Current Date

Search
Close this search box.
Search
Close this search box.

സ്ത്രീകൾക്കുള്ള മാതൃക ഇവരാണ്

സുശക്തരായ സ്ത്രീകളുടെ ഗുണവിശേഷങ്ങൾ എന്തൊക്കെയാണ് എന്നു ഇന്റർനെറ്റിൽ പരതിയാൽ രാഷ്ട്രീയ രംഗത്ത് മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന സ്ത്രീ മുഖങ്ങളെയാണ് നമുക്ക് കാണാനാവുക. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയോ മുൻ ജർമ്മൻ ചാൻസലർ ആംഗല മെർക്കലിനെയോ ചിലർ ഉദാഹരിച്ചു തരും, സമ്പദ്‌വ്യവസ്ഥയിൽ , പെപ്‌സികോ കമ്പനിയുടെ ലാഭം 80% ഉയർത്തിയ സിഇഒ ബന്ദേര നോബിയെ പോലുള്ളവരെയും ചിലപ്പോ ഉദ്ധരിച്ചെന്നിരിക്കും.

എന്നാൽ നിലവിലുള്ള ലേഖനങ്ങളുടെയും ഗവേഷണങ്ങളുടെയും സ്വഭാവം നീരിക്ഷിക്കുമ്പോൾ, അവയൊന്നും വിദ്യാഭ്യാസം, പരിപാലനം, കുടുംബം, അല്ലെങ്കിൽ ധാർമ്മിക, പെരുമാറ്റ, മാനസികമായ, കേവലം വിശ്വാസപരമായ വശങ്ങളിൽ പോലും സ്ത്രീകളുടെ സർഗ്ഗശക്തിയെ അഭിസംബോധന ചെയ്തില്ല എന്നതാണ് വിചിത്രമായ കാര്യം. ശക്തരായ സ്ത്രീകൾക്ക് ക്ഷമാശീലവും പ്രതിസന്ധികളിൽ സഹകരണ ശക്തിയും , ഉയർന്ന ആത്മവിശ്വാസവുമുണ്ട്.

പൊതുവിൽ സമൂഹമാധ്യമങ്ങൾ വിശദീകരിക്കാത്ത പല ഗുണവിശേഷങ്ങളും സ്ത്രീക്കുണ്ട്. വാത്സല്യം പകരാനും പഠിക്കാനും ഉയരാനും ഉള്ള ആർജ്ജവവും തന്റെ വികാരങ്ങളെ ശരിയായി കൈകാര്യം ചെയ്യാനുള്ള കഴിവും നാഥന്റെ വിധിയോട് തൃപ്തിപ്പെടാൻ പാകപ്പെട്ട മനസ്സും പടച്ചവനുമായുള്ള ബന്ധം സുതാര്യമാക്കാനും സന്താനങ്ങളെ പരിപാലിക്കാനും വീടും കുടുംബവും നോക്കി നടത്താനുമുള്ള മിടുക്കും സാമർത്ഥ്യവും സ്ത്രീകൾക്കുണ്ട്, അവയെല്ലാം സൗകര്യപൂർവം പൊതുസമൂഹം തള്ളികളയുന്നു . ഇതൊന്നും അവർ സ്ത്രീയുടെ കഴിവുകളായി പരിഗണിക്കുന്നില്ല.

നിന്റെയും എന്റെയും മാതാവ് അബലയല്ല. പക്ഷേ സമൂഹമാധ്യമങ്ങളിൽ സൈറ്റുകൾ പരതിയാൽ അവരെ പോലുള്ളവരുടെ പേര് കാണില്ല. മികച്ച കഴിവുള്ള എത്രയോ സ്ത്രീകൾ അങ്ങനെ മറഞ്ഞു കിടക്കുന്നു.

രാഷ്ട്രീയ രംഗത്ത് അതി സമർത്ഥയായ രാജ്ഞിയുടെ കഥ പറയുന്നുണ്ട് ഖുർആൻ ; ബൽഖിസ് എന്നാണവരുടെ പേര് , അതിനിപുണയായ സാമ്പത്തിക വിദഗ്ധയായിരുന്നു ഖദീജ ബീവി, ഒപ്പം വീടും കുടുംബവും ഒരുമിച്ച് അവർ കൈകാര്യം ചെയ്തു, തന്റെ വിശ്വാസത്തെ അടിയറവ് വെക്കാത്ത ആർജ്ജവമുള്ള പെണ്ണായിരുന്നു മറിയം ബീവി, സർവ്വ വെല്ലുവിളികൾക്കിടയിലും അവർ ഈസാ നബിക്ക് ജന്മം നൽകി, പരിപാലിച്ചു വളർത്തി.

ശക്തരായ സ്ത്രീകളിൽ മറ്റൊരു തികഞ്ഞ ഉദാഹരണമാണ് ഹാജറാ ബീവി. പ്രിയതമന്റെ സമർപ്പണത്തിന്റെ വഴിയിൽ പതറാതെ നിലകൊള്ളാൻ കരുത്ത് പകർന്നത് അവരായിരുന്നു. റബ്ബിന്റെ കല്പന മാനിച്ച് ഇബ്രാഹിം നബി തന്റെ പൊന്നോമന മകനെയും ഭാര്യ ഹാജർ ബീവിയെയും മക്കാ മരുഭൂമിയിൽ തനിച്ചാക്കി നടന്നകന്നു. പടച്ചവന്റെ കൽപ്പനയെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ അവർ ഒരുക്കമായിരുന്നു. തുല്യതയില്ലാത്ത ക്ഷമയുടെ പ്രതിഫലമായിരുന്നു സംസം. അന്ത്യനാൾ വരെ സർവർക്കും ദൃഷ്ടാന്തമായി ആ വിശുദ്ധ ജലം തെളിഞ്ഞൊഴുകുന്നു. വെള്ളം തേടി ബീവി ഓടി നടന്ന സഫ മർവ കുന്നിൻ ചെരിവുകൾ പിൽക്കാലത്ത് ആരാധനയുടെ ഭാഗമായി. അത്രമേൽ അജയ്യയായ ഒരു സ്ത്രീയുടെ ഓർമ്മയിൽ എന്നും വിശ്വാസി സമൂഹം സഫാ മർവാ കുന്നിൻ ചെരിവുകൾ ഓടിയിറങ്ങുന്നു.

സുശക്തയായ പെണ്ണ് ഒരു അനിവാര്യഘടകമാണ്. എന്നാൽ മേലധികാരിയായ സ്ത്രീ സമൂഹത്തിൽ പ്രതികൂല അവസ്ഥ സൃഷ്ടിക്കും. താൻ മാത്രമാണ് ശരിയെന്നും മറ്റുള്ളവരെ കേൾക്കാനുള്ള മനസ്സും അവളിൽ അന്യമായിരിക്കും. ശക്തിയാർജിക്കുക എന്നത് മറ്റൊരാളെ ഭരിക്കാനുള്ള അവസരമല്ല എന്ന് ഉൾകൊള്ളുന്നിടത്ത് സമൂഹം വിജയിക്കും. സ്വയം ഇത്തരം ദൂഷ്യസ്വഭാവങ്ങളിൽ നിന്നും രക്ഷനേടാൻ അവൾക്ക് മൂന്ന് കാര്യങ്ങൾ പരീക്ഷിക്കാം. മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാൻതോന്നുമ്പോൾ മൗനം പാലിക്കുക, ഉപകാരമുള്ള മറ്റെന്തെങ്കിലും കാര്യത്തിലേക്ക് മനപ്പൂർവ്വം ശ്രദ്ധ തിരിക്കുക. മറ്റുള്ളവരോട് നിർബന്ധ ബുദ്ധിയോടെ സംസാരിക്കാതിരിക്കുക, തെരഞ്ഞെടുക്കാനുള്ള അവസരം കേൾവിക്കാരന് നൽകുക. മറ്റുള്ളവരെ വിശ്വസിക്കുകയും ബഹുമാനിക്കുകയും ചെയ്യുക. സ്വയം വിചിന്തനം ചെയ്ത്, ഇനി പിഴവുകൾ ആവർത്തിക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കുക എന്നതാണ് മൂന്നാമത്തേത്.

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles