Current Date

Search
Close this search box.
Search
Close this search box.

കുട്ടികളിലെ നേതൃശേഷി എങ്ങനെ വളര്‍ത്താം?

നേതൃത്വത്തിന്‍റെ പ്രധാന്യം ഇന്ന് ആരേയും ബോധ്യപ്പെടുത്തേണ്ടതില്ല. നല്ല നേതൃത്വമുണ്ടെങ്കില്‍ ഏത് പ്രതിസന്ധികളേയും തരണം ചെയ്യാന്‍ കഴിയുമെന്നതിന്‍റെ ഏറ്റവും മികച്ച ഉദാഹരണമാണ് സിങ്കപ്പൂര്‍. 1970 കളില്‍ സിങ്കപ്പൂരിന്‍റെയും ഈജ്പ്റ്റിന്‍റെയും മൊത്തം ആഭ്യന്തര ഉല്‍പാദനം Gross Domestic Product (GDP) തുല്യമായിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. എന്നാല്‍ ഇന്ന് സിങ്കപ്പൂരിന്‍റെ GDP ഇരുപത് മടങ്ങ് ഈജ്പ്റ്റിന്‍റെതിനെക്കാള്‍ കൂടുതലാണെന്ന് മാത്രമല്ല എല്ലാ നിലക്കും വികസിച്ച രാജ്യം കൂടിയാണ് സിങ്കപ്പൂര്‍. ചെറുപ്പ കാലത്ത് തന്നെ നമ്മുടെ സന്താനങ്ങളെ ഉത്തമ പരിശീലനം നല്‍കി നേതൃ സ്ഥാനത്തേക്ക് വളര്‍ത്തികൊണ്ട് വരേണ്ടതുണ്ട്.

കുട്ടികളെ ജീവിത വിജയത്തിലേക്കത്തെിക്കുന്നതില്‍ അവരുടെ നേതൃപാഠവശേഷി വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അത് വളര്‍ത്തുന്നതില്‍ രക്ഷിതാക്കളും അധ്യാപകരുമാണ് ഏറ്റവും കുടുതല്‍ ഉത്തരവാദപ്പെട്ടവര്‍. സാധാരണഗതിയില്‍ നേതൃശേഷി എന്നത്കൊണ്ട് ഉദ്ദ്യേശിക്കുന്നത് രാഷ്ട്രീയവും സാമൂഹ്യവും സംഘടനാപരവുമായ നേതൃത്വമാണ്. എന്നാല്‍ ഇവിടെ അത മാത്രമല്ല, ജീവിതത്തിന്‍റെ ഏത് മേഖലയിലായാലും ശരി, അതിന്‍റെ പരമോന്നത ശ്രേണിയിലത്തൊന്‍ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ്. എല്ലാ മേഖലയിലും മികവുറ്റവരെ സമൂഹത്തിന് ആവശ്യമാണ്. അങ്ങനെ ഉയര്‍ന്ന മേഖലയില്‍ എത്തിപ്പെടുന്നവരാണ് യഥാര്‍ത്ഥത്തില്‍ വിജയിക്കുക.

കുട്ടികളില്‍ നേതൃപാഠവം വളര്‍ത്താനുള്ള ഏറ്റവും നല്ല വഴി രക്ഷിതാക്കളും അധ്യാപകരും മാതൃകകള്‍ സൃഷ്ടിക്കുക എന്നതാണ്. താല്‍പര്യമുള്ള മേഖലകളില്‍ അതിന്‍റെ ഉച്ചുംഗതയില്‍ എത്തിച്ചേര്‍ന്ന് അവര്‍ കുട്ടികള്‍ക്ക് മാതൃകകളാവുമ്പോള്‍ അവരും അതേ വഴി പിന്തുടരുന്നതാണ്. രക്ഷിതാവ് പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കുക, അല്ലങ്കില്‍ താന്‍ വ്യവഹരിക്കുന്ന മേഖലയില്‍ നേതൃപരമായ പങ്ക് വഹിക്കുക; ഇങ്ങനെ ചെയ്യുമ്പോള്‍ കുട്ടികള്‍ക്ക് അത് മഹത്തായ സന്ദേശമാണ് നല്‍കുക.

ജീവിതത്തില്‍ കൃത്യമായ ലക്ഷ്യമുണ്ടാവാനും അത് നടപ്പാക്കാനും കുട്ടികളെ ചെറുപ്പം മുതലെ പരിശീലിപ്പിക്കേണ്ടതാണ്. ആ ലക്ഷ്യം പൂര്‍ത്തീകരിച്ചാല്‍ അവരെ പ്രശംസിക്കുകയും അവര്‍ക്ക് സമ്മാനം നല്‍കുകയും ചെയ്യുക. ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ അവരെ പ്രേരിപ്പിക്കുക. വലിയ പദവികള്‍ ആരും ആഗ്രഹിക്കും. അതിലേക്ക് എത്താനുള്ള ചുവട്വെപ്പുകളാണ് ചെറിയ ഉത്തരവാദിത്വങ്ങള്‍ ഏല്‍പ്പിക്കല്‍. ഒരു സമ്മേളന സദസ്സിന് കുടിവെള്ളം നല്‍കല്‍ മുതല്‍ ശുചിത്വം വരെയുള്ള കാര്യങ്ങള്‍ കുട്ടികളെ ഏല്‍പിക്കുന്നത് നല്ല പരിശീലനമാണ്.

ക്ഷമ,സഹാനുഭൂതി,അനുകമ്പ, സ്നേഹം, ആദ്രത, സത്യസന്ധത തുടങ്ങിയ ഒരു നേതാവിനുണ്ടായിരിക്കേണ്ട അനേകം സദ്ഗുണങ്ങള്‍ അവരില്‍ ചെറുപ്പം മുതലെ നട്ട്വളര്‍ത്താന്‍ ശ്രമിക്കുക. വിവിധ വിഷയങ്ങളില്‍ അവരുടെ അഭിപ്രായങ്ങള്‍ ആരായുക. അവരെ ആദരിക്കുക. അപ്പോള്‍ തന്നെ അവര്‍ താന്‍ നിസ്സാരക്കാരനല്ല എന്ന ബോധം അവരുടെ മനസ്സില്‍ അങ്കുരിക്കുന്നതും അവര്‍ ഭാവിയില്‍ കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരായി വളര്‍ന്ന് വരാനുള്ള എല്ലാ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.

ഇത്തരം കാര്യങ്ങള്‍ രക്ഷിതാക്കളെന്ന നിലയില്‍ ശ്രദ്ധിച്ചാല്‍ നിങ്ങളുടെ മകന്‍ / മകള്‍ ഭാവിയില്‍ എല്ലാ മേഖലയിലും വിജയിക്കുന്ന നല്ളൊരു നേതാവായി വളര്‍ന്ന് വരുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇന്ന് രക്ഷിതാക്കള്‍ പൊതുവെ കുട്ടികളെ എല്ലാ കാര്യങ്ങളില്‍ നിന്നും വിലക്കുന്ന പ്രവണതയാണ് കാണുന്നത്. ഒന്നും ചെയ്യാന്‍ അനുവദിക്കാത്ത അവസ്ഥ. ഇത് അവരിലുള്ള സര്‍ഗ്ഗാത്മക കഴിവുകളെ മുളയില്‍ തന്നെ നുള്ളികളയുകയാണ് ചെയ്യുക. സന്താനങ്ങള്‍ അപകടത്തില്‍പെട്ട്പോവരുത് എന്ന സദുദ്ദ്യേശത്തോടെയാണ് രക്ഷിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത്. ഏത് അന്ധകാരത്തിലും കെട്ട്പോവാത്ത, നന്മയും തിന്മയും തിരിച്ചറിയുന്ന വെളിച്ചമാണ് അവരുടെ ഹൃദയത്തില്‍ കൊളുത്തിവെക്കേണ്ടത്.

Related Articles