Current Date

Search
Close this search box.
Search
Close this search box.

ശൈശവ വിവാഹം ഇസ്‌ലാമിക വീക്ഷണത്തില്‍

marriage.jpg

സ്ത്രീകളില്‍ ആര്‍ത്തവം നിലച്ചുകഴിഞ്ഞവരുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സംശയമുണ്ടായെങ്കില്‍, (അറിഞ്ഞിരിക്കുവിന്‍) അവരുടെ ഇദ്ദ മൂന്നു മാസമാകുന്നു. ഇനിയും ഋതുമതികളായിട്ടില്ലാത്തവരുടെ വിധിയും ഇതുതന്നെ. ഗര്‍ഭിണികളുടെ ഇദ്ദ തീരുന്നത് അവരുടെ ഗര്‍ഭമൊഴിയുന്നതോടുകൂടിയാകുന്നു. അല്ലാഹുവിനോട് ഭക്തി പുലര്‍ത്തുന്നവരുടെ കാര്യത്തില്‍ അവന്‍ ആശ്വാസമുണ്ടാക്കിക്കൊടുക്കും. (65: 4) എന്ന സൂക്തത്തെ കുറിച്ച് ഒരു അമുസ്‌ലിം എന്നോട് അന്വോഷിക്കുകയുണ്ടായി. ഒരു ചെറിയ പെണ്‍കുട്ടിയെ, അവളുടെ സമ്മതമില്ലാതെ, വിവാഹം ചെയ്തു കൊടുക്കാമെന്നും അങ്ങനെ, അവളുമായി ലൈംഗിക ബന്ധം പുലര്‍ത്താമെന്നും ചില പണ്ഡിതന്മാര്‍ പറയുന്നതായി വായിച്ചിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍, (ഭൂരിപക്ഷം പണ്ഡിതന്മാരും പറയുന്നതും വ്യാഖ്യാതമായ ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നതും ഈ അഭിപ്രായമാണ്)പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ വിവാഹം ചെയ്തു കൊടുക്കാനും അവളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാനും അനുവദിക്കുന്നു എന്ന പേരില്‍, ഇസ്‌ലാമിനെ ആക്രമിക്കുന്നവരോട് ഞാനെന്തു മറുപടിയാണ് പറയുക?

മറുപടി
ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും വിശദമായ നിയമങ്ങള്‍ നല്‍കുന്ന ഇസ്‌ലാം, യഥാര്‍ത്ഥത്തില്‍, വിവാഹത്തെ അങ്ങേയറ്റം വാഴ്ത്തുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടിയുടെ പാകമായ വയസ്സും ഭാര്യഭര്‍ത്താക്കന്മാരുടെ താല്‍പര്യങ്ങളും സുസ്ഥിതിയുമാണ്, വിവാഹ കാര്യത്തില്‍ ഇസ്‌ലാം പരിഗണിക്കുന്നത്. അതിനാല്‍ തന്നെ, വൈവാഹിക യോഗ്യതക്ക് ഒരു പ്രത്യേക വയസ്സ് ഇസ്‌ലാം അടിച്ചേല്‍പിക്കുന്നില്ല. ഭാര്യഭര്‍ത്താക്കന്മാരുടെ താല്‍പര്യങ്ങള്‍ നിലനിറുത്തുന്നതിന്ന്, അതിന്റെ തീരുമാനം, നിയമാധികാരികള്‍ക്ക് വിട്ടിരിക്കുകയാണ്. പരിഗണനാ വിധേയമായ കാര്യങ്ങളില്‍, രാജ്യങ്ങള്‍ക്കിടയില്‍ വ്യത്യാസമുണ്ടാവുക സ്വാഭാവികമാണ്. ഈ സംശത്തിന് അമേരിക്കയിലെ, ശരീഅ അക്കാദമി ഡീന്‍ ഡോ. ഹാതിം അല്‍ ഹാജ് നല്‍കുന്ന മറുപടി നല്‍കുന്നു:

പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കുകയാണ് മുന്‍ചൊന്ന സൂക്തത്തിന്റെ ആശയമെന്ന് ചില പണ്ഡിതന്മാര്‍ പറയുന്നുണ്ടെങ്കിലും, അതില്‍ നിന്ന് ഈ ആശയം വ്യക്തമാകുന്നില്ല. പതിനഞ്ചോ പതിനാറോ വയസ്സായിട്ടും ആര്‍ത്തവമില്ലാത്ത എത്രയോ സ്ത്രീകളുണ്ട്. അവരെയൊന്നും രോഗികളായി കണക്കാക്കുന്നുമില്ല. ചില സ്ത്രീകളില്‍ വളരെ വൈകിയാണ് ആര്‍ത്തവം തുടങ്ങുന്നത്. (Primary Amenorrhea പോലുള്ള രോഗികളുടെ സ്ഥിതി ഇതത്രെ.) അതിനാല്‍ തന്നെ, അതില്‍ പറഞ്ഞത് ആര്‍ത്തവത്തെ കുറിച്ചല്ല, പ്രത്യുത, ശരീരഘടനയെ കുറിച്ചാണ്. 22 വയസ്സ് തികഞ്ഞ ശേഷവും, ആര്‍ത്തവമില്ലാത്തതിന്റെ പേരില്‍ വിവാഹം നിഷേധിക്കുന്നത് യുക്തിയല്ലല്ലോ.

ഒരു സ്ത്രീയെ, അവളുടെ അനുമതിയില്ലാതെ, വിവാഹം ചെയ്തു കൊടുക്കാന്‍ പിതാവിന്നു പോലും അനുവാദമില്ല. അവള്‍ പൂര്‍വ വിവാഹിതയാണോ അല്ലെയോ എന്നത് പ്രശ്‌നമല്ല. പ്രവാചകന്‍(സ) പറഞ്ഞു: ‘ പൂര്‍വ വിവാഹിതയുടെ കാര്യത്തില്‍, രക്ഷാകര്‍ത്താവിനേക്കാള്‍ അവകാശം അവള്‍ക്കു തന്നെയാണ്. കന്യകയോട് അനുമതി തേടേണ്ടതാണ്.  (മുസ്‌ലിം) മുസ്‌ലിമിന്റെ മറ്റൊരു നിവേദന പ്രകാരം, ‘കന്യകയോട് പിതാവ് അനുമതി തേടണം’ എന്നാണ്. പിതാവ് പോലും അവളുടെ അനുമതി തേടണമെന്നര്‍ത്ഥം.

അനുമതി കൂടാതെ പിതാവ് വിവാഹം ചെയ്തു കൊടുത്ത ഒരു പെണ്‍കുട്ടി, പിന്നെ അത് ഇഷ്ടപ്പെടാത്ത പക്ഷം, കോടതി മുഖേന വിവാഹം ദുര്‍ബ്ബലപ്പെടുത്താവുന്നതാണ്. തന്റെ വിവാഹ മോചന ശേഷം, പിതാവ് തന്നെ വിവാഹം ചെയ്തു കൊടുത്തുവെന്നും, എന്നാല്‍ താനത് ഇഷ്ടപ്പെടുന്നില്ലെന്നും, ഖന്‍സാ ബിന്‍ത് ഖിദ്ദാം എന്ന സ്ത്രീ നബി(സ)യോട് പരാതിപ്പെടുകയുണ്ടായി. പ്രസ്തുത വിവാഹം ദുര്‍ബ്ബലപ്പെടുത്തുകയാണവിടുന്ന് ചെയതത്.

ഇത് പോലെ മറ്റൊരു സംഭവം, ഇബ്‌നു അബ്ബാസില്‍ നിന്ന് അബൂ ദാവുദ് നിവേദനം ചെയ്തിട്ടുണ്ട്. ഈ സംഭവത്തില്‍, പിതാവിനെ കുറിച്ച് പരാതിയുമായി വന്നത് ഒരു കന്യകയായിരുന്നു. വിവാഹം തുടര്‍ന്നു പോവുകയോ ദുര്‍ബ്ബലപ്പെടുത്തുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യം അവള്‍ക്ക് തന്നെ നല്‍കുകയാണവിടുന്ന് ചെയ്തത്.

പക്വതയെത്താത്ത കുട്ടിയുടെ സമ്മതമില്ലാത്ത വിവാഹത്തെ സംബന്ധിച്ചിടത്തോളം, അവളുടെ വൈവാഹിക ഇടപാടിന്നും ലൈംഗിക പാകതക്കുമിടയില്‍ വ്യത്യാസമുണ്ട്. ഇബ്‌നു ശുര്‍മയും അല്‍ അസ്വമ്മും ഈ ബന്ധം തന്നെ നിരോധിച്ചിട്ടുണ്ടെങ്കിലും, പിതാവ് വിവാഹം ചെയ്തു കൊടുക്കുന്നതില്‍ വിരോധമില്ലെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. കുട്ടികളുടെ സുരക്ഷയും അവരോടുള്ള അനുകമ്പയുമാണ് പിതാവിന്ന് (ചില അഭിപ്രായങ്ങള്‍ പ്രകാരം പിതാമഹന്നും) ഈ അനുമതി ലഭിക്കാന്‍ കാരണം. അമ്മാവന്മാര്‍ പോലുള്ളവര്‍ക്ക് ഇത് അനുവദനീയമല്ലെന്നത് തീര്‍ച്ച.

ലൈംഗിക പാകതയെത്താത്ത വധുവിന്റെയടുത്ത് പ്രവേശിക്കാന്‍ വരന്ന് അനുവാദമില്ലെന്നത്, പണ്ഡിതന്മാരുടെ ഏകോപിച്ച അഭിപ്രായമാണ്. അവള്‍ക്ക് 9 വയസ്സുണ്ടെങ്കില്‍ പോലും, ലൈംഗിക ബന്ധത്തിന്ന് ശാരീരിക പാകതയെത്തിയിട്ടില്ലെങ്കില്‍, അവളോട് അടുക്കാന്‍ വരനെ അനുവദിക്കാതിരിക്കുക കുടുംബത്തിന്റെ ബാധ്യതയാണെന്ന് ഇബ്‌നു ഖുദാമ തന്റെ ‘മുഗ്‌നി’യില്‍ രേഖപ്പെടുത്തുന്നു. അവര്‍ ആവശ്യപ്പെട്ടാല്‍ തന്നെ, അയാള്‍ നിരസിക്കണമെന്നും, ശാരീരിക പാകത എത്തുന്നത് വരെ, ഭാര്യ എന്ന നിലയില്‍ അവളെ വെച്ചുകൊണ്ടിരിക്കരുതെന്നുമാണ്, അദ്ദേഹം പറയുന്നത്. മറ്റു മദ്ഹബുകളുടെ കാഴ്ചപ്പാടും ഇത് തന്നെ. വിദഗ്ദ്ധരുടെ തീരുമാനത്തിന്നു വിടേണ്ട കാര്യമത്രെ ഇത്.

യുവജനങ്ങളുടെ ഗൗരവമേറിയ ചില പ്രശ്‌നങ്ങള്‍ക്ക്, പ്രവാചകന്‍ നിര്‍ദ്ദേശിക്കുന്ന ഒന്നാണ് വിവാഹം. സാമൂഹ്യ സുസ്ഥിതിയില്‍ അതിമഹത്തായ സ്വാധീനമാണതിന്നുള്ളത്. വിവാഹത്തിന്നു കഴിയുന്നവര്‍ വിവാഹം കഴിക്കണമെന്നും, കണ്ണുകളുടെയും ചാരിത്ര്യത്തിന്റെയും പരിരക്ഷക്ക് അത് സഹായകമാണെന്നും യുവജനതയോട് പ്രവാചകന്‍ ആഹ്വാനം ചെയ്യുന്നു. കഴിയാത്തവര്‍ നോമ്പെടുക്കണമെന്നും ലൈംഗിക താല്‍പര്യത്തെ അത് നിയന്ത്രിക്കുമെന്നും അവിടുന്ന് തുടര്‍ന്നു പറയുന്നു. (ബുഖാരി, മുസ്‌ലിം)

‘നേരത്തെയുള്ള വിവാഹം’ എന്നത് സാഹചര്യങ്ങളനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. വിവാഹ സംബന്ധമായ എല്ലാ കാര്യങ്ങള്‍ക്കും കഴിയണമെന്നാണ്, ‘കഴിയുന്നവര്‍’ എന്ന ഹദീസ് വാക്യത്തിന്റെ സൂചന. ഷെയ്ക്‌സ്പിയറിന്റെ കാലത്തെ യൂറോപ്പില്‍, 13 വയസ്സായിട്ടും വിവാഹം കഴിക്കാത്തവളെ, വിവാപ്രായം കഴിഞ്ഞവളായായിരുന്നു കരുതപ്പെട്ടിരുന്നതെന്ന് അദ്ദേഹത്തിന്റെ കൃതികളില്‍ നിന്നു മനസ്സിലാക്കാം.

പ്രവാചകന്റെ കാലത്ത് 18 കാരന്‍ യുദ്ധം നയിച്ചിരുന്നു; പ്രതിനിധിയായി നിയുക്തനായിരുന്നു; മക്കയിലെ സുപ്രധാനമായൊരു നഗരിയുടെ ഭരണം നടത്തിയിരുന്നു. ഇന്ന് ഒരു 18 കാരനെ ഇത്തരമൊരു ചുമതലയേല്‍പിക്കാന്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകുമോ? കുടുംബം നയിക്കുക എന്നത് ചെറിയൊരു കാര്യമല്ല. പ്രത്യേക പാകത തന്നെ അതിന്നാവശ്യമാണ്.

കേവലം, ഇരുപത്തൊന്നാം ശതകത്തിലേക്കും പാശ്ചാത്യര്‍ക്കും വേണ്ടി മാത്രം രൂപകല്‍പന നടത്തപ്പെട്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍. പ്രത്യുത, മരുഭൂമിയിലെ അപരിഷ്‌കൃതര്‍ക്കും, ആഫ്രിക്കന്‍ വനാന്തരങ്ങളിലെ ആളുകള്‍ക്കും, ഏഷ്യയിലെയും ലാറ്റിന്‍ അമേരിക്കയിലെയും ജനതക്കും, അത് പോലെത്തന്നെ, ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കും ഏഴാം നൂറ്റാണ്ടിലേക്കും, അതിന്നിടയിലും ശേഷവുമുള്ള നൂറ്റാണ്ടുകളിലേക്കും, ഉപയുക്തമാണവ.

ഒരു സമ്പ്രദായം ആവശ്യപ്പെടുന്നതും അനുവദിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. അതിനാല്‍ തന്നെ, ജനങ്ങളുടെ, ചട്ടങ്ങളും ആവശ്യങ്ങളും കണക്കിലെടുത്ത്, യുക്തമായ സ്വാതന്ത്ര്യം പ്രയോഗിക്കേണ്ടി വരും. ചെറിയ പെണ്‍കുട്ടിയെ വിവാഹം ചെയ്തു കൊടുക്കുന്നത് അനുവദനീയമായി കരുതുന്ന ഇമാം ശാഫിയെ പോലുള്ള പണ്ഡിതന്മാര്‍ പോലും, അത് കറാഹത്താ(വെറുക്കപ്പെട്ടത്)ണെന്നാണ് പറയുന്നത്.

ഇത്തരത്തിലുള്ള ഒരു സങ്കീര്‍ണ്ണ പ്രശ്‌നത്തെ, വെറും ഒറ്റ കോണിലൂടെ നോക്കിക്കൊണ്ടായിരിക്കില്ല വിവേകമതികളായ പണ്ഡിതന്മാര്‍ സമീപിക്കുക. പ്രത്യുത, എല്ലാ പ്രസക്ത ഘടകങ്ങളും സാഹചര്യങ്ങളും കണക്കിലെടുത്തു കൊണ്ടായിരിക്കും.

ചട്ടങ്ങളും വ്യവസ്ഥകളുമനുസരിച്ച്, വിവാഹ പ്രായം മാറ്റുന്നത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയുകയില്ല. എല്ലാ നാടുകളിലും അത് സംഭവിക്കുന്നുണ്ട്. അമേരിക്കയിലെ, കാലിഫോര്‍ണിയ സ്‌റ്റേറ്റില്‍, 1889 വരെ, ലൈംഗിക ബന്ധത്തിന്റെ അനുവദനീയ പ്രായം 10 വയസ്സായിരുന്നു. പിന്നെ 14 വയസ്സായി ഉയര്‍ത്തി. 1897 ല്‍ 16 ആയി. 1913 ല്‍ അത് 18 ആയി മാറുകയായിരുന്നു. എന്നാല്‍, ന്യൂ മെക്‌സിക്കോയില്‍ 13 വയസ്സും, മിസ്സിസ്സിപ്പി, അയോവ സ്‌റ്റേറ്റുകളില്‍ 14 വയസ്സും ഇന്നും തുടര്‍ന്നു പോരുകയാണ്.

ചട്ടങ്ങളിലും വ്യവസ്ഥകളിലും, അതിവിപുലമായ മാറ്റങ്ങളാണ് ലോകത്ത് നടന്നു കൊണ്ടിരിക്കുന്നത്. ഇന്നത്തെ നിലവാരങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍, കഴിഞ്ഞ യുഗത്തിലെ ആളുകള്‍ മനുഷ്യ ചരിത്രത്തെ വിധിക്കുന്നത് ബുദ്ധി ശൂന്യമാണ്.

വിവ : കെ.എ. ഖാദര്‍ ഫൈസി

Related Articles