Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യ ജീവിതത്തിന്റെ അടിത്തറകള്‍

hands.jpg

എല്ലാംകൊണ്ടും വ്യതിരിക്തമാണ് വിവാഹചടങ്ങ്. ആര്‍ഭാടങ്ങളിലും അണിഞ്ഞൊരുങ്ങലിലും പ്രസ്തുത ദിവസം എല്ലാവരും ശ്രദ്ധപുലര്‍ത്താറുണ്ട്. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും സംഗമദിനമായിരിക്കും വിവാഹനാള്‍. ഈ പൊലിമതീരുന്നതിന് മുമ്പ് വധൂവരന്മാര്‍ മണിയറയില്‍ ഒറ്റക്കാവുന്നു. അവിടെനിന്ന് അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നു. എന്നാല്‍ ജീവിതം മുഴുവന്‍ ഇതുപോലെ സുഖവും സന്തോഷവുമാണെന്ന് ഒരാളും തെറ്റിദ്ധരിക്കരുത്. അനിവാര്യമായ കയറ്റിറക്കങ്ങള്‍ എല്ലാവരുടെ ജീവിതത്തിലുമുണ്ടാവും. അതുകൊണ്ട്തന്നെ വിവാഹദിനത്തിലെ പൊലിമകള്‍ക്കപ്പുറത്ത് ചില യാഥാര്‍ഥ്യങ്ങള്‍ ജീവിതത്തിലുണ്ടാവാനുണ്ടെന്ന് ദമ്പതികള്‍ മനസ്സലാക്കണം. ആദ്യ ദിനം മുതല്‍ തന്നെ സുന്ദരമായ ദാമ്പത്യ ജീവിതത്തിന്റെ അടിത്തറകള്‍ കെട്ടിപ്പടുക്കാന്‍ നവമിഥുനങ്ങള്‍ക്കാവണം. ഇത്തരം അടിത്തറകള്‍ കെട്ടിപ്പടുക്കുന്നതിന് ചില പ്രധാന കാര്യങ്ങള്‍ ദമ്പതികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവയില്‍ ചിലതാണ് താഴെ:-

1) ഉദ്ദേശശുദ്ധി:
പ്രവര്‍ത്തികളെ ആരാധനയെന്നും ആചാരമെന്നും വേര്‍തിരിക്കുന്നത് ഉദ്ദേശമാണ്. പ്രവാചകന്റെ ചര്യപിന്തുടരുക, കണ്ണിനെയും വികാരങ്ങളെയും ഗുഹ്യാവയവങ്ങളെയും സൂക്ഷിക്കുക, നല്ലൊരു ഇസ്‌ലാമിക വീടും കുടുംബവും കെട്ടിപ്പടുക്കുക, സച്ചരിതരും ഇസ്‌ലാമിന് ഉപകാരം ചെയ്യുന്നവരുമായ സന്താനങ്ങളെ ഉല്‍പാദിപ്പിക്കുക, ദമ്പതികളിലെ ഇരുപേരുടെയും ദീനിനെയും വിശ്വാസങ്ങളെയും സംരക്ഷിക്കുക തുടങ്ങിയ ഉദ്ദേശങ്ങളാണ് ഇസ്‌ലാമില്‍ അനുവദിക്കപ്പെട്ടിരിക്കുന്നത്. ഇത്തരം നല്ല ഉദ്ദേശങ്ങളോടെ വിവാഹിതരായ ദമ്പതികള്‍ക്ക് ദാമ്പത്യ സൗഭാഗ്യം ഉറപ്പാണ്. ഇഹത്തിലെ അനുഗ്രഹങ്ങള്‍ക്ക് പുറമെ മഹത്തായ പ്രതിഫലവും അവര്‍ക്ക് നല്‍കപ്പെടും. അവരുടെ ലൈംഗികബന്ധങ്ങളും ആരാധനയുടെ ഭാഗമായി കണക്കാക്കപ്പെടും.

2) അനുസരണത്തില്‍ പരസ്പരം സഹകരിക്കുക:
ദമ്പതികള്‍ പരസ്പരം നല്ലകാര്യങ്ങളിലും സല്‍പ്രവര്‍ത്തികളിലും സഹകരിക്കുകയും പരസ്പരം പ്രോത്സാഹിപ്പിക്കുകയും വേണം. എന്ത് സാഹസികമായ സല്‍കൃത്യങ്ങള്‍ക്കും ധൈര്യം നല്‍കുന്നതാകണം വൈവാഹികബന്ധം. പ്രവാചകന്‍ ഒരിക്കല്‍ പറഞ്ഞു: ‘രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുകയും തന്റെ ഭാര്യയെ എഴുന്നേല്‍പിച്ച് നമസ്‌കരിപ്പിക്കുകയും ചെയ്യുന്നവനെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. ഇനി അവള്‍ എഴുന്നേല്‍ക്കാന്‍ മടിച്ചാലോ, അവളുടെ മുഖത്ത് വെള്ളം തെളിച്ച് അവന്‍ അവളെ ഉണര്‍ത്തുന്നു. രാത്രി എഴുന്നേറ്റ് നമസ്‌കരിക്കുകയും തന്റെ ഭര്‍ത്താവിനെ നമസ്‌കാരത്തിനായി ഉണര്‍ത്തുകയും ചെയ്യുന്ന സ്ത്രീയെ അല്ലാഹു അനുഗ്രഹിച്ചിരിക്കുന്നു. അവന്‍ മടിക്കുകയാണെങ്കില്‍ അവള്‍ മുഖത്ത് വെള്ളംവീഴ്ത്തി അവനെ ഉണര്‍ത്തുന്നു.’

3) അല്ലാഹുവിന്റെ കല്‍പനക്ക് മുന്‍ഗണന നല്‍കുക:
ഒരു മുസ്‌ലിം വീടിന്റെ അടിത്തറ അല്ലാഹുവിന്റെ കല്‍പനകളായിരിക്കണം. കുടുംബത്തിലൂടെ സമുഹത്തില്‍ ഇസ്‌ലാം ഉണ്ടാക്കണമെന്ന് ആഗ്രഹിക്കുന്ന ഫലങ്ങള്‍ ലഭ്യമാകണമെങ്കില്‍ ഇത് അനിവാര്യമാണ്. അതുകൊണ്ട്തന്നെ ജീവിതത്തില്‍ എന്ത് പ്രതിസന്ധി അഭിമുഖീകരിച്ചാലും ദമ്പതികള്‍ അതിന് പരിഹാരം തേടേണ്ടത് ഖുര്‍ആനിലും സുന്നത്തിലുമാണ്. അത് പഠിക്കാന്‍ ശ്രമിക്കുകയെന്നത് ദാമ്പത്യ ജീവിതത്തിന്റെ അനിവാര്യതയാണ്. അല്ലാഹുവിന്റെയും പ്രവാചകന്റെയും വിധി ഒരു കാര്യത്തില്‍ കണ്ടെത്തിക്കഴിഞ്ഞാല്‍ പിന്നെ മറ്റ് കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കരുത്.

4) സ്‌നേഹവും കാരുണ്യവും:
ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കാനുള്ള അനിവാര്യമായ അസംസ്‌കൃത വസ്തുക്കളാണ് സ്‌നേഹവും കാരുണ്യവും പ്രണയവും സല്‍പെരുമാറ്റവും എന്നത്. ഈ ഗുണങ്ങള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലും പകര്‍ത്താന്‍ ദമ്പതികള്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്‌നേഹത്തോടൊപ്പം കാരുണ്യം വേണമെന്ന് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നതില്‍ വളരെ സുപ്രധാനമായ രഹസ്യമുണ്ട്. കാരണം യുവത്വവും പ്രസരിപ്പും കഴിഞ്ഞാലും ദാമ്പത്യം നിലനില്‍ക്കണമെങ്കില്‍ പരസ്പര കാരുണ്യം അനിവാര്യമാണ്.

5) തെറ്റുകളെ അവഗണിക്കാതിരിക്കുക:
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ സ്‌നേഹവും പ്രണയവും ഉണ്ടായിരിക്കും. എന്നാല്‍ ഈ സ്‌നേഹവും പരിഗണനയും ഒന്നും തന്റെ ഇണയില്‍ കാണുന്ന തെറ്റുകളെയും പിഴവുകളെയും തിരുത്തുന്നതിന് തടസ്സമാകരുത്. സ്‌നേഹത്തിന്റെ പേരില്‍ ഇസ്‌ലാമിക വിരുദ്ധമായ സംസ്‌കാരമോ വസ്ത്രധാരണരീതിയോ പ്രോത്സാഹിപ്പിക്കരുത്. ആരുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവണതകള്‍ കണ്ടാലും ഉടനെ അത് തിരുത്തണം. ഉത്തരവാദപ്പെട്ടവരുടെ നിശബ്ദതയാണ് ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങല്‍ പലപ്പോഴും സമൂഹത്തിലും മുസ്‌ലിം കുടുംബങ്ങളിലും വ്യാപിക്കാന്‍ കാരണമാകുന്നത്. സ്‌നേഹത്തിന്റെ പേരില്‍ ഇണകളെയും മക്കളെയും ദുര്‍മാര്‍ഗത്തിലാവാന്‍ അനുവദിക്കരുത്.

6) കോപം നിയന്ത്രിക്കാന്‍ പരസ്പരം സഹകരിക്കുക:
കോപം ദാമ്പത്യത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രണ്ട് കൈകളും കൂട്ടിമുട്ടിയാല്‍ മാത്രമേ ശബ്ദമുണ്ടാവുകയുള്ളൂ. അതുപോലെ ഭാര്യയും ഭര്‍ത്താവും മുന്‍കോപികളാണെങ്കില്‍ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടാവാന്‍ മറ്റൊന്നും സംഭവിക്കേണ്ടതില്ല. ചെറിയ കാര്യങ്ങളുടെ പേരില്‍ തന്നെ ഭാര്യാഭര്‍ത്താക്കന്മാര്‍ പോര് തുടങ്ങും. അതുകൊണ്ടുതന്നെ കോപം നിയന്ത്രിക്കാന്‍ പരസ്പരം സഹായിക്കുക എന്നത് ദാമ്പത്യ വിജയത്തിന് അനിവാര്യമാണ്. പ്രവാചകന്റെ അനുയായികളായിരുന്ന അബൂദര്‍ദാഇന്റെയും ഉമ്മുദര്‍ദാഇന്റെയും ചരിത്രം നല്‍കുന്ന പാഠം ഇതാണ്. അബൂദര്‍ദാഅ് കോപിച്ചാല്‍ ഉമ്മുദര്‍ദാഅ് മിണ്ടാതിരിക്കും, അദ്ദേഹത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കും. എന്നാല്‍ ഉമ്മുദര്‍ദാഅ് ദേശ്യപ്പെട്ടാല്‍ അബൂദര്‍ദാഅ് മിണ്ടാതിരിക്കും, അവരെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കും. ഇതായിരുന്നു അവരുടെ ദാമ്പത്യത്തിന്റെ വിജയരഹസ്യം. എത്ര യുക്തിപരമായ നിലപാടാണ് ഇതെന്ന് ഓര്‍ത്തുനോക്കുക. കാരണം ഇരുതലയിലും വാശിക്കാരാണെങ്കില്‍ ദാമ്പത്യമെന്നല്ല ഒരു സംരഭവും മുമ്പോട്ടുപോകില്ല. എത്ര വീടുകളാണ് ഇത്തരം സ്വഭാവങ്ങള്‍കൊണ്ട് നശിച്ചുപോകുന്നത്!

7) ദമ്പതികള്‍ മനുഷ്യരാണ്:
വിവാഹിതരാവുന്ന ആണും പെണ്ണും മനുഷ്യരാണ്. അവര്‍ക്ക് രണ്ടുപേര്‍ക്കും ജീവിതത്തില്‍ തെറ്റുകള്‍ സംഭവിക്കാന്‍ സാധ്യതകളുണ്ട്. ഈ സാധ്യത ഒരിക്കലും അവഗണിക്കാനാവില്ല. അതുകൊണ്ട്തന്നെ ദമ്പതിമാര്‍ തമ്മില്‍ തെറ്റുകുറ്റങ്ങള്‍ പരമാവധി വിട്ടുകൊടുക്കാനും പൊറുത്തുകൊടുക്കാനും പഠിക്കണം. ഒരു കാലം മുഴുവന്‍ ഉണ്ടായേക്കാവുന്ന നന്മ ഒരു ദിവസത്തെ ചെറിയ പിഴവുകൊണ്ട് ഇല്ലാതാക്കരുത്. എന്നാല്‍ തിരുത്തേണ്ട തരത്തിലുള്ള തെറ്റുകളാണ് ഉണ്ടാവുന്നതെങ്കില്‍ നിര്‍മലമായി അവ തീരുത്താന്‍ ദമ്പതികള്‍ ശ്രമിക്കണം.

8) രഹസ്യം സൂക്ഷിക്കുക:
ദമ്പതികളുടെ പരസ്പരം ബന്ധം സുദൃഢമാവണമെങ്കില്‍ അവര്‍ക്കിടയിലുള്ള രഹസ്യം മറ്റൊരാള്‍ അറിയാതിരിക്കല്‍ നിര്‍ബന്ധമാണ്. അത് എന്ത് രഹസ്യങ്ങളാണെങ്കിലും ശരി. ഇനി ദാമ്പത്യ ജീവിതത്തിലുള്ള പ്രശ്‌നങ്ങളാണെങ്കില്‍, അത് മറ്റുള്ളവര്‍ ഒരു നിലക്കും അറിയാതിരിക്കുന്നതാണ് നല്ലത്. കാരണം മറ്റുള്ളവര്‍ അറിയുന്നതോടെ പ്രശ്‌നങ്ങള്‍ വലുതാവുകയല്ലാതെ ഒരിക്കലും പരിഹരിക്കപ്പെടുകയില്ല.

9) പരസ്പരം മനസ്സിലാക്കുക, പങ്കുവെക്കുക:
ഭാര്യയും ഭര്‍ത്താവും നല്ലരീതിയില്‍ പരസ്പരം മനസ്സിലാക്കിയിരിക്കണം. മനസ്സിലാക്കാന്‍ സാധിക്കുന്ന തരത്തില്‍ ജീവിതത്തിലെ എല്ലാ കാര്യങ്ങളും പരസ്പരം പങ്കുവെക്കാന്‍ ഇണതുണകള്‍ ശ്രദ്ധിക്കണം. ഇരുവരുടെയും സങ്കല്‍പങ്ങളും ജീവിത വീക്ഷണങ്ങളും ജീവിത ലക്ഷ്യവും പരസ്പരം അറിയേണ്ടത് ദാമ്പത്യത്തിന്റെ അനിവാര്യതയാണ്. ഇല്ലെങ്കില്‍ ദാമ്പത്യ ജീവിതം ലക്ഷ്യത്തിലെത്തുകയില്ല. ദാമ്പത്യം ഇരുവരുടെയും ലക്ഷ്യ സാക്ഷാല്‍കാരത്തിന് മുമ്പില്‍ വലിയ തടസ്സമായി വരും.

10) കരാര്‍ പുതുക്കുക:
ഇത്തരം കാര്യങ്ങളെല്ലാം ജീവിതത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞാല്‍ ദാമ്പത്യം എല്ലാ കാലത്തും സുന്ദരമായ അനുഭവമായിത്തീരും. ഇവക്ക് പുറമേ ദമ്പതികള്‍ പ്രത്യേകം ഓര്‍ക്കേണ്ടതാണ് തങ്ങള്‍ തമ്മിലുള്ള കരാറെന്താണെന്ന്. വിവാഹമെന്നത് ബലിഷ്ഠമായ കരാറാണെന്ന് ഖുര്‍ആന്‍ ഉണര്‍ത്തുന്നുണ്ട്. ഇവിടെ ഭര്‍ത്താവും ഭാര്യയുടെ പിതാവും തമ്മില്‍ നടക്കുന്ന കരാറെന്താണെന്ന് ദമ്പതികള്‍ മനസ്സിലാക്കണം. ഞാന്‍ ഇതുവരെ ദീനിന്റെ മാര്‍ഗത്തില്‍ നോക്കിവളര്‍ത്തിയ എന്റെ മകളെ ഞാന്‍ നിന്നെ ഏല്‍പിക്കുകയാണ്. അവളെ ദീനിന്റെ മാര്‍ഗത്തില്‍ നിലനിര്‍ത്തി സ്വര്‍ഗത്തിലെത്തിക്കാനാണ് ഞാന്‍ നിന്നെ ഏല്‍പിക്കുന്നത്. ഇതാണ് വിവാഹ കരാര്‍. അതുകൊണ്ടുതന്നെ ഈ കരാര്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ഇടക്കിടെ ഓര്‍ക്കുന്നതും പുതുക്കുന്നതും നന്നാവും. അത് ദാമ്പത്യത്തിന്റെ ലക്ഷ്യം മറക്കാതിരിക്കന്‍ നല്ലതാണ്.

വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ യുവതീ-യുവാക്കളും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവ. സുന്ദരവും സന്തോഷകരവുമായ ഒരു ദാമ്പത്യ ജീവിതം കെട്ടിപ്പടുക്കാന്‍ ഇത്തരം കാര്യങ്ങള്‍ അനിവാര്യമാണ്.

വിവ: ജുമൈല്‍ കൊടിഞ്ഞി  

Related Articles