Current Date

Search
Close this search box.
Search
Close this search box.

നിങ്ങളുടെ മക്കള്‍ നിങ്ങളെ ആദരിക്കുന്നുണ്ടോ?

നമ്മുടെയെല്ലാം ജീവിതത്തില്‍ ഒരു ബാല്യകാലം ഉണ്ടായിരുന്നു. ഒരു ചെറിയ ചെടി പടുവൃക്ഷമായിത്തീരുന്നതുവരെയുളള ഘട്ടത്തില്‍ ആവശ്യമായിട്ടുള്ള എല്ലാ പരിഗണനയും സംരക്ഷണവും ഈ കാലയളവില്‍ നമുക്കാവശ്യമായിരുന്നു. തുടര്‍ന്നുള്ള ജീവിതത്തിനാവശ്യമായ പോഷകാഹാരങ്ങളും ശുദ്ധമായ വെള്ളവും അന്ന് വളരെ അനിവാര്യമായിരുന്നു.

കുട്ടിയുടെ വൈകാരിക വളര്‍ച്ചയും മാനസിക ആരോഗ്യവും
കുട്ടിയുടെ വ്യക്തിത്വത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് വൈകാരിക തലം. പാകമായ ബുദ്ധി വികാസവും മാനസിക ആരോഗ്യവും ഉണ്ടാവണമെങ്കില്‍ വൈകാരിക തലത്തിന് ഉന്നതമായ പരിഗണന നല്‍കേണ്ടതുണ്ട്. ഒരു കുട്ടി തന്റെ വളര്‍ച്ചയുടെ പ്രാഥമിക ഘട്ടത്തില്‍ സ്വന്തമായി കാര്യങ്ങള്‍ ഗ്രഹിക്കുവാനും തന്റെ ചുറ്റുമുളളവരുടെയും ജീവിതം വിലയിരുത്താനും അവലംബമാക്കുന്നത് ഈ വൈകാരിക തലത്തെയാണ്. കാരണം അവന്റെ ചെറിയ ബുദ്ധി അറിവിലൂടെയും അനുഭവത്തിലൂടെയും കാര്യങ്ങള്‍ ഗ്രഹിക്കുവാനുള്ള പാകത ഈ കാലയളവില്‍ പ്രാപിച്ചിട്ടുണ്ടാവുകയില്ല. അതിനാല്‍ തന്നെ തന്റെ ചുറ്റുപാടുമായി ഇഴകിച്ചേരാന്‍ അവലംബമാക്കുന്നത് തന്റെ ബുദ്ധിയെയും വികാരങ്ങളെയുമാണ്. ഈ യാഥാര്‍ഥ്യത്തെ അവഗണിച്ചും വിസ്മരിച്ചുമാണ് അവര്‍ വളരുന്നതെങ്കില്‍ അവന്റെ വളര്‍ച്ചയിലും ബുദ്ധി വികാസത്തിലും അവ സ്വാധീനിക്കുന്നതായി കാണാം.

 

