Current Date

Search
Close this search box.
Search
Close this search box.

വിവാഹത്തിന്റെ നിബന്ധനകൾ

പരസ്പരം തൃപ്തിയും വധുവിന്റെ രക്ഷിതാവും സാക്ഷിയും നിക്കാഹിന്റെ വാക്യവും ആണ് വിവാഹം സാധൂകരിക്കാൻ നിർബന്ധമായും ഉണ്ടാവേണ്ട ഘടകങ്ങൾ.

ശൈഖ് അബ്ദുറഹ്മാൻ അബ്ദുൽ ഖാലിദ് പറയുന്നു: വിവാഹ കരാർ എന്നതിന്റെ വിവക്ഷ രണ്ട് കൂട്ടരും തമ്മിൽ ഉണ്ടാവേണ്ട യോജിപ്പാണ്. രണ്ടു പേർക്കും പരസ്പരം കടമകളും ബാധ്യതകളും നിറവേറ്റേണ്ടതായിട്ടുണ്ട്. വിൽപ്പന നടത്തുമ്പോൾ വസ്തു വാങ്ങിയ വ്യക്തി അത് ഉപയോഗിക്കുന്ന പോലെ തന്നെ പകരമായി നൽകിയ പണം വിൽപ്പനക്കാരൻ വിനിയോഗിക്കുകയും ചെയ്യുന്നു. ഇതേ രീതിയാണ് വിവാഹം എന്ന കരാറിലൂടെയും സാധ്യമാവുന്നത്. ‘സത്യവിശ്വാസികളെ നിങ്ങൾ കരാറുകളെ പൂർത്തീകരിക്കുക’ എന്ന് വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നുണ്ട്.

ഓരോ കരാറും സാധൂകരിക്കപ്പെടാൻ കൃത്യമായ നിബന്ധനകൾ ഉണ്ടായിരിക്കും. അത്തരത്തിൽ ചില നിബന്ധനകൾ വിവാഹത്തിന്റെ കാര്യത്തിലും ഉണ്ട്. നിബന്ധനകളിൽ ഏതെങ്കിലും ഒന്ന് വീണുപോയാൽ കരാർ അസാധുവാകും.

വിവാഹത്തിന്റെ നിബന്ധനകൾ ഏഴാണ്.

ഒന്ന്: പരസ്പര സമ്മതം
വിവാഹം എന്നത് രണ്ട് വ്യക്തികളുടെയും തീരുമാനമായിരിക്കണം. വിവാഹം ഇരുവരുടെയും തുടർന്ന് അങ്ങോട്ടുള്ള ഭാവി ജീവിതത്തെയും കുടുംബ പരിസരത്തെയും എല്ലാ അർത്ഥത്തിലും ബാധിക്കും എന്നതുകൊണ്ട് തന്നെ അവർ തമ്മിൽ കൃത്യമായ ധാരണയിലെത്താതെ വിവാഹം നിർബന്ധപൂർവ്വം അടിച്ചേല്പിക്കുന്നത് ശരിയായ രീതിയല്ല.

നബി (സ) പറയുന്നു: ‘കന്യകയല്ലാത്തവരായ സ്ത്രീകളാണ് സമ്മതം നൽകേണ്ടത്. കന്യകയുടെ വിഷയത്തിൽ അവളുടെ മൗനമാണ് സമ്മതമായി കണക്കാക്കുക’.

ഈ തെളിവ് അടിസ്ഥാനമാക്കി പെൺകുട്ടി കന്യകയാണെങ്കിലും അല്ലെങ്കിലും നിർബന്ധപൂർവ്വം വിവാഹം കഴിപ്പിക്കാൻ പാടില്ലെന്ന് മനസിലാക്കാം. ഇവിടെ സമ്മതം സ്വീകരിക്കുന്നതിന്റെ രീതി രണ്ട് രൂപത്തിലാവുന്നു എന്നത് മാത്രമാണ് വ്യത്യാസം. അതിനും സ്പഷ്ടമായ കാരണമുണ്ട്.

കന്യകയല്ലാത്ത രണ്ടാമതൊരു വിവാഹത്തിന് തയ്യാറെടുക്കുന്നവരെ സംബന്ധിച്ച് അവൾ വിവാഹത്തെക്കുറിച്ച് സംസാരിക്കാൻ ലജ്ജ കാണിക്കുന്നവൾ ആയിരിക്കില്ല. തന്റെ വിവാഹ കാര്യത്തിൽ സ്വയം തൃപ്തിപ്പെട്ട് തന്റെ വലിയിന് വിവാഹ കർമ്മത്തിന് അനുമതി നൽകുകയാണ് ചെയ്യേണ്ടത്. എന്നാൽ കന്യകയാവട്ടെ അവൾ ലജ്ജയുള്ളവളായിരിക്കും എന്ന കാരണത്താൽ അവളുടെ വലിയിനോട് വിവാഹം അന്വേഷിക്കുകയും മൗനം സമ്മതമായി പരിഗണിക്കുകയും ചെയ്യുന്നു. വാക്കു കൊണ്ട് അവൾ വിവാഹത്തെ നിഷേധിക്കുന്ന പക്ഷം അത് അസാധുവാകുകയും ചെയ്യും.

ഈയൊരു വിധിയോട് വിയോജിക്കുന്ന പണ്ഡിതന്മാരും ഉണ്ട്. അവർ മുന്നോട്ടുവെക്കുന്ന തെളിവ് ആഇശ ബീവിയുടെ വിവാഹമാണ്. ആറാം വയസ്സിൽ കല്യാണ ആലോചന നടന്ന അവർ ഇത്തരമൊരു വിവാഹസമ്മതത്തെക്കുറിച്ച് ബോധവതി ആയിരിക്കില്ലെന്നും എതിർപക്ഷം വാദിക്കുന്നുണ്ട്. എന്നാൽ പ്രവാചകൻ(സ)ക്ക് പ്രത്യേകം ചില നിയമങ്ങളും കീഴ്‌വഴക്കങ്ങളും ഉണ്ട്, ഉദാഹരണത്തിന് നാലിൽ കൂടുതൽ സ്ത്രീകളെ വിവാഹം കഴിക്കാനും വലിയ്യോ സാക്ഷികളോ ഇല്ലാതെ തന്നെ സ്വയം, തയ്യാറാകുന്ന സ്ത്രീയെ വിവാഹം കഴിക്കാനും അനുവാദമുണ്ട്. എന്നിരിക്കെ, ഈ വിഷയത്തിൽ പ്രവാചകനുമായി താരതമ്യം ചെയ്യുന്നത് അനൗചിത്യമാണ്.

നിർബന്ധപൂർവ്വമുള്ള വിവാഹത്തിന് ഇത് കാരണമാകുമെന്ന് വാദവും ഉയർന്നുവരാറുണ്ട്. ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ കാണാം: ‘ കന്യകയായ ഒരു പെൺകുട്ടി ഒരിക്കൽ നബിയെ സമീപിക്കുകയുണ്ടായി. പിതാവ് എനിക്ക് താല്പര്യമില്ലാതെ എന്നെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു പ്രശ്നം. ഉടനടി നബി (സ) അവളുടെ ഇഷ്ടാനുസരണം കാര്യങ്ങൾ കൈകാര്യം ചെയ്യാനായിരുന്നു പറഞ്ഞത്’ (അബൂദാവൂദ്). ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നത് ഒരു പെൺകുട്ടിയെയും അവളുടെ താല്പര്യമില്ലാതെ വിവാഹത്തിന് നിർബന്ധിക്കാൻ മതം അനുവദിക്കുന്നില്ല എന്ന് തന്നെയാണ്.

രണ്ട്: വലിയ്യ്

അഥവാ, രക്ഷിതാവ്. പെണ്ണ് സ്വയം വലിയായി നിൽക്കൽ അനുവദനീയമല്ല.
പെണ്ണിന്റെ പിതാവ്, ഇല്ലെങ്കിൽ സഹോദരൻ എന്നിങ്ങനെ തുടങ്ങി അടുത്ത ബന്ധുക്കളിലേക്ക് നികാഹ് കർമ്മത്തിന്റെ ഉത്തരവാദിത്തം നീളുന്നു. രക്ഷിതാവ് നിർബന്ധമാണെന്ന നിബന്ധനക്ക് തെളിവുകളുമുണ്ട്. നബി (സ) പറഞ്ഞു: ‘രക്ഷിതാവില്ലാതെ വിവാഹം ഇല്ല’ രക്ഷിതാവിന്റെ സമ്മതം കൂടാതെ വിവാഹം കഴിച്ചാൽ അവളുടെ വിവാഹം സാധുവാകുകയില്ല. ഇനി അബദ്ധവശാൽ അത്തരമൊരു വിവാഹബന്ധത്തിൽ ലൈംഗിക ബന്ധം നടന്നാൽ അവൾക്ക് അക്കാരണത്താൽ മഹ്ർ വാങ്ങാവുന്നതാണ്. രക്ഷിതാവും പെണ്ണും തമ്മിൽ തർക്കങ്ങൾ ഉണ്ടായാൽ അവിടെ അന്നാട്ടിലെ അധികാരിയാണ് രക്ഷിതാവിന്റെ സ്ഥാനത്തു നിൽക്കേണ്ടത്.

