Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യ ജീവിതത്തില്‍ രക്ഷിതാക്കള്‍ ഇടപെടുമ്പോള്‍

grandma-pray.jpg

അമ്മായിയമ്മയും മരുമകളും തമ്മില്‍ തര്‍ക്കം നടക്കുമ്പോള്‍ ആരാണ് വിട്ടുകൊടുക്കേണ്ടത്? ഈയടുത്ത് ഒരാള്‍ എന്നോട് ചോദിച്ച ചോദ്യമാണിത്. ഒറ്റവാക്കില്‍ ഉത്തരം നല്‍കാവുന്ന ഒരു ചോദ്യമല്ല ഇത്. തങ്ങളാണ് ശരി എന്നാണ് ഇരുവരും കരുതുന്നത്. അമ്മായിയമ്മ തങ്ങളുടെ ദാമ്പത്യത്തില്‍ അനാവശ്യമായി ഇടപെടുകയാണെന്നാണ് യുവതിയായ ഭാര്യ കരുതുന്നത്. വസ്ത്രധാരണം, ഭര്‍ത്താവിനൊപ്പമുള്ള പുറത്തു പോക്ക് തുടങ്ങിയ എല്ലാ കാര്യത്തിലും അവര്‍ തന്നെ കുറ്റപ്പെടുത്തുകയാണെന്നാണ് അവള്‍ പറയുന്നത്. മരുമകള്‍ വീട്ടുകാര്യങ്ങളില്‍ തന്നെ സഹായിക്കുന്നില്ലെന്നതാണ് അമ്മായിയമ്മയുടെ പരാതി. കുട്ടികളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും അപരിചിതരുടെ വരെ മുന്നില്‍ വെച്ചോ ഫോണിലോ അമ്മായിയമ്മ തന്നെ കുറിച്ച് മോശമായി സംസാരിക്കുന്നു എന്നതാണ് മരുമകളുടെ ഏറ്റവും വലിയ പരാതി. മറ്റു മരുമക്കളും പെണ്‍മക്കളുമായിട്ടാണവളെ അവര്‍ താരതമ്യം ചെയ്യുന്നത്. മാതാപിതാക്കള്‍ എന്തുതന്നെ പറയുകയും ചെയ്യുകയും ചെയ്താലും അവരെ ആദരിക്കാനും ക്ഷമിക്കാനും പറഞ്ഞ് എപ്പോഴും അവരെ പിന്തുണക്കുന്ന ഭര്‍ത്താവിന്റെ നിലപാടും അവളെ പ്രയാസപ്പെടുത്തുന്നു. മകനും മരുമകനും കൂട്ടുകുടുംബമായി തങ്ങള്‍ക്കൊപ്പം തന്നെ ജീവിക്കണമെന്ന മാതാപിതാക്കളുടെ ആവശ്യം ഭര്‍ത്താവിനൊപ്പമുള്ള സ്വന്തമായ ഒരു വീടെന്ന അവളുടെ സ്വപ്‌നവും തകര്‍ക്കുന്നു.

അതേസമയം മറുവശത്ത് മരുമകള്‍ അഹങ്കാരിയും തങ്ങളെ ആദരിക്കാത്തവളുമാണെന്ന് അമ്മായിയമ്മയും പരാതിപ്പെടുന്നു. അവള്‍ തന്റെ വാക്കുകള്‍ക്ക് ചെവികൊടുക്കുകയോ തങ്ങളാവശ്യപ്പെടുന്നത് ചെയ്തു കൊടുക്കുകയോ ചെയ്യുന്നില്ലെന്നും, മകനെ തന്നില്‍ നിന്ന് അകറ്റുകയാണെന്നുമാണ് അവര്‍ പറയുന്നത്.

മക്കള്‍ക്ക് ഇണകളെ കണ്ടെത്തുന്നതില്‍ പരമ്പരാഗതമായി മാതാപിതാക്കള്‍ ഒരു പങ്ക് വഹിക്കുന്നുണ്ട്. സന്താനപരിപാലനം, ദാമ്പത്യ പ്രശ്‌നപരിഹാരം തുടങ്ങിയ തലങ്ങളില്‍ പ്രായോഗിക സഹായങ്ങള്‍ നല്‍കി മിക്കപ്പോഴും ആ പങ്ക് അവര്‍ തുടരുകയും ചെയ്യുന്നു. എന്നാല്‍ ചില രക്ഷിതാക്കള്‍ അതിന്റെ പരിധി മറികടന്ന് ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അവര്‍ക്ക് ഉപദേശം നല്‍കാന്‍ മുതിരുന്നു. മക്കള്‍ക്ക് ആ ഉപദേശം ആവശ്യമുണ്ടോ ഇല്ലയോ എന്നതൊന്നും അവര്‍ കാര്യമാക്കുകയില്ല. മിക്ക രക്ഷിതാക്കളും മക്കളുടെ നന്മയാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ചില ഇടപെടലുകള്‍ ദോഷഫലമായിരിക്കാം ഉണ്ടാക്കുന്നത്. ഡോ. ജൂലി മക്ഫാര്‍ലേന്‍ തന്റെ ‘Islamic Divorce in North America’ എന്ന പുസ്തകത്തിന് വേണ്ടി വിവാഹമോചിതരായ 200 അമേരിക്കന്‍ മുസ്‌ലിംകളുമായി അഭിമുഖം നടത്തി. കുടുംബത്തിന്റെ ഇടപെടല്‍ തങ്ങള്‍ക്ക് സഹായകമായി വര്‍ത്തിച്ചിരുന്നുവെന്ന് അതില്‍ പങ്കെടുത്ത ചിലര്‍ അഭിപ്രായപ്പെട്ടു. അതേസമയം രക്ഷിതാക്കളുടെയോ കുടുംബത്തിന്റെ ഇടപെടലുകള്‍ ഇല്ലാതെ ഞങ്ങള്‍ (ദമ്പതികള്‍) നേരിട്ട് വര്‍ത്തിച്ചിരുന്നുവെങ്കില്‍ എന്നാണ് മറ്റുള്ളവര്‍ ആഗ്രഹം പ്രകടിപ്പിച്ചത്.

കാലത്തിന്റെ മാറ്റത്തിനനുസരിച്ച് സമൂഹം പുതിയ മാതൃകകള്‍ തേടുകയാണ്. ദാമ്പത്യ ബന്ധങ്ങളും പുനര്‍നിര്‍വചിക്കപ്പെട്ടിരിക്കുന്നു. നവദമ്പതികള്‍ ആഗ്രഹിക്കുന്നത് സ്വാതന്ത്ര്യമാണ്. വിവാഹത്തിന് മുമ്പ് തന്നെ ഇണയുമായി സോഷ്യല്‍ മീഡിയകളിലൂടെ ബന്ധം സംവദിച്ചവരാണ് പല ദമ്പതികളും. പല സ്ഥലങ്ങളിലും ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നവരാണ്. അഥവാ ഇരുവരും സാമ്പത്തികമായും സ്വതന്ത്രരാണ്. ബന്ധങ്ങള്‍ക്കും പഴയതില്‍ നിന്നും വ്യത്യസ്തമായ നിര്‍വചനങ്ങളുണ്ടായിരിക്കുന്നു. പല രക്ഷിതാക്കളും ഇന്നിന്റെ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനാവാതെ ഭൂതകാലത്തില്‍ തന്നെ കുടുങ്ങിക്കിടക്കുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

വെര്‍ജീനിയയിലെ ADAMS സെന്ററിന്റെ ആവശ്യപ്രകാരം ജോര്‍ജ് മാസണ്‍ യൂണിവേഴ്‌സിറ്റി 2011 ഒരു സര്‍വേ നടത്തിയിരുന്നു. ദാമ്പത്യ ജീവിതത്തില്‍ വീട്ടുകാര്‍ നടത്തുന്ന ഇടപെടലുകളാണ് ദാമ്പത്യത്തിലെ ഏറ്റവും വലിയ പ്രശ്‌നമായി പ്രസ്തുത സര്‍വേ കണ്ടെത്തിയത്. ദമ്പതികളെ കൗണ്‍സലിങിന് നടത്തുമ്പോള്‍ മുഴച്ചു നില്‍ക്കുന്ന ഒരു പ്രശ്‌നമായി ഞങ്ങളും അത് കാണാറുണ്ട്. ഭര്‍ത്താവ് മിക്കപ്പോഴും ഭാര്യക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ കുരുക്കില്‍ പെട്ട അവസ്ഥയിലായിരിക്കും. പ്രീമരീറ്റല്‍ കൗസലിങ് സെഷനുകളില്‍ യുവതീയുവാക്കളോട് ഞാന്‍ ചോദിക്കാറുള്ള ഒരു ചോദ്യമാണ് ‘നിങ്ങളുടെ ഇണക്കും നിങ്ങളുടെ കുടുംബത്തിനും ഇടയില്‍ ഒരു തര്‍ക്കമുണ്ടായാല്‍ നിങ്ങള്‍ ആരെയാണ് പിന്തുണക്കുക? ‘ഞങ്ങള്‍ ശരിയുടെ പക്ഷത്ത് നില്‍ക്കും’ എന്ന മറുപടിയാണ് മിക്കവരും നല്‍കാറുള്ളത്. യുക്തിയുടെ അടിസ്ഥാനത്തിലുള്ള ഒരു മറുപടിയായിട്ടാണ് ഞാനതിനെ കാണുന്നത്. തന്റെ മകന്‍/ മകള്‍ തന്നെ പിന്തുണക്കണമെന്നാണ് എപ്പോഴും മാതാപിതാക്കള്‍ ആഗ്രഹിക്കുക. പലപ്പോഴും നല്ലതല്ലാത്ത ഒരു സമീപനത്തിലേക്കാണത് എത്തിക്കുക. ഇതുമായി ബന്ധപ്പെട്ട ചില നിര്‍ദേശങ്ങള്‍ നിങ്ങളുടെ മുമ്പില്‍ വെക്കുകയാണ്.

യുവതീയുവാക്കളോട്:
1. മുതിര്‍ന്നവരോട്, പ്രത്യേകിച്ചും രക്ഷിതാക്കളോടുള്ള ആദരവ് പരമപ്രധാനമാണ്. അത് കാത്തുസൂക്ഷിക്കുക.
2. അവരുടെ ആഗ്രഹങ്ങളെ അവഗണിക്കരുത്. നിങ്ങള്‍ക്ക് അംഗീകരിക്കാനാവാത്തതാണ് അവയെങ്കില്‍ ആദരവോടെയും മാന്യമായും അത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കുക. മുതിര്‍ന്നവര്‍ അനാദരവായി പരിഗണിക്കുന്ന രീതിയില്‍ യുവതീയുവാക്കള്‍ പ്രതികരിക്കുന്നതാണ് പലപ്പോഴും പ്രശ്‌നങ്ങളെ മൂര്‍ഛിപ്പിക്കുന്നത്. കാഴ്ച്ചപാടുകളാണ് പല തെറ്റിധാരണകളുടെയും പിന്നിലെന്ന് ഓര്‍ക്കുക.
3. ‘ഉമ്മാ, ഉപ്പാ ഞങ്ങള്‍ വിവാഹം കഴിഞ്ഞവരാണ്. നിങ്ങളുടെ അഭിപ്രായത്തെയും ഉപദേശത്തെയും ഞങ്ങള്‍ മാനിക്കുന്നു. എന്നാല്‍ ഓരോരോ ചെറിയ കാര്യങ്ങളിലും നിങ്ങളിടപെടുന്നതിന് പകരം ഞങ്ങളുടെ തന്നെ വീഴ്ച്ചകളിലൂടെ പഠിക്കാന്‍ എന്താണ് നിങ്ങള്‍ അനുവദിക്കാത്തത്?’ എന്ന് ദമ്പതികളിലോരോരുത്തര്‍ക്കും തങ്ങളുടെ സ്വന്തം കുടുംബത്തോട് ചോദിക്കാവുന്നതാണ്.
4. മുതിര്‍ന്നവരെ സംബന്ധിച്ചടത്തോളം അവരുടെ പഴകിയ ശീലങ്ങള്‍ മാറ്റിയെടുക്കാന്‍ പ്രയാസമാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. അവരുടെ മുഴുവന്‍ ആഗ്രഹങ്ങളും നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ ജീവിതത്തെ ബാധിക്കാത്ത ചിലതെല്ലാം സ്വീകരിക്കാന്‍ തയ്യാറാവണം.
5. വിഷയത്തേക്കാളുപരി നിങ്ങള്‍ പ്രതികരിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രീതിയാണ് പ്രധാനം. പ്രതികരിക്കുന്നതിന്റെ ശൈലിയാണ് പലപ്പോഴും അനാരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത്.
6. ഒരു ദിവസം നിങ്ങളും രക്ഷിതാവായി മാറുമെന്ന കാര്യം ഓര്‍ക്കുക.

രക്ഷിതാക്കളോട്:
1. കാലം മാറിയിരിക്കുന്നു. അതിനൊപ്പം മാറാന്‍ നിങ്ങളും പരിശീലിക്കുക.
2. മക്കള്‍ക്ക് ഇണയെ തേടുമ്പോള്‍ നിങ്ങളുടെ അഭിപ്രായം അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കരുത്. അവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അവര്‍ക്ക് വിടുകയാണ് വേണ്ടത്. അവര്‍ക്കൊപ്പം ജീവിതം പങ്കിടാനുള്ള ആളെയാണ് തെരെഞ്ഞെടുക്കുന്നത് എന്നതാണ് എല്ലാറ്റിലുമുപരിയായി പരിഗണിക്കേണ്ടത്.
3. ക്ഷമാശീലരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ചില വീഴ്ച്ചകളൊക്കെ സംഭവിച്ചാലും അതില്‍ നിന്ന് പാഠം പഠിക്കാന്‍ അവരെ അനുവദിക്കുക.
4. നിങ്ങളുടെ മരുമകള്‍ നിങ്ങളുടെ മകള്‍ തന്നെയാണിപ്പോള്‍. മകളോടെന്ന പോലെ അവളോട് പെരുമാറുക. അവളെ വിമര്‍ശിക്കുന്നത് രഹസ്യമായിട്ടായിരിക്കണം. പരസ്യമായ വിമര്‍ശനം ഗുണകരമാവില്ലെന്നോര്‍ക്കുക.
5. യുവദമ്പതികള്‍ എന്ന നിലയില്‍ അവര്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കുക. നിബന്ധനകളും വ്യവസ്ഥകളും അവര്‍ക്ക് മേല്‍ അടിച്ചേല്‍പിക്കരുത്.
6. വിവാഹം കഴിഞ്ഞ സമയത്ത് ഭര്‍തൃ വീട്ടുകാരുടെ ഇടപെടല്‍ ഉണ്ടാവരുതെന്ന് നിങ്ങളും ആഗ്രഹിച്ചിരുന്നു എന്ന കാര്യം ഓര്‍ക്കുക.
7. അവരുടെ തെറ്റുകളെ അവഗണിക്കുക. ഒരിക്കല്‍ നബി(സ) അനുചരന്‍മാരോട് ചോദിച്ചു: ‘അല്ലാഹു നിങ്ങള്‍ക്ക് പൊറുത്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ മറ്റുള്ളവര്‍ക്ക് നിങ്ങള്‍ പൊറുത്തു കൊടുക്കുക.”

ജീവിത പ്രശ്‌നങ്ങളെ നേരിടാന്‍ മുന്നൊരുക്കം നടത്തുകയെന്നതും പ്രധാനമാണ്. ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനും സന്തോഷകരമായ ഒരു ഗാര്‍ഹികാന്തരീക്ഷം ഒരുക്കാനും വിവാഹത്തിന് മുമ്പോ ശേഷമോ നടക്കുന്ന കൗണ്‍സലിങ്ങുകള്‍ സഹായകമാണെന്നാണ് പഠനങ്ങളും അനുഭവങ്ങളും തെളിയിക്കുന്നത്.

Related Articles