ദിവസവും അഞ്ച് സ്പർശനങ്ങൾ പതിവാക്കുക ):
– തലയുടെ കഴുത്തിനോട് ചേർന്ന ഭാഗത്ത് തലോടുക “കരുണയുടെ പ്രകാശനമാണത് ”
– തലയിൽ കൈ വയ്ക്കുക .. “അഭിമാന”ത്തിന്റെ പ്രസരണമാണത്.
– നെറ്റിയിൽ കൈ വയ്ക്കുക അവരെ “ശാന്തരാക്കാൻ” അതെമ്പാടും മതി.
– കവിളിൽ കൈ വയ്ക്കുന്നത് നല്ലതാണ് .. സ്നേഹത്തിന്റെ വിളംബരമാണത്.
– കൈ പിടിച്ച് യാത്രയാക്കുക .. “ബന്ധവും സ്നേഹവും” ശക്തിപ്പെടുത്താൻ നിർബന്ധമാണത്..
– നമ്മുടെ മക്കൾ ദേഷ്യമോ നിഷേധാത്മക വികാരങ്ങളോ ഉള്ളവരാണെങ്കിൽ നെഞ്ചിൽ കൈ വെയ്ക്കുക. അവർ തണുക്കും , ഉറപ്പ് ..

ഒരു ദിവസം മൂന്ന് ചുംബനങ്ങളെങ്കിലും നല്കാൻ പിശുക്ക് കാട്ടരുത് ..
നെറ്റിയിൽ മുത്തി യാത്രയാക്കുക ..
തലയിൽ മുത്തി സ്വീകരിക്കുക ..
കയ്യിൽ കണ്ണ് ചേർത്ത് മുത്തി ഉറക്കാൻ കിടത്തുക

കൂടാതെ അധ്യയന വർഷാരംഭത്തിൽ, പരീക്ഷയുടെ ആദ്യ ദിവസം , പിറന്നാളിന് , പെരുന്നാളുകൾക്ക് , പ്രത്യേക പരിഗണന നല്കേണ്ട ദിവസങ്ങളിൽ മനസ്സറിഞ്ഞുള്ള ആലിംഗനങ്ങൾ നല്കാൻ പ്രത്യേകം ശ്രദ്ധിക്കണം …

ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ മാതൃകയും പാരന്റിങിന്റെ മഹത്തായ റോൾ മോഡലും നബി തങ്ങളായിരുന്നു.
പൊന്നോമന ഫാത്തിമ(റ)യുടെ മുഖത്തും തലയിലും ചുംബിക്കുകയും വീട്ടിലാണെങ്കിലും പള്ളിയിലാണെങ്കിലും സ്വഹാബിമാരുടെ മുന്നിലാണെങ്കിൽ പോലും മക്കളെ നബി ആലിംഗനം ചെയ്യാറുണ്ടായിരുന്നു എന്നാണ് ഹദീസ് .

നമ്മുടെ മക്കൾ സ്നേഹമുള്ള, അനുസരണയുള്ളവരാവാൻ അവരോട് ബോധപൂർവ്വം നല്ല ബന്ധം പുലർത്തണം. പെൺമക്കൾ സ്നേഹമുള്ള ഭർത്താക്കന്മാരുടെ കൈകളിൽ ആകുന്നതുവരെ അവരെ കെട്ടിപ്പിടിക്കുകയും പുന്നാരിക്കുകയും വേണം. വിവാഹത്തിനു ശേഷവും തുടരണം.
ഈ പരിഗണന അവന്റെ/ അവളുടെ വ്യക്തിത്വം കെട്ടിപ്പടുക്കുകയും സ്നേഹം ശക്തിപ്പെടുത്തുകയും നിങ്ങളെ അനുയോജ്യരായ രക്ഷാകർത്താക്കൾ ആക്കുകയും ചെയ്യുന്നു. ഇങ്ങനെ ഒരു പരിഗണന അവന്റെ/ അവളുടെ വ്യക്തിത്വ വൈകല്യത്തിന് കാരണമായ എല്ലാ കാര്യങ്ങളും അപ്രത്യക്ഷമാക്കും.

“لاعب ولدك سبعاً، وأدِّبه سبعاً، وراقبه سبعاً، ثم اترك حبله على غاربه”.. എന്നൊരു വാചകം ഉമർ (റ) ന്റെതായി പ്രസിദ്ധമാണ്.

“നിങ്ങളുടെ കുട്ടികളെ ഏഴ് വയസ്സുവരെ കളിപ്പിക്കുക, അടുത്ത ഏഴ് വർഷം അവരെ ശിക്ഷണം നല്കുക, തുടർന്നുള്ള ഏഴ് വർഷം അവരെ നിരീക്ഷിക്കുക, എന്നിട്ട് ആ കയറിനെ വെറുതെ വിടുക ” എന്നാണാ പറഞ്ഞതിനർഥം.

????ആദ്യ ഘട്ടം (കളിപ്പിക്കാൻ ഏഴ്)… എന്നാൽ ആദ്യത്തെ ഏഴ് വയസ്സ് വരെ എന്നാണ് അർത്ഥമാക്കുന്നത്. ഒരു ചെറിയ കുട്ടിയെ ശാസിക്കുന്നത് (മൃദുവായ ശിക്ഷണം പോലും) ഉചിതമല്ല രാത്രിയിൽ മക്കൾ കരഞ്ഞാൽ രണ്ടു വയസ്സുള്ളപ്പോൾ പോലും തല്ലുന്ന എത്രയോ മാതാപിതാക്കളുണ്ട്!!

مُرُوا أولادكم بالصلاة وهم أبناء سبع سنين، واضربوهم عليها وهم أبناء عَشْر
നിങ്ങളുടെ കുട്ടികൾക്ക് ഏഴു വയസ്സുള്ളപ്പോൾ അവരോട് നമസ്കരിക്കാൻ കൽപ്പിക്കുക, അവർക്ക് പത്ത് വയസ്സാകുമ്പോൾ അതിനായി അവരെ ശിക്ഷിക്കുക എന്ന് നബി പറയുന്നതിന്റെ അർത്ഥം ഏഴ് വയസ്സിന് താഴെയുള്ളവരെ അടിക്കാൻ പാടില്ലെന്നും ആ പ്രായത്തിനു മുമ്പുള്ള ഗൗരവമായ ഉപദേശങ്ങളും ശ്രദ്ധിക്കണമെന്ന് കൂടിയാണ്.

????️രണ്ടാം ഘട്ടം (അടുത്ത ഏഴ് കൊല്ലം അവനെ ശിക്ഷണം നല്കുക )… അതായത് ഏഴ് വയസ്സ് മുതൽ പതിനാല് വയസ്സ് വരെ
അവർ തെറ്റായ വാക്കോ, അനുചിതമായ പ്രവർത്തനമോ പ്രകടിപ്പിച്ചാൽ മൂല്യങ്ങളുടെ അവബോധത്തിനും ഏകീകരണത്തിനും ശേഷം, അച്ചടക്കവും നിയന്ത്രണവും ഉപയോഗപ്രദമാണ് എന്നാണ്.

????️️മൂന്നാം ഘട്ടത്തെ സംബന്ധിച്ചിടത്തോളം (15-21 വയസ്സ്) എന്നത് കൗമാരത്തിന്റെ കൈവിട്ട കളിക്ക് വിട്ടു കൊടുക്കാതെ അവരുടെ മേൽ നിങ്ങളുടെ രഹസ്യവും പരസ്യവുമായ നിരീക്ഷണം ശക്തമാക്കണമെന്നാണ്. അതിനർഥം സംശയദൃഷ്ട്യാ മാത്രം അവരെ കൈകാര്യം ചെയ്യണമെന്നല്ല. പ്രത്യുത അവരുടെ നിർമാണാത്മക വളർച്ചയെ സഹായിക്കുന്ന ഒരു ശ്രദ്ധ (care) രക്ഷാകർത്താക്കളുടെ
ഭാഗത്ത് നിന്നും ഉണ്ടാവണം എന്നാണ്.

പതിനാലു വയസ്സായാൽ അവനു / അവൾക്ക് സ്വന്തം അസ്തിത്വം തോന്നി തുടങ്ങുന്നു. വല്ലാത്തൊരു സൂക്ഷ്മസംവേദനശക്തിയും
സെൻസിറ്റിവിറ്റിയുമുള്ള പ്രായമാണത്. ഈ പ്രായം മാതാപിതാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നു, നിങ്ങൾ അവരെ മുതിർന്നവരായി കണക്കാക്കിയാൽ ഒരു പക്ഷേ, അവർ നിങ്ങളെ നിരാശപ്പെടുത്തും, നിങ്ങൾ അവനെ കുട്ടിയായി കണക്കാക്കിയാൽ അവർക്കത് അസഹനീയമായിരിക്കും!! അതിനാലാണ് നിരീക്ഷിക്കുക എന്ന മാർഗ്ഗനിർദ്ദേശം വന്നിട്ടുള്ളത്.

????️നാലാമത്തേത് (അവന്റെ കയറിനെ വെറുതെ വിടുക) എന്നു പറഞ്ഞാൽ ഇരുപത്തിയൊന്ന് വയസ്സ് കഴിഞ്ഞാൽ അവരോട് ഒരു സുഹൃത്താകുക എന്നാണ്. ആദ്യ മൂന്ന് ഘട്ടങ്ങളിൽ അവരുടെ പാരന്റിങ്ങിൽ നമ്മൾ വിജയിച്ചാൽ, അവസാന ഘട്ടത്തിലും അവൻ / അവൾ വിജയിക്കുകയും നല്ല കുട്ടിയാകുകയും ചെയ്യുമെന്നാണ് .. അപ്പോഴാണ് നല്ല രക്ഷാകർത്താവായി എന്ന് നമുക്ക് പ്രത്യാശിക്കാൻ വകുപ്പുള്ളൂ.

اللهم أخرج من أصلابنا ذرية صالحة تكون ذخرا لنا يوم نلقاك
അല്ലാഹുവേ , ഞങ്ങളുടെ സന്തതികളിൽ നിന്ന് നല്ല സന്തതികളെ പുറപ്പെടുവിക്കണമേ, ഞങ്ങൾ നിന്നെ കണ്ടുമുട്ടുന്ന ദിവസം ഞങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കുകയും ചെയ്യേണമേ … ആമീൻ

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles