Current Date

Search
Close this search box.
Search
Close this search box.

ദമ്പതികള്‍ക്കിടയിലെ സംസാരം; ഏതുവരെ?

love-birds.jpg

ദമ്പതികള്‍ പരസ്പരം വസ്ത്രമാണെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. ഇത്രയേറെ അടുപ്പമുള്ളതു കൊണ്ടു തന്നെ അവര്‍ക്കിടയിലെ ബന്ധം സുതാര്യമായിരിക്കണമെന്നാണ് ഞാന്‍ പറയുന്നത്. എന്നാല്‍ ചില കാര്യങ്ങള്‍ക്ക് മേലുള്ള മറ നിലനില്‍ക്കുക തന്നെ വേണം, പ്രത്യേകിച്ചു പുരുഷന്റെ കാര്യത്തില്‍.

പുരുഷന്റെ ജീവിതത്തില്‍ കടന്നു പോയ പ്രയാസകരമായ സന്ദര്‍ഭങ്ങള്‍ അത്തരം കാര്യങ്ങളില്‍ പെട്ടതാണ്. പ്രത്യേകിച്ചും അത്തരം സാഹചര്യങ്ങളെ തരണം ചെയ്യുന്നതില്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കില്‍ ഇണയുടെ മുമ്പില്‍ ദുര്‍ബലനായി കാണപ്പെടുന്നതിന് അത് കാരണമായേക്കും. ഭാര്യയുടെ പെരുമാറ്റത്തിലും അതിനനുസരിച്ച മാറ്റങ്ങളുണ്ടാവും. ഭാര്യക്ക് ഭര്‍ത്താവിലുള്ള വിശ്വാസവും സുരക്ഷിതത്വ ബോധവും ഇല്ലാതാകുന്നതിലേക്കാണത് നയിക്കുക.

ആളുകളോടുള്ള ഒരാളുടെ മോശം പെരുമാറ്റം, പ്രത്യേകിച്ചും വീട്ടുകാരോടുള്ള മോശമായ പെരുമാറ്റത്തെ അദ്ദേഹത്തിന്റെ ഇണ കാണുക അദ്ദേഹത്തിന്റെ ദുസ്വഭാവത്തിന്റെ തെളിവായിട്ടാണ്. മോശമായതല്ലാതെ അയാളില്‍ നിന്നും ഉണ്ടാവില്ലെന്ന ഒരു ധാരണയാണ് അതുണ്ടാക്കുക. ദമ്പതികള്‍ക്കിടയില്‍ വല്ല പിണക്കമോ തര്‍ക്കമോ ഉണ്ടായാല്‍ അവളത് എടുത്തുപയോഗിക്കുകയും ചെയ്യും. ‘ഇപ്പോള്‍ മാത്രമല്ലല്ലോ, മുമ്പേ നിങ്ങള്‍ അങ്ങനെയാണല്ലോ, സ്വന്തം വീട്ടുകാരോട് മോശമായി പെരുമാറിയ നിങ്ങള്‍ എന്നോട് മോശമായി പെരുമാറുന്നതില്‍ അത്ഭുതമൊന്നുമില്ല.’ എന്ന് പറയാനുള്ള അവസരം അതുണ്ടാക്കും.

ചെയ്ത തെറ്റ് ജീവിതത്തില്‍ നിന്ന് വേരോടെ പിഴുതെറിഞ്ഞ് അതില്‍ പശ്ചാത്തപിച്ചതിന് ശേഷമാണല്ലോ സുതാര്യതക്ക് വേണ്ടി എല്ലാം തുറന്നു പറയുന്നതെന്ന ന്യായം ഒരുപക്ഷേ പുരുഷനുണ്ടാവാം. എന്നാല്‍ ആ ന്യായീകരണം കൊണ്ട് പ്രയോജനമില്ല. ഭര്‍ത്താവിന്റെ കുറ്റസമ്മതത്തിലെ കുറ്റം മാത്രമാണ് ഭാര്യയുടെ മനസ്സിലുണ്ടാവുക. ഇത്തരത്തില്‍ മറച്ചുവെക്കേണ്ട കാര്യങ്ങളില്‍ ഏറ്റവും പ്രധാനം മുന്‍ വിവാഹാലോചനകളും വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് ഓരോ ഭര്‍ത്താക്കന്‍മാരെയും ഉപദേശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവള്‍ക്ക് മുമ്പ് മറ്റൊരു സ്ത്രീയെ വിവാഹാലോചന നടത്തുകയോ വിവാഹം ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അതിന്റെ വിശദാംശങ്ങള്‍ നല്‍കുകയാണെങ്കില്‍ പ്രയാസങ്ങള്‍ക്ക് മാത്രമേ അത് വഴിവെക്കൂ. ഒരുപക്ഷേ അല്‍പകാലത്തിന് ശേഷമായിരിക്കാം അതിന്റെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത്. നിങ്ങളുടെ ഭാര്യ അവയെ കുറിച്ച് സംസാരിക്കാന്‍ പ്രേരിപ്പിച്ചാല്‍ പോലും കഴിഞ്ഞത് പോട്ടെ, ഇനി നമുക്കത് മാറ്റാനൊന്നും സാധിക്കില്ല. നമുക്ക് നമ്മുടെ ജീവിതത്തെ കുറിച്ച് സംസാരിക്കാം എന്ന് പറഞ്ഞ് മയത്തില്‍ ആ ആവശ്യത്തില്‍ നിന്ന് അവളെ പിന്തിരിപ്പിക്കുകയാണ് വേണ്ടത്.

അപ്രകാരം ജോലിയില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന എല്ലാ അപചയങ്ങളും ഇണയെ അറിയിക്കേണ്ടതില്ല. അതിലുള്ള ദുഖവും വേദനയും പങ്കുവെക്കേണ്ടത് ഒരുപക്ഷേ നിങ്ങള്‍ക്ക് ആവശ്യമായിരിക്കാം. എന്നാല്‍ ചില അപചയങ്ങള്‍, പ്രത്യേകിച്ചും നിങ്ങളുടെ വീഴ്ച്ച കാരണം സംഭവിച്ചവ മറച്ചുവെക്കുകയാണ് നല്ലത്. നിങ്ങളെ കുറ്റപ്പെടുത്താനും വിമര്‍ശിക്കാനുമുള്ള ഒരു വിഷയമായി അത് മാറാതിരിക്കാനാണത്. അമിതമായി ചെലവഴിക്കുന്ന സ്വഭാവക്കാരിയാണ് ഭാര്യയെങ്കില്‍ നിങ്ങളുടെ പക്കലുള്ള സമ്പത്തും വരുമാനവും വരെ അവളില്‍ നിന്ന് മറച്ചുവെക്കുന്നതാണ് നല്ലത്. ഒന്നും ബാക്കിവെക്കാതെ ചെലവഴിക്കാന്‍ അവളെയത് പ്രേരിപ്പിച്ചേക്കും. എന്നാല്‍ ഇത് എല്ലാ ദമ്പതികളുടെ കാര്യത്തിലും ശരിയായി കൊള്ളണമെന്നില്ല. ചില പുരുഷന്‍മാര്‍ ധൂര്‍ത്തന്‍മാരായിരിക്കും, അവരുടെ സ്ത്രീകള്‍ സൂക്ഷിച്ചു വെക്കുന്നവരും. അങ്ങനെയുള്ള ഭാര്യമാര്‍ ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി അറിയേണ്ടത് അനിവാര്യമാണ്. മാത്രമല്ല, സൂക്ഷിച്ചു വെക്കാന്‍ കഴിയാത്തവരാണെങ്കില്‍ പണം കൈകാര്യം ചെയ്യുന്നത് അവരുടെ ഭാര്യമാരാവുകയാണ് നല്ലത്.

നിങ്ങളുടെ മനസ്സില്‍ വരുന്ന എല്ലാ ചിന്തകളും ആശയങ്ങളും അഭിപ്രായങ്ങളും ഭാര്യയുമായി പങ്കുവെക്കേണ്ടതില്ല. അവയില്‍ ചിലതെല്ലാം അവളരെ പരിഹസിക്കുന്നതോ കുറ്റപ്പെടുത്തുന്നതോ അവഹേളിക്കുന്നതോ ആയിരിക്കാം.

പ്രവാചകന്റെ ഉപദേശമാണ് മേല്‍പറഞ്ഞതിന് അടിസ്ഥാനമായി ഞാന്‍ കാണുന്നത്. തെറ്റ് പരസ്യപ്പെടുത്തുന്നത് പ്രവാചകന്‍(സ) വിലക്കിയിട്ടുണ്ട്. അബൂഹുറൈറ(റ)വില്‍ നിന്നും നിവേദനം. പ്രവാചകന്‍(സ) പറയുന്നതായി ഞാന്‍ കേട്ടു: എന്റെ സമുദായത്തിലെ തെറ്റുകള്‍ പരസ്യപ്പെടുത്തുന്നവരോടൊഴികെ വിട്ടുവീഴ്ച്ച ചെയ്യപ്പെടും. ഒരു മനുഷ്യന്‍ രാത്രി ഒരു തെറ്റു ചെയ്യുന്നു, ആ തെറ്റ് അല്ലാഹു മറച്ചുവെച്ചിരിക്കെ അവന്‍ തന്നെയത് ജനങ്ങള്‍ക്കിടയില്‍ പരസ്യപ്പെടുത്തുന്നു. എന്നിട്ടവന്‍ പറയുന്നു: കഴിഞ്ഞ രാത്രി ഞാന്‍ ഇന്നയിന്ന തെറ്റ് ചെയ്തു. അല്ലാഹു അവന് മറയിട്ടു കൊടുത്തിരുന്നു എന്നാല്‍ അവന്‍ അല്ലാഹുവിന്റെ മറ നീക്കം ചെയ്തു.

ഇബ്‌നുല്‍ ഖയ്യിം വിവരിക്കുന്നു: ചെയ്ത തെറ്റ് മറച്ചുവെക്കുന്നവന്റെ പാപം അത് പരസ്യപ്പെടുത്തുന്നവന്റേതിനേക്കാള്‍ ലഘുവാണ്. അത് മറച്ചുവെക്കുന്നവന്‍ അതേകുറിച്ച് ജനങ്ങളോട് പറയുന്നവനേക്കാള്‍ കുറഞ്ഞ കുറ്റമാണ് ചെയ്യുന്നത്. അവന്‍ (പരസ്യപ്പെടുത്തുന്നവന്‍) അല്ലാഹുവിന്റെ വിട്ടുവീഴ്ച്ചയില്‍ നിന്നും അകലെയാണ്. നബി(സ) പറയുന്നു: ”എന്റെ സമുദായത്തിന് ഒന്നടങ്കം വിട്ടുവീഴ്ച്ച ചെയ്യപ്പെടും, (തെറ്റുകള്‍) പരസ്യപ്പെടുത്തിയവര്‍ക്കൊഴികെ.”

ഇബ്‌നു ഹജര്‍ പറയുന്നു: തെറ്റ് പരസ്യപ്പെടുത്താന്‍ ഉദ്ദേശിക്കുന്നവര്‍ അല്ലാഹുവിന്റെ കോപം ഏറ്റുവാങ്ങുകയാണ്. അവനത് മറച്ചുവെക്കുന്നില്ല. അല്ലാഹുവിനെയും ജനങ്ങളെയും ഓര്‍ത്ത് ലജ്ജ കാരണം അത് മറച്ചുവെക്കാന്‍ ആരെങ്കിലും ഉദ്ദേശിച്ചാല്‍, അല്ലാഹു അവന് വേണ്ടി അത് മറച്ചുവെക്കും.

ചില കാര്യങ്ങള്‍ മറച്ചുവെക്കണമെന്ന് ഞാന്‍ പറയുന്നതിന്റെ മറ്റൊരു അടിസ്ഥാനം നബി(സ)യുടെ ഒരു വചനമാണ്. ”കേള്‍ക്കുന്നതെല്ലാം പറയുക എന്നത് തന്നെ ഒരാളെ സംബന്ധിച്ചടത്തോളം മതിയായ പാപമാണ്.” മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുന്ന എല്ലാ കാര്യങ്ങളും പറയുന്നത് വിലക്കുകയാണ് മേല്‍പറഞ്ഞ ഹദീസ് ചെയ്യുന്നത്. ഒരാളുടെ ഉള്ളിലുള്ള ചിന്തകളുടെയും തോന്നലുകളുടെയും വരെ കാര്യത്തില്‍ ഇത് ബാധകമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. എത്രത്തോളമെന്നാല്‍ സ്വപ്‌നത്തില്‍ പിശാചുണ്ടാക്കുന്ന തോന്നലുകളുടെ കാര്യത്തില്‍ വരെ. ഒരിക്കല്‍ നബി(സ) പറഞ്ഞു: സ്വപ്‌നത്തിലെ പിശാചിന്റെ കളികളെ കുറിച്ച് നിങ്ങള്‍ ആരോടും സംസാരിക്കരുത്.

ദമ്പതികള്‍ക്കിടയിലെ പല തര്‍ക്കങ്ങളും സംസാരത്തില്‍ നിന്നാണ് ആരംഭിക്കുന്നത്. അത് മറച്ചുവെച്ചിരുന്നെങ്കില്‍ പലപ്പോഴും ഒഴിവാക്കാവുന്നതായിരുന്നു ആ തര്‍ക്കങ്ങള്‍. ഒരു കവി പറയുന്നു:
മൗനത്തിന്റെ പേരില്‍ ഞാനിത് വരെ ഖേദിച്ചിട്ടില്ല
സംസാരത്തിന്റെ പേരില്‍ നിരന്തരം ഖേദിക്കാറുമുണ്ട്

‘ആര്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവോ, അവന്‍ നല്ലത് പറയട്ടെ, അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ’ എന്ന പ്രവാചക വചനമായിരിക്കട്ടെ നമുക്ക് വഴികാട്ടി.

???? വാട്‌സാപ് ഗ്രൂപ്പിൽ അംഗമാകാൻ????: https://chat.whatsapp.com/CONOJlYnC05Kslg9NygjM1

Related Articles