Current Date

Search
Close this search box.
Search
Close this search box.

വൈവാഹിക ജീവിതം ആനന്ദപ്രദമാവാന്‍ പ്രവാചക മാതൃകകള്‍

നിത്യജീവിതത്തിലെ പതിവ് തിരക്കുകളില്‍പെട്ട് ഒഴുകിപോകുന്നവരാണ് നമ്മില്‍ പലരും. അത് വൈവാഹിക ജീവിതത്തെ ബാധിക്കുകയും താളംതെറ്റാന്‍ ഇടയാക്കുകയും ചെയ്ത എത്രയോ അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. സത്യവിശ്വാസികളുടെ സൗഭാഗ്യമെന്ന് പറയട്ടെ, വൈവാഹിക ജീവിതം ആനന്ദപ്രദമാവാന്‍ പ്രവാചകന്‍ നമുക്ക് വ്യക്തമായ ഒരു മാതൃക കാണിച്ചിട്ടുണ്ട്. വൈവാഹിക ബന്ധങ്ങള്‍ ഊഷ്മളമാവാന്‍ സഹായിക്കുന്ന പ്രവാചക ജീവിതത്തിലെ അഞ്ച് ശക്തവും പ്രായോഗികവുമായ ശീലങ്ങള്‍ ചുവടെ:

1. പുഞ്ചിരി പതിവാക്കുക

അടഞ്ഞ ഹൃദയങ്ങളിലേക്കുള്ള ജാലകമാണ് പുഞ്ചിരി. പുഞ്ചിരിയിലൂടെ ചുറ്റുമുള്ളവരുടെ സ്നേഹം ആര്‍ജിക്കാന്‍ കഴിയുന്നു. പുഞ്ചിരിക്കുമ്പോള്‍ ശരീരത്തിലെ പേഷികളുടെ ചലനം വര്‍ധിക്കുകയും അത് രക്ത സഞ്ചാരം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. പുഞ്ചിരി സ്വയം തന്നെ ഒരു പ്രതിരോധ ചികില്‍സയാണ്. തലവേദന ഇല്ലാതാവുകയും കൂടുതല്‍ ഓക്സിജന്‍ ലഭിക്കുന്നതിനാല്‍ ഉന്മേഷം വര്‍ധിക്കുകയും ചെയ്യുന്നു.

പ്രവാചകന്‍ സദാ പുഞ്ചിരിച്ചിരുന്നു. നബി (സ) യെക്കാള്‍ കൂടുതല്‍ പുഞ്ചിരിക്കുന്നതായി ആരേയും കണ്ടിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അനുചരന്മാര്‍ രേഖപ്പെടുത്തീട്ടുണ്ട്. പുഞ്ചിരിക്കുന്നത് ധര്‍മ്മമാണെന്നും പ്രവാചകന്‍ അരുളുകയുണ്ടായി. പുഞ്ചിരിക്കുന്നതിലൂടെ കോപത്തിന്‍റെ അഗ്നിയെ കെടുത്തികളയാന്‍ കഴിയും.

2. മധുരത്തില്‍ ചാലിച്ച സംസാരം

പ്രവാചകന്‍ പറഞ്ഞു: അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവര്‍ നല്ലത് സംസാരിക്കട്ടെ അല്ലങ്കില്‍ മിണ്ടാതിരിക്കട്ടെ. ഭാര്യയും ഭര്‍ത്താവും എപ്പോഴും ഒന്നിച്ച് കഴിയേണ്ടവരാണ്. തെറ്റുകള്‍ കണ്ടത്തെുന്നതിന് പകരം നന്മകള്‍ കണ്ടത്തെി പ്രോല്‍സാഹിപ്പിക്കുക. പുതുതായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പെണ്‍കുട്ടിക്ക് പലതരം ഭയാശങ്കകള്‍ ഉണ്ടാവുക സ്വാഭാവികം. നല്ല വാക്കുകള്‍ പറഞ്ഞ് അവര്‍ക്ക് ധൈര്യം പകരുക. അതാണ് പ്രവാചകന്‍റെ മാതൃക.

3. കോപിക്കരുത്

മഹാനായ നാലാം ഖലീഫ അലി (റ) പ്രവാചക പുത്രി ഫാതിമയെ വിവാഹം ചെയ്തപ്പോള്‍ സാരഗര്‍ഭമായ നിരവധി ഉപദേശങ്ങള്‍ നബി (സ) നല്‍കിയതായി ചരിത്രത്തില്‍ കാണാം. എന്നാല്‍ നാം നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി സഹധര്‍മ്മിണിയോട് കോപിക്കുന്നു. പാത്രം കഴുകുന്നത് മുതല്‍ വീട് വൃത്തിയാക്കുന്നത് വരേയുള്ള കാര്യങ്ങളില്‍ നാം ശണഠ കൂടാറുണ്ട്. കോപം കൊണ്ട് കലിതുള്ളുന്നതിന് പകരം സ്വയം തണുക്കുക. പുഞ്ചിരിക്കുക. പ്രവാചകന്‍ ഒരാളെ മൂന്ന് പ്രാവിശ്യം ഉപദേശിച്ചു: നീ കോപിക്കരുത്.

4. ഒന്നിച്ചൊരു ഔട്ടിംങ്ങ്

ഭാര്യയും ഭര്‍താവും ഒന്നിച്ച് യാത്ര ചെയ്യുന്നതും ഷോപ്പിംഗിനും ഔട്ടിംങ്ങിന് പോവുന്നതുമെല്ലാം ബന്ധം മെച്ചപ്പെടാന്‍ നല്ല മാര്‍ഗ്ഗങ്ങളാണ്. ഇതെല്ലാം പഴയ കാലത്ത് അപരിചിതമായ കാര്യങ്ങളായിരുന്നു. എന്നാല്‍ ഇന്നത്തെ സങ്കീര്‍ണ്ണ സാമൂഹ്യ ചുറ്റുപാടില്‍ കാലം നമ്മോട് ആവശ്യപ്പെടുന്ന മാറ്റങ്ങളാണ്. മര്‍മ്മ പ്രധാനമായ തന്‍റെ സമയം കുടുംബിനികളുമായി ചിലവഴിക്കാന്‍ പ്രവാചകന്‍ നീക്കിവെച്ചിരുന്നു. കുടുംബം വളരെ പ്രധാനമാണെന്നാണ് ഇത് കാണിക്കുന്നത്. കുടുംബത്തെ പുറംകാല്കൊണ്ട് ചവിട്ടുക എന്നത് പാശ്ചാത്യ സംസ്കാരത്തിന്‍റെ രീതിയാണ്. ഇസ്ലാം അതില്‍ നിന്ന് തീര്‍ത്തും വിത്യസ്തമാണ്. പ്രവാചകന്‍ ഭാര്യമാരൊന്നിച്ച് നടക്കുകയും യാത്രചെയ്യുകയും ചെയ്തു. അവരുടെ അഭിപ്രായങ്ങള്‍ക്ക് കാത് കൊടുത്തു. പ്രചോദനം നിറഞ്ഞ സംസാരം കൊണ്ട് അവരെ സന്തോഷിപ്പിച്ചു.

5. സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുക

സഹധര്‍മ്മിണിമാരോടുള്ള സ്നേഹം വാക്കുകളിലൂടെ പ്രവാചകന്‍ പ്രകടിപ്പിച്ചു. ഖുദ്സിയായ ഒരു ഹദീസില്‍ അല്ലാഹു പറയുന്നു: എനിക്ക് വേണ്ടി രണ്ട് പേര്‍ പരസ്പരം സ്നേഹിക്കുന്നു. അവര്‍ക്ക് എന്‍റെ സ്നേഹം ഉറപ്പാണ്. കദീജയെ കുറിച്ച് വളരെ സ്നേഹത്തോട് കൂടി മാത്രമേ പ്രവാചകന്‍ സംസാരിച്ചിട്ടുണ്ടായിരുന്നുള്ളൂ. അവരുടെ സ്നേഹം എനിക്ക് പാഥേയമായി നല്‍കുകയായിരുന്നുവെന്ന് പ്രവാചകന്‍ അരുളുകയുണ്ടായി.

ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞ് മുകളില്‍ പറഞ്ഞ മറ്റ് നാല് കാര്യങ്ങള്‍ കൂടി പ്രാവര്‍ത്തികമാക്കുക. ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍ ഊഷ്മളമാവുന്നതാണ്. ഇതില്‍ ഭാര്യക്കും നേതൃപരമായ പങ്ക് വഹിക്കാവുന്നതാണ്. ആരെങ്കിലും ഒരാളെങ്കിലും മുന്നോട്ട് വന്നാലല്ലേ കാര്യങ്ങള്‍ നടക്കുകയുള്ളൂ. ഭാര്യ ഭര്‍തൃ ബന്ധം നന്നാക്കാന്‍ ശ്രമിച്ച ഒരു പണ്ഡിതാന്‍ അവസാനം അവരെ ഉപദേശിച്ചത് ഇങ്ങനെ: നിങ്ങള്‍ രണ്ട് പേരും കൊമ്പ് കോര്‍ക്കാതെ ഒരാളെങ്കിലും സ്ത്രീയുടെ നൈര്‍മല്യം സ്വീകരിക്കൂ എന്നായിരുന്നു.

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles