Current Date

Search
Close this search box.
Search
Close this search box.

കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന അഞ്ച് കാര്യങ്ങൾ

മക്കളെ കുറിച്ച് പരാതികളില്ലാത്ത രക്ഷിതക്കൾ വളരെ അപൂർവ്വമായിരിക്കും. അവർ ഭക്ഷണം കഴിക്കുന്നത് മുതൽ നടത്തം, ഉറക്കം, പഠനം, വിനോദം,കളി,കൂട്ട്കെട്ട് തുടങ്ങി ജീവിതവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും രക്ഷിതാക്കൾക്ക്, ആൺ പെൺ വിത്യാസമില്ലാതെ, വിശിഷ്യ കൗമാരക്കാരെ കുറിച്ച് പരാതികൾക്ക് കണക്കില്ല. അതേയവസരത്തിൽ കുട്ടികളുടെ പക്ഷത്ത് നിന്ന് ചിന്തിക്കുകയും അവരുടെ കണ്ണിലൂടെ കാണുകയും അവരുടെ കാതുകളിലൂടെ കേൾക്കുകയും ചെയ്യുന്ന ഒരു മനോഭാവം രക്ഷിതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കിൽ, പല പരാതികളും ഇല്ലാതാവുമെന്ന് മാത്രമല്ല അത് കുടുംബ ജീവിതത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയും ചെയ്യും.

വസ്ത്രം, സ്മാർട്ട് ഫോൺ,ബൈക്ക്, ഇലക്ട്രോണിക് ഗാഡ്ജറ്റുകൾ,ഭക്ഷണ പാനീയാങ്ങൾ, സ്കൂൾ ഫീസ്, പോക്കറ്റ് മണി തുടങ്ങിയ കുട്ടികളുടെ ആവശ്യങ്ങൾ പൂർത്തീകരിച്ച് കൊടുത്താൽ അവർ സംതൃപ്തരായി എന്നാണ് നാം പൊതുവെ ധരിച്ച് വെച്ചിട്ടുള്ളത്. നമ്മുടെ മക്കളുടെ ഭൗതികമായ ഈ ചോദനകൾ പൂർത്തീകരിക്കുന്നതോടൊപ്പം അവരുടെ വൈകാരികവും ആത്മീയവുമായ ആവശ്യങ്ങൾ കൂടി പൂർത്തീകരിച്ച് കൊടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കുന്നത് നന്നായിരിക്കും. നമ്മുടെ അരുമ സന്താനങ്ങൾ നമ്മിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് എന്നതിനെ കുറിച്ച ഒരു ഓർമപ്പെടുത്തലാണ് ചുവടെ:

1. കുട്ടികൾ രക്ഷിതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന ഒന്നാമത്തെ കാര്യം തങ്ങളുടെ രക്ഷിതാക്കൾ സൗഭാഗ്യവാന്മാരായിരിക്കുക എന്നതാണ്. സാമ്പത്തികമായ സുസ്ഥിതി മാത്രമല്ല ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് കുട്ടികൾക്ക് ആവശ്യമായ സാമൂഹികവും മാനസികവുമായ സുരക്ഷ നൽകാൻ രക്ഷിതാക്കൾക്ക് സാധിക്കലാണ് സൗഭാഗ്യം കൊണ്ട് ഉദ്ദേശിക്കുന്നത്. വൈകാരികമായ സംരക്ഷണമാണ് അതിൽ ഏറ്റവും പ്രധാനം. തള്ളകോഴി അതിൻറെ കുഞ്ഞുങ്ങൾക്ക് നൽകുന്ന പരിരക്ഷ കണ്ടിട്ടില്ലേ? അത്പോലെ രക്ഷിതാക്കൾ കുട്ടികൾക്ക് പകർന്ന് നൽകേണ്ട ഒരു സ്നേഹം. ആ സ്നേഹം നൽകാൻ രക്ഷിതാക്കൾ മുന്നോട്ട് വരണമെന്നാണ് ഏതൊരു കുട്ടിയുടേയും അഭിലാഷം. സ്നേഹമാണ് സൗഭഗ്യത്തിൻറെ താക്കോൽ. ആ താക്കോൽ ലഭിച്ചാൽ കുടുംബത്തിൽ ഐശ്യര്യത്തിൻറെ പരിമളം പരിലസിക്കും. അത് കുട്ടികൾക്ക് ആത്മവിശ്വാസത്തിൻറെ കരുത്ത് പകരാൻ സഹായകമാണ്.

2. രക്ഷിതാക്കളിൽ നിന്ന് കുട്ടികൾ പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം അവരെ നന്നായി പരിഗണിക്കുക എന്നതാണ്. നമ്മുടെ വാക്ക്,പ്രവർത്തി,വൈകാരിക സമീപനങ്ങൾ എന്നിവയിലൂടെ കുട്ടികളെ ഒരു ലോഭവും കൂടാതെ നന്നായി പരിഗണിക്കുക. കാക്കക്ക് തൻ കുഞ്ഞ് പൊൻകുഞ്ഞ് എന്ന് പറയാറില്ലെ അത്പോലെ ഒരോരുത്തരുടേയും സന്താനങ്ങൾ അവരവർക്ക് ലഭിച്ച പൊൻകുഞ്ഞാണെന്ന് കരുതി താലോലിക്കുകയും വളർത്തുകയും ചെയ്യണമെന്നാണ് കുട്ടികൾ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്. രക്ഷിതാക്കളിൽ നിന്ന് കുട്ടികൾ അവഗണന നേരിടുമ്പോഴാണ് അവർ മറ്റ് വഴികൾ ആരാഞ്ഞ് വീട്ടിൽ നിന്ന് ഒളിച്ചോടുന്നതും രക്ഷിതാക്കളെ അശ്വസ്ഥപ്പെടുത്തുന്നതും. നിങ്ങൾ ആരാകാൻ ആഗ്രഹിക്കുന്നു എന്ന് ഒരു ടീച്ചർ എഴുതാൻ പറഞ്ഞപ്പോൾ ഒരു വിരുതൻ എഴുതിയത് എനിക്ക് ടി.വി.യാകാനാണ് ആഗ്രഹം എന്നായിരുന്നു. കാരണം തിരക്കിയ ടീച്ചറോട് കുട്ടിയുടെ പ്രതികരണം: അഛൻ എപ്പോഴൂം ടി.വി.നോക്കികൊണ്ടിരിക്കുന്നു. ഞാനൊരു ടി.വി.ആയിരുന്നെങ്കിൽ…..? ഈ നർമ്മത്തിലെ അതിശയോക്തി ഒഴിവാക്കിയാൽ, ഒരു ജീവിത യാഥാർത്ഥമാണ് ഇവിടെ പ്രതിബിംബിക്കുന്നത്.

3. കുട്ടികളെ ശ്രദ്ധിച്ച് കേൾക്കുക എന്നതാണ് അവർ നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു വൈകാരികാനുഭൂതി. നമ്മുടെ സുപ്രധാനമായ സമയം അവരുമായി ചിലവഴിക്കാൻ നീക്കിവെക്കേണ്ടതാണ്. അതിലൂടെ അവരുടെ നന്മകൾ കാണാനും അവരെ അഭിനന്ദിക്കുവാനും അവസം കിട്ടുന്നു. അവരുടെ സംശയങ്ങൾ ദുരീകരിക്കാനും ഇതിലൂടെ അവസരമുണ്ടാവുന്നു. കുട്ടികളുടെ ചെറിയ തെറ്റുകൾ കണ്ട് ശകാരിക്കുന്നത് ഗുണത്തെക്കാളേറെ ദോശമാണ് ചെയ്യുക. അവരെ കുറിച്ച് നാം അഭിമാനം കൊള്ളുന്നുണ്ടെന്ന് കുട്ടികൾ മനസ്സിലാക്കട്ടെ. നല്ല വാക്കുകൾ കൊണ്ട് അവരെ പ്രചോദിപ്പിക്കുക. ഞങ്ങളുടെ ജീവിതത്തിൻറെ സൗന്ദര്യമാണ് നിങ്ങളാണെന്ന് അവരോട് ഉറക്കെ പറയുക. എഫ്.എം.റേഡിയോ സ്റ്റേഷനെ പോലെ രക്ഷിതാക്കൾ സദാ ചറപറ സംസാരിക്കുന്നതിന് പകരം കുട്ടികൾ പലവിധേന നേടിയ വൈകാരികാനുഭൂതികൾ നിങ്ങളുമായി സംവദിക്കാൻ അവസരം നൽകുക. അവരുടെ ഭാവി ഭാസുരമാക്കാൻ പ്രാർത്ഥിക്കുക.

4. വാൽസല്യത്തോടെ കെട്ടിപുണരുക. പിഞ്ചു കുഞ്ഞായിരിക്കെ നാം എത്രയോ പ്രാവിശ്യം അവരെ ചുംബിക്കുകയും കെട്ടിപുണരുകയും ചെയ്തതായിരുന്നുവല്ലോ? എന്നാൽ അവർ കൗമാര പ്രായത്തിലേക്കത്തെിയപ്പോൾ നാം അവരിൽ നിന്നും അവർ നമ്മിൽ നിന്നും അകലുകയാണ്. ഈ അകൽച്ച ഇല്ലാതാക്കുവാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണ് അവരെ വാൽസല്യത്തോടെ കെട്ടിപ്പുണരുക. അവർ നമ്മുടെ സ്പർഷനത്തിനായി ദാഹിക്കുന്നു. അവരുടെ ശിരസ്സ്, തല തുടങ്ങിയ അവയവങ്ങൾ സ്പർഷിച്ച് നോക്കൂ. നിങ്ങളും അവരും തമ്മിലുള്ള ബന്ധത്തിൽ മഞ്ഞുരുക്കം അനുഭവപ്പെടും. ഇതിലൂടെ ഇരുകൂട്ടർക്കും ഒരു അവാച്യമായ അനുഭൂതി ലഭിക്കുന്നു. ഇതായിരിുന്നു പ്രവാചകൻെറ മാതൃ മാതൃക. വാപ്പ ഇരിക്കുന്നേടത്ത് മകൾ ഫാതിമ വന്നാൽ പ്രവാചകൻ എഴുന്നേറ്റ് അവളെ സ്വീകരിക്കുകയും അവർ പരസ്പരം ഉമ്മ വെക്കുകയും ചെയ്യുന്ന രംഗം എത്ര ചേതോഹരമാണ്. എന്നിട്ട് അവളെ അരികിൽ പിടിച്ച് ഇരുത്തുകയും കുശലങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. അറബികളിൽ ഇന്നും ഇത്തരം ഉദാത്ത മാതൃകകൾ നിലനിൽക്കുന്നു എന്നതാണ് വാസ്തവം.

5. കുട്ടികളെ പ്രശംസിക്കുക. നാല് പേർ കേൾക്കുന്ന വിധത്തിൽ കുട്ടികളെ നിങ്ങൾ ഒന്ന് പുകഴ്തി നോക്കൂ. അവർ രോമാഞ്ചകുഞ്ചിതരാവും. നിങ്ങളുടെ പ്രശംസ അവർക്ക് വർധിച്ച ആത്മവീര്യം നൽകന്നു. അതിനുള്ള നല്ളൊരു ഉദാഹരണമാണ് സാഹിത്യത്തിൽ നോവൽ പ്രൈസ് ജേതാവ് ഒർഹാൻ പാമുക്ക് അവാർഡ് സ്വീകരണ ചടങ്ങിൽ സംസാരിച്ച് കൊണ്ട് പറഞ്ഞ കാര്യങ്ങൾ. കുട്ടികളെ ഉന്നതിയിലേക്കത്തെിക്കണം എന്ന് ആഗ്രഹിക്കുന്ന ഏതൊരു രക്ഷിതാവിനും അത് മാതൃകയാക്കാവുന്നതാണ്. ഈ മഹത്തായ അവാർഡിന് എന്നെ അർഹനാക്കിയതിൽ എൻറെ പിതാവിനുള്ള പങ്ക് നിസ്തുലമാണ്. കുട്ടിയായിരിക്കെ ഞാൻ കടലാസിൽ എന്തെക്കെയൊ കുറിച്ചിടുമായിരുന്നു. ദീർഘ യാത്ര കഴിഞ്ഞ് വരുന്ന പിതാവിന് ഞാൻ അത് സമർപ്പിക്കുമ്പോൾ അദ്ദേഹം എന്നെ കെട്ടിപ്പുണരും. എന്നിട്ട് പറയും: ഒർഹാൻ, ഒരു കാലം വരും. അന്ന് നീ സാഹിത്യ തറവാട്ടിലെ കുലപതിയാകും. പിൽക്കാലത്ത് പിതാവിൻറെ ആ പ്രവചനം യാഥാർത്ഥ്യമായി പുലർന്നു.

സുനാമി പോലെ വിവരങ്ങൾ പ്രവഹിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതൊന്നും അറിയാത്തവരായി ആരും ഉണ്ടാവില്ലെങ്കിലും, പിന്നേയും ഇതൊക്കെ പ്രായോഗികമായി ചെയ്യാൻ എന്തോ ഒരു വിമ്മിഷ്ടമാണ് പലർക്കും. എന്നാൽ തൻറെ മക്കൾ ഏറ്റവും ക്രൂരനാവണം എന്നാഗ്രഹിക്കുന്നവരോട് ഒരു കാര്യം പറയാമല്ലോ? മേൽപറഞ്ഞ, മനസ്സിന് കുളിർമ്മയും നൈർമല്യവും ഉണ്ടാക്കുന്ന ഒരു കര്യവും ചെയ്യാതിരിക്കുക. പകരം ലോകം കണ്ട ഏറ്റവും ക്രൂരനായ ഹിറ്റ്ലറെ അദ്ദേഹത്തിൻറെ അഛൻ വളർത്തിയത് പോലെ ചമ്മട്ടി പ്രഹരം കൊടുത്ത് വളർത്തുക. നിങ്ങൾക്കും അനായസേനാ മറ്റൊരു ഹിറ്റ്ലറെ സൃഷ്ടിക്കാം. ഏതാണ് വേണ്ടതെന്ന് നിങ്ങൾക്ക് തീരുമാനിക്കാം.

Related Articles