Current Date

Search
Close this search box.
Search
Close this search box.

വൈവാഹിക ജീവിതം ആസ്വാദ്യകരമാക്കാൻ പത്ത് കാര്യങ്ങൾ

ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ സുപ്രധാനമായൊരു നാഴിക കല്ലാണല്ലോ വൈവാഹിക ജീവിതം. ആധുനിക കാലഘട്ടത്തിൽ മനുഷ്യനെ ഏറ്റവും കൂടുതൽ അശ്വസ്ഥപ്പെടുത്തുന്ന കാര്യമാണ് വൈവാഹിക ജീവിതം. തീർത്തും വ്യതിരിക്തമായ രണ്ട് വിത്യസ്ത ജീവിത പാശ്ചാതലത്തിൽ ജനിച്ച് വളർന്ന് വന്ന രണ്ട് സ്വതന്ത്ര അസ്തിത്വമുള്ള വ്യക്തികളുടെ പുതുമ നിറഞ്ഞതും വൈകാരികവുമായ ജീവിതത്തിലേക്കുള്ള കാൽവെപ്പാണ് വൈവാഹിക ജീവിതം.

വൈവാഹിക ജീവിതത്തിലെ ആദ്യ രണ്ട് വർഷക്കാലം വളരെ പ്രധാനമാണ്. ആ ദിനങ്ങളിലാണ് പല കാരണങ്ങളാൽ ദമ്പതികൾക്കിടയിൽ പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളും ഉടലെടുക്കുക. അതിനെ തുടക്കത്തിൽ തന്നെ ചികിൽസിച്ച് ഭേദമാക്കേണ്ടത് അനിവാര്യമാണ്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബ ജീവിതം താളം തെറ്റുന്നതിനെക്കാൾ വലിയ ദുരന്തം മറ്റെന്താണുള്ളത്? ദമ്പതിമാർക്ക് മാത്രമല്ല കുടുംബാംഗങ്ങളുടേയും സൈരമായ ജീവിതത്തിന് കനത്ത വിഘാതം സൃഷ്ടിക്കുകയാണ് അത്തരം ബന്ധങ്ങൾ.

ജീവിതത്തെ കുറിച്ച കടുത്ത അസംതൃപ്തിയിലേക്കാണ് അത് നവ വധൂവരന്മാരെ ചെന്നത്തെിക്കുന്നത്. വിവാഹ മോചനവും ശാരീരിക പീഡനവും ആത്മഹത്യയും കൊലപാതകങ്ങളും എല്ലാം അതിൻറെ ഫലമായി ഉടലെടുക്കുന്നു. വിരിയാൻ കൊതിക്കുന്ന പുഷ്പങ്ങൾ തീജ്വാലയേറ്റ് കരിഞ്ഞ് പോവുന്ന പ്രതീതിയാണ് ഇത്തരം ദുരന്തങ്ങൾ സൃഷ്ടിക്കുന്നത്. ഈ ശ്ലഥിത ബന്ധത്തിൻറെ പ്രത്യാഘാതമാകട്ടെ തലമുറകളോളം നിലനിൽക്കുകയും ചെയ്യുന്നു. അതിനാൽ വൈവാഹിക ജീവിതം ആസ്വാദ്യകരമാക്കാൻ പത്ത് കാര്യങ്ങൾ ചുവടെ:

1. കാരുണ്യം പ്രകടനം
മനുഷ്യനിലുള്ള ഏറ്റവും ആ‍ർദ്രമായ ഗുണങ്ങളിൽ ഒന്നാണല്ലോ കാരുണ്യ പ്രകടനം. ഭൂമിയിലുള്ളവരോട് കാരുണ്യത്തോടെ വർത്തിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോടും കാരുണ്യത്തോടെ വർത്തിക്കുമെന്നാണ് തിരുവചനം. കാരുണ്യത്തിന് ഏറ്റവും അർഹർ നമ്മുടെ മാതാപിതാക്കളും സഹധർണ്ണിയും സന്താനങ്ങളുമാണ്. അത് വൈവാഹിക ജീവിതത്തെ അരക്കിട്ടുറപ്പിക്കുന്നു. അല്ലാഹു പറയുന്നു: “അല്ലാഹു നിങ്ങളിൽ നിന്നുതന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങൾക്കു സമാധാനത്തോടെ ഒത്തുചേരാൻ. നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിൻറെ ദൃഷ്ടാന്തങ്ങളിൽ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്”.അറൂം 30:21

2. സ്നേഹ പ്രകടനം
വൈവാഹിക ജീവിതത്തിൻറെ അടിത്തറയാണ് സ്നേഹം. ആയുഷ്കാലം മുഴുവൻ തങ്ങളുടെ ജീവിത പങ്കാളിയായി ഇണയെ തെരെഞ്ഞെടുക്കുമ്പോൾ അത് അല്ലാഹു സംരക്ഷിക്കുക തന്നെ ചെയ്യും. കാരണം അല്ലാഹു ‘അൽ വുദൂദ്’ ആണ് അഥവാ സ്നേഹ സമ്പന്നൻ. പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതിൽ എന്തിനാണ് ലജ്ജിക്കുന്നത? സ്വന്തം ഭാര്യയുടെ ചുണ്ടിൽ അന്നം വെച്ച് കൊടുക്കുന്നത് പോലും പുണ്യമാണെന്ന് നബി (സ) നമ്മെ പഠിപ്പിച്ചിരിക്കുന്നു. ആ സ്നേഹ പ്രകടനം കുട്ടികൾ കാണട്ടെ. അത് അവരുടെ ദാമ്പത്യ ജീവിതത്തിനുള്ള ഏറ്റവും നല്ല പരിശീലനവും മാതൃകയുമാണ്.

3. പരിരക്ഷ നൽകൽ
ഇണകൾക്ക് വേണ്ടത്ര ശ്രദ്ധയും പരിരക്ഷയും നൽകാൻ കഴിയാത്തതിൻറെ പേരിൽ പല വിവാഹങ്ങളും തുടക്കത്തിൽ തന്നെ താളം തെറ്റിപോവുകയും ബന്ധം വേർപ്പെട്ട് പോവുകയും ചെയ്യുന്നു. എത്ര തന്നെ ജീവിത തിരക്കുള്ള വ്യക്തിയായാലും ശരി ഇരു കൂട്ടരും പരസ്പരം പരിചരിക്കാൻ മതിയായ സമയം കണ്ടത്തെിയേ മതിയാവൂ. അതിലൂടെ ഭർത്താവ് ഭാര്യയുടേയും ഭാര്യ ഭർത്താവിൻറെയും ആവിശ്യങ്ങൾ കഴിയുന്നത്ര മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. ഇത് അവരുടെ കുടുംബ ജീവിതത്തെ ആസ്വാദ്യകരമാക്കാൻ സഹായിക്കുന്ന മറ്റൊരു ഘടകമാണ്.

4. ആദരവ് നൽകൽ
കേവലമായ പ്രശംസയിൽ മാത്രം പരിമിതമല്ല ആദരവ്. തൻറെ ജീവിതത്തിലെ ഏകാന്തത നികത്തി തന്നതാണ് തൻറെ ഇണ എന്ന ബോധം അവരെ ആർദ്രമാക്കണം. ഇണയെ മാത്രമല്ല അവരുടെ രക്ഷിതാക്കളേയും പരസ്പരം ആദരിക്കേണ്ടതുണ്ട്. സ്ത്രീകൾക്ക് ഭർതൃ കുടുംബത്തിൻറെ സ്നേഹവും ലാളനയും കരസ്ഥമാക്കാൻ അതിലൂടെ കഴിയുന്നതാണ്. അവരുടെ ദൈനം ദിന കാര്യങ്ങൾ ജീവകാരണ്യപരമായ താൽപരതയോടെ ഇടപ്പെട്ട് നോക്കു. പ്രഭാതത്തിൽ ചുട് ചായ തയ്യാറാക്കികൊടുക്കൽ മുതൽ, തലചീകികൊടുക്കൽ, വസ്ത്രം വൃത്തിയാക്കി കൊടുക്കുന്നത് വരെയുള്ള കാര്യങ്ങൾ ചെയ്യുന്നത് നല്ലതാണ്.

5. അവകാശങ്ങളും ഉത്തരവാദിത്തങ്ങളും
ആസ്വാദ്യകരമായ വൈവാഹിക ജീവിതത്തിന് ഭാര്യയും ഭർത്താവും ബാധ്യതകൾ നിർവ്വഹിക്കുകയും അവകാശങ്ങൾ വകവെച്ച് കൊടുക്കുകയും ചെയ്യേണ്ടതാണ്. ഇത് രണ്ടിൻറെയും സന്തുലിതത്വം കുടുംബജീവിതത്തെ മുന്നോട്ട് നയിക്കുന്നതിൽ പ്രധാനമാണ്. അവകാശങ്ങളെ കുറിച്ച് മാത്രം പരിഭവപ്പെടാതെ തൻറെ ബാധ്യതകളെ കുറിച്ച നിതാന്ത ജാഗ്രത ഇണയിൽ നല്ല മതിപ്പുളവാക്കാൻ സഹായകമാവും. ഇഷ്ടങ്ങളും അനിഷ്ടങ്ങളും മനസ്സിലാക്കുന്നതോടൊപ്പം ഉത്തരവാദിത്വബോധവും ഉണ്ടാവേണ്ടതുണ്ട്.

6. സത്യസന്ധത പുലർത്തുക
മനുഷ്യരിൽ എല്ലാവരിലും ഉണ്ടാവേണ്ട അടിസ്ഥാനപരമായ ധാർമ്മിക ഗുണങ്ങളിൽ സുപ്രധാനമാണ് സത്യസന്ധത. ഈ ഗുണം ഉണ്ടായാൽ മറ്റ് ഗണങ്ങളെല്ലാം സ്വാഭാവികമായി ശക്തിപ്രാപിക്കുന്നതാണ്. വൈവാഹിക ജീവിതത്തിലും ജീവവായു പോലെ വളരെ അനിവാര്യമായ ഘടകമാണ് സത്യസന്ധത. സത്യസന്ധത വിശ്വാസ്യതയെ സൃഷ്ടിക്കുന്നു. വിശ്വാസ്യത വൈവാഹിക ജീവിതത്തിൻറെ മാധുര്യമായി മാറുന്നു.

7. അംഗീകാരം നൽകൽ
ജീവിതത്തിലെ ക്രിയാത്മക കാര്യങ്ങൾ പരസ്പരം അംഗീകരിക്കുകയും പ്രയാസങ്ങളും അസ്വാരസ്യങ്ങളും ഉണ്ടാവുന്ന സന്ദർഭങ്ങളിൽ ഭൂതകാലത്തെ നല്ല ഓർമ്മകൾ പങ്ക് വെക്കുകയും ചെയ്യുന്നത് ഉത്തമമാണ്. അതിന് മധുവിധു ദിവസങ്ങളിൽ വധൂവരന്മാർ യാത്രചെയ്യുന്നതും ആ സുദിനങ്ങൾ പിന്നീട് പൊരുത്തകേടുകൾ ഉണ്ടാവുമ്പോൾ അയവിറക്കുന്നതും മാനസിക സംഘർഷം ലഘൂകരിക്കാൻ സഹായിക്കും. പഴയ കാലത്തെ ഫോട്ടൊകൾ കണ്ട് ആസ്വദിക്കുന്നതും വൈവാഹിക ജീവിതം ആസ്വാദ്യകരമാക്കാൻ സഹായകമാണ്.

8. നന്മയിൽ വർത്തിക്കുക
‘മഅ്റൂഫ്’ എന്നാണ് അറബിയിൽ ഇതിന് പറയുന്നത്. വിശുദ്ധ ഖുർആനിൽ പലവുരു ആവർത്തിക്കപ്പെട്ട വിഷയമാണിത്. ഒന്നിച്ച് ജീവിച്ചിരിക്കുമ്പോഴായാലും ഇണകൾ തമ്മിൽ വേർപിരിയേണ്ടി വന്നാലും പരസ്പരം നന്മയിൽ വർത്തിക്കുന്നതിന് തടസ്സമുണ്ടാവരുത്. അതിൻറെ ഭാഗമെന്ന നിലയിൽ സഹധർമ്മിണിയുമായി കൂടിയാലോചിച്ച് പ്രശ്നങ്ങൾ പരിഹരിക്കുക. പിശാച് ഏറ്റവും കൂടുതൽ ഇടപെട്ട് വഷളാക്കുന്ന രംഗമാണ് കുടുംബ ജീവിതം. വീടുണ്ടാക്കുമ്പോൾ, വീട്ടുപകരണങ്ങൾ വാങ്ങുമ്പോൾ, ഫ്ളാറ്റ് വാടകക്ക് എടുക്കുമ്പോൾ, ഒഴിവ് കാലം ചിലവഴിക്കൽ, കുട്ടികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങുമ്പോൾ എല്ലാം കൂടിയാലോചിക്കുന്നത് നന്മയിൽ വർത്തിക്കൽ തന്നെ.

9. ഭീഷണി ഒഴിവാക്കുക
ഭീഷണി, ശകാരം ഇതിലൂടെ ഇണയെ നന്നാക്കമെന്ന് വിചാരിക്കുന്നത് മാൗഡ്യമാണ്. പ്രവാചകൻ പറഞ്ഞു: സ്ത്രീകളുടെ കാര്യത്തിൽ നിങ്ങൾ പരസ്പരം നല്ലത് ഉപദേശിക്കണം. വളഞ്ഞ വാരിയെല്ലുകൾ കൊണ്ടാണവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. വാരിയെല്ലുകളിൽ ഏറ്റവും വളഞ്ഞത് മുകളിലുളളതാണല്ലോ. നിങ്ങൾ അത് നേരെയാക്കാൻ ശ്രമിച്ചാൽ പൊട്ടിപ്പോകും. അങ്ങനത്തെന്നെ വിട്ടാൽ വളവോടെ നിലനിൽക്കും. അവരുടെ വളവ് ഇല്ലാതാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം അവരുടെ മനസ്സിൽ തട്ടുംവിധമുള്ള ഉപദേശങ്ങളാണ്.

10. പരസ്പരം മനസ്സിലാക്കുക
ദമ്പദികൾ പരസ്പരം മനസ്സിലാക്കൽ പ്രധാനമാണ്. ഇണയുടെ താൽപര്യങ്ങളെ സ്വന്തം താൽപര്യങ്ങളായി പരിഗണിക്കുക. ജീവകാരുണ്യ പ്രവർത്തനത്തിൽ തൽപരനായ ഭർത്താവിനോടൊപ്പം സഹധർമ്മിണിയും രംഗത്തുണ്ടാവുക. ഇനി കലാ സാംസ്കാരിക പ്രവർത്തനത്തിൽ തൽപരനാണ് ഇണ എങ്കിൽ അതിൽ താൽപര്യം കാണിക്കുക. അതിലൂടെ അവരുടെ ബന്ധം ഗാഡമാവുന്നു. ദാമ്പത്യ ജീവിതം അമിതമായി ആഘോഷിക്കാതിരിക്കുക. ഇതൊക്കെ നമ്മുടെ വൈവാഹിക ജീവിതം ആസ്വാദ്യകരമാക്കാൻ സഹായിക്കുന്നതാണ്.

???? To Join Whatsapp Group ????: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Related Articles