Current Date

Search
Close this search box.
Search
Close this search box.

നിങ്ങൾക്കായി നിങ്ങൾ സമർപ്പിക്കുക

കുടുംബ ജീവിതത്തെ കുറിച്ച് പറഞ്ഞയിടത്താണ് ഖുർആൻ (2:223) ഇങ്ങിനെയൊരു രീതി ശാസ്ത്രം മുന്നോട്ട് വെക്കുന്നത്. അഥവാ ഒരുപാട് അധ്വാനിക്കലല്ല ;അവയെ നന്മയായി കരുതിവെക്കുക എന്നാണ് നാഥന്റെ കൽപന . قُوا أَنفُسَكُمْ وَأَهْلِيكُمْ نَارًا (66:6)
നിങ്ങൾ നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും നരകത്തിൽ നിന്ന് കാക്കുക എന്നതാണ് ഈ കരുതിവെപ്പിന്റെ പ്രായോഗിക രീതി. അഹ് ലു സ്സആദ: (സുഭഗ കുടുംബം), അഹ് ലു ശ്ശഖാവ: (ദുർഭഗ കുടുംബം) എന്ന വർഗീകരണമേ ഈ വിഷയത്തിൽ പ്രവാചകൻ പഠിപ്പിച്ചിട്ടുള്ളൂവെന്നാണ് ഹദീസുകളിൽ നിന്ന് മനസ്സിലാവുന്നത്. എന്റെ കുടുംബത്തിന്റെ കാര്യം നിങ്ങളെ ഞാൻ ഓർമ്മിപ്പിക്കുന്നുവെന്ന് ഖുമ്മിൽ വെച്ച് അലി (റ) യെ മൂന്നുതവണ അനുസ്മരിപ്പിച്ചത് ഏതെങ്കിലും ഒരു പ്രത്യേക കുടുംബത്തിന്റെ വരേണ്യത പറയാനോ പോരിശ ഉണർത്താനോ അല്ല; പ്രത്യുത ഓരോ കുടുംബ നാഥനും തന്റെ കുടുംബാംഗങ്ങളോട് സവിശേഷ സന്ദർഭങ്ങളിൽ ഈ വിഷയം ഉണർത്തണമെന്നാണ് കുറിപ്പുകാരന്റെ ഗ്രാഹ്യം. മറിച്ച് വല്ല അഭിപ്രായവും ഉണ്ടെങ്കിൽ സാകൂതം കേൾക്കാനും ബോധ്യപ്പെട്ടാൽ സ്വീകരിക്കാനും തയ്യാറാണ് .

“തന്നാല്‍ കരേറേണ്ടവരെത്ര പേരോ
താഴത്തു പാഴ്ചേറിലമര്‍ന്നിരിക്കേ
താനൊറ്റയില്‍ ബ്രഹ്മപദം കൊതിക്കും
തപോനിധിക്കെന്തൊരു ചാരിതാര്‍ത്ഥ്യം?”

മഹാകവി ഉള്ളൂര്‍( കവിത :സുഖം സുഖം) പറയുന്നത് കുടുംബത്തിലെ കാരണവന്മാർ ,പിതാക്കന്മാർ എന്നിവരെല്ലാം സദാ ഓർക്കേണ്ടതാണ്. കുട്ടികളുടെ ആദ്യത്തെ അധ്യാപകരാണ് രക്ഷിതാക്കള്‍, കുടുംബത്തിലെ മുതിർന്നവർ എന്നിവർ . മക്കൾ പഠിക്കുന്ന ഒന്നാമത്തെ പാഠം മാതാപിതാക്കളുടെ ജീവിതമാണ്. സ്വന്തം ജീവിതത്തിനു നേരെ തിരിച്ചുവെച്ച കണ്ണാടിയാണ് കുട്ടികള്‍ക്കു മുമ്പില്‍ നമുക്ക് വെക്കാനുള്ളത്. വിശ്വാസത്തിന്റെയും സൂക്ഷ്മതയുടെയും കിരണങ്ങളാണ് അതില്‍ പതിക്കേണ്ടത്. അതില്‍ തെളിയുന്ന പ്രതിബിംബമാണ് കുട്ടികളുടെ റോള്‍ മോഡല്‍. ആ കണ്ണാടിയില്‍ വീഴുന്ന കറുത്ത പാടുകള്‍ ആ പ്രതിബിംബത്തെ എത്രമാത്രം വികലവും വികൃതവുമാക്കുമെന്ന് നാം ചിന്തിക്കുക.  അറബി ഭാഷയിൽ നാം കുടുംബമായി താമസിക്കുന്ന ഇടങ്ങളെ പരിചയപ്പെടുത്താൻ നാല് പദങ്ങൾ പൊതുവെ ഉപയോഗിക്കാറുണ്ട്
1-ബൈത്ത് = രാപാർക്കുന്ന ഇടം മാത്രമാണവിടം (അപവാദങ്ങൾ ഉണ്ടാവാം)
2- ദാർ =അകലെയാണെങ്കിലും മനസ്സ് എവിടെയാണോ ചുറ്റിക്കറങ്ങുന്നത് ആ ഇടം
3 – മൻസിൽ = ഏതു പാതി രാത്രിയിലും തനിക്കോ വിരുന്നുകാർക്കോ ഇറങ്ങാൻ കഴിയുന്ന ഇടം. അവിടെ ലഭ്യമാവുന്ന ഭക്ഷണവും സൗകര്യവുമാണ് സ്വർഗീയമായ നുസുൽ
4- മസ്കൻ : മനസ്സിന് സുകൂൻ / ശാന്തി ലഭ്യമാവുന്ന ഇടം. സമാധാനത്തിന്റെ വിളനിലമായിരിക്കും അത്തരം ശാന്തി ഗേഹങ്ങൾ .

കൂടുമ്പോൾ ഇമ്പമുണ്ടാവുന്നതാണത്രേ കുടുംബം ; ഭൂകമ്പമല്ല എന്ന് മുതിർന്നവർ പറയുന്നത് കേട്ടിട്ടുണ്ട്. ഇനി നാം ആലോചിക്കുക, നമ്മുടേത് ഏത് തരം കുടുംബവും വീടുമാണെന്ന് !? പുതുവർഷപ്പുലരിയിൽ ആഗോള കുടുംബ ദിനം വന്നെത്തുമ്പോൾ ഇത്തരം ഓർമ്മപ്പെടുത്തൽ സംഗതമാവുമെന്ന് വിശ്വസിക്കുന്നു. പുതുവർഷത്തിലെ ആദ്യ ദിവസം തന്നെ കുടുംബദിനം കൊണ്ടാടപ്പെടുന്നത് ആകസ്മികമാവില്ല. കുടുംബ കാര്യങ്ങളിൽ ഒരു പുനരാലോചനയും വീണ്ടുവിചാരവും വർഷാരംഭത്തിലേ നമുക്ക് ഉണ്ടാവണം എന്നതാവാം അതിന്റെ പ്രേരകം.

ഏവർക്കും പുതുസംവത്സരം നേരുന്നു ; സുഖ-സുന്ദരമായ കുടുംബദിനാശംസകളും

Related Articles