Current Date

Search
Close this search box.
Search
Close this search box.

വൈവാഹിക ബലാല്‍സംഗം ഇസ്‌ലാമില്‍

couple7.jpg

വിവാഹ ശേഷം, സ്ത്രീ പുരുഷന്റെ സ്വത്തായാണ് ഇന്നലെ വരെ കരുതപ്പെട്ടിരുന്നത്.  അവളുമായി ലൈംഗിക സംതൃപ്തി വരുത്തുന്നത് അവന്റെ പൂര്‍ണ അവകാശമായും വിചാരിച്ചിരുന്നു. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഈ അവകാശം നിഷേധിക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ല. എണ്‍പതുകളുടെ ആദ്യത്തില്‍, മലേഷ്യയിലെ Sisters in Islam എന്ന ഒരു വനിതാ സംഘടന എനിക്കൊരു ചോദ്യം അയച്ചു തരികയുണ്ടായി. ‘ഇസ്‌ലാമില്‍, ‘വൈവാഹിക ബലാത്സംഗ’ സങ്കല്‍പത്തിന്നു സമാനമായി വല്ലതുമുണ്ടോ’ എന്നതായിരുന്നു ചോദ്യം.

ലഭ്യമായ ഇസ്‌ലാമിക പാരമ്പര്യ സാഹിത്യങ്ങള്‍ മുഴുവന്‍ ഞാന്‍ പരിശോധിച്ചു. പക്ഷെ, അത്തരത്തിലൊന്നും തന്നെ കണ്ടെത്താനായില്ല. അവസാനം, വൈമനസ്യത്തോടെ ഞാന്‍ മറുപടി എഴുതി, അത്തരത്തിലൊന്നും നിലവിലില്ല എന്ന്. വിവിധ രാജ്യങ്ങളിലെ, വനിതാ പ്രസ്ഥാനങ്ങളെ കുറിക്കുന്ന പല സാഹിത്യങ്ങളും ഞാന്‍ പഠന വിധേയമാക്കിയെങ്കിലും, അത്തരമൊരു സങ്കല്പം, പാശ്ചാത്യന്‍ നാടുകളിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. യാദൃശ്ചികമായാണ്, ഒരു ബ്രിട്ടീഷ് കോടതി വിധി കണ്ടത്. മനസ്സില്ലാത്ത ഭാര്യയെ ബലാല്‍ക്കാരം ചെയ്തതിന്റെ പേരില്‍ ഭര്‍ത്താവിനെ കുറ്റക്കാരനായി വിധിച്ചിരിക്കുകയായിരുന്നു അതില്‍.

ഈ കാഴ്ചപ്പാടിലൂടെ ഖുര്‍ആന്‍ പഠനവിധേയമാക്കാന്‍ ഇതെന്നെ പ്രേരിപ്പിക്കുകയായിരുന്നു. നമുക്കെല്ലാം അറിയാവുന്നത് പോലെ, 23 വര്‍ഷക്കാലം കൊണ്ട് അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങളില്‍ ബഹുഭൂരിഭാഗവും, പ്രവാചക ജീവിതത്തില്‍ ഉയര്‍ന്നു വന്ന ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്കുള്ള പ്രതികരണങ്ങളായിരുന്നു. ഭര്‍ത്താവിന്റെ ഇംഗിത പൂര്‍ത്തീകരണത്തിന്ന് ശാന്തമായി ഒതുങ്ങിക്കൊടുക്കുക തങ്ങളുടെ ബാധ്യതയായി, അക്കാലത്ത് സ്ത്രീകള്‍ കരുതുന്ന പ്രശ്‌നം ഉണ്ടായിട്ടില്ലെന്നാണ് മനസ്സിലാകുന്നത്. അതിനാല്‍ തന്നെ, ഹദീസ് സാഹിത്യവും ഇക്കാര്യത്തില്‍ നിശ്ശബ്ദമാണ്.

എന്നാല്‍, നിശ്ശബ്ദത അംഗീകാരമായി കാണാവുന്നതല്ല. മദ്യപാനത്തിന്റെ ശിക്ഷയെ കുറിച്ച് ഖുര്‍ആന്‍ മൌനമാണല്ലൊ. അതിനര്‍ത്ഥം, മദ്യപാനം അനുവദനീയമാണെന്നല്ലല്ലോ. സദൃശ്യ ന്യായീകരണ(ഖിയാസ്)ത്തിലുടെയത്രെ മദ്യപാന ശിക്ഷ വിവരിക്കപ്പെട്ടിരിക്കുന്നത്. മാത്രമല്ല, ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍, ഗവേഷണം നടത്തുന്നതിന്ന് പ്രവാചകന്‍ (സ) ശക്തമായ പ്രേരണ നല്‍കിയിരുന്നു. ഖുര്‍ആനിക വാക്യങ്ങള്‍ക്ക് നിശ്ചിത അര്‍ത്ഥ കല്പന നല്‍കുന്നത്, ഖുര്‍ആനിന്റെ അടിസ്ഥാന ചൈതന്യത്തിന്ന് ഹാനിവരുത്തുന്നതിന്ന് സമനമാണെന്നത് ശ്രദ്ധേയമാണ്.

ശാശ്വതമായൊരു മാര്‍ഗ ദര്‍ശക ഗ്രന്ഥമാണ്, പ്രത്യേകിച്ച് ഇടക്കിടെ ഉയര്‍ന്നു വരുന്ന പുതിയ സാഹചര്യങ്ങളില്‍,  ഖുര്‍ആനെങ്കില്‍, തദാനുസാരം അതിന്റെ വാക്യങ്ങളെ പുനര്‍വിചിന്തനം നടത്താന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം. മാത്രമല്ല, അറബികളിലെ ഒന്നൊ രണ്ടൊ തലമുറക്ക് മാര്‍ഗദര്‍ശനം നടത്തുകയായിരുന്നില്ല ഖുര്‍ആനിക ദൗത്യമെന്നും പ്രത്യുത, വരാനിരിക്കുന്ന, ഏത് കാലത്തെയും മാനവരാശിക്ക് ആകമാനം വഴികാട്ടുകയാണതിന്റെ ലക്ഷ്യമെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അക്കാലത്തെ അറബികള്‍ക്ക് സംഗതമായ ചില കാര്യങ്ങളില്‍ ഖുര്‍ആന്‍ അവര്രെ സംബോധന ചെയ്തിട്ടുണ്ടെന്നത് ശരി തന്നെ.

പക്ഷെ, അതിലുപരിയായിരുന്നു അതിന്റെ ദൌത്യം. എന്നെന്നേക്കുമുള്ള, പ്രത്യേക ധാര്‍മ്മിക – സാന്മാര്‍ഗിക മൂല്യങ്ങളും അവതീര്‍ണ കാലത്ത് അനുഭവജ്ഞാനമില്ലാത്ത ദര്‍ശനവുമാണ് അത് നല്‍കുന്നത്. ഭാവിയെ കുറിച്ച വലിയ കാഴ്ചപ്പാട് ഉള്ളവര്‍ക്കേ ഖുര്‍ആനിന്റെ ഈ ആത്മാവ് പിടിച്ചെടുക്കാനാവുകയുള്ളു. അത് കൊണ്ടാണ്, എന്നെന്നും ഊര്‍ജസ്വലവും അര്‍ത്ഥ ഗര്‍ഭവുമായി നിലകൊള്ളുന്ന അതിന്റെ വാക്യങ്ങള്‍ വിഭിന്ന രീതികളില്‍ വ്യാഖ്യാനിക്കപ്പെടുന്നത്. മാത്രമല്ല, ഖുര്‍ആനിനെ, അറബ് സംസ്‌കാരങ്ങളിലും ആചാരങ്ങളിലും പാരമ്പര്യങ്ങളിലും പരിമിതപ്പെടുത്തുകയാണെങ്കില്‍, വരും കാലങ്ങളില്‍, ഖുര്‍ആനിന്റെ പ്രസക്തി വളരെയധികം നഷ്ടപ്പെട്ടു പോകും.

വളരെ വിപ്ലവാത്മക രീതിയിലാണ് സ്ത്രീകളുടെ അവകാശം ഖുര്‍ആന്‍ വിവരിക്കുന്നത്. അക്കാലത്തെ ഒരു സ്ത്രീക്കും ഭാവനയില്‍ കാണാന്‍ കഴിയാത്ത അവകാശങ്ങളാണ് ഖുര്‍ആന്‍ അവള്‍ക്ക് നല്‍കിയത്. എന്നിട്ടും കാലത്തിന്റെ ക്രൂര നിയന്ത്രണവും, സ്ത്രീകളുടെ തന്നെ, അങ്ങേയറ്റത്തെ നിസ്സംഗതയും , അതിന്റെ വിപ്ലവാത്മക സ്വഭാവത്തിന്റെ വീര്യം വലിയ തോതില്‍ കുറക്കുകയാണുണ്ടായത്. ഇപ്പോള്‍, കാലം ധൃത ഗതിയില്‍ മാറിക്കൊണ്ടിരിക്കുകയാണ്. ശരീഅത്ത് നിയമങ്ങള്‍ക്ക് രൂപ കല്പന നല്‍കിയ പണ്ഡിതന്മാരുടെ കാലത്തെ അവബോധമല്ല ഇപ്പോള്‍ സ്ത്രീകളുടേത്. ആധുനിക വീക്ഷണങ്ങള്‍ക്ക് അനുസൃതമായി, ദൈവിക ഗ്രന്ഥത്തൊടുള്ള സമീപനം മുച്ചൂടും മാറി കഴിഞ്ഞിരിക്കുകയാണ്. 

വളരെ ആഴത്തിലുള്ള ഖുര്‍ആന്‍ പഠനം മാത്രമല്ല, അതിന്റെ യഥാര്‍ത്ഥ ലക്ഷ്യത്തെ കുറിച്ച പഠനവും ഇതാവശ്യപ്പെടുന്നു. തങ്ങളുടെ കാലത്തെ ചൈതന്യം കാത്തു സൂക്ഷിച്ച മുന്‍ കാല പണ്ഡിതന്മാര്‍, ഒരു പുനരുല്പാദന ശക്തിയും പുരുഷന്റെ വെറുമൊരു ലൈംഗികോപാധിയുമായാണ് സ്ത്രീയെ കണ്ടത്. ദുഖകരമെന്നു പറയട്ടെ, ബഹുഭാര്യത്വം, അടിമ സ്ത്രീകള്‍ എന്നിവ സംബന്ധമായ ഖുര്‍ആന്‍ വാക്യങ്ങള്‍ തദാനുസാരം വ്യാഖ്യാനിക്കുക പോലുണ്ടായി. സമകാലീന പണ്ഡിതന്മാര്‍ പോലും, ബഹുഭാര്യത്വം ഒരാവശ്യകതയായി കാണുന്നു. ആര്‍ത്തവ – പ്രസവ വേളകളില്‍, പുരുഷന്റെ ലൈംഗികപൂരണത്തിന്ന്, ഒന്നിലധികം സ്ത്രീകള്‍ ആവശ്യമാണെന്നതാണ് ന്യായീകരണം. എന്തൊരു വിഡ്ഡിത്തമാണീത്!

ഖുര്‍ആന്‍ ഒരു വിഹഗ വീക്ഷണം നടത്തിയാല്‍ തന്നെ, തന്റേതായ അന്തസ്സുള്ള ഒരു ചൈതന്യ സത്തയാണ് സ്ത്രീയെന്നും, പുരുഷന്റേതിനേക്കാള്‍ കുറവല്ലാത്ത അന്തസ്സ് അവള്‍ക്കുണ്ടെന്നും വ്യക്തമാകുന്നതാണ്. വിവാഹം, വിവാഹ മോചനം, മുലകുടി നിറുത്തുന്ന കാര്യത്തില്‍ പോലും, സ്ത്രീകളോട് അനുകമ്പയോടും കരുണയോടും വര്‍ത്തിക്കണമെന്ന്, പുരുഷന്മാരോട് ഖുര്‍ആന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചു ഉപദേശിക്കുന്നു. മാതാവെന്ന നിലയിലും ഭാര്യയെന്ന നിലയിലും അതിമഹത്തായ ആദരവാണ് പ്രവാചകന്‍ അവള്‍ക്ക് നല്‍കിയിരിക്കുന്നത്.  തങ്ങളുടെ അന്തസ്സിനെ കുറിച്ച് സ്ത്രീകള്‍ പ്രവാചകനോട് അന്വേഷിച്ചപ്പോള്‍ (അഹ്‌സാബ് : 35 ) ഖുര്‍ആന്‍ വാക്യമവതരിച്ചതും, അത്യുന്നതമായ ആത്മീയാന്തസ്സ് അവള്‍ക്ക് നല്‍കിയതും ഇത് കൊണ്ടത്രെ. ഇതാണ് വസ്തുതയെങ്കില്‍, നമ്മുടെ ഭൂരിഭാഗം പണ്ഡിതന്മാരും ചെയ്യുന്നത് പോലെ, കെവലമൊരു ലൈംഗികോപാധി മാത്രമായി അവളെ കാണാന്‍ എങ്ങനെയാണ് പുരുഷന്ന് കഴിയുക?  ലൈംഗിക താല്പര്യം ഒരു ലക്ഷ്യമല്ല. പ്രത്യുത, മാനവരാശിയുടെ നൈരന്തര്യത്തിന്റെ ഒരുപാധി മാത്രമാണത്. ഇക്കാര്യത്തില്‍ അവളുടെ സ്ഥനം വളരെ വലുതാണ്. പുനരുല്പാദന പ്രക്രിയ നിര്‍വഹിക്കുന്നത് അവരാണല്ലൊ. അവരുടെ അഭാവത്തില്‍, മാനവരാശിക്ക് വംശനാശം സംഭവിക്കുമല്ലോ. അപ്പോള്‍, കേവലമൊരു ലൈംഗികൊപാധിയായല്ല, പ്രത്യുത, മാനവരാശിയുടെ നൈരന്തര്യത്തിന്റെ ഏറ്റവും മഹത്തായ ഒരുപാധി എന്ന നിലയിലേ പുരുഷന്മാര്‍ക്ക് അവരെ കാണാനാവുകയുള്ളു.

അതിനാല്‍, പുരുഷന്റെ ലൈംഗിക ശമനത്തിന്നു വേണ്ടി ഭാര്യയെ ബലാല്‍ക്കാരം നടത്തുന്നത്, ഖുര്‍ആനിക താല്പര്യത്തിന്നും അവളുടെ അന്തസ്സിന്നും നിരക്കാത്തതാണ്. ‘വൈവാഹിക ബലാല്‍ക്കാരമാണ’ത്. എന്താണീ ബലാത്സംഗം തന്നെ? വൈവാഹിക ചട്ടക്കൂട്ടിലൊതുങ്ങിയൊ അല്ലാതെയോ, സ്ത്രീയുടെ മാനുഷിക അന്തസ്സിന്നു ക്ഷതമേല്പിച്ചു കൊണ്ട് അവളില്‍ ബലം പ്രയോഗിക്കുകയാണല്ലോ അത്. സ്ത്രീകളോടുള്ള സമീപനത്തില്‍, ആര്‍ദ്രതയും സ്‌നേഹവും അടിസ്ഥന ഘടകങ്ങളത്രെ. ഈ വികാരമാണ്, ഖുര്‍ആനിന്റെ വീക്ഷണത്തില്‍, സുശക്തമായൊരു വൈവാഹിക കരാര്‍ സൃഷ്ടിക്കുന്നത്. സ്‌നേഹത്തിന്റെയും ആര്‍ദ്രതയുടെയും അഭാവത്തില്‍, ബലാത്സംഗത്തിന്നു വേണ്ടിയുള്ള വെറുമൊരു കല്പിത കഥ മാത്രമായിരിക്കും വിവാഹം.
 

വിവ : സല്‍വാ 

Related Articles