Current Date

Search
Close this search box.
Search
Close this search box.

ദാമ്പത്യത്തില്‍ വൈകാരികതക്കുള്ള സ്ഥാനം

better-half-life.jpg

ദാമ്പത്യ ജീവിതത്തിലെ വികാരം ദമ്പതികള്‍ക്കിടയിലെ പരസ്പരം സ്‌നേഹമാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അവരെ പരസ്പരം ആര്‍ഷിക്കുകയും ബന്ധിപ്പിച്ച് നിര്‍ത്തുകയും ചെയ്യുന്ന ഘടകമാണത്. പങ്കാളിയുടെ സ്വഭാവഗുണങ്ങള്‍, സൗന്ദര്യത്തോടും സല്‍ഗുണങ്ങളോടുമുള്ള പ്രകൃത്യായുള്ള ചായ്‌വ് തുടങ്ങിയ പല ഘടകങ്ങളുടെയും ഫലമായി ഉണ്ടാവുന്ന ആന്തരികമായ വികാരമാണത്.

ആഹാരത്തില്‍ ഉപ്പിനുള്ള സ്ഥാനമാണ് ദാമ്പത്യത്തില്‍ വൈകാരികതക്കുള്ളത്. അല്ലെങ്കില്‍ സസ്യങ്ങളെ സംബന്ധിച്ചടത്തോളം വെള്ളത്തിനുള്ള പ്രാധാന്യം അതിനുണ്ട്. ഉപ്പില്ലാത്ത ആഹാരത്തിന് ഒട്ടും രുചിയില്ലാത്ത പോലെ, വെള്ളമില്ലാതെ ചെടിക്ക് ജീവിക്കാനാവാത്തത് പോലെ വൈകാരികതയില്ലാത്ത ദാമ്പത്യത്തിന് ഒട്ടും ആസ്വാദ്യതയുണ്ടാവുകയില്ലെന്ന് മാത്രമല്ല അതിന് സുസ്ഥിരതയോ സുരക്ഷിതത്വമോ ഉണ്ടായിരിക്കുകയുമില്ല.

വൈകാരികത പങ്കാളിയോട് പ്രകടിപ്പിക്കുകയും തന്റെ സാന്നിദ്ധ്യത്തിലൂടെ അനുഭവപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഫലപ്രദമാവുന്നത്. മനസ്സിന്റെ ഉള്ളില്‍ ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്‌നേഹം സുഗന്ധമില്ലാത്ത പുഷപത്തെ പോലെയാണ്. അങ്ങനെ വരുമ്പോള്‍ ദാമ്പത്യ ജീവിതത്തിന് അതിന്റെ ഉണര്‍വും ചടുലതയും നഷ്ടപ്പെട്ട് മരവിച്ച ഒന്നായിട്ടത് മാറുന്നു. മടുപ്പും മുഷിപ്പുമാണത് അതുണ്ടാക്കുക. വീട്ടു ജോലിയുടെ പ്രയാസങ്ങള്‍ ലഘുകരിക്കുന്ന ഒന്ന് സ്ത്രീക്ക് ലഭിക്കേണ്ടതുണ്ട്. ജോലിയിലെ പ്രയാസവും ക്ഷീണവും ലഘുകരിക്കുന്ന ഘടകം പുരുഷനും ലഭിക്കേണ്ടതുണ്ട്. തന്റെ ദുഖങ്ങളും വിഷമങ്ങളും നീക്കിക്കളയുന്ന ഘടകം ഇരുവര്‍ക്കും ആവശ്യമാണ്. തന്നെ പരിഗണിക്കുകയും തന്റെ വികാരങ്ങളെ മാനിക്കുകയും ചെയ്യുന്ന ഒരാളുണ്ടെന്ന ബോധം വലിയ ആശ്വാസമാണ് നല്‍കുന്നത്.

ദമ്പതികള്‍ക്കിടയിലെ വൈകാരികത ശക്തിപ്പെടുത്തുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. അവ മനസ്സില്‍ ഒളിച്ചുവെച്ചിരിക്കുന്ന സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ കൂടിയാണ്. ആ മാര്‍ഗങ്ങളെ കുറിച്ച് വിവരിക്കുന്നതിന് മുമ്പ് മാന്യവായനക്കാരനെ ഒരു കാര്യം ഞാന്‍ ഉണര്‍ത്താനാഗ്രഹിക്കുകയാണ്. അല്ലാഹുവിനുള്ള അനുസരണവും അവന്‍ വിലക്കിയ കാര്യങ്ങളില്‍ നിന്ന് അകന്നു നില്‍ക്കലുമാണ് ദമ്പതികള്‍ക്കിടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിലെ പ്രഥമവും പ്രധാനവുമായ മാര്‍ഗമെന്നതാണത്. അല്ലാഹു പറയുന്നു: ”സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവക്ക് പരമകാരുണികന്‍ സ്‌നേഹവിരുന്നൊരുക്കും.” (മര്‍യം: 96) അതിനൊപ്പം അല്ലാഹു ചില വഴികളും നിശ്ചയിച്ചിരിക്കുന്നു. പൊതുവെ പങ്കാളിയോട് കാണിക്കുന്ന നന്മകളെല്ലാം പരസ്പര സ്‌നേഹം വര്‍ധിപ്പിക്കുന്നവയാണ്. തന്നോട് നന്മ ചെയ്യുന്നവരോട് സ്‌നേഹമുണ്ടാവുന്നതും മോശമായി പെരുമാറുന്നവരോട് വെറുപ്പുണ്ടാവുന്നതും മനുഷ്യസഹജമാണ്. മിക്ക ദമ്പതികളും വേണ്ടത്ര പരിഗണിക്കാത്ത ചില കാര്യങ്ങളാണ് ഞാന്‍ പങ്കുവെക്കുന്നത്.