ആദരവിന്റെ ആവശ്യകത
കുട്ടിയുടെ പ്രാഥമിക ഘട്ടത്തിലെ മാനസിക വളര്‍ച്ചയില്‍ അനിവാര്യമായും ഉണ്ടാവേണ്ട ഘടകമാണ് അവരെ പരിഗണിക്കുകയും ആദരിക്കുകയും ചെയ്യല്‍. ചെറിയ പ്രായത്തില്‍ ആദരവിനെ കുറിച്ചോ അതിന്റെ ആവശ്യകതയെ കുറിച്ചോ കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുകയില്ല എന്നാണ് നമ്മില്‍ മിക്കവരുടെയും ധാരണ. അതിനാല്‍ തന്നെ കുട്ടികളുടെ നേരെ  വാക്കാലും പ്രയോഗത്താലുമുള്ള അവഗണന വെച്ചുപുലര്‍ത്തുന്നതിനെ അവര്‍ നിസ്സാരമായി കാണുകയും ചെയ്യുന്നു. അത് ഒരു പ്രശ്‌നമായിട്ട് അവര്‍ മനസ്സിലാക്കുന്നുമില്ല. എന്നാല്‍ ഈ അവഗണനയുടെ പ്രതിഫലനം അവരുടെ ഭാവി ജീവിതത്തില്‍ പ്രകടമാകും. മറ്റുള്ളവരെ പരിഗണിക്കാത്ത പ്രകൃതവും, വാക്കാലും പ്രവര്‍ത്തിയാലും അവര്‍ക്ക് ഉപദ്രവങ്ങള്‍ വരുത്തിവെക്കുന്ന പ്രവണതയും അവനില്‍ രൂപപ്പെടുകയും ചെയ്യും. തന്റെ മകന്‍ സഹോദരിയെയും കൂട്ടുകാരെയും അടിക്കുക, ഉപദ്രവിക്കുക, അവരുടെ സാധനങ്ങള്‍ നശിപ്പിക്കുക എന്നതിനെ കുറിച്ചെല്ലാം ഉമ്മ പരാതിപ്പെടുന്നതായി നമുക്ക് കാണാം. കുട്ടി അന്തര്‍മുഖനാവുന്നതിനെ കുറിച്ചും അവന്റെ ദൗര്‍ബല്യത്തെ കുറിച്ചും നാം ആവലാതിപ്പെടും… അവനെ മറ്റുളളവര്‍ ഉപദ്രവിക്കുമ്പോഴും ചീത്ത വിളിക്കുമ്പോഴും സ്വയം പ്രതിരോധിക്കാന്‍ അവന് കഴിയുന്നില്ല ….. ചെറുപ്രായത്തില്‍ അവന്റെ വികാരങ്ങളെ പരിഗണിക്കാത്തതിന്റെയും നിരന്തരമായി ഉപദ്രവിച്ചതിന്റെയും അവന്റെ വ്യക്തിത്വത്തെ ആദരിക്കാതെയും വളര്‍ത്തിയതിന്റെയും പ്രതിപ്രവര്‍ത്തനമായിട്ടാണ് ഇതെല്ലാം ഉണ്ടാവുന്നത്.

വലിയവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ ആദരണീയത കുട്ടികള്‍ക്ക് ലഭിക്കേണ്ടതുണ്ട്. കാരണം വലിയവര്‍ക്ക് തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആക്ഷേപങ്ങളും മറ്റും അതിന്റെ യാഥാര്‍ഥ്യം മനസ്സിലാക്കി സ്വീകരിക്കാനും തള്ളാനും കഴിയും. എന്നാല്‍ ഇത്തരത്തിലുള്ള വിവേചന ശേഷി കുട്ടികള്‍ക്കുണ്ടാവണമെന്നില്ല. മാത്രമല്ല വളര്‍ച്ചയെത്തുന്നതിന് മുമ്പ് ഇത്തരത്തിലുള്ള അവസ്ഥയില്‍ വളരുന്നവരുടെ ഭാവി ജീവിതത്തില്‍ ഗുരുതരമായ പ്രതിസന്ധി തീര്‍ക്കുകയും ചെയ്യും.
സ്വയം ആദരണീയനും മറ്റുള്ളവരെ ആദരിക്കപ്പെടുകയും ചെയ്യുന്നതുവരെ കുട്ടിക്ക് ആദരവും അര്‍ഹിക്കുന്ന പരിഗണനയും നല്‍കേണ്ടതുണ്ട്. അതിനുള്ള ചില മാര്‍ഗങ്ങള്‍ പരിശോധിക്കാം.

  • അവന്റെ വ്യക്തിത്വത്തെ ആദരിക്കുക. അവന്റെ സുഹൃത്തുക്കളുമായോ മറ്റു കുട്ടികളുമായോ അവനെ താരതമ്യം ചെയ്യരുത്. അത്തരത്തിലുള്ള താരതമ്യം അവനെയും നിങ്ങളെയും ഉപദ്രവകരമായി ബാധിക്കും.
  • അവന്റെ ന്യൂനതകളെ ഉള്‍ക്കൊണ്ടു കൊണ്ട് അവനെ ആദരിക്കുക. അവന്റെ തെറ്റുകളും ന്യൂനതകളും കാരണം അവനെ ആക്ഷേപിക്കരുത്. കാരണം അവന്‍ കുട്ടിയാണ്. തെറ്റുകള്‍ സ്വാഭാവികമാണ്. അനുഭവത്തില്‍ നിന്നും അവന്‍ അത് തിരുത്തുന്നതാണ്.
  • അവന്റെ വയസ്സനുസരിച്ചുള്ള പരിഗണന അവന് നല്‍കുക. അവന്റെ സംശയങ്ങള്‍, വാക്കുകള്‍, ചിന്തകള്‍ എന്നിവ പ്രകടിപ്പിക്കുമ്പോള്‍ ഒരിക്കലും പരിഹസിച്ച് തള്ളരുത്.
  • അവന്റെ വികാരങ്ങളെയും അനുഭവഭേദ്യങ്ങളെയും മുഖവിലക്കെടുക്കുക. അതിനോട് ക്രിയാത്മകമായും ഗൗരവത്തിലും പ്രതികരിക്കുക. അവന്റെ ദേഷ്യത്തെയും സന്തോഷത്തെയും അവഗണിക്കുകയോ വിലകുറച്ച് കാണുകയോ ചെയ്യരുത്.
  • അവന്റെ ഭാഷയെയും ആശയപ്രചാരണ ശൈലിയെയും പരിഗണിക്കുക, അവന്റെ ഏതെങ്കിലും പ്രയോഗത്തെയോ, പ്രയോഗത്തിലെ അബദ്ധങ്ങളെയോ ചൂണ്ടിക്കാട്ടി പരിഹസിക്കരുത്.
  • അവന്റെ കഴിവുകളെയോ, സാധ്യതകളെയും ആദരിക്കുക. അവന്റെ കഴിവില്‍ പെടാത്തത് നിര്‍ബന്ധിക്കരുത്. അപ്രകാരം അവന്റെ കഴിവുകളെ വിലകുറച്ച് കാണുകയും ചെയ്യരുത്.
  • അവന്റെ വസ്തുക്കളെയും വസ്ത്രങ്ങളെയും വിനോദങ്ങളെയും പരിഗണിക്കുക. അതില്‍ പരിപൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തരുത്. അവന്‍ ആവശ്യപ്പെടുന്നവ സന്ദര്‍ഭോചിതം അനുമതി നല്‍കുകയും ചെയ്യുക.
  • അവന്റെ രൂപത്തെയും കാഴ്ചകളെയും പരിഗണിക്കുക. അതില്‍ പരിഹസിക്കരുത്.
  • അവന്റെ ആവശ്യങ്ങളും താല്‍പര്യങ്ങളും ചര്‍ച്ച ചെയ്തു പരിഗണിക്കുക.
  • അവന്റെ ബന്ധങ്ങളെയും സഹോദരങ്ങളെയും ആദരിക്കുക. അവരെ പരിഹസിക്കുകയോ സ്ഥിരമായി അവരെ മോശമായി നിരൂപണം ചെയ്യുകയോ ചെയ്യരുത്.
  • അവര്‍ ഇഷ്ടപ്പെടുന്ന അധ്യാപകരെ ആദരിക്കുക. അവരുടെ മുമ്പില്‍ മക്കള്‍ക്ക് അനിഷ്ടകരമായത് പറയാതിരിക്കുകയും ചെയ്യുക.
  • നാം ആദരിക്കുന്ന ഒരു വ്യക്തിയോട് പെരുമാറുന്നതു പോലെ മക്കളോട് യുക്തിപൂര്‍വം പെരുമാറാന്‍ ശ്രമിക്കുക.

വികാരത്തെ വ്രണപ്പെടുത്തുന്ന സ്വഭാവചര്യകള്‍

  • എന്തുകൊണ്ട് നിഷിദ്ധമാക്കി എന്നു വിവരിക്കാതെ ഭീഷണിപ്പെടുത്തിയുള്ള വിലക്കുകള്‍
  • എന്തിന് നിര്‍ബന്ധമാക്കി എന്നു വിവരിക്കാതെയുള്ള കല്‍പനകള്‍
  • തെറ്റുകളെയും പരാജയങ്ങളെയും ഉയര്‍ത്തിക്കാട്ടുന്ന വിനാശകരമായ നിരൂപണങ്ങള്‍
  • അവനു സംസാരത്തിനിട നല്‍കാതെയുള്ള തിരക്കുകള്‍. അവനുമായി സംസാരിക്കാനുള്ള വേണ്ടത്ര സമയം കണ്ടെത്താതിരിക്കല്‍.
  • അവര്‍ക്കു നേരെ നിരന്തരമായി മുഖം ചുളിക്കുക
  • ദീര്‍ഘകാലമായുള്ള ബഹിഷ്‌കരണവും അവഗണനയും
  • ഏതെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയുള്ള പരിഹാസങ്ങള്‍
  • ഇരട്ടപ്പേരുവിളിച്ചും കണ്ണുരുട്ടിയും ആക്ഷേപിക്കുക
  • അവന്റെ തെറ്റുകള്‍ ജനങ്ങളുടെ മുന്നില്‍ പരസ്യമാക്കുക
  • ആക്ഷേപമുന്നയിക്കലും ചീത്തപറയലും
  • പരസ്യമായുള്ള ശകാരവും അടിയും. മാനസിക ഉപദ്രവത്തിന്റെ തീഷ്ണമായ രീതിയാണിത്.

 

കുട്ടികളോടുള്ള സഹവാസത്തില്‍ പ്രകടമാകുന്ന ഇത്തരത്തിലുള്ള ദൂഷ്യങ്ങള്‍ കുട്ടിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്. ചെറിയ ചെടികള്‍ക്ക് രോഗങ്ങളില്‍ നിന്ന് സംരക്ഷണവും നല്ല വളവും നല്‍കുന്നതുപോലെ ശരീരത്തിനും മനസ്സിനും ആവശ്യമായ പ്രോട്ടീനുകളുള്ള വിഭവങ്ങള്‍ കുട്ടികള്‍ക്കും നല്‍കേണ്ടതുണ്ട്.

സ്വന്തത്തെയും മറ്റുള്ളവരെയും ആദരിക്കാന്‍ സഹായകമായ സ്വഭാവചര്യകള്‍

  • വ്യക്തിത്വം രൂപപ്പെടാനാവശ്യമായ സ്വഭാവ ചര്യകള്‍ വിശദീകരിച്ചുകൊടുക്കുക. നീ അലസനാണ് എന്ന് ഒരിക്കലും പറയരുത്. സ്വന്തം കിടപ്പാടം വൃത്തിയാക്കാത്തവര്‍ക്ക് വ്യക്തിത്വം രൂപീകരിക്കാന്‍ കഴിയുകയില്ല എന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊടുക്കുക
  • രക്ഷിതാക്കളുടെ സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാക്ഷാല്‍കരിക്കാനാവാത്തത് കുട്ടിയുടെ കുഴപ്പമില്ല. ഓരോ കുട്ടികള്‍ക്കും സ്വന്തമായ കഴിവുകളുണ്ട്, അവര്‍ക്ക് കഴിയാത്തത് അവരെ നിര്‍ബന്ധിക്കരുത്.
  • അവന്റെ സ്വാതന്ത്ര്യവും വ്യകിതിത്വവും തിരിച്ചറിയുക. നിസ്സാരനായി കാണരുത്
  • ഓരോ കുട്ടിയിലും ആഹ്ലാദം ജനിപ്പിക്കുന്ന സംഗതികള്‍ ചെയ്യുക.
  • മക്കളുമായി സംവദിക്കുകയും അവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും ചെയ്യുക.
  • കുട്ടിയോട് സത്യസന്ധമായി പെരുമാറുക. അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് അവരുമായി ചര്‍ച്ച ചെയ്യുക.
  • കുട്ടിയുടെ ഇന്നലയെയും ഇന്നിനെയും താരതമ്യം ചെയ്യുക. മറിച്ച് അവനെയും മറ്റുള്ളവരെയും തമ്മില്‍ താരതമ്യം ചെയ്യരുത്.
  • കുട്ടികളുടെ കഴിവ് വളര്‍ത്താനാവശ്യമായ ജോലികള്‍ ചെയ്യുന്നതിന് അവരെ നിര്‍ബന്ധിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുക. അത് അവരില്‍ ആത്മവിശ്വാസം വളര്‍ത്തും.

നീ നിന്റെ കുട്ടിയോട് അവന്റെ ആദരവിലും പരിഗണനയിലും വലിയ മനുഷ്യരോട് പെരുമാറുന്നത് പോലെ പെരുമാറുക. അതേ പരിഗണനയും ആദരവും അവര്‍ നിങ്ങള്‍ക്ക് തിരിച്ച് നല്‍കും, തീര്‍ച്ച.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles