Current Date

Search
Close this search box.
Search
Close this search box.

ചെറിയ കുട്ടികളെ എങ്ങനെ നമസ്കാരം പഠിപ്പിക്കാം?

ചിട്ടയോട് കൂടിയ നമസ്കാരവും അത് മുറപോലെ നിലനിർത്തലും വളരെ പ്രധാനപ്പെട്ട കാര്യമായാണ് നാമെല്ലാം കണക്കാക്കുന്നത്. നമസ്കാരമെന്നത് ഇസ്ലാമിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നാണന്നും അന്ത്യനാളിൽ ഒരു വ്യക്തി ആദ്യം നൽകേണ്ട ഉത്തരം അവന്റെ നമസ്കാരത്തെ കുറിച്ചുമായിരിക്കുമെന്നും പഠിപ്പിക്കപ്പെട്ട ഉത്തമ സമുദായമാണ് നമ്മുടേത്. ആ അർഥത്തിൽ ഒരു കുട്ടിയെ വളർത്തുന്നതിലും നമസ്കാരം ശരിയായ വിധത്തിൽ നിർവഹിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തവും മാതാപിതാക്കൾക്കുണ്ട്. നബി(സ)യുടെ നിർദ്ദേശപ്രകാരം ഒരു കുട്ടിയുടെ ഏഴ് വയസ്സ് മുതൽ അവനെ / അവളെ നമസ്കാരം പരിശീലിപ്പിക്കാൻ ആരംഭിക്കേണ്ടതുണ്ട്. (നിങ്ങളുടെ മക്കൾക്ക് ഏഴ് വയസ്സായാൽ അവരം നമസ്കരിക്കാൻ പഠിപ്പിക്കുക എന്നാണല്ലോ പ്രവാചകൻ പറഞ്ഞിരിക്കുന്നത്). എന്നാൽ ഈ പ്രായത്തിലുള്ള നമ്മുടെ കുട്ടികളെ താൽപര്യപൂർവ്വം നമസ്കാരം മടിയില്ലാതെ എങ്ങനെ പരിശീലിപ്പിക്കാമെന്നതും ഏഴ് വയസ്സിന് മുമ്പ്തന്നെ അവരെ നമസ്കാരത്തിലേക്കും അതിൻറെ പരിശീലനത്തിലേക്കും മടിയില്ലാതെ അടുപ്പിക്കാമെന്നതും പല രക്ഷിതാക്കൾ അന്വോഷിക്കാറുണ്ട്.

ഇത്തരം അന്വോഷണങ്ങളുടെ ഉത്തരമായി നാം മനസ്സിലാക്കേണ്ടത്, കുട്ടികളിൽ നമസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനായി മാതാപിതാക്കൾക്ക് നിരവധി പ്രവർത്തന രൂപങ്ങളും നിർദ്ദേശങ്ങളും ചെയ്യാമെന്നതാണ്. ഏകദേശം രണ്ട് വയസ്സ് പ്രായമുള്ള കുട്ടികൾ മാതാവോ പിതാവോ നമസ്കരിക്കുമ്പോൾ അവരെ അനുകരിക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചു കാണും. ഈ പ്രായത്തിലുള്ള കുട്ടികൾ അനുകരിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരും മൂന്ന് വയസ്സാകുമ്പോൾ, അനുകരണത്തോടെ കളിക്കാൻ തുടങ്ങുന്നതും ശ്രദ്ധിച്ചാൽ മനസ്സിലാവും. നമസ്കരിക്കുന്നതിനിടയിൽ അവർ ധാരാളം വ്യത്യസ്ത ചലനങ്ങൾ നടത്തുന്നതും ചാടുന്നതും ശബ്ദമുണ്ടാക്കുന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ. കാരണം അവർ ഏതോ ഭാവനോലോകത്തെന്ന പോലെയാണുള്ളത്. തന്റെ മുന്നിലുള്ള സകലതുമായി അവർ കളിക്കുന്നു, ചിലപ്പോൾ മുസല്ല മറിച്ചിടുന്നു അത് പല കോലത്തിലേക്കും ചുരുട്ടിക്കൂട്ടുന്നു, അതിനടിയിൽ ഒളിക്കുന്നു അല്ലെങ്കിൽ സംസാരിക്കുന്നു ഇതൊക്കെ നാം എപ്പോഴും കാണുന്ന സംഗതികളാണല്ലോ. അതേ സമയം നമസ്കാരത്തിലെ ചലനങ്ങളെയും അവർ അനുകരിക്കുന്നുണ്ട്.

കുട്ടികൾ മാതാപിതാക്കളെ അനുകരിക്കുന്നത് മൂന്ന് വയസ്സ് മുതൽ ഏഴ് വയസ്സ് വരെ തുടരും. ഈ സമയത്ത് മാതാപിതാക്കളുടെ പങ്ക് നമസ്കാരത്തെയും അത്തരം അനുകരണങ്ങളെയും പ്രോത്സാഹിപ്പിക്കലാവണം. ക്രമേണ, ഈ ശീലം ഒരു ദിനചര്യയായി മാറും. തുടർന്ന് ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് പോലുള്ള ഒരു സാധാരണ പ്രവർത്തനമായി നമസ്കാരവും മാറും. തുടക്കത്തിലിത് ചെറിയ ബുദ്ധിമുട്ടായിരിക്കുമെങ്കിലും പിന്നീട് ഒരു സാധാരണ ദിനചര്യയായി മാറുകതന്നെ ചെയ്യും. ഈ പ്രായത്തിൽ നമസ്കാരം കാണുന്നതും കേൾക്കുന്നതും കഅബയുടെ ചിത്രം കാണുന്നതുമെല്ലാം മതിയാകും. വീഡിയോ സ്ക്രീനിലൂടെ കഅബയെ ത്വവാഫ് ചെയ്യുന്നത് കാണിക്കുന്നതും ഉപകാരപ്പെടും. ഈ ചിത്രങ്ങളും ചലനങ്ങളും കുട്ടികളുടെ മനസ്സിൽ പതിയുകയും അവരുടെ ഓർമ്മയിൽ സൂക്ഷിക്കുകയും ചെയ്യും. അങ്ങനെ ഭാവിയിൽ നമസ്കരിക്കാനുള്ള താൽപര്യമുണ്ടാക്കാൻ നിമിത്തമാവുകയും ചെയ്യുന്നു. ഈ പ്രായത്തിലുള്ള കുട്ടികളെ നമസ്കാരത്തിൽ നിന്ന് വ്യതിചലിപ്പിക്കുകയും തടയുകയും ചെയ്യുന്നത് ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള കളികളും മിനി സ്ക്രീനിൽ അള്ളിപ്പിടിച്ചിരിക്കാനുള്ളള അവരുടെ ത്വരയാണന്നും രക്ഷിതാക്കൾ തിരിച്ചറിയണം. അത്കൊണ്ട് നമസ്കാര സമയത്ത് അത്തരം ഉപകരണങ്ങളിൽ കുട്ടികൾ മുഴുകുന്നതിന് തടയിടണം. അതുവഴി നമസ്കാര സമയത്തെ ആദരിക്കാൻ കൂടി അവരെ പഠിപ്പിക്കുകയാണ് ചെയ്യുന്നതന്ന് നമ്മൾ തിരിച്ചറിയണം.

നാല് വയസ്സ് മുതൽ ആറ് വയസ്സ് വരെയുള്ളള കുട്ടികളുടെ പ്രായം വളരെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിൽ നടക്കുന്ന നമസ്കാരം അവർ കാണുകയും ചിലപ്പോൾ ജമാഅത്തായുള്ളള നമസ്കാരത്തിലൂടെ കുട്ടികളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വരാനും അതിലൂടെ നമസ്കാരത്തോടുള്ള സ്നേഹം അവരിൽ മുദ്രണം ചെയ്യാനും സാധിക്കേണ്ടതുണ്ട്. നമസ്കാരത്തിനുള്ളള ബാങ്ക് വിളിയിലും അതിനോടുള്ളള പ്രത്യുത്തരം നൽകുന്നതിലും നാം ശ്രദ്ധയും കാണിക്കണം. ഒരുമിച്ച് വുദു ചെയ്യുക, സ്ത്രീകൾ അവരുടെ നമസ്കാര കുപ്പായം ധരിക്കുക, കുട്ടികൾക്കായി പ്രത്യേകം മുസല്ല വിരിക്കുക, നമസ്കാരത്തിന് ആവശ്യമായ സാമഗ്രികൾ വാങ്ങാൻ മാർക്കറ്റിൽ അവരെയും കൂടെകൊണ്ട്പോവുക തുടങ്ങിയവ കുട്ടികളിൽ വലിയ അളവിൽ പോസിറ്റീവ് എനർജി ഉണ്ടാക്കും. മറ്റ് കുട്ടികൾ നമസ്കരിക്കുന്നതും ഖുർആൻ പാരായണം ചെയ്യുന്നതും കുട്ടികൾ നിരീക്ഷിക്കുന്നതും ഉപകാരപ്പെടും. നമസ്കാരത്തിലെ ചലനങ്ങളും അതിലെ സൂക്ഷമതയും ഏഴ് വയസ്സ് തികയുന്നത് വരെ നമുക്ക് മാറ്റിവെയ്ക്കാം. ഇപ്പോൾ അത്തരം വിദ്യാഭ്യാസത്തിലല്ല ശ്രദ്ധിക്കേണ്ടത്. നമസ്കാരത്തെ സ്നേഹിക്കാനും അതിനോട് ചേർന്നുനിൽക്കാനുമെല്ലാമുള്ള ഒരു മനസ്സ് ചെറുപ്പത്തിൽ തന്നെ ജീവിതത്തിന്റെ ദിനചര്യയായി മാറ്റിയെടുക്കുക എന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്.

സൂറതുൽ ഫാത്തിഹയും ചെറിയ സൂറങ്ങളും മനഃപാഠമാക്കാൻ കുട്ടികളെ പഠിപ്പിക്കുന്നതിലൂടെ നമസ്കാരത്തോടുള്ള അടുപ്പവും രൂപപ്പെടും. ( നമുക്കിപ്പോൾ അല്ലാഹുവുമായി സംവദിക്കാം) അല്ലെങ്കിൽ (നമസ്കാരത്തിലൂടെ അല്ലാഹുവെ നമുക്ക് സന്തോഷിപ്പിക്കാം) എന്നിങ്ങനെയുള്ള പ്രോത്സാഹജനകമായ ചില വ‌ർത്തമാനങ്ങളും ആകാവുന്നതാണ്. നമസ്കാരത്തിൽ വീഴ്ച വരുത്തുമ്പോഴോ, ഒരു റക്അത്ത് നമസ്കരിച്ച് മതിയാക്കിയാലോ , വുദു ചെയ്യാതെ നമസ്കരിച്ചാലോ, ചിലപ്പോൾ നമസ്കരിക്കാതിരിക്കുമ്പോഴോ അവരെ ഉപദേശിച്ച് നന്നാക്കാൻ ശ്രമിക്കരുത്. ഇത് അവരുടെ ചെറുപ്പത്തിൽ സാധാരണമാണന്നും നാം തിരിച്ചറിയണം. നമസ്കാരത്തിന്റെ കാര്യത്തിൽ കുട്ടികളുടെമേൽ ഉത്തരവാദിത്തമില്ല. കുട്ടികളുടെ ഇഷ്ടങ്ങളും താൽപര്യങ്ങളും കൂടി പരി​ഗണിച്ചാവണം അവരിൽ ഇതുപോലത്ത സ്വഭാവ ​ഗുണങ്ങൾ കരുപ്പിടിപ്പിക്കേണ്ടതെന്ന് സാരം.

വിവ: അബൂ ഫിദ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles