Current Date

Search
Close this search box.
Search
Close this search box.

പ്രണയമൂറുന്ന വാക്കുകള്‍ കൊണ്ട് ഭര്‍ത്താവിനെ സ്വീകരിക്കുന്നവള്‍

family.jpg

ചില സംഭവ കഥകളാണ് ചുവടെ…
വൈകുന്നേരം വരെ ജോലി ചെയ്ത് തളര്‍ന്ന് വീട്ടിലേക്ക് മടങ്ങി വരുന്ന ഭര്‍ത്താവ്. അദ്ദേഹത്തിന്റെ മുന്നില്‍ ആവശ്യങ്ങളുടെയും പരാതികളുടെയും ഒരു നീണ്ട ലിസ്റ്റ് സമര്‍പ്പിക്കുകയാണ് ഭാര്യ. നിങ്ങളുടെ മകന്‍ ഇന്നത് ചെയ്തു, നമുക്ക് ഇന്നയിന്ന സാധനങ്ങളൊക്കെ വേണം, ഇന്ന് ഇന്ന സംഭവമുണ്ടായി തുടങ്ങി പരാതികളുടെയും ആവലാതികളുടെയും ഭാണ്ഡം ഭര്‍ത്താവിന് മുന്നില്‍ തുറന്ന് വെക്കുന്നു.
മറ്റൊരു ഭര്‍ത്താവ്. വീട്ടില്‍ കടന്ന് വന്നിട്ട് നിമിഷങ്ങളായിട്ടേ ഉള്ളൂ. ഭാര്യ ജോലിത്തിരക്കിലാണ്. അവള്‍ വാഷിംഗ് മെഷീന്‍ ഉപയോഗിക്കുകയോ, അകം അടിച്ച് വാരുകയോ ആണ്. അവള്‍ക്ക് അദ്ദേഹത്തെ സ്വീകരിക്കാനോ, സാന്ത്വനിപ്പിക്കാനോ സമയം ലഭിച്ചിട്ടില്ല.
ഇനിയുമൊരു ഭര്‍ത്താവ് ജോലിസ്ഥലത്ത് നിന്ന് നേരെ ബെഡ്‌റൂമിലേക്കാണ് മടങ്ങുന്നത്. വിളക്കണച്ച് ശാന്തമായി ഉറങ്ങുന്നു. ഉണര്‍ന്ന് ചുടുചായ മോന്തി വാര്‍ത്തകള്‍ വായിക്കുന്നു. അദ്ദേഹത്തിന് ശബ്ദകോലാഹലങ്ങളോ, ചോദ്യങ്ങളോ അന്വേഷണങ്ങളോ ഇഷ്ടമല്ല.

സഹോദരിമാരെ,
പുരുഷനെ സംബന്ധിച്ചിടത്തോളം ശാന്തി ഭാര്യയും വീടുമാണ്. ഭാര്യയുടെ അഭാവത്തില്‍ വീട്ടിലദ്ദേഹത്തിന് സന്തോഷമില്ല. അതിനാലാണ് ‘നിങ്ങള്‍ വീട്ടില്‍ താമസിക്കുകയും ആദ്യകാല ജാഹിലിയ്യത്തിലേത് പോലെ അഴിഞ്ഞാടാതിരിക്കുകയും ചെയ്യുക’യെന്ന് ഖുര്‍ആന്‍ സഹോദരമാരോട് കല്‍പിച്ചത്. ഒരു നിലക്കും വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നല്ല അതിന്റെ അര്‍ത്ഥം. മറിച്ച് സ്ത്രീയുടെ അടിസ്ഥാം വീടായിരിക്കണമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയാണ് ചെയ്യുന്നത്.
അരാജകത്വം നിറഞ്ഞ വലിയ കൊട്ടാരത്തേക്കാള്‍, വ്യവസ്ഥാപിതമായ മനോഹര കൊച്ചുവീടിനാണ് പുരുഷന്മാര്‍ മുന്‍ഗണന നല്‍കുന്നത്. സമയം തെറ്റിയ ആഹാരം, അര്‍ധരാത്രിയായിട്ടും കഴുകിയിട്ടില്ലാത്ത പാത്രങ്ങള്‍, കുളിമുറിയില്‍ കെട്ടിക്കിടക്കുന്ന വെള്ളം തുടങ്ങിയ കാര്യങ്ങളൊക്കെയും ഗൃഹഭരണത്തിന്റെ പോരായ്മയെയാണ് കുറിക്കുന്നത്. ഇതൊക്കെ കാണുന്ന ഭര്‍ത്താവിന് വീട്ടിനേക്കാള്‍ പ്രിയം പുറത്ത് ചെലവഴിക്കുന്നതിനായിരിക്കും.
ജോലിസ്ഥലത്ത് നിന്ന് മടങ്ങുന്ന ഭര്‍ത്താവിന് വീട്ടില്‍ ലഭിക്കേണ്ടത് ശാന്തതയാണ്. അതിനാല്‍ തന്നെ ആവലാതികളും ആവശ്യങ്ങളും നിരത്തിവെച്ച് അദ്ദേഹത്തെ മുഷിപ്പിക്കരുത്. ഒരു ഫ്രഷ് ജ്യൂസ് അല്ലെങ്കില്‍ നല്ല ഒരു കുളി തുടങ്ങിയ കാര്യങ്ങളായിരിക്കും അദ്ദേഹത്തിന് ആവശ്യം.

വീട്ടിലേക്ക് കയറി വരുന്ന ഇണയെ മധുരമൂറുന്ന വാക്കുകളുമായി സ്വീകരിക്കണം. അദ്ദേഹത്തിന്റെ കയ്യിലുള്ളത് വാങ്ങി, കൊണ്ട് വന്നതില്‍ സന്തോഷവും നന്ദിയും പ്രകടിപ്പിക്കണം. നല്ല വര്‍ത്തമാനത്തിന്റെ ഭാഗമാണ് അത്. നബി തിരുമേനി (സ) അരുള്‍ ചെയ്തു ‘സ്വര്‍ഗത്തില്‍ ചില കൊട്ടാരങ്ങളുണ്ട്. അതിന്റെ ഉള്‍ഭാഗം പുറത്ത് നിന്നും, പുറം ഭാഗം അകത്ത് നിന്നും കാണാം. ഇത് കേട്ട അബൂ മാലികില്‍ അശ്അരി ചോദിച്ചു. അതാര്‍ക്കാണ് പ്രവാചകരേ? അദ്ദേഹം പറഞ്ഞു ‘സംസാരം നന്നാക്കുകയും, ഭക്ഷണം നല്‍കുകയും, ജനങ്ങള്‍ ഉറങ്ങുമ്പോള്‍ എഴുന്നേറ്റ് നമസ്‌കരിക്കുകയും ചെയ്തവര്‍ക്കാണ്.’ (അത്തര്‍ഗീബ് വത്തര്‍ഹീബ് 3717)

നിന്റെ എല്ലാ പ്രശ്‌നങ്ങളും അരമണിക്കൂര്‍ കൂടി താമസിപ്പിക്കുക. വീട്ടിലേക്ക് കടന്ന് വരുമ്പോള്‍ സ്വാഗതമരുളുക. പ്രണയമൂറുന്ന വാക്കുകള്‍ കൊണ്ടാവട്ടെ അത്. നിന്റെ പ്രണയം മുഖത്തും, വസ്ത്രധാരണത്തിലും, പദപ്രയോഗത്തിലും, ആശയത്തിലും നിറഞ്ഞ് തുളുമ്പേണ്ടതുണ്ട്.

അദ്ദേഹം ഉറക്കമാണുദ്ദേശിക്കുന്നതെങ്കില്‍ പരിക്ഷീണിതനാണെന്നാണ് അതിന്റെ അര്‍ത്ഥം. അങ്ങനെയാണെങ്കില്‍ പിന്നെ ഒരു വിഷയവും ചര്‍ച്ചക്ക് വെക്കരുത്. ശബ്ദമുണ്ടാക്കുന്ന വീട്ട് ജോലികള്‍ ചെയ്ത് അദ്ദേഹത്തിന് പ്രയാസം സൃഷ്ടിക്കുക പോലുമരുത്.
നീ നിന്റെ ഇണക്ക് ആശ്വാസമാവുകയും ആശ്വാസമേകുകയും ചെയ്യുക. യാത്രക്കാരന്‍ തന്റെ ഭാണ്ഡം താഴെ വെച്ച് ഹൃദയഭാരം ഇറക്കി വെച്ച്, തണുത്ത മധുരിതമായ വെള്ളം കുടിച്ച് നിന്റെ സ്‌നേഹമൂറുന്ന തണലില്‍ അദ്ദേഹം വിശ്രമിക്കട്ടെ. അദ്ദേഹത്തിന്റെ എല്ലാ ദുഖവും പേറുന്ന ഹൃദയമായി നീ നിലകൊള്ളുക. അവയില്‍ നിന്ന് ദുഖം പറിച്ചെടുത്ത് അവിടെ സ്‌നേഹം നട്ട് പിടിപ്പിക്കുക.

ഭര്‍ത്താവിന്റെ ഹൃദയം കവര്‍ന്നെടുക്കാന്‍ ഒട്ടേറെ വഴികളുണ്ടെങ്കിലും അവയില്‍ ഏറ്റവും മുഖ്യമായത് അദ്ദേഹത്തോട് ചേര്‍ന്ന് നിലകൊള്ളുകയെന്നതാണ്. നല്ല വര്‍ത്തമാനങ്ങളും, സല്‍പെരുമാറ്റവും, ആകര്‍ഷണീയമായ പുഞ്ചിരിയുമായി ഭര്‍ത്താവിനോടൊപ്പം നില്‍ക്കുന്നവളാണ് ബുദ്ധിമതിയായ ഇണ. പ്രതികൂല സാഹചര്യത്തില്‍ പ്രവാചകനോടൊപ്പം ഉറച്ച് നിന്ന, അതിരറ്റ് സ്‌നേഹിച്ച, സകല വാല്‍സല്യങ്ങളും പകര്‍ന്ന് നല്‍കിയ മഹതിയായ ഖദീജ (റ) നിനക്ക് മാതൃകയാണ്.

അങ്ങിനെയാവുമ്പോള്‍ അദ്ദേഹത്തിന്റെ ഹൃദയത്തിലുള്ളത് കണ്ണുകളില്‍ വായിച്ചെടുക്കാന്‍ നിനക്ക് സാധിക്കും. വാരിയെല്ലുകള്‍ മടക്കി വെച്ചത് ശബ്ദത്തില്‍ നിന്ന് നീ മനസ്സിലാക്കും. അദ്ദേഹത്തിന് ദുഖം ബാധിച്ചാല്‍ ശാന്തതയോടെ അടുത്ത് വന്ന്, വിനയത്തോടെ ചേര്‍ന്നിരുന്ന്, കൈ നൈര്‍മല്യത്തോടെ പിടിച്ച്, അതിന് മേല്‍ സാന്ത്വനമായി തലോടി അദ്ദേഹത്തിന്റെ ദുഖം ഊറ്റിയെടുക്കാന്‍, വേദന ശമിപ്പിക്കാന്‍ നിനക്ക് സാധിക്കും.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 

Related Articles