ഏകാന്തമായ വീടകങ്ങളാണ് ഇന്ന് നമുക്കുള്ളത്. എല്ലാവരും തന്റേതായ സ്വകാര്യതയെ മാത്രം തെരഞ്ഞെടുക്കുന്നു. ഓരോരുത്തരും കയ്യിൽ മൊബൈൽ ഫോണും ഒരു ഇരിപ്പിടവും മാത്രമായി ഒതുങ്ങുകയും വീടകങ്ങൾ മൂകതയിലേക്ക് വഴിമാറി കൊണ്ടിരിക്കുകയും ചെയ്യുന്നു. അവധി ദിനങ്ങളിൽ പോലും തമ്മിൽ കാണാനോ സംസാരിക്കാനോ , ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ പോലും സഹോദരങ്ങൾ സമയം കണ്ടെത്താതെ പോകുന്നു.
പലയിടങ്ങളിലും വീട്ടിൽ യാന്ത്രികമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഉമ്മ, ഒരുവേള അസുഖം ബാധിച്ച് കിടപ്പിലാകുമ്പോൾ പോലും അവരെ പരിചരിക്കാനും ഒന്ന് മുഖമുയർത്തി ഉമ്മയെ നോക്കാൻ പോലും മക്കൾ സമയം കണ്ടെത്തുന്നില്ല. പകരം വേലക്കാരിയാണ് ഒടുവിൽ പരിചരണത്തിനായി ബാക്കിയാവുന്നത്. ക്രമേണ വെറുമൊരു ഹോട്ടൽ മുറിയായി വീടുകൾ പരിണമിച്ചെന്ന് വരും. എന്നാലും ഹോട്ടലുകളിൽ സ്വീകരിക്കാനും കുശലം ചോദിക്കാനും ഓർഡറുകൾ സ്വീകരിക്കാനും ആളുണ്ടാകും. ഇവിടെ അതിനും പഴുതില്ല.
ഇത്തരം ഗാർഹിക പ്രശ്നങ്ങളുടെ പരിഹാരം തേടുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, ഒരു പരിധി വരേ, ഇത്തരം പ്രശ്നങ്ങളുടെ മൂലകാരണം മാതാപിതാക്കളാണ്, മക്കൾ അതിന്റെ ഇരകളും. പിതാവ് നിരുത്തരവാദിത്വത്തോടെ കുടുംബത്തെ സമീപിക്കുമ്പോൾ പ്രശ്നങ്ങൾ താനേ മുളച്ചു പൊന്തും. ഭാര്യയും മക്കളുമായി സമയം ചെലവഴിക്കാൻ സമയം കണ്ടെത്താതിരിക്കുകയും ചെയ്യുമ്പോൾ, സന്തുഷ്ട കുടുംബത്തിന്റെ വാതിലുകൾ അടഞ്ഞു തന്നെ കിടക്കും. തുടർന്ന് ജീവിത ഭാരം ഒറ്റക്ക് ചുമക്കുന്ന ഭാര്യയുടെ മാനസികവും സാമ്പത്തികവുമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക മക്കളെ ആയിരിക്കും.
വീട്ടിലുള്ളവർ ഓരോരുത്തരും ഉമ്മ എടുക്കുന്ന ജോലിയെ പരിഗണിക്കുകയും വില വെക്കുകയും ചെയ്യേണ്ടതുണ്ട്. പിതാവും മക്കളും വീട്ടുജോലികളിൽ അവരെ സഹായിക്കുകയും സന്താന പരിപാലനത്തിൽ കൂടുതൽ ശ്രദ്ധയും സമയവും കണ്ടെത്തേണ്ടതുമുണ്ട്.
മാതാപിതാക്കൾ ഇരുവരും ഒരു ദിവസത്തിന്റെ പകുതിയിലേറെ ഭാഗവും തങ്ങളുടെ ജോലിയിൽ മുഴുകി, മിച്ചം വരുന്ന സമയത്തും ഫോണും മറ്റുമായി തന്നിഷ്ടത്തിനായി ചെലവഴിച്ചാൽ മക്കൾ പൂർണ്ണമായും ബന്ധമറ്റവരായി തീരും.
മാതാപിതാക്കളുടെ മുന്നിൽ തങ്ങൾ വില കുറഞ്ഞവരാണെന്ന് ധാരണ മക്കളിൽ രൂപപ്പെട്ട് തുടങ്ങും. സന്താനങ്ങളുടെ ജീവിതത്തിൽ മാതാപിതാക്കൾക്കും ഇടമില്ലാതാവും. ഒഴിവുസമയങ്ങൾ നന്മ തിന്മ വേർതിരിവില്ലാതെ സ്വന്തം ഇഷ്ട വിനോദങ്ങൾക്കായി മക്കൾ ചെലവഴിച്ചു തുടങ്ങും. കുടുംബബന്ധങ്ങൾ മുരടിച്ചു തുടങ്ങിയാൽ സാമൂഹ്യ ബന്ധങ്ങളുടെ വേരും മുറിഞ്ഞു പോകും. വളർന്നുവരും തോറും കടമകളുടെയും ബാധ്യതകളുടെയും ലോകത്ത് ദിശയറിയാതെ ഉഴറുന്ന സമൂഹത്തെ കാണേണ്ട ഗതികേട് വന്നു ഭവിക്കുകയും ചെയ്യും.. ഇത്തരം പരിസരങ്ങളെ എങ്ങനെ നമുക്ക് സ്നേഹത്തിന്റെ ചൂടും പ്രകാശവും ഉള്ള നന്മയുടെ വീടകങ്ങളാക്കി മാറ്റാനാവും എന്നതാണ് ഇവിടെ പ്രസക്തമായ ചോദ്യം. അതിനുള്ള പരിഹാരമാർഗ്ഗങ്ങളെ വിശകലനം ചെയ്യുകയാണിവിടെ.
പരിപാലനത്തിന്റെ പ്രാധാന്യവും മൂല്യവും മനസ്സിലാക്കുക
മാതാപിതാക്കളെ സംബന്ധിച്ച് നിർബന്ധ ബാധ്യതകളിൽ ഒന്നാണത്. പ്രാഥമികമായി മാതാപിതാക്കൾ മതനിയമങ്ങളെ കുറിച്ച് ബോധവാന്മാരാകുകയും തങ്ങളുടെ ഉത്തരവാദിത്വത്തെ ഭംഗിയായി നിർവഹിക്കുകയും ചെയ്യേണ്ടതുണ്ട്.
വിദ്യാഭ്യാസത്തിന്റെ പങ്ക്
ഇക്കാലഘട്ടത്തിൽ ഏറ്റവും അപകടം പിടിച്ച വെല്ലുവിളികളിൽ ഒന്നാണ് സന്താന പരിപാലനം എന്നത്. പ്രവിശാലമായ സാങ്കേതിക സൗകര്യങ്ങളുടെ കാലത്ത് തിന്മയിൽ നിന്ന് സ്ഫുടം ചെയ്ത്, സംസ്കാരസമ്പന്നനായ ഒരു വ്യക്തിയെ വാർത്തെടുക്കുക എന്നത് എളുപ്പമുള്ള ഒന്നല്ല. അതിനാൽ സുദൃഢമായ പരിപാലനത്തിനായി വൈവിധ്യങ്ങളായ രീതികളും വഴികളും മാതാപിതാക്കൾ സ്വീകരിക്കേണ്ടതുണ്ട്. ശരിയായ വിദ്യാഭ്യാസവും ധാർമിക ബോധവും നൽകുക വഴി ഉത്തമ സമുദായത്തെ വാർത്തെടുക്കാൻ ആവും തീർച്ച.
ഉത്തരവാദിത്തം നിർവഹിക്കുന്ന വിധം
മക്കൾക്ക് വേണ്ടി സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി വെക്കുന്നതിന് മുമ്പ് മക്കളെ സ്വയം സമ്പാദിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പ്രധാനം. പ്രവാചകൻ നമ്മെ പഠിപ്പിച്ചതും അതുതന്നെയാണ്. മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ വേണ്ടി സമ്പാദിച്ച്, ജീവിതത്തിന്റെ വലിയ സമയവും അതിനുവേണ്ടി മാറ്റിവെച്ച് മക്കളുടെ പരിപാലനത്തിന്റെ ബാധ്യതകളെ അമ്പേ മറന്നു പോകുന്ന മാതാപിതാക്കൾ ആവരുത്, പകരം സ്വയം തങ്ങളുടെ ഭാവി സുരക്ഷിതമാക്കി ശക്തരായി മുന്നോട്ടുപോകാനുള്ള ഊർജ്ജവും അറിവുമാണ് മാതാപിതാക്കൾ മക്കൾക്ക് പകർന്നു നൽകേണ്ടത്. അതുവഴി സ്വയം ജീവിതം കെട്ടിപ്പടുക്കാൻ അവർ പ്രാപ്തരാകും.
സന്താന പരിപാലനത്തിൽ മാതാവിനാണ് വലിയ പങ്കുള്ളത്. ജീവിതത്തിൽ അവർ പഠിച്ച പൊരുളും നന്മയുടെ പാഠങ്ങളും ഉമ്മ മക്കൾക്ക് പകർന്നു നൽകണം. തന്റെ ജോലി സമയത്തിന് പിതാവും പരിധി വെക്കണം. ചുരുങ്ങിയത് 6 – 8 മണിക്കൂറുകളിലായി തന്റെ ജോലി പൂർത്തിയാക്കി സന്താനങ്ങളുമായി സഹവർത്തിക്കാൻ പിതാവ് തയ്യാറാവണം.
കൂടിയിരിക്കലിന്റെ മധുരം അറിയുക
മാതാപിതാക്കളുമായുള്ള ബന്ധത്തിൽ മാത്രമല്ല, മുഴുവൻ വീട്ടിലും സമൂലമായ മാറ്റമുണ്ടെന്ന് കുട്ടികൾക്ക് തോന്നണം. അതിനാൽ, കുട്ടികൾ ഇഷ്ടപ്പെടുന്നതെല്ലാം കണ്ടറിഞ്ഞ് അവരുടെ കൂടെ ഒന്നിച്ചിരിക്കാൻ പ്രത്യേകം സമയം കണ്ടെത്തുക. അവർക്ക് സമ്മാനങ്ങളും മറ്റും കരുതുക. മക്കളുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ പരസ്പരം സ്നേഹ സംഭാഷണങ്ങൾ കൈമാറുക. നന്മയിൽ പ്രശംസിക്കുകയും മക്കളിലോരോരുത്തർക്കും അവരുടേതായ മൂല്യം നൽകുക. വീടിന്റെ അവസ്ഥയെയും എല്ലാ കുടുംബാംഗങ്ങളും അനുഭവിക്കുന്ന ഒറ്റപ്പെടലിനെയും കുറിച്ച് പൊതുവായ ബോധ്യം നൽകുക.തന്റെ നല്ല സമയങ്ങൾ കുട്ടികൾക്കായി മാറ്റിവെക്കാൻ ഉമ്മയും പങ്കുചേരാൻ ഉപ്പയും തന്റെ ജോലിസമയം കഴിഞ്ഞ് സമയം കണ്ടെത്തണം.
മാതാപിതാക്കൾ മക്കളോട് എന്ത് കൽപ്പിക്കുമ്പോഴും അത് സ്വയം ജീവിതത്തിൽ പകർത്താൻ ശ്രദ്ധിക്കുക. അതുവഴി അവർക്കു മുന്നിൽ പ്രായോഗിക മാതൃകകളായി വർത്തിക്കുക. അത്യാവശ്യത്തിനും കുറഞ്ഞ സമയത്തുമല്ലാതെ കുട്ടികളുടെ സാന്നിധ്യത്തിൽ ഫോൺ ഉപയോഗിക്കരുത് എന്നതിൽ രക്ഷിതാക്കളുടെ പ്രതിബദ്ധത പുലർത്തുക, കുട്ടികളെ ഒന്നിച്ചെരുത്തി ഖുർആൻ പാരായണം ചെയ്യിപ്പിക്കുക എന്നിങ്ങനെ തുടങ്ങി സാഹചര്യത്തിനൊത്ത് വിവിധ രീതികൾ സ്വീകരിക്കാം.
കുടുംബത്തിനായി ഒരു ദിനം
ഒരു ദിവസം കുടുംബം മുഴുവൻ വീട്ടിൽ ഒരുമിച്ച് ചിലവഴിക്കുന്നു, അവിടെ എല്ലാവരും ഭക്ഷണം തയ്യാറാക്കുകയും , ഒരുമിച്ച് സംസാരിക്കുകയും, കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് കലാ-സാംസ്കാരിക-മത-കായിക പ്രവർത്തനങ്ങളിൽ പങ്ക് ചേരാനും ശ്രദ്ധിക്കണം. അല്ലെങ്കിൽ കുടുംബം ഒരു ദിവസം മുഴുവൻ ഒരു പാർക്കിൽ ഒരുമിച്ച് ചെലവഴിക്കാനോ മറ്റെവിടെക്കെങ്കിലും യാത്ര ചെയ്യാനോ തീരുമാനിക്കണം.
പൊതു ഇടങ്ങളിലെ പങ്കാളിത്തം ഉറപ്പുവരുത്തുക
സ്പോർട്സ് ക്ലബ്ബിലും മറ്റു സാംസ്കാരിക കൂട്ടായ്മകളിലും കുടുംബങ്ങൾ അംഗമാകുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
തങ്ങളുടെ ഇഷ്ട വിനോദങ്ങൾക്കായി അവർ സമയം കണ്ടെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. മക്കൾ തമ്മിൽ വൈജ്ഞാനികമായ ഇടപെടലുകളും ആവാം. കൂടാതെ എല്ലാ മാസവും മതപരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി സമയം കണ്ടെത്താനും ശ്രദ്ധിക്കണം. ഉപദേശ നിർദ്ദേശങ്ങളും ഖുർആൻ സദസ്സുകളുമായി മതവിജ്ഞാനം പകർന്നുകൊടുക്കുകയോ മറ്റോ ആവാം.
സ്വകാര്യ സന്ദർശനങ്ങൾ
കുട്ടികളിൽ ഓരോരുത്തരുമായും മാനസികമായ അടുപ്പം സൃഷ്ടിച്ചെടുക്കൽ അനിവാര്യമാണ്. ഓരോ മക്കളെയും കൂട്ടി യാത്ര പോവുകയോ അവരെ സ്വകാര്യമായി സന്ദർശിക്കുകയോ ചെയ്യുക. മാതാപിതാക്കളുമായുള്ള മാനസികവും വൈകാരികവുമായ ബന്ധത്തെ ശക്തിപ്പെടുത്താനും ആത്മവിശ്വാസം വർധിക്കാനും അത് കാരണമാകും. ഒറ്റയായും കൂട്ടമായും മക്കളോട് സ്നേഹത്തോടെയും വാത്സല്യത്തോടെയും പെരുമാറുമ്പോൾ, മാതാപിതാക്കളും മക്കളുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാവുകയും കൂടുമ്പോൾ ഇമ്പമുള്ള കുടുംബങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
വിവ: ഫഹ്‌മിദ സഹ്റാവിയ്യ
📲 വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ👉: https://chat.whatsapp.com/CONOJlYnC05Kslg9NygjM1