തീര്‍ത്തും വൈകാരിമായ സംസാരവും പ്രണയവും സ്‌നേഹവും പ്രകടിപ്പിക്കുന്ന വാക്കുകളുടെ ഉപയോഗവുമാണ് ഒന്നാമത്തെ കാര്യം. അഭിസംബോധന ചെയ്യാന്‍ പങ്കാളിക്ക് ഇഷ്ടപ്പെടുന്ന പേരുകള്‍ ഉപയോഗിക്കലാണ് രണ്ടാമത്തെ കാര്യം. പ്രവാചകന്‍(സ) പ്രിയപത്‌നി ആഇശ(റ)യെ ‘യാ ആഇശ്’, ‘യാ ഹുമൈറാ’ എന്നൊക്കെയായിരുന്നു വളിച്ചിരുന്നത്. കളിതമാശകളും ലാളനയുമാണ് മൂന്നാമത്തെ കാര്യം. പുഞ്ചിരിച്ചും നൈര്‍മല്യത്തോടെയുമായിരിക്കണം പങ്കാളിയെ അഭിമുഖീരിക്കേണ്ടത്. കാരണമില്ലാതെ മുഖം ചുളിക്കുകയും ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്യരുത്. പങ്കാളിയുടെ മനസ്സിന് ആശ്വാസവും ദുഖങ്ങള്‍ക്ക ശമനവും നല്‍കാന്‍ സഹായകമാകുന്ന കാര്യമാണത്. പ്രവാചകന്‍ പത്‌നിമാരോടൊപ്പം കളിതമാശകളില്‍ ഏര്‍പ്പെടുകയും അവരെ ലാളിക്കുകയും ചെയ്യാറുണ്ടായിരുന്നതായി റിപോര്‍ട്ടുകളില്‍ നമുക്ക് കാണാം. നബി(സ) ഭാര്യയുടെ വായില്‍ ആഹാരത്തിന്റെ ഉരുള വെച്ചുകൊടുത്തതായിട്ടും നമുക്ക് ഹദീസുകളില്‍ കാണാം. ലാളനയുടെ രൂപങ്ങളില്‍ ഒന്നാണത്.

ഇണയിലുള്ള സൗന്ദര്യാത്മക വശങ്ങളെ കുറിച്ച് പഞ്ചാരവര്‍ത്തമാനങ്ങള്‍ പറയലാണ് നാലാമത്തെ കാര്യം. ഇണയിലുള്ള സല്‍ഗുണങ്ങളെ പ്രശംസിക്കലും ഏറ്റവും നന്നായി ഇടപഴകലുമാണ് അഞ്ചാമത്ത കാര്യം. അവരില്‍ നിന്നു ലഭിക്കുന്ന സേവനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കലും വീഴ്ച്ചകള്‍ക്ക് നേരെ കണ്ണടക്കലും നന്മകള്‍ എടുത്തു പറയലും അതിന്റെ ഭാഗമാണ്. ഒരിക്കലും ഇണയിലെ ദോഷവശങ്ങള്‍ തേടി നടക്കരുത്. വസ്ത്രത്തിന്റെ സെലക്ഷന്‍, ഭക്ഷണം തയ്യാറാക്കല്‍, വീട്ടുപകരണങ്ങളുടെ സജ്ജീകരണം തുടങ്ങിയവയുടെ പേരില്‍ അഭിനന്ദനം അറിയിക്കലാണ് ആറാമത്തെ ഘടകം.

ഭര്‍ത്താവിന് വേണ്ടി ഭാര്യയും തിരിച്ചും അണിഞ്ഞൊരുങ്ങല്‍ വളരെ പ്രധാനമാണ്. ഇണ ഇഷ്ടപ്പെടുന്ന നിറങ്ങളും സുഗന്ധവും ഉപയോഗിക്കുന്നത് അവര്‍ക്കിടയിലെ വൈകാരിക ബന്ധത്തെ ശക്തിപ്പെടുത്തും. ഇണയുടെ ആശയങ്ങളെയും ചിന്തളെയും മാനിക്കുകയും ആദരിക്കുകയും ചെയ്യലാണ് എട്ടാമത്തെ കാര്യം. ചിന്തകളും ആശയങ്ങളും അടിച്ചേല്‍പിക്കാന്‍ ശ്രമിക്കരുത്. വിശ്വാസപരവും സാമൂഹ്യപരവുമായ മൂല്യങ്ങളെ തകര്‍ക്കുന്നതല്ലെങ്കില്‍ അവരുടെ ഏതെങ്കിലും ആശയത്തില്‍ നിന്ന് നിര്‍ബന്ധിച്ച് പിന്തിരിപ്പിക്കുകയും അരുത്. പങ്കാളിയുടെ വികാരങ്ങളെ മാനിക്കുകയും അവരുടെ വികാരത്തെ വ്രണപ്പെടുത്താതിരിക്കുകയും ചെയ്യലാണ് ഒമ്പതാമതായി പറയുന്നത്. ഒരു റിപോര്‍ട്ടില്‍ ഇങ്ങനെ കാണാം: പ്രവാചകന്‍(സ) സഫിയ ബിന്‍ത് ഹുയയ്യിനോട് പറഞ്ഞു: ‘നിന്റെ പിതാവ് (സഫിയയുടെ പിതാവ് ജൂതനായിരുന്നു) എന്നോട് ഏറ്റവുമധികം ശത്രുതയുണ്ടായിരുന്ന ആളായിരുന്നു, അല്ലാഹു അയാളെ കൊല്ലുന്നത് വരെ.’ അപ്പോള്‍ സഫിയ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ആരും മറ്റൊരാളുടെ ഭാരം ചുമക്കുകയില്ല. അതിന് ശേഷം പ്രവാചകന്‍ അവരുടെ പിതാവിനെ കുറിച്ച് മോശമായി സംസാരിച്ചിട്ടില്ല. പിതാവിനോടുള്ള അവരുടെ വികാരം മാനിച്ചായിരുന്നു അത്.

സവിശേഷ സന്ദര്‍ഭങ്ങളില്‍ സമ്മാനങ്ങള്‍ കൈമാറലാണ് പത്താമത്തെ കാര്യം. സ്‌നേഹം വര്‍ധിപ്പിക്കുന്നതില്‍ സമ്മാനങ്ങള്‍ക്ക് വലിയ സ്ഥാനമാണുള്ളത്. ‘നിങ്ങള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കൂ, പരസ്പരം സ്‌നേഹിക്കൂ’ എന്നാണ് നബി(സ) പറഞ്ഞിട്ടുള്ളത്. ഇണയുടെ കുടുംബത്തെ ആദരിക്കുകയും അവരെ കുറിച്ച് നല്ലത് പറയലുമാണ് പതിനൊന്നാമതായി പറയുന്ന കാര്യം. അവരുടെ കുറ്റങ്ങളും കുറവുകളും പറയുന്നത് ഇണയെ വേദനിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്യും. എന്നാല്‍  സദുദ്ദേശ്യത്തോടെ ഗുണദോഷിക്കുന്നതിന് അത് തടസ്സമായിക്കൂടാ. ജീവിത പങ്കാളിയെ കുറിച്ച് ഊഹങ്ങള്‍ വെച്ചുപുലര്‍ത്താതിരിക്കുക എന്നതാണ് അവസാനമായി പറയാനുള്ളത്. തെളിവുകളോ ന്യായങ്ങളോ ഇല്ലാതെ ഇണയുടെ സ്വഭാവത്തെ സംശയിക്കുന്നത് തെറ്റാണ്. ദാമ്പത്യത്തിന്റെ തകര്‍ച്ചക്ക് പലപ്പോഴും കാരണമായി തീരാറുള്ള ഒന്നാണ്.

മേല്‍പറഞ്ഞ കാര്യങ്ങളില്‍ ചിലതെല്ലാം തന്റെ പൗരുഷത്തിന് നിരക്കാത്തതായി ചില ഭര്‍ത്താക്കന്‍മാര്‍ കരുതാറുണ്ട്. അല്ലെങ്കില്‍ ഭാര്യക്ക് മുമ്പിലുള്ള തന്റെ സ്ഥാനത്തിന് അത് ഇടിച്ചിലുണ്ടാക്കുമെന്ന് ചിലര്‍ ധരിക്കുന്നു. അത്തരം ധാരണ സൃഷ്ടിക്കുന്നതില്‍ അവര്‍ വളര്‍ന്ന ജീവിതസാഹചര്യവും സാമൂഹ്യചുറ്റുപാടും മാനസികാവസ്ഥയും സ്വാധീനിച്ചിട്ടുണ്ടാവാം. എന്നാല്‍ വിശ്വാസികളെന്ന നിലയില്‍ നാം മാതൃകയാക്കേണ്ട പ്രവാചകന്റെ ജീവിതം അക്കാര്യത്തിലും മികച്ച മാതൃകയാണ് നമുക്ക്. ഭാര്യമാരോട് ഏറ്റവും നന്നായി പെരുമാറുകയും അവരെ ലാളിക്കുകയും ചെയ്തിരിുന്ന വ്യക്തിത്വമാണ് അദ്ദേഹം. അതൊരിക്കലും അദ്ദേഹത്തിന്റെ പൗരുഷത്തിനോ സ്ഥാനത്തിനോ ഒരു പോറലും ഏല്‍പിച്ചിട്ടില്ലെന്ന് നാം മനസ്സിലാക്കണം.

വിവ: നസീഫ്‌

Related Articles