Family

ഉത്തമ കുടുംബം രൂപപ്പെടാനുള്ള അടിസ്ഥാനങ്ങള്‍

ദൈവത്തിന്‍റെ അലംഘനീയമായ വിധിയും നമ്മുടെ തീരുമാനവും സംഗമിക്കുമ്പോഴാണല്ലോ ഭൂമിയില്‍ വിവാഹം നടക്കുന്നതും ഒരു കുടുംബത്തിന്‍റെ അടിത്തറ പാകുന്നതും. മനുഷ്യ സമൂഹത്തിന്‍റെ അടിസ്ഥാന കൂട്ടായ്മയാണ് കുടുംബം. വിവാഹത്തിലൂടെയും സന്താനോല്‍പാദനത്തിലൂടെയും അവരുടെ ശിക്ഷണത്തിലൂടെയും കുടുംബം വികസിക്കുകയും വളരുകയും ചെയ്യുന്നു. സ്ത്രീയും പുരുഷനും  ചേര്‍ന്ന ആ കൂട്ടായ്മ പിന്നീട് അംഗങ്ങള്‍ വര്‍ധിച്ച് അനന്തമായി അത് വികസിച്ച് കൊണ്ടേയിരിക്കുന്നു. മനുഷ്യ സമുഹത്തോളം പഴക്കമുള്ള ചരിത്രം നമ്മുടെ ഓരോ കുടുംബങ്ങള്‍ക്കും പറയാനുണ്ട്.

ഏതൊരു ഉത്തമ രാഷ്ത്ത്രിന്‍റെയും സമൂഹത്തിന്‍റെയും അടസ്ഥാന ഘടകമാണ് ഉത്തമ കുടുംബങ്ങള്‍. ഉത്തമ വ്യക്തികള്‍ ചേര്‍ന്നാണ് ഉത്തമ കുടുംബം രൂപപ്പെടുന്നതെന്നും ഉത്തമ കുടുംബത്തിലൂടെ മാത്രമേ ഉത്തമ സമൂഹവും രാഷ്ട്രവും ഉണ്ടാവുകയുള്ളൂവെന്നും ഇന്ന് അറിയാത്തവരായി ആരും ഉണ്ടാവുകയില്ല. കെട്ടിടത്തിന്‍റെ അസ്ഥിവാരം ദുര്‍ബലമായാല്‍ കെട്ടിടം ദുര്‍ബലമാവുന്നത്പോലെയാണ് സമൂഹത്തിന്‍റെ അവസ്ഥയും. വ്യക്തികള്‍ ദുര്‍ബലമായാല്‍ കുടുംബവും കുടുംബം ദുര്‍ബലമായാല്‍ സമൂഹവും രാഷ്ട്രവും ദുര്‍ബലമാവുക സ്വാഭാവികം.  അതിനാല്‍ ഉത്തമ കുടുംബം രൂപപ്പെടാനുള്ള ചില കാര്യങ്ങള്‍ ചുവടെ പരാമര്‍ശിക്കുന്നു.

1. അനുസരണം
കുട്ടികളെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കേണ്ട ഏറ്റവും പ്രഥമിക ഗുണങ്ങളില്‍ ഒന്നാണ് അനുസരണം. അല്ലാഹുവിനേയും പ്രവാചകനേയും മാതാവിനേയും പിതാവിനേയും അനുസരിക്കാനുള്ള ബോധം കുട്ടികളില്‍ രൂപപ്പെടുത്തേണ്ടതുണ്ട്. കുടുംബം ഒരു സ്ഥാപനം പോലെയാണെന്ന് പറയാം. സ്ഥാപനത്തിന്‍റെ വളര്‍ച്ചക്കും പുരോഗതിക്കും അതിനൊരു മേധാവി ഉണ്ടാവണമല്ലോ ? കീഴ്ഘടകങ്ങള്‍ മേലധികാരികളെ അനുസരിക്കുകയും അതിനനുസരിച്ച് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ സ്ഥാപനത്തിന് പുരോഗതി ഉണ്ടാവുകയുള്ളൂ.

ഇത്പോലെ തന്നെയാണ് കുടുംബമെന്ന സ്ഥാപനത്തിന്‍റെയും അവസ്ഥ. അതിന് ഒരു നേതൃത്വം അനിവാര്യമാണ്. പുരുഷന്മാരാണ് വീട്ടിലെ കൈകാര്യ കര്‍ത്താവ് ആവേണ്ടതന്നാണ് ഇസ്ലാം നിശ്ചയിച്ചിരിക്കുന്നത്. (4:34) വീടുകളില്‍ നിന്നും രൂപപ്പെടുന്ന ഈ അനുസരണ ബോധം തന്നെയാണ് സമൂഹത്തിലും അവരെ അനുസരണബോധമുള്ളവരാക്കുന്നത്. നബി (സ) പറഞ്ഞു: അല്ലാഹുവിന്‍റെ സംപ്രീതി പിതാവിന്‍റെ സംപ്രീതിയിലും അല്ലാഹുവിന്‍റെ കോപം പിതാവിന്‍റെ കോപത്തിലുമാണ്.

2. വൈകാരികാനുഭൂതി
കുടുംബത്തില്‍ നിന്ന് നമുക്ക് മാനസികവും ശാരീരികവുമായ ശാന്തിയും സമാധാനവും ലഭിക്കണം. കോപവും വിദ്യേഷവുമല്ല അവിടെ നിലനില്‍ക്കേണ്ടത്. ഖുര്‍ആന്‍ പറയുന്നു:  അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്. 30:21

കുടുംബത്തിലെ അംഗങ്ങള്‍ക്കെല്ലാം സമാധാനപരമായ ജീവിതം നയിക്കാനുള്ള അവസരം ഉണ്ടാവണം. രക്ഷിതാക്കള്‍ കുട്ടികളുടെ ജീവിതത്തിന്‍റെ വിവിധാവിശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത് തന്നെ ഈ മൗലികമായ ലക്ഷ്യസാക്ഷാല്‍കാര്യത്തിന് വേണ്ടിയാണല്ലോ ? കുടുംബത്തിലെല്ലാവരും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെതുമായ നല്ല വാക്കുകള്‍ മാത്രം പറയുക.  ചില കുടുംബങ്ങളില്‍ നിന്ന് അസഭ്യ വാക്കുകളല്ലാതെ നാം കേള്‍ക്കുകയില്ല. രക്ഷിതാക്കള്‍ കുട്ടികളെ അഭിനന്ദിക്കാറുണ്ടെങ്കിലും കുട്ടികള്‍ രക്ഷിതാക്കളെ എപ്പോഴെങ്കിലും പ്രശംസിക്കാറുണ്ടൊ? അത് അവര്‍ക്ക് നല്‍ന്ന ഏറ്റവും നല്ല ഒൌഷധമാവുമായിരുന്നു.

3. കുടുംബ വ്യവസ്ഥ
കുടുംബത്തിന്‍റെ ഭദ്രമായ നിലനില്‍പിനും പുരോഗതിക്കും ഒരു രേഖാപരമായ വ്യവസ്ഥ ഉണ്ടാവുന്നത് ഉത്തമമാണ്.  ഈ വ്യവസ്ഥയില്‍ പറയുന്ന കാര്യങ്ങളില്‍ ഭാര്യയും ഭര്‍ത്താവും യോജിക്കുകയും കുടുംബാംഗങ്ങള്‍ക്കിടയില്‍ അത് നടപ്പാക്കാന്‍ അവര്‍ പരിശ്രമിക്കുകയും ചെയ്യേണ്ടതുണ്ട്. ഏതെങ്കിലും ഒന്നൊ രണ്ടൊ കുടുംബങ്ങള്‍ ഇത് ചെയ്യാന്‍ തുടങ്ങിയാല്‍, പിന്നീട് അത് നാട്ടിലുടനീളം പ്രചരിച്ച്കൊള്ളും. അത്രയും നല്ല സദ്ഫലങ്ങള്‍ സൃഷ്ടിക്കുന്നതാണ് കുടുംബ വ്യവസ്ഥ.  ചില അറബ് കുടുംബങ്ങളില്‍ ഇത്തരമൊരു വ്യവസ്ഥ നടപ്പിലാക്കിയതിനാല്‍ പല പ്രശ്നങ്ങളും പരിഹരിക്കാന്‍ കഴിഞ്ഞത് നേരില്‍ കാണാല്‍ കഴിഞ്ഞിട്ടുണ്ട്. മതപരമായ അനുഷ്ടാനങ്ങളും മൂല്യങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തുകയും കുടുംബാംഗങ്ങള്‍ ഇത് പാലിക്കുന്നുണ്ടൊ എന്ന് ഉറപ്പ് വരുത്താവുന്നതാണ്.

4. കൂടിയാലോചന
കുട്ടികളെ നാളെയുടെ നല്ല പൗരന്മാരായി വളര്‍ത്തി എടുക്കാന്‍ സഹായിക്കുന്ന മറ്റൊരു സുപ്രധാന ഗുണമാണ് കൂടിയാലോചനാ സമ്പ്രദായം. ഒരു ഉത്തമ കുടുംബത്തിന്‍റെ നിര്‍മ്മാണത്തില്‍ കൂടുംബ കൂടിയാലോചനക്ക് വലിയ പങ്കാണ് നിര്‍വ്വഹിക്കാനുള്ളത്.  ഒരു വീട്ടിലെ ചെറുതും വലുതുമായ എല്ലാ കാര്യങ്ങളും കുടുംബ നാഥന്‍ എന്ന നിലയില്‍ പിതാവ് തന്നെ ചെയ്യേണ്ടതില്ല. പ്രായത്തിനനസുരിച്ച് കുട്ടികളെ ഏല്‍പിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ അവരെ ഏല്‍പിക്കുക. പിതാവിലൂടെ ലഭിക്കേണ്ട പല കാര്യങ്ങളും കുട്ടികള്‍ ഉമ്മമാരോടാണല്ലോ പറയുക. അപവാദങ്ങളുണ്ടാവാം.  അത്തരം കാര്യങ്ങള്‍ നമ്മുടെ കുടുംബ യോഗത്തില്‍ തീരുമാനിച്ച് വേണ്ടത് ചെയ്യാം എന്ന ഒരു നിലപാട് കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ സഹായിക്കും.  പലപ്പോഴും പിതാവ് എടുക്കുന്ന തീരുമാനം മാതാവിനൊ തിരിച്ചൊ അറിയാറില്ല.  ഇത് കുടുംബ വഴക്കിന് വരേ കാരണമായേക്കാം.

5. സംസാരം
മധുരോദരമായ സംസാരം ആരംഭിക്കേണ്ടത് കുടുംബത്തില്‍ നിന്നായിരിക്കണം. പലപ്പോഴും നമ്മുടെ സംസാരം രൂക്ഷവും മയമില്ലാത്തതും കയ്പുറ്റതുമാണ്. രക്ഷിതാക്കള്‍ തമ്മിലുള്ള സംസാരം മധുരോദരമാണെങ്കില്‍ കുട്ടികളുടെ സംസാരവും മധുരോദരമായിരിക്കും. കുടുംബാംഗങ്ങള്‍ക്കിടയില്‍ ബന്ധം ഊഷ്മളമാക്കുന്നത് ഉത്തമ ആശയ വിനിമയ രീതിയിലൂടെയാണ്. ഖുര്‍ആന്‍ പറയുന്നു: വിശ്വസിച്ചവരേ, നിങ്ങള്‍ ദൈവഭക്തരാവുക. നല്ലതുമാത്രം പറയുക. 33:70

സംസാരത്തിലെ ഉപചാരങ്ങള്‍ പാലിക്കലും അതിക്രമിച്ച് സംസാരിക്കാതിരിക്കാനും നാം ചെറുപ്പം മുതലേ ശീലിപ്പിക്കേണ്ടതാണ്. അതില്‍ ഏറ്റവും നന്നായി ശ്രദ്ധിക്കാനുള്ള സന്മസ്സും കുടുംബാംഗങ്ങള്‍ക്കിടയില്‍ വളര്‍ത്തി എടുക്കണം. ഒരാള്‍ കേള്‍ക്കാന്‍ തയ്യാറാവുന്നതിലൂടെ തന്നെ കുടുംബത്തിലെ ഒരുപാട് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിയും.

6. സ്നേഹവും ത്യാഗവും
കുടുംബത്തില്‍ ഉണ്ടാവേണ്ട മറ്റൊരു അനിവാര്യ ഗുണമാണ് സ്നേഹവും ത്യാഗവും. സംസാരത്തിലൂടെയും സാമ്പത്തികമായ സഹായത്തിലൂടെയുമെല്ലാം കുടുംബാംഗങ്ങള്‍ അത് പ്രകടിപ്പിച്ച് കൊണ്ടിരിക്കണം. ഈയിടെ നവവരനായ ഒരു അറബ് യുവാവുമായി പരിചയപ്പെടാനും ഉള്ളുതുറന്ന് ദീര്‍ഘമായി സംസാരിക്കാനും അവസരം ലഭിച്ചു. പുതുതായി വാങ്ങിയ കാറിനെ നന്നായി അലംങ്കരിച്ചിട്ടുണ്ടായിരുന്നു. സംസാര വിഷയം കല്യാണത്തെ കുറിച്ചായപ്പോള്‍ ആ ചെറുപ്പക്കാരന്‍ പറഞ്ഞു:

ചെറിയ ശമ്പളത്തിനാണ് ജോലി ചെയ്യുന്നത്. പിതാവ് അദ്ദേഹത്തിന്‍റെ കൈവശമുള്ള പണം തന്ന് വിവാഹം കഴിക്കാന്‍ പറഞ്ഞത് കൊണ്ടാണ് എന്‍റെ ജീവിത സാഫല്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.  അവന്‍റെ മുഖത്ത് പ്രകാശത്തിന്‍റെ ഓളങ്ങള്‍ അലതല്ലുന്നുണ്ടായിരുന്നു.  ഏതൊരു സുകൃതവും ആരംഭിക്കേണ്ടത് കുടുംബത്തില്‍ നിന്നാണല്ലോ എന്ന വാക്യമായിരുന്നു അപ്പോള്‍ എന്‍റെ മനസ്സിലൂടെ കടന്ന് പോയത്. ഈ സദ്ഗുണങ്ങളെല്ലാം കുടുംബത്തില്‍ കാണുന്നുണ്ടെങ്കില്‍ അത് സുഭദ്രമായ കുടുംബമായിരിക്കും.  അത്തരം കുടുംബങ്ങള്‍ ചേര്‍ന്ന സമൂഹവും സുഭദ്രമായിരിക്കും.

Facebook Comments
Related Articles
Show More
Close
Close