Current Date

Search
Close this search box.
Search
Close this search box.

ഖദീജ ബിന്‍ത് ഖുവൈലിദ്: ഭാര്യമാര്‍ക്ക് മഹിത മാതൃക

muslim-wife.jpg

ഇസ്‌ലാമിക ചരിത്രത്തില്‍ പ്രശോഭിതമായി നില്‍ക്കുന്ന നാമമാണ് ഖദീജ ബിന്‍ത് ഖുവൈലിദ്. ഉത്തരവാദിത്ത നിര്‍വഹണത്തിന്റെയും സത്യസന്ധതയുടെയും ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയും സ്ഥൈര്യത്തിന്റെയും മൂര്‍ത്ത രൂപമായിരുന്നു അവര്‍.

പ്രവാചകന്‍(സ)യുടെ പത്‌നിയായ അവര്‍, പ്രവാചകന് യോജിച്ച, നല്ല പത്‌നിയായിരുന്നു. പ്രവാചകന്‍ ആഗ്രഹിച്ചതൊക്കെയും സ്വായത്തമാക്കി അദ്ദേഹത്തിന് എത്തിച്ച് കൊടുത്ത അവര്‍, തന്റെ അടിമയായിരുന്ന സൈദ് ബിന്‍ ഹാരിസയെ പ്രവാചകന് ഇഷ്ടമാണെന്നറിഞ്ഞപ്പോള്‍ സമ്മാനമായി നല്‍കി. പ്രവാചക നിയോഗത്തിന് മുമ്പ് നീണ്ട രാവുകള്‍ ഹിറാഗുഹയില്‍ കഴിച്ച് കൂട്ടാന്‍ പ്രവാചകന്‍ ആഗ്രഹിച്ചപ്പോള്‍ ആവശ്യമായ വസ്തുക്കളും ആഹാരവും ഒരുക്കി, അദ്ദേഹത്തെ പരിചരിക്കാന്‍ അടിമയെ അയച്ചു, പ്രസ്തുത തീരുമാനത്തെ പൂര്‍ണമായും അംഗീകരിക്കുകയായിരുന്നു അവര്‍. പൂര്‍ണ സംതൃപ്തിയോടെയാണ് അവരത്രയും ചെയ്തത്. ഭര്‍ത്താവ് സദാസമീപത്തുണ്ടായിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാ ഭാര്യമാരും. പ്രത്യേകിച്ചും രാത്രി അതിന്റെ മറകള്‍ താഴെയിടുന്ന സന്ദര്‍ഭത്തില്‍. എന്നിട്ട് പോലും അവര്‍ തന്റെ ഭര്‍ത്താവിന്റെ തീരുമാനത്തില്‍ യാതൊരു വിമ്മിഷ്ടവും പ്രകടിപ്പിച്ചില്ല.

ജിബ്‌രീല്‍ മാലാഖ പ്രവാചകനെ സമീപിക്കുകയും, തന്റെ മരണമോ, അന്ത്യമോ അടുത്തുവെന്ന് പ്രവാചകന് ആശങ്കയുണ്ടാവുകയും ചെയ്ത സന്ദര്‍ഭം. അദ്ദേഹം ഭയത്തോടെ, അസ്വസ്ഥതയോടെ ധൃതിയില്‍ വീട്ടിലേക്ക് നടന്നു. അദ്ദേഹത്തെ എങ്ങനെയായിരിക്കും ഖദീജ സ്വീകരിച്ചിട്ടുണ്ടാവുക? തന്നെ അകന്ന് ജീവിക്കുന്ന, കുടുംബ കാര്യങ്ങള്‍ പരിഗണിക്കാത്ത ഭര്‍ത്താവിനോടുള്ള കലിപ്പ് തീര്‍ക്കാനുള്ള അവസരമായി പ്രസ്തുത സാഹചര്യത്തെ ദുരുപയോഗപ്പെടുത്തിയോ? ഖദീജയുടെ സ്ഥാനത്ത് നമ്മുടെ നാട്ടിലെ സാധാരണ സ്ത്രീകളാണെങ്കില്‍ എന്തായിരിക്കും ചെയ്യുക?

എന്നാല്‍ ഖദീജ അവരില്‍ നിന്ന് വ്യത്യസ്ഥയായിരുന്നു. അവരുടേത് പോലുള്ള ന്യൂനതകള്‍ അവര്‍ക്കുണ്ടായിരുന്നില്ല. ഖദീജയുടെ പൂര്‍ണത അവര്‍ക്കുമില്ല. വളരെ ദീര്‍ഘവീക്ഷണമുള്ള, ആസൂത്രണ പാടവമുള്ള, കളങ്കമറ്റ ഹൃദയമുള്ള സ്ത്രീയായിരുന്നു അവര്‍. തന്റെ ഭര്‍ത്താവിന്റെ കാര്യത്തില്‍ മതിപ്പുള്ള, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാണെന്ന് ബോധ്യമുള്ള അവര്‍ അദ്ദേഹത്തിന് വരാനിരിക്കുന്ന മഹത്തായ സുവിശേഷങ്ങള്‍ അറിയിക്കുകയാണ് ചെയ്തത്. തന്റെ ഇണയെ ആശ്വസിപ്പിക്കേണ്ട, ശാന്തമാക്കേണ്ട ഭാരിച്ച, അതോടൊപ്പം വേഗത്തില്‍ ചെയ്യേണ്ട ഉത്തരവാദിത്തം തനിക്കാണെന്ന് അവര്‍ മനസ്സിലാക്കി. ഭര്‍ത്താവിന്റെ പൂര്‍വകാല പ്രവര്‍ത്തനങ്ങളില്‍ നിന്ന് തെളിവെടുത്ത് അവര്‍ പറഞ്ഞു ‘അല്ലാഹുവാണ, അല്ലാഹു അങ്ങയെ നിന്ദിക്കുകയില്ല, താങ്കള്‍ കുടുംബ ബന്ധം ചേര്‍ക്കുന്നവനും, ഇല്ലാത്തവന് വേണ്ടി സമ്പാദിക്കുന്നവനും, അതിഥിയെ ആദരിക്കുന്നവനും, വിപത്ത് ബാധിച്ചവനെ സഹായിക്കുന്നവനുമാണ്.’ അവര്‍ അത് കൊണ്ടും മതിയാക്കിയില്ല. അദ്ദേഹത്തിന്റെ കൈപിടിച്ച്, തന്റെ ബന്ധുവും മക്കയിലെ പ്രമുഖ വേദ പണ്ഡിതനുമായിരുന്ന വറഖത് ബിന്‍ നൗഫലിന്റെ അടുത്തേക്ക് നടന്നു.

വിവരങ്ങള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കഥ കേട്ട വറഖത് എഴുന്നേറ്റ് നിന്ന് പ്രവാചകന്റെ മൂര്‍ദ്ധാവ് ചുംബിച്ചു. ഈ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് അദ്ദേഹമെന്ന് അറിയിച്ചു. ദൈവിക സന്ദേശം വന്നുതുടങ്ങി. പ്രവാചകന്‍(സ) തന്റെ ജനതയെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. പക്ഷെ, അവരില്‍ ഏറ്റവും വലിയ ബുദ്ധിമാന്മാര്‍ക്കും, ചിന്തകന്മാര്‍ക്കും പിഴവ് പറ്റി. എന്നാല്‍ ഖദീജക്ക് പിഴച്ചില്ല. അവര്‍ വിശ്വാസത്തെ തന്നിലേക്ക് അണച്ച് പിടിച്ചു. ആദ്യം വിശ്വസിച്ചത് അവരായിരുന്നു. ജനങ്ങള്‍ അദ്ദേഹത്തെ കളവാക്കിയപ്പോള്‍ അവര്‍ മാത്രം സത്യപ്പെടുത്തി.

പ്രവാചകന്‍(സ) തന്റെ പ്രബോധന ദൗത്യവുമായി മുന്നോട്ട് നീങ്ങി. രാപ്പകല്‍ അതിന് വേണ്ടി പണിയെടുത്തു. പ്രിയപത്‌നി ഖദീജ പര്‍വത സമാനം അദ്ദേഹത്തിന്റെ കൂടെ ഉറച്ച് നിന്നു. കൊടുങ്കാറ്റില്‍ കുലുങ്ങാതെ, ഭയമോ ആശങ്കയോ ഇല്ലാതെ അവര്‍ പ്രവാചകനെ സംരക്ഷിച്ചു.

തുടര്‍ന്നാണ് മൂന്ന് വര്‍ഷത്തെ കഠിനമായ ഉപരോധമുണ്ടായത്. ഖദീജ തന്റെ പ്രിയതമന്റെ കൂടെ ശഅ്ബ് അബീത്വാലിബില്‍ രാപ്പാര്‍ത്തു. അവര്‍ ബനൂ ഹാശിം കുടുംബത്തില്‍ പെട്ടവരായിരുന്നില്ല. അതിനാല്‍ ഉപരോധം അവര്‍ക്ക് ബാധകവുമായിരുന്നില്ല. മാത്രമല്ല, അറുപത് കഴിഞ്ഞ, മുടി നരച്ച, എല്ല് ദ്രവിച്ച, ശക്തി ക്ഷയിച്ച പടുവൃദ്ധയായിരുന്നു അവര്‍. പക്ഷെ അവരുടെ വിശ്വാസം യുവത്വത്തിലായിരുന്നു. തന്നെക്കൊണ്ട് ആവുന്നതെല്ലാം പ്രവാചകന് വേണ്ടി അവര്‍ ചെയ്തു. തന്റെ യുവത്വം, നാവ്, സമ്പത്ത്, ജീവിതം ഇവയെല്ലാം ദൈവതൃപ്തിക്കായി മാറ്റി വെച്ചു.

അക്രമികള്‍ ഉപരോധം പിന്‍വലിച്ചു. പക്ഷെ അപ്പോഴേക്കും അവര്‍ രോഗിയായിരുന്നു. അല്ലാഹുവിങ്കല്‍ സന്തോഷവാര്‍ത്ത ഇടക്കിടെ അവര്‍ക്ക് വന്നെത്താറുണ്ടായിരുന്നു. ജിബ്‌രീല്‍ മാലാഖ ഖദീജക്ക് അല്ലാഹുവില്‍ നിന്നുല്ല അഭിവാദ്യങ്ങളുമായി പ്രവാചക സമീപത്തെത്തി. സ്വര്‍ഗത്തില്‍ ഒരു സുന്ദരഭവനം നല്‍കി അവരെ ആദരിച്ചു.

സ്വര്‍ണം കൊണ്ടുള്ള ഒരു കൊട്ടാരം. അവിടെ ഒച്ചയോ, ബഹളമോ ഒന്നും തന്നെയില്ല. അതിന് മാത്രം പ്രയാസങ്ങള്‍ ഖുറൈശികളില്‍ നിന്നും മുശ്‌രിക്കുകളില്‍ നിന്നും അവര്‍ സഹിച്ചിട്ടുണ്ടല്ലോ. അവിടെ അവര്‍ക്ക് ക്ഷീണമില്ല. പ്രവാചകന്റെ കൂടെ ജീവിതം മുഴുവന്‍ പ്രബോധനം നിര്‍വഹിച്ചതിന് ശേഷം അല്ലാഹു അവര്‍ക്ക് പൂര്‍ണ വിശ്രമം നല്‍കിയിരിക്കുകയാണ്.

പിന്നീട് മരണത്തിന്റെ മാലാഖ അവരെ സമീപിച്ചു. അവരുടെ പരിശുദ്ധമായ ആത്മാവിനെ കയ്യിലെടുത്തു. പ്രവാചകന്‍(സ) അവരുടെ വേര്‍പാടില്‍ അങ്ങേയറ്റം ദുഖിച്ചു. തന്റെ വാല്‍സല്യ നിധിയായ പ്രിയതമയെയായണ് പ്രവാചകന് നഷ്ടപ്പെട്ടത്. കാല്‍നൂറ്റാണ്ടോളം തന്റെ കൂട്ടായിരുന്ന, തന്റെ ദുഖങ്ങള്‍ അകറ്റി പിന്തുണയേകിയിരുന്ന തോഴിയായിരുന്നു അവര്‍.

ഖദീജയുടെ വിയോഗത്തിന് ശേഷം വര്‍ഷങ്ങള്‍ കടന്ന് പോയി. പക്ഷെ, അദ്ദേഹം അവരെ മറന്നില്ല. പ്രബോധനത്തിന്റെ ഉത്തരവാദിത്തങ്ങളോ, യുദ്ധത്തിന്റെ ഭയവിഹ്വലതകളോ, മറ്റ് ഭാര്യമാരുടെ സാമീപ്യമോ ഖദീജയെ ആ ഹൃദയത്തില്‍ നിന്ന് മായ്കാന്‍ പര്യാപ്തമായിരുന്നില്ല. തന്റെ പ്രിയപത്‌നിയോടുള്ള സ്‌നേഹവും, ആദരവും അദ്ദേഹം പ്രകടിപ്പിച്ച് കൊണ്ടേയിരുന്നു. സ്മരണ നിലനിര്‍ത്താന്‍ ആടിനെ അറുത്ത് അവരുടെ കൂട്ടുകാരികള്‍ക്ക് വിതരണം ചെയ്തു.

ഒരിക്കല്‍ ഒരു വൃദ്ധ അദ്ദേഹത്തെ കാണാനെത്തി. പ്രവാചകന്‍ അവരെ ആദരിക്കുകയും, ഊഷ്മളമായി സ്വീകരിക്കുകയും ചെയ്തു. ഇത് കണ്ട ആഇശ അല്‍ഭുതപ്പെട്ടു. തന്റെ പ്രിയപത്‌നി ഖദീജയുടെ കൂട്ടുകാരിയാണ് ഇതെന്ന് അപ്പോള്‍ പ്രവാചകന്‍(സ) ആഇശയെ അറിയിച്ചു.

ഖദീജയെ ഓര്‍മിപ്പിക്കുന്ന വല്ലതും സംഭവിച്ചാല്‍ പ്രവാചകന് വളരെയേറെ ദുഖമുണ്ടാവാറുണ്ടായിരുന്നു. ഒരിക്കല്‍ ഖദീജയുടെ സഹോദരി ഹാല പ്രവാചകനെ സന്ദര്‍ശിക്കാന്‍ അനുവാദം ചോദിച്ചു. ഖദീജയോട് സാമ്യമുള്ള ശബ്ദമായിരുന്നു അവരുടേത്. ഇത് കേട്ട പ്രവാചകന് ഖദീജയെ ഓര്‍ക്കുകയും, സഹോദരിയോട് നന്നായി വര്‍ത്തിക്കുകയും ചെയ്തു.

കാലങ്ങള്‍ മായ്ക്കാത്ത രണ്ട് കിരീടങ്ങള്‍ പ്രവാചകന്‍ തന്റെ പ്രിയപത്‌നി ഖദീജയെ അണിയിച്ചു. സ്വര്‍ഗത്തിലെ ഏറ്റവും ഉത്തമരായ രണ്ട് സ്ത്രീകള്‍ മര്‍യം ബിന്‍ത് ഇംറാനും, ഖദീജ ബിന്‍ത് ഖുവൈലിദുമാണെന്ന വാഗ്ദാനമാണ് അവയില്‍ ആദ്യത്തേത്. സ്ത്രീകളില്‍ പൂര്‍ണത പ്രാപിച്ചത് മര്‍യം ബിന്‍ത് ഇംറാനും, ഖദീജ ബിന്‍ത് ഖുവൈലിദും, ആസിയ ബിന്‍ത് മസാഹിമും ആണെന്ന പ്രഖ്യാപനമായിരുന്നു രണ്ടാമത്തെ സ്വര്‍ണക്കിരീടം.

അല്ലാഹു തൃപ്തിപ്പെട്ട, പ്രവാചകന്‍ ഓര്‍മകള്‍ താലോലിച്ച, ലോക മുസ്‌ലിം ഭാര്യമാര്‍ക്ക് മഹത്തായ മാതൃക സമര്‍പ്പിച്ച പ്രവാചക പത്‌നിയായിരുന്നു ഖദീജ ബിന്‍ത് ഖുവൈലിദ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി
 
 

Related Articles