ബഹുഭൂരിഭാഗം പണ്ഡിതരും ഇതേ അഭിപ്രായക്കാരാണ്. എന്നാൽ രക്ഷിതാവ് വേണ്ടെന്ന അഭിപ്രായം മുന്നോട്ടുവെക്കുന്ന പണ്ഡിതനാണ് ഇമാം അബൂഹനീഫ(റ). ഇമാം മാലിക് (റ)വിന് മോശമായ കാര്യങ്ങൾക്ക് ഇടവരുന്നില്ലെങ്കിൽ മതപരമായി ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീക്ക് രക്ഷിതാവിന്റെ സ്ഥാനത്ത് നിൽക്കാമെന്ന് അഭിപ്രായവുമുണ്ട്.

മൂന്ന്: രണ്ട് സാക്ഷികൾ
വിവാഹത്തിന്റെ കരാർ ശരിയാവാൻ നീതിമാന്മാരായ രണ്ട് സാക്ഷികൾ ഉണ്ടായിരിക്കൽ നിർബന്ധമാണ്. അഭിപ്രായത്തിലോ മറ്റോ ഭിന്നിപ്പോ ബലഹീനതയോ ഇല്ലാത്തവരായിരിക്കണം അവർ എന്ന് നിബന്ധനയുണ്ട്. ആണും പെണ്ണും പരസ്പരം നിറവേറ്റേണ്ട കടമകളും ബാധ്യതകളും പാലിക്കപ്പെടാൻ ഇത് ഗുണകരമാണ്. ഇമാം മാലിക്ക് ഒഴിച്ച് മറ്റു മൂന്ന് മദ്ഹബുകളുടെ പണ്ഡിതരും സ്വഹാബി പ്രമുഖരും ഈ അഭിപ്രായക്കാരാണ്.

നാല്: മഹ്ർ
അഥവാ, വിവാഹ മൂല്യം. വിവാഹ കരാർ സാധൂകരിക്കപ്പെടാൻ നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഘടകങ്ങളിൽ സുപ്രധാനമാണത്. അത് വരൻ വധുവിനു നൽകുന്ന പ്രതിഫലമാണ്. അവളാണ് അതിന്റെ ഉടമസ്ഥ. വിവാഹ മൂല്യം മുഴുവനായോ തവണയായോ വാങ്ങി വെക്കാൻ അവൾക്ക് അവകാശമുണ്ട്. ഖുർആൻ പറയുന്നു: ‘ ഭാര്യമാർക്ക് വിവാഹ മൂല്യം സസന്തോഷം നൽകണം. ഇനി, സ്വേഷ്ടപ്രകാരം അവർ അതിൽ നിന്നും വല്ലതും നിങ്ങൾക്ക് തരുന്നുവെങ്കിൽ നിങ്ങൾ സന്തോഷത്തോടെ ഭക്ഷിക്കുക'(3:4)

വിവാഹ മൂല്യം എന്ന സങ്കല്പത്തെ മുൻനിർത്തി കേവലം കച്ചവടത്തോട് വിവാഹത്തെ താരതമ്യം ചെയ്യുന്നത് ശരിയല്ല. മറിച്ച് പരസ്പരം ഊഷ്മളമായ ജീവിതം പങ്കിടുന്നതിനുവേണ്ടി മതം സ്ഥാപിച്ച വിവാഹം എന്ന മഹത്തായ തൂണിനെ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണത്. അതുകൊണ്ടാണ് വരൻ വധുവിന് നൽകുന്ന ഒരു സ്നേഹസമ്മാനം എന്ന നിലക്ക് അതിന് നിബന്ധനയാക്കി എണ്ണിയത്.

വിവാഹ മൂല്യത്തിന്റെ ഏറ്റവും കുറഞ്ഞത് കൂടിയത് എന്ന് പരിധിയൊന്നും നിശ്ചയിക്കപ്പെട്ടിട്ടില്ല. മഹറായി നൽകാൻ ഒന്നും നൽകാനില്ലാതെ വന്നപ്പോൾ ഖുർആൻ സൂക്തം പഠിപ്പിക്കൽ മഹറായി കണക്കാക്കി നബി (സ) ഒരു വിവാഹത്തിന് നേതൃത്വം നൽകിയതായി ചരിത്രത്തിൽ കാണാം.. അപ്പോഴും റസൂൽ അവനോട് ഇരുമ്പിന്റെ മോതിരം എങ്കിലും കിട്ടുമോ എന്ന് അന്വേഷിക്കാൻ പറയുന്നുണ്ട്. പക്ഷെ, അയാളുടെ കയ്യിൽ ഒന്നും തന്നെ ഇല്ലാത്തതു കാരണമാണ് തന്റെ ഇണക്ക് ഖുർആനിലെ ഒരു അധ്യായം പഠിപ്പിച്ചു കൊടുക്കുന്നത് റസൂൽ മഹാറായി പരിഗണിച്ചത്.
വിവാഹ മൂല്യത്തിന് പരിധി നിശ്ചയിച്ചിട്ടില്ലെങ്കിൽ കൂടി മിതത്വം പാലിക്കലാണ് ഗുണകരം.

ഇന്നത്തെ കാലഘട്ടത്തിൽ വിവാഹമൂല്യമെന്നത് വധുകുടുംബത്തിന്റെ വെറും മുതലെടുപ്പിനുള്ള ഉപാധിയായി മാറുന്നത് ഖേദകരമാണ്. സമൂഹത്തിൽ അത് ചെറുതല്ലാത്ത വിധം ഭവിഷ്യത്തുകൾ ഉണ്ടാകും.

എന്നാൽ വിവാഹ മൂല്യം എന്നത് ഭാര്യയുടെ അവകാശവും അതിൽനിന്ന് പിതാവിനോ അവളുടെ സഹോദരങ്ങൾക്കോ യാതൊരു പങ്കും അനുവദിക്കപ്പെടുന്നുമില്ല. കൂടാതെ തന്റെ ഭർത്താവിനും അതിൽ നിന്ന് അവളുടെ സമ്മതമില്ലാതെ എടുക്കാനുള്ള അവകാശം ഇല്ല.

അഞ്ച്: ചാരിത്രശുദ്ധി
പതിവ്രതയായ സ്ത്രീയെ വിവാഹം കഴിക്കാൻ ആണ് അല്ലാഹുവിന്റെ കൽപ്പന. ഖുർആൻ പറയുന്നു: വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ മാത്രമേ വ്യഭിചാരി വിവാഹം കഴിക്കാറുള്ളൂ. വ്യഭിചാരിയോ വിശ്വാസിയോ മാത്രമേ വേശ്യയെ കല്യാണം കഴിക്കൂ. ഇത് സത്യവിശ്വാസികൾക്ക് നിഷിദ്ധമത്രെ.

മറ്റൊരു ഹദീസ് കൂടി ഇതിന് തെളിവായി ഉണ്ട്. ഇതാഖ് എന്ന ഒരു പെണ്ണ് ഉണ്ടായിരുന്നു. മക്കയിലെ വേശ്യയാണ്. ജാഹിലിയ്യാ കാലത്ത് തന്റെ കളിക്കൂട്ടുകാരിയായിരുന്ന ഇതാഖിനെ വിവാഹം കഴിക്കാൻ അനുമതി തേടി ഒരു സ്വഹാബി നബിയെ സമീപിച്ചു. നബി തങ്ങൾ ഒന്നും പറഞ്ഞില്ല. അപ്പോഴാണ് മേലുദ്ധരിച്ച സൂക്തം അവതരിച്ചത്. സ്വഹാബിയെ അടുത്ത് വിളിച്ച് സൂക്തം ഓതിക്കേൾപിച്ച ശേഷം, അവളെ വിവാഹം കഴിക്കരുതെന്ന് നബി തങ്ങൾ മറുപടി നൽകി.

