Current Date

Search
Close this search box.
Search
Close this search box.

ഉത്തമ കുടുംബ സംവിധാനത്തിന്‍റെ അടിത്തറ

സമൂഹത്തിന്‍റെ അടിത്തറയാണ് കുടുംബം. സമൂഹം നന്നാവാന്‍ കുടുംബങ്ങള്‍ നന്നായേ മതിയാവൂ. ഒരു നല്ല കുടുംബം എങ്ങനെയാണ് രൂപപ്പെടുന്നത്? അത് നല്ല ഇണയെ തെരെഞ്ഞെടുക്കുന്നത് മുതല്‍ ആരംഭിക്കുന്ന വലിയൊരു പ്രക്രിയയാണ്. മറ്റെന്ത് പരിഗണനകളെക്കാളെറെ, സദ്സ്വഭാവത്തിനും ധാര്‍മ്മികഗുണങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കി സഹധര്‍മ്മിണിയെ തെരെഞ്ഞെടുത്താല്‍ മാത്രമെ ഉത്തമ കുടുംബത്തിന് അടിത്തറയിടാന്‍ കഴിയുകയുള്ളൂ. കുടുംബ ജീവിതത്തില്‍ ഇണകളുടെ മാനസിക പൊരുത്തവും ഐക്യവും പ്രധാനമാണ്.

വൈവാഹിക ബന്ധത്തിലൂടെ ലഭിക്കുന്ന സൗഭാഗ്യമാണ് സന്താനങ്ങള്‍. നല്ല സന്താനങ്ങള്‍ക്കായി നിരന്തരമായി പ്രാര്‍ത്ഥിക്കുക. യാദൃശ്ചികമായി കിട്ടുന്ന കുട്ടിയും പ്രാര്‍ത്ഥനയോടെ കിട്ടുന്ന കുട്ടിയും തമ്മില്‍ വിത്യാസമുണ്ടാവുക സ്വാഭാവികമാണ്. ഗര്‍ഭധാരിണിയാവുമ്പോള്‍, ഒരു മഹാന്‍ / മഹതി തന്‍റെ സഹധര്‍മ്മിണിയുടെ ഗര്‍ഭാശയത്തില്‍ പിറന്ന് കൊണ്ടിരിക്കുകയാണ്. അത് അവള്‍ക്ക് ഒരേ സമയം ആനന്ദവും പ്രയാസവുമാണ്. അത്തരം വൈരുധ്യാത്മക അനുഭവമുള്ള മറ്റൊരു കാര്യവും ഭൂമിയിലുണ്ടാവുകയില്ല. അതിനാല്‍ അവള്‍ക്ക് ആശ്വാസം നല്‍കുക.

ഭാര്യയുടെ ഗര്‍ഭകാലം ഉല്‍സവ കാലമാക്കി മാറ്റണം. കുടുംബത്തിലെ എല്ലാവരും നവാഗത ശിശുവിനെ ഉല്‍സാഹപൂര്‍വ്വം വരവേല്‍ക്കണം. ആയിരം കുറുന്തോട്ടി പറിച്ചാല്‍ അയല്‍കാരറിയാതെ പ്രസവിക്കാമെന്ന് പഴമക്കാര്‍ പറയാറുണ്ട്. ഇന്ന് കുറുന്തോട്ടി പോയിട്ട് പുല്ല് പോലും കിട്ടാത്ത കാലമാണ്. അല്‍പമൊക്കെ ശാരീരിക അധ്വാനം പ്രധാനമാണെന്നാണ് സൂചിപ്പിച്ചത്. ഈസാ നബിയുടെ പ്രസവ സമയത്ത് മറിയം ബീബി ഈന്തപ്പന കുലുക്കിയ കാര്യം ഖുര്‍ആന്‍ വ്യക്തമാക്കിയത് നമുക്കറിയാം.

ഉത്തമ കുടുംബം ഒരു സുപ്രഭാതത്തില്‍ മുളപ്പൊട്ടി രൂപപ്പെടുന്നതല്ലല്ലോ? അതിന് ക്രമപ്രവദ്ധമായ വളര്‍ച്ചയുണ്ട്. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കൃത്യമായി പാലിക്കേണ്ട നടപടികളുണ്ടു. അതൊക്കെ പാലിക്കാതെ കുട്ടികളെ വളര്‍ത്തിയാല്‍ കുടുംബ സംവിധാനം താളം തെറ്റും. കുട്ടികള്‍ വഴിപിഴക്കും. അറബ് ലോകത്തെ ഇസ്ലാമിക സംഘടനയായ ബ്രദര്‍ഹുഡിന്‍റെ പ്രവര്‍ത്തകരായ വനിതകള്‍ കുട്ടകളെ മൂലയൂട്ടുന്നത് വുളു എടുത്തതിന് ശേഷമായിരിക്കുമെന്ന് വായിച്ചത് ഓര്‍ക്കുന്നു.

മൂല്യബോധം ശുഷ്കിച്ച് വരുന്ന കാലമാണിത്. കുട്ടികള്‍ മൂല്യങ്ങള്‍ അനുഭവിക്കേണ്ടത് രക്ഷിതാക്കളില്‍ നിന്നായിരിക്കണം. സത്യം മാത്രമേ പറയാവൂ. കളവ് പറയരുത്. കുട്ടികള്‍ നീരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്യുന്ന ഒരു കാലമുണ്ട്. തെറ്റായ മാതൃകകള്‍ കണ്ടാല്‍ ഉത്തമ കുടുംബമെന്ന സ്വപ്നം അവിടെ തകര്‍ന്ന് വീഴുന്നു. ഉമ്മയും ഉപ്പയും ചേര്‍ന്ന് കുട്ടിയെ വളര്‍ത്തണം. മറ്റു കുടുംബാംഗങ്ങളുമായുള്ള ബന്ധങ്ങള്‍ അവര്‍ കാണണം. കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ നാം ഉത്തമ കുടുംബാംഗമാവുന്നു. സ്വന്തത്തിന് വേണ്ടിയാവുമ്പോള്‍ ഉത്തമരാകുന്നില്ല.

കുടുംബ കാര്യങ്ങളുടെ ഉത്തരവാദിത്വം കൗമാരപ്രായക്കാരായ ചുമതലപ്പെടുത്താനുള്ള സന്മനസ്സ് രക്ഷിതാക്കള്‍ക്കുണ്ടാവണം. ഒരു കുട്ടി വീട്ടിലെ കണക്ക് എഴുതട്ടെ. മറ്റൊരു കുട്ടി അടുക്കളതോട്ടത്തിന്‍റെ കാര്യം നോക്കട്ടെ. അങ്ങനെ പലതും. അപ്പോള്‍ എത്ര സംഭാവന കൊടുത്തു എന്ന് അറിയാം. പല ചരക്കിന് എത്രയായി എന്ന് അറിയാം. എവിടെ നിയന്ത്രണം പുലര്‍ത്തണം എന്നൊക്കെ കണ്ടത്തെി, സാമ്പത്തിക ഭദ്രതയൊടെ കുടുംബം പുലര്‍ത്താം.

വീട് ഭൂമിയിലെ സ്വര്‍ഗ്ഗ പൂങ്കാവനമായി മാറണൊ അല്ല നരഗ കിണറായി മാറണൊ എന്ന് തീരുമാനിക്കേണ്ടത് ഇണകള്‍ തന്നെയാണ്. ഗൃഹയോഗം ചേരുക. അരമണിക്കൂറെങ്കിലും എല്ലാവരും ചുറ്റുമിരുന്നു സംസാരിക്കുകയും അവരവരിലുള്ള സര്‍ഗവാസനകള്‍ പ്രകടിപ്പിക്കുകയും ചെയ്യട്ടെ. വാട്ട്സപ്പില്‍ പ്രചരിച്ച ഒരു കഥ നമ്മളെല്ലാം വായിച്ചതാണ്. കുട്ടിയോട് നീ ആരാവണം എന്ന് ചോദിച്ച അധ്യാപികയോട് കുട്ടിയുടെ മറുപടി രസാവാഹമായിരുന്നു: എനിക്ക് ടി.വി. ആകണം. കാരണം അച്ചന്‍ എപ്പോഴും സസൂക്ഷ്മം ശ്രദ്ധിക്കുന്നത് ടി.വി.യെയാണ്.

എത്ര മനോഹരമായിട്ടാണ് ഖുര്‍ആന്‍ ഇക്കാര്യം വ്യക്തമാക്കുന്നത്: “നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കുള്ള കൃഷിയിടങ്ങളാകുന്നു. നിങ്ങളുടെ കൃഷിയിടങ്ങളില്‍ ഇഷ്ടമനുസരിച്ച് ചെല്ലുവാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. പക്ഷേ, നിങ്ങള്‍ സ്വന്തം ഭാവി ചിന്തിക്കണം; അല്ലാഹുവിന്‍്റെ അപ്രീതിയില്‍നിന്നു രക്ഷപ്പെടുവിന്‍. ഒരുനാള്‍ അവനെ കണ്ടുമുട്ടുമെന്ന് ഉറപ്പായറിയുവിന്‍. പ്രവാചകാ, നിന്‍റെ മാര്‍ഗദര്‍ശനം സ്വീകരിച്ചവരെ (വിജയത്തിന്‍റെ യും മോക്ഷത്തിന്‍റെ യും) സുവിശേഷമറിയിക്കുക.
2:223

ഓരോരുത്തരും ആര്‍ജ്ജിച്ച മന:ശുദ്ധിയനുസരിച്ച് എങ്ങനെയും വ്യഖ്യാനിക്കാന്‍ കഴിയുന്ന സൂക്തം. കൃഷിയില്‍ നിന്ന് ഉത്തമ വിളവ് ലഭിക്കാന്‍, പല കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്. വിത്ത് നന്നാവണം, മണ്ണ്, കാലാവസ്ഥ, വെള്ളത്തിന്‍റെ ലഭ്യത, വളം ലഭ്യമാക്കല്‍ തുടങ്ങി പല ഘടകങ്ങള്‍ ചേര്‍ന്നാണ് നല്ല കാര്‍ഷിക വിളവ് ലഭിക്കുക. അന്യരുടെ കൃഷി സ്ഥലത്തേക്ക് പോവുന്നതിനും വിലക്കുണ്ട്. ഇത്പോലെ ഭാവിതലമുറയുടെ നല്ല ഉല്‍പന്നം ലഭ്യമാവാന്‍ നിരവധി കാര്യങ്ങള്‍ സൂക്ഷ്മമായി, ഒരു കൃഷി വൈദഗ്ധ്യനെ പോലെ, അറിഞ്ഞിരിക്കണം. ലിബറിലസം പറയുന്നത് പോലെ, ഒരു വ്യവസ്ഥയും പാലിക്കാതെ, സ്ത്രീ പുരുഷ ബന്ധത്തിലേര്‍പ്പെട്ടാലുണ്ടാവുന്ന പ്രത്യാഘാതം ദൂരവ്യാപകമാണ്.

Related Articles