Current Date

Search
Close this search box.
Search
Close this search box.

രണ്ടാനമ്മ എങ്ങനെയായിരിക്കണം?

Mother.jpg

വിഭാര്യനായ പുരുഷനില്‍ നിന്ന് ഏറെ വ്യത്യസ്തയാണ് വിധവയായ സ്ത്രീ. ഭര്‍ത്താക്കന്‍മാരുടെ വിയോഗത്തിന് ശേഷം മക്കള്‍ക്കായി ജീവിതം ഉഴിഞ്ഞുവെക്കുന്നവരാണ് അധിക സ്ത്രീകളും. തങ്ങളുടെ മക്കള്‍ക്ക് മേല്‍ മറ്റൊരു പുരുഷന്‍ വരുന്നത് പലപ്പോഴും അവര്‍ക്ക് അംഗീകരിക്കാനാവില്ല. ജീവിതത്തിലെ പ്രയാസങ്ങളും ഉത്തരവാദിത്വങ്ങളും ഒറ്റക്ക് ഏറ്റെടുക്കുകയാണവര്‍ ചെയ്യുന്നത്. അല്ലാഹുവില്‍ അഭയം കണ്ടെത്തുന്ന അവര്‍ക്ക് തുണയായി അല്ലാഹു ഉണ്ടാവും.

അതേസമയം പുരുഷന് ഭാര്യയുടെ മരണത്തിന് ശേഷം പൊതുവെ ഒറ്റക്ക് ജീവിക്കാന്‍ പ്രയാസമാണ്. സ്വസ്ഥതയോടെ ജീവിതം ശീലമാക്കിയ അവര്‍ക്ക് മക്കളെ വളര്‍ത്തല്‍ ഭാരിച്ച ഉത്തരവാദിത്വമായിട്ടാണ് അനുഭവപ്പെടുക. അത് ഒറ്റക്ക് വഹിക്കാന്‍ സാധിക്കാത്തിനാല്‍ മറ്റൊരു വിവാഹത്തിന് സന്നദ്ധരാവുന്നു. എന്നാല്‍ പുതിയ ജീവിത പങ്കാളിയെ തെരെഞ്ഞെടുക്കുന്നതില്‍ ചില പുരുഷന്‍മാര്‍ക്ക് വീഴ്ച്ച പറ്റാറുണ്ട്. ഉമ്മയെ പിരിഞ്ഞ മക്കളുടെ വേദനകള്‍ക്ക് ആശ്വാസമേകുന്നതിന് പകരം കൂടുതല്‍ വേദന സമ്മാനിക്കുന്ന രണ്ടാനമ്മമാര്‍ എത്രയോ ഉണ്ട്.

രണ്ടാനമ്മമാരെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ പൊതുവെ നല്ല ഒരു ധാരണയല്ല നിലനില്‍ക്കുന്നത്. എന്തൊക്കെ കാല്‍വെപ്പുകളിലൂടെ ആ ധാരണയെ തിരുത്താന്‍ നമുക്ക് സാധിക്കുമെന്ന് നോക്കാം. അതില്‍ ഒന്നാമതായി വേണ്ടത് വിവാഹം ആഗ്രഹിക്കുന്ന വിഭാര്യന്‍ പുതിയ ജീവിത പങ്കാളിയുടെ തെരെഞ്ഞെടുപ്പ് നന്നാക്കുക എന്നതാണ്. മറ്റെന്തിനേക്കാളും അവളുടെ ദീനിനും സ്വഭാവത്തിനുമായിരിക്കണം പരിഗണന നല്‍കേണ്ടത്. കാരണം അവളെ ഏല്‍പിക്കാനിരിക്കുന്ന ദൗത്യനിര്‍വഹണത്തിന് അത്യന്താപേക്ഷിതമായ കാര്യങ്ങളാണ് വിശ്വാസവും സ്വഭാവമഹിമയും.

പിതാവിന്റെ ഭാര്യയായി വരുന്ന സ്ത്രീ തന്റെ ജീവിത യാത്രയില്‍ തന്നെ കൂടെകൂട്ടിയ ഇണയുടെ വിശ്വാസം നേടിയെടുക്കണം. അദ്ദേഹത്തിന്റെ ജീവിത യാത്രയില്‍ പ്രതിബന്ധങ്ങള്‍ തീര്‍ക്കുന്നതിന് പകരം വിജയത്തിലേക്ക് വഴിയൊരുക്കുന്നവളായിരിക്കണം അവള്‍. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തില്‍ വിശ്വസ്തയായിരിക്കണം അവള്‍. അവരുടെ കാര്യത്തില്‍, പ്രത്യേകിച്ചും ഭര്‍ത്താവിന്റെ അസാന്നിദ്ധ്യത്തില്‍ അല്ലാഹുവെ സൂക്ഷിക്കുന്നവളായിരിക്കുമവള്‍. കാരണം അല്ലാഹു സദാ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണല്ലോ. ഉമ്മ നഷ്ടപ്പെട്ട മക്കളെ പരിപാലിക്കുന്നതിലൂടെയും മനസ്സു തകര്‍ന്ന അവര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവളായി മാറുന്നതിലൂടെയും അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള പ്രതിഫലമാണവര്‍ കാംക്ഷിക്കുന്നത്.

ദയയും അനുകമ്പയും പുഞ്ചിരിയും നല്ല പെരുമാറ്റവും അവര്‍ പഠിച്ചെടുക്കേണ്ടത് അനിവാര്യമാണ്. ആ മക്കളെ വളര്‍ത്തുന്നതിന് നല്ല ക്ഷമയും അവര്‍ക്ക് വേണ്ടിവരും. മക്കളെ വളര്‍ത്തല്‍ തന്നെ ഏറെ ക്ഷമ ആവശ്യമുള്ള ഒന്നാണ്. അപ്പോള്‍ അവര്‍ സ്വന്തം മക്കളല്ലാതിരിക്കുമ്പോള്‍ കൂടുതല്‍ ക്ഷമ ആവശ്യമായരിക്കും. പ്രയാസകരമായ ഉത്തരവാദിത്വമാണത്. അതേസമയം സദുദ്ദേശ്യത്തോടെ അവ ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന് തീര്‍ച്ച.

ശാരീരികമായോ വാക്കുകളാലോ മക്കളെ വേദനിപ്പിക്കുന്നവരായി പിതാവിന്റെ ഭാര്യ മാറരുത്. അവരെ ഏറ്റവും നല്ല പേരുകള്‍ വിളിക്കുകയും അവരുടെ കുറവുകള്‍ മറ്റുള്ളവരുടെ മുമ്പില്‍ പ്രകടിപ്പിക്കാതിരിക്കുകയും വേണം. സ്വന്തം മക്കള്‍ക്കും അവര്‍ക്കുമിടയിലെ പെരുമാറ്റത്തില്‍ യാതൊരു വിവേചനവും കാണിക്കുകയും അരുത്. അല്ലാഹുവിന്റെ മുമ്പില്‍ ചോദ്യം ചെയ്യപ്പെടുന്ന ഉത്തരവാദിത്വമാണതെന്ന ബോധം സദാ ഉണ്ടായിരിക്കണം. ഒരു ഉമ്മയുടെയും കൂട്ടുകാരിയുടെയും സ്ഥാനത്ത് നിന്ന് അവര്‍ക്ക് സ്‌നേഹവും സാന്ത്വനവും പകരാന്‍ അവര്‍ക്ക് സാധിക്കണം. ഉമ്മ നഷ്ടപ്പെട്ട ആ മക്കളെ വളര്‍ത്തുന്നത് ഭാവിയില്‍ അവര്‍ക്ക് ഗുണം ചെയ്യും. വാര്‍ധക്യത്തില്‍ മറ്റാരും സഹായിക്കാനില്ലാത്തപ്പോള്‍ ഒരുപക്ഷേ അവര്‍ മാത്രമായിരിക്കും സഹായത്തിനുണ്ടാവുക. ”നന്മയുടെ പ്രതിഫലം നന്മയല്ലാതെ മറ്റെന്ത്?” എന്ന ദൈവിക വചനം മറക്കരുത്.

മക്കള്‍ക്കെതിരെ കുതന്ത്രങ്ങള്‍ പ്രയോഗിക്കുന്നതും ചെറുതും വലുതുമായ കാര്യങ്ങളുടെ പേരില്‍ അവര്‍ക്കെതിരെ ഭര്‍ത്താവിനോട് പരാതി പറയുന്നതും സൂക്ഷിക്കണം. മക്കള്‍ക്ക് നേരെ പിതാവ് ദേഷ്യപ്പെടുന്നതിന് അത് കാരണമാവും. അതിന്റെ പേരില്‍ അവരെ ശകാരിക്കുകയും അടിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ ഇങ്ങനെ ചെയ്യുന്ന എത്രയോ രണ്ടാനമ്മമാരുണ്ടെന്നത് ദുഖകരമാണ്. എല്ലാവര്‍ക്കുമിടയില്‍ വെറുപ്പും വിദ്വേഷവും വിതക്കുന്ന കാര്യമാണിതെന്ന് ഓര്‍ക്കണം. കൂടുതല്‍ വീട്ടുജോലികള്‍ ഏല്‍പിച്ച് അവരെ പ്രയാസപ്പെടുത്തുകയും അരുത്.

മക്കള്‍ സന്തുഷ്ടരും പഠനത്തില്‍ മുന്നേറുന്നവരും സല്‍സ്വഭാവത്തിന്റെ ഉടമകളുമായി മാറുമ്പോള്‍ അതിലൂടെ ഭര്‍ത്താവിന്റെ മനസ്സില്‍ ഇടം പിടിക്കാനുള്ള കവാടമാണ് തുറക്കപ്പെടുന്നത്. ആദ്യ ഭാര്യയുടെ വിയോഗത്തില്‍ അല്ലാഹു നല്‍കിയ സമ്മാനമായി ഭര്‍ത്താവ് അവളെ മനസ്സിലാക്കും. ആ ബന്ധത്തിന്റെ പേരില്‍ ഒരിക്കലും അയാള്‍ ഖേദിക്കുകയില്ല. അതിലൂടെ ഇഹലോകത്ത് ഭര്‍ത്താവിന്റെ സ്‌നേഹവും ജനങ്ങളുടെ ആദരവും നേടാന്‍ അവള്‍ക്ക് സാധിക്കും. പരലോകത്തും മഹത്തായ പ്രതിഫലമാണ് അത്തരക്കാരെ കാത്തിരിക്കുന്നത്.

Related Articles