Current Date

Search
Close this search box.
Search
Close this search box.

ഇണയോടുള്ള സ്‌നേഹത്തിന്റെ താക്കോലുകള്‍

fam.jpg

ഓരോ ഭര്‍ത്താവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ട ചില കാര്യങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്. ദാമ്പത്യത്തിന്റെ ഉന്നതമായ ലക്ഷ്യങ്ങള്‍ നേടുന്നതിനും ഇണയോടുള്ള ഇണക്കം വര്‍ദ്ധിക്കുന്നതിനും അത് സഹായകമായിരിക്കും. ഹൃദയം കൊണ്ടുള്ള സ്‌നഹവും മാനസികൈക്യവും അതിലൂടെയുണ്ടാകും. ദാമ്പത്യത്തെ സന്തുഷ്ടമാക്കുന്ന മൂന്ന് കാര്യങ്ങളാണവ. അവയില്‍ ഓരോന്നും ജീവിതത്തില്‍ വളരെ പ്രാധാന്യമുള്ളവ തന്നെയാണ്.

അല്ലാഹുവിനോടുള്ള ബന്ധം നന്നാക്കു
അവയില്‍ ഒന്നാമത്തേത് നിനക്കും അല്ലാഹുവിനുമിടയിലുള്ള ബന്ധം നന്നാക്കുകയെന്നതാണ്. ‘ഹൃദയങ്ങള്‍ അല്ലാഹുവിന്റെ വിരലുകളില്‍ രണ്ട് വിരലുകള്‍ക്കിടയിലാണ്, അവനുദ്ദേശിക്കുന്നത് പോലെ അവനതിനെ മറിക്കുന്നു.’ (മിശ്കാത്തുല്‍ മസാബീഹ്) ഹൃദയങ്ങളെ ചേര്‍ത്ത് വെക്കുന്നവന്‍ അവന്‍ മാത്രമാണ്. നീ എത്രത്തോളം അല്ലാഹുവോട് അടുക്കുന്നുവോ അത്രത്തോളം ദമ്പതികള്‍ക്കിടയിലുള്ള സ്‌നേഹവും വിശാലമാകുന്നു. അല്ലാഹു പറയുന്നു: ‘അദ്ദേഹത്തിന്റെ പത്‌നിയെ നാമതിന് പ്രാപ്തയാക്കി. തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു.’ (അല്‍-അമ്പിയാഅ്: 90)
തൃപ്തി കാണിക്കുന്നതിലും ദേഷ്യപ്പെടുന്നതിലും സന്തുലിതത്വം പുലര്‍ത്തുക. എപ്പോഴും അവരുടെ നന്മകള്‍ക്ക് മുന്‍ഗണ നല്‍കുക. എല്ലാ മനുഷ്യരിലും നന്മകളുണ്ടാവും, അതേസമയം അവരില്‍ ചില ദോഷവശങ്ങളുമുണ്ടാകും. നിങ്ങളുടെ ഇണയുടെ സല്‍ഗുണങ്ങളെപറ്റി നിങ്ങള്‍ നീതീപൂര്‍വം ചിന്തിക്കുകയാണെങ്കില്‍ അവളെ ഹൃദയം കൊണ്ട് സ്‌നേഹിക്കാനുള്ള ധാരാളം കാര്യങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഹൃദയത്തില്‍ നിന്നുള്ള ചിരി
നിങ്ങളുടെ ചിരി ഹൃദയത്തില്‍ നിന്നുള്ളതായിരിക്കട്ടെ, വളരെ സ്‌നേഹത്തോടും ആത്മാര്‍ഥതയോടും കൂടി സംസാരിക്കുക. വളരെ നൈര്‍മ്മല്യത്തോടെ നല്ല വാക്കുള്‍ ഉപയോഗിച്ചും സത്യസന്ധമായി പുഞ്ചിരിച്ച് കൊണ്ടുമായിരിക്കണം നിങ്ങളുടെ സംസാരം. ‘ഏതൊന്നിനും നൈര്‍മ്മല്യം അതിന് അലങ്കാരമാണ്, അതില്ലാതിരിക്കുന്നത് വൈരൂപ്യവും’ (സഹീഹ് ഇബ്‌നു ഹിബാന്‍)
ഓരോ ദിവസവും നിന്റെ ജോലിസ്ഥലത്ത് നിന്നും അവളെ വിളിച്ച് സംസാരിക്കുക. ചുരുങ്ങിയത് രണ്ട് തവണയെങ്കിലും വിളിക്കാന്‍ ശ്രമിക്കുക. സംസാരത്തില്‍ ഭക്ഷണത്തെയോ കുട്ടികളെയും കുറിച്ച് ചോദിക്കുന്നതിന് പകരം അവളെ കുറിച്ചും അവളുടെ കാര്യങ്ങളെ കുറിച്ചും അന്വേഷിക്കുക. അതിലൂടെ നിങ്ങള്‍ എപ്പോഴും അവളെ ഓര്‍ക്കുന്നുണ്ടെന്നും നിങ്ങളുടെ മനസില്‍ അവള്‍ക്കൊരു സ്ഥാനമുണ്ടെന്നും അവള്‍ തിരിച്ചറിയും. നിങ്ങള്‍ എത്താന്‍ വൈകുന്ന വേളകളില്‍ അതവളെ അറിയിക്കുക. യാത്രകളില്‍ അവളുടെ അസാന്നിദ്ധ്യം നിങ്ങളനുഭവിക്കുന്നുവെന്ന് അവളെ അറിയിക്കുക.

സലാം പറയല്‍
ഇണയോട് സലാം പറയുന്നതിന് വളരെയധികം പ്രാധാന്യമുണ്ട്. വരുമ്പോഴും പോകുമ്പോഴും പുഞ്ചിരിയോടെ ആലിംഗനം ചെയ്ത് നെറ്റിത്തടത്തിലും കവളിലും കൈകളിലും നിങ്ങള്‍ ചുംബനങ്ങള്‍ നല്‍കണം. അവളുടെ ശ്രേഷ്ഠതക്കുള്ള അംഗീകാരവും അവളുടെ സ്ഥാനത്തെ ആദരിക്കലുമാണത്. ഇമാം മാലിക് മുവത്വയില്‍ ഒരു സംഭവം പറയുന്നുണ്ട്. ആഇശ ബിന്‍ത് ത്വല്‍ഹ പ്രവാചക പത്‌നി ആഇശ(റ)ന്റെ അടുക്കല്‍ ഇരിക്കുന്ന സന്ദര്‍ഭത്തില്‍ അവരുടെ ഭര്‍ത്താവ് അബ്ദുല്ലാഹ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബൂബക്ര്‍ അവിടേക്ക് കടന്ന് വന്നു. അപ്പോള്‍ ആഇശ(റ) അയാളോട് ചോദിച്ചു: ‘നിന്റെ ഭാര്യയുടെ അടുത്ത് ചെന്ന് അവളെ ചുംബിക്കുന്നതില്‍ നിന്നും അവളെ ലാളിക്കുന്നതില്‍ എന്താണ് നിന്നെ തടയുന്നത്?’ നോമ്പുകാരനായ ഞാന്‍ അവളെ ചുംബിക്കുകയോ എന്ന് ചോദിച്ച അദ്ദേഹത്തോട് ‘അതെ’ എന്നാണ് അവര്‍ മറുപടി നല്‍കിയത്.
നിന്റെ ഇണയുടെ കണ്ണുകളില്‍ നോക്കിക്കൊണ്ടേയിരിക്കുക. നീ അവളെയും അവള്‍ നിന്നെയും സ്‌നേഹിക്കുന്നുണ്ടെന്ന് അത് വെളിപ്പെടുത്തും. ‘കേള്‍ക്കുന്നവനെ പോലെയല്ല കാണുന്നവന്‍’ എന്ന് അറബികള്‍ സാധാരണയായി പറയാറുണ്ട്. പരിധികളില്ലാത്ത ഹൃദയത്തില്‍ നിന്നുള്ള സ്‌നേഹത്തില്‍ മാന്ത്രികമായ ഒരു ശക്തി തന്നെയാണ് നോട്ടത്തിനുള്ളത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles