Current Date

Search
Close this search box.
Search
Close this search box.

മക്കളുടെ മുമ്പിൽ ഇണയെ ഇകഴ്ത്തി സംസാരിക്കാറുണ്ടോ നിങ്ങൾ?

ആ സ്ത്രീ പറഞ്ഞു:’വിവാഹം കഴിഞ്ഞിട്ട് പത്തു വര്‍ഷമായി..എന്നെ എന്റെ ഭര്‍ത്താവ് മക്കളുടെ മുന്നില്‍ വെച്ച് അപമാനിക്കാറുണ്ട്.. മൂന്ന് മക്കളാണെനിക്ക്. എന്നോട് അദ്ദേഹം അപമര്യാദയോടെ പെരുമാറുന്നത് കൊണ്ട് മക്കള്‍ക്ക് അവരുടെ പിതാവിനോട് ദേഷ്യമാണ്..എന്താണ് പരിഹാരം?’

ഞാനവരോട് പറഞ്ഞു: “ഇതുപോലുള്ള പ്രശ്‌നങ്ങളില്‍ എന്റേതായ ചില പരിഹാരങ്ങള്‍ ഞാന്‍ പറഞ്ഞുതരാം. എന്നിട്ട് താങ്കളുടെ ഭര്‍ത്താവ് ഇങ്ങനെ മോശമായി പെരുമാറുന്നതിന്റെ കാരണവും പറയാം..”  അവര്‍ പറഞ്ഞു: “ഞാനേറെ മടുത്തിരിക്കുകയാണ്. വിവാഹ മോചനത്തെ കുറിച്ച് എനിക്കാലോചിക്കാന്‍ വയ്യ..”

ഞാന്‍ പറഞ്ഞു:’നിങ്ങളാദ്യം ചെയ്യേണ്ടത്, ഭര്‍ത്താവ് മക്കളുടെ മുന്നില്‍ വെച്ച് നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ നിങ്ങള്‍ ശാന്തമായി പ്രതികരിക്കുക. അതുമൂലം ഒരുപക്ഷേ അയാള്‍ ശാന്തനായാലോ.

രണ്ടാമത്, ഈ സമീപനം നിങ്ങളെ വല്ലാതെ വേദനിപ്പിക്കുന്നുണ്ടെന്നും അസ്വസ്ഥപ്പെടുത്തുന്നുണ്ടെന്നും ഭര്‍ത്താവിനോട് തുറന്ന് പറയണം. ഇത് മക്കളെയും അവരുടെ ഭാവിയെയും അവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുമെന്ന് പറയുകയും അങ്ങനെ അയാളുടെ ഈ മോശം പെരുമാറ്റത്തെ നിങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുക.

മൂന്നാമതായി, അയാള്‍ നിങ്ങളോട് ദേഷ്യപ്പെടാനുള്ള കാരണം എന്താണെന്ന് മനസ്സിലാക്കുന്നത് നന്നാവും. എന്നിട്ട് ആ കാരണങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ പരിശ്രമിക്കുകയും ചെയ്യുക. ചിലപ്പോള്‍ അയാളുടെ സ്വഭാവം മാറിയേക്കാം.

നാലാമതായി, അയാളില്‍ നിന്നും നിങ്ങള്‍ മാറിയിരിക്കുക. അങ്ങനെ നിങ്ങള്‍ അകലം പാലിക്കുമ്പോള്‍ അയാളുടെ ദേഷ്യം മാറാന്‍ സാധ്യതയുണ്ട്.പക്ഷേ ഈയൊരു രീതി സ്വീകരിക്കുമ്പോള്‍ ചില പുരുഷന്മാരുടെ ദേഷ്യം കൂടാറുണ്ട് എന്നത് പ്രത്യേകം ശ്രദ്ധിക്കണം.

അഞ്ചാമതായി, ഈ മാര്‍ഗ്ഗങ്ങളൊന്നും ഫലപ്രദമായില്ലെങ്കില്‍ പുറത്തുനിന്നും അയാളെ സ്വാധീനിക്കാന്‍ കഴിവുള്ള ഉമ്മയോ സഹോദരങ്ങളോ അതുമല്ലെങ്കില്‍ അയാളുടെ വികാരങ്ങളെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുകയും നിങ്ങളോട് മാന്യമായി പെരുമാറുകയും ചെയ്യുന്ന ഒരു മൂന്നാം കക്ഷിയുടെ സഹായം തേടാവുന്നതാണ്.

ആറാമതായി, അയാളുടെ സ്വഭാവം നിങ്ങളുടെ വ്യക്തിത്വത്തിന് ക്ഷതമേല്‍ക്കാത്ത വണ്ണം നിങ്ങള്‍ ആത്മധൈര്യം കൈവരിക്കുക. ഇവിടെ പ്രശ്‌നം അയാളുടെ മാത്രമാണ്, ഒരിക്കലും നിങ്ങളുടേതല്ല എന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് നിങ്ങള്‍ മാനസികാരോഗ്യം നന്നായി ശ്രദ്ധിക്കുക.

ഏഴാമതായി, ഉപദ്രവം പിന്നെയും വര്‍ദ്ധിച്ചാല്‍ അവസാന ഒറ്റമൂലി എന്ന നിലക്ക് നിയമപരമായി നീങ്ങുന്നത് പോലുള്ള ശക്തമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാവുന്നതാണ്. ഭര്‍ത്താവില്‍ നിന്നും ഇത്തരം ഉപദ്രവങ്ങള്‍ ഇനിയും വര്‍ദ്ധിച്ചാല്‍ നിങ്ങളുടെ കുടുംബജീവിതത്തിന്റെ ഭാവി ഏറെ ആശങ്കാജനകമാണ്.

ഈ ഏഴ് രീതികള്‍ നിങ്ങളുടെ പ്രശ്‌നത്തിനുള്ള പരിഹാരങ്ങളാണ്. ഇനി നിങ്ങളുടെ ഭര്‍ത്താവ് ദീനീനിഷ്ഠയുള്ള ആളാണെങ്കില്‍ ആയത്തുകളോ ഹദീസുകളോ ഓര്‍മ്മപ്പെടുത്തിയാല്‍ ഒരുപക്ഷേ അയാളില്‍ മാറ്റമുണ്ടായേക്കാം. ”നിങ്ങള്‍ പരിഹാസപ്പേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്.സത്യവിശ്വാസം കൈകൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് എത്ര ചീത്ത!” പോലുള്ള ആയത്തുകള്‍ ഉദാഹരണം.

എട്ടാമതായി, ഈ പറഞ്ഞതൊന്നും ഫലപ്രദമാവാതിരിക്കുകയും കുത്തുവാക്കുകള്‍ തുടരുകയും ചെയ്യുന്ന പക്ഷം താല്‍കാലികമായി വിവാഹബന്ധം വേര്‍പെടുത്താവുന്നതാണ്. അപ്പോള്‍ ചില പുരുഷന്മാരുടെ സ്വഭാവം നേരെയാവാറുണ്ട്.

ഭര്‍ത്താവിന്റെ ഈ സ്വഭാവം നിങ്ങളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്‌നമല്ല, അത് നിങ്ങളുടെ മക്കളെയും അവരുടെ പഠനത്തെയും ഭാവിയില്‍ അവര്‍ക്ക് നല്ലൊരു സാമൂഹിക ബന്ധം സാധ്യമാവാത്ത വിധം മാനസികമായി ഒറ്റപ്പെടുന്ന അവസ്ഥയിലേക്കും വരെ കുടുംബത്തിലെ ഈ അന്തരീക്ഷം എത്തിച്ചേക്കാം.

അവര്‍ പറഞ്ഞു:’ നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്.മക്കളുടെ കാര്യത്തില്‍ എനിക്ക് ശ്രദ്ധയുണ്ട്.എന്നാലും എന്തുകൊണ്ടായിരിക്കും എന്നോട് അദ്ദേഹം ഇങ്ങനെ പെരുമാറുന്നത്?’

ഞാന്‍ പറഞ്ഞു:’അതിന്റെ കാരണങ്ങള്‍ പലതാവാം. ചിലപ്പോള്‍ നല്ലൊരു ആശയവിനിമയം നടത്താന്‍ അറിയാത്തതു കൊണ്ടാവാം. ചിലപ്പോള്‍ ചെറുപ്പമായിരുന്നപ്പോള്‍ ഇയാളുടെ മാതാപിതാക്കളില്‍ ആരുടെയെങ്കിലും സ്വഭാവം സ്വാധീനിക്കുന്നതാവാം. അല്ലെങ്കില്‍ കുടുംബത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിനു വേണ്ടിയാവാം. ചില പുരുഷന്മാര്‍ അമിതമായ പുകവലി മൂലമോ എന്തെങ്കിലും മാനസികമായ പ്രശ്‌നം കാരണമോ അല്ലെങ്കില്‍ കുടുംബത്തില്‍ തന്റെ പൗരുഷത്വം സ്ഥാപിക്കേണ്ടത് ഇങ്ങനെയാണെന്നുള്ള തെറ്റിദ്ധാരണ കൊണ്ടോ ഇങ്ങനെയൊക്കെ പെരുമാറാറുണ്ട്. എന്നിരുന്നാലും ഇതെല്ലാം പരിഹരിക്കപ്പെടേണ്ടതാണ്. ഒന്നുകില്‍ പരസ്പരം സംസാരിക്കുക അല്ലെങ്കില്‍ എട്ടാമത് പറഞ്ഞത് പ്രകാരം ചെയ്യുക.

 

വിവ: മുഖ്‍താർ നജീബ്‌

Related Articles