ഇനിയവർ വേദക്കാരിൽ പെട്ട സ്ത്രീകളെയാണ് വിവാഹം കഴിക്കുന്നതെങ്കിലും പതിവ്രതകാളാവണമെന്ന് നിഷ്കർഷയുണ്ട്.

ആറ്: കഫാഅത്ത്

അഥവാ, ഇണകൾ തമ്മിൽ ചേർച്ചയുണ്ടാവണം. അടിസ്ഥാനപരമായ കാര്യം ആണത്. ആണും പെണ്ണും ഇതരമതങ്ങളാണെങ്കിൽ അത് തീർത്തും നിഷിദ്ധമാണ്. അല്ലാഹു പറയുന്നു: ബഹുദൈവാരാധികളെ അവർ സത്യം കൈകൊള്ളുന്നത് വരെ നിങ്ങൾ വിവാഹം കഴിക്കരുത്. പ്രത്യേക നിബന്ധനകളോടെ വേദക്കാരിൽ പെട്ട അഥവാ യഹൂദിയോ ക്രിസ്ത്യനോ ആയവരെ വിവാഹം കഴിക്കാനാണ് അനുമതിയുള്ളത്.

സ്വതന്ത്രന് സ്വതന്ത്രയായ സ്ത്രീയെയും അടിമക്ക് അടിമസ്ത്രീയെയുമാണ് വിവാഹം കഴിക്കാൻ അനുമതി ഉള്ളത്. സ്വതന്ത്രയായ സ്ത്രീയെ വിവാഹം കഴിക്കാൻ കഴിയാതെ വന്നാൽ മാത്രം അവന് അടിമസ്ത്രീയെ വിവാഹം കഴിക്കാമെന്ന് ഇളവുണ്ട്. അല്ലാഹു പറയുന്നു: ‘ സ്വതന്ത്രരായ സത്യവിശ്വാസിനികളെ വിവാഹം ചെയ്യാൻ നിങ്ങളിലൊരാൾക്ക് സാമ്പത്തികശേഷിയില്ലെങ്കിൽ സത്യവിശ്വാസിനിയായ അടിയാത്തികളിലാരെയെങ്കിലും വരിക്കാം. നിങ്ങളുടെ വിശ്വാസം സംബന്ധിച്ച് അല്ലാഹു നന്നായറിയുന്നവനാകുന്നു. അതുകൊണ്ട് അവരുടെ രക്ഷിതാക്കളുടെ സമ്മതത്തോടെ വരിക്കുകയും വിവാഹമൂല്യം മാന്യമായി നൽകുകയും ചെയ്യുക ‘(4:25).

ചേർചയുണ്ടാവണം എന്ന വിവക്ഷയിൽ തറവാട്, പദവി, സൌന്ദര്യം, ധനം എന്നിവയെല്ലാം ഉൾപ്പെടും.

ഏഴ്: വാക്യം

വിവാഹത്തിന്റെ കരാർ ചെയ്യുമ്പോൾ വ്യക്തമായ വാക്യങ്ങൾ തന്നെ പറയണമെന്ന് നിർബന്ധമാണ് (ഈജാബ്, ഖബൂൽ). അഥവാ, രക്ഷിതാവ് പിതാവാണെങ്കിൽ എന്റെ മകളെ ഞാൻ നിനക്ക് വിവാഹം ചെയ്തു തരുന്നു എന്ന് പറയുമ്പോൾ പുരുഷൻ ഞാൻ സ്വീകരിച്ചിരിക്കുന്നു എന്ന് സ്പഷ്ടമായി പറയണം. വാക്യങ്ങൾ അറബിയിൽ തന്നെ അയിരിക്കണമെന്ന് നിബന്ധനയില്ല. രണ്ട് പക്ഷക്കാർക്കും വ്യക്തമാവുന്ന ഭാഷയിലായിരിക്കണം എന്ന് മാത്രം.

ഈ നിബന്ധനകൾ ഏഴും പാലിക്കപ്പെടുമ്പോഴാണ് വിവാഹം സാധുവാകുന്നത്. ഏതെങ്കിലുമൊന്ന് പാലിക്കാതെ വന്നാൽ വിവാഹം അസാധുവാകും.

( കടപ്പാട്- islamonline.net )

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles