Current Date

Search
Close this search box.
Search
Close this search box.

ഇണയെ തേടുമ്പോള്‍

engagement.jpg

ഒരാളുടെ ജീവിതത്തിലെ സുപ്രധാനമായ തീരുമാനമാണ് ആരെ വിവാഹം ചെയ്യണമെന്ന് നിശ്ചയിക്കുന്നത്. അതുകൊണ്ട് തന്നെ വിവാഹം അന്വേഷിക്കുന്ന കാലഘട്ടം വളരെ പ്രധാനമാണ്. രണ്ടു വ്യക്തികള്‍ പരസ്പരം അറിയാന്‍ ശ്രമിക്കുന്ന സമയമാണത്. ഇതുമായി ബന്ധപ്പെട്ട് പല പരമ്പരാഗത ചടങ്ങുകളും ആചാരങ്ങളും നിലനില്‍ക്കുന്നതിനാല്‍ തന്നെ ഇസ്‌ലാമിക കാഴ്ച്ചപ്പാടിനെ കുറിച്ച് പല ഇണകള്‍ക്കും ആശങ്കകള്‍ ഉണ്ടാവാറുണ്ട്.

വിവാഹാന്വേഷണ കാലയളവില്‍ ചെയ്യാവുന്നതും ചെയ്യാന്‍ പാടില്ലാത്തതുമായ വളരെ ലളിതമായ കാര്യങ്ങള്‍ കൊണ്ടാണ് ലേഖനം തുടങ്ങുന്നത്. തങ്ങളുടെ വിശ്വാസത്തിന്റെ പാതി പൂര്‍ത്തിയാക്കുന്നതിന് ഒരു വ്യക്തിയെ തേടുന്ന യുവജനങ്ങളെ സഹായിക്കാനുള്ള ഒരു എളിയ ശ്രമമാണിത്. മുഹമ്മദ് നബി(സ) പറഞ്ഞതായി അനസ് (റ) ഉദ്ധരിക്കുന്നു : ‘ഒരാള്‍ വിവാഹിതനാകുമ്പോള്‍ തന്റെ ദീനിന്റെ പകുതി പൂര്‍ത്തീകരിച്ചിരിക്കുന്നു. അവശേഷിക്കുന്ന പകുതിയില്‍ അവന്‍ അല്ലാഹുവെ സൂക്ഷിക്കട്ടെ.’ (ബൈഹഖി)

വ്യക്തമായ ഉദ്ദേശ്യം ഉണ്ടായിരിക്കുക
പ്രവര്‍ത്തനങ്ങളെല്ലാം വിലയിരുത്തപ്പെടുക അവയുടെ ഉദ്ദേശ്യമനുസരിച്ചാണെന്ന് മുഹമ്മദ് നബി(സ) നമ്മെ പഠിപ്പിച്ചിട്ടുണ്ട്. വിവാഹവും ഇതില്‍ നിന്നും ഒഴിവായ ഒന്നല്ല. വിവാഹം ഒരു കളിയല്ല. വിവാഹം അത് കഴിയുന്നതോട് കൂടി അവസാനിപ്പിച്ച് മറ്റൊരു വശത്തേക്ക് മാറ്റിനിര്‍ത്തുന്ന കാര്യവുമല്ല. ഒരാള്‍ മറ്റെയാളെ സ്‌നേഹിക്കുന്നതിലൂടെ നല്ല അവസ്ഥയില്‍ ജീവിക്കുക എന്നതാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അവര്‍ സ്‌നേഹിക്കുന്നതും തങ്ങളുടെ സ്രഷ്ടാവിന്റെ പ്രീതിക്കായിട്ടാണ്.

സംഭാഷണത്തില്‍ ഇസ്‌ലാമികാധ്യാപനങ്ങള്‍ പാലിക്കുക
നമുക്ക് നമ്മെ കുറിച്ച് അറിയുന്നതിനേക്കാള്‍ നന്നായി നമ്മെ കുറിച്ച് അറിയുന്നത് അല്ലാഹുവിനാണ്. അതുകൊണ്ട് തന്നെ പരസ്പരം  ആശയവിനിമയം നടത്തുമ്പോള്‍ അവന്റെ നിര്‍ദേശങ്ങള്‍ നാം പാലിക്കണം. തനിക്കിണങ്ങുന്ന നല്ല ഒരു ഇണയെ തേടുന്ന സന്ദര്‍ഭത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ കാര്യത്തിലും അല്ലാഹുവിന്റെ ഉണ്ടാവുമെന്ന് ഉറപ്പുവരുത്തുക. വിവാഹത്തിലും അതിന്റെ ഫലങ്ങള്‍ പ്രതിഫലിക്കും. വിവാഹിതനാകുന്ന പുരുഷനും യുവതിയും തമ്മിലുള്ള ആദ്യ ആശയവിനിമയങ്ങള്‍ അവളുടെ പിതാവിന്റെയോ മറ്റ് രക്ഷാധികാരികളുടെയോ സാന്നിദ്ധ്യത്തിലായിരിക്കണം. ഒരിക്കലും അവര്‍ രഹസ്യ കൂടിക്കാഴ്ച്ചകള്‍ നടത്തരുത്. തുടര്‍ന്ന് ഇസ്‌ലാം അനുവദിച്ചിട്ടുള്ള രൂപത്തില്‍ അവര്‍ക്ക് സംസാരങ്ങള്‍ തുടരാവുന്നതാണ്.

നിങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കുക
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് വളരെ വ്യക്തമായ രൂപത്തില്‍ തന്റെ പങ്കാളിയാവാന്‍ പോകുന്ന വ്യക്തിക്ക് മുന്നില്‍ അവതരിപ്പിക്കുകയെന്നത് വളരെ പ്രധാനമാണ്. നിങ്ങളെ കുറിച്ചും നിങ്ങളുടെ താല്‍പര്യങ്ങളെ കുറിച്ചും വ്യക്തമായ വിവരണം അതിലൂടെ നല്‍കണം. തന്നെ കുറിച്ച് നല്ല അഭിപ്രായം രൂപപ്പെടുത്തുന്നതിനായി കൃത്രിമമായ അലങ്കാരങ്ങള്‍ സ്വീകരിക്കരുത്. എഡിറ്റ് ചെയ്ത ഫോട്ടോകളും കളറുള്ള കോണ്‍ടാക്ട് ലെന്‍സുകളും പലരും ഇതിനായി ഉപയോഗപ്പെടുത്താറുണ്ട്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മനസിലാക്കുന്നതിന് അത് തടസ്സമായി മാറിയേക്കാം. ആദ്യമായി കാണുന്ന വേളയില്‍ നിങ്ങളുടെ സൗന്ദര്യം പ്രകടിപ്പിക്കുന്നതിന് ഒന്നും ചെയ്യരുത് എന്ന് ഇതിനര്‍ത്ഥമില്ല. എന്നാല്‍ നിങ്ങള്‍ പ്രകടിപ്പിക്കുന്നത് ശരിക്കും നിങ്ങളിലുള്ളത് തന്നെയായിരിക്കണം.

തെറ്റിധരിപ്പിക്കരുത്
വിവാഹം അന്വേഷിക്കുന്ന വ്യക്തിയെ തെറ്റിധരിപ്പിക്കുന്നത് വഞ്ചനയായതിനാലാണ് വളരെ പ്രാധാന്യത്തോടെ തന്നെ ഇത് പറയുന്നത്. നിങ്ങള്‍ ചെയ്യുന്നതും പ്രവര്‍ത്തിക്കുന്നതുമായ ഒരോ കാര്യങ്ങളും ദൈവഭയത്തോടെയും തഖ്‌വയോടെയുമായിരിക്കുക. കുടുംബം, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലൊന്നും വിവാഹം ആലോചിക്കുന്നവര്‍ പരസ്പരം തെറ്റിധരിപ്പിക്കരുത്.

ചോദ്യങ്ങള്‍ ചോദിക്കാം, എന്നാല്‍ ഇന്റര്‍വ്യൂ വേണ്ടതില്ല
വിവാഹം നിശ്ചയിച്ചിട്ടില്ലാത്ത രണ്ടു പേര്‍ തമ്മിലുള്ള ഒന്നാമത്തെയോ രണ്ടാമത്തെയോ കൂടിക്കാഴ്ച്ചയില്‍ ചോദിക്കാന്‍ ചോദ്യങ്ങളുടെ വലിയ പട്ടിക തന്നെ തയ്യാറാക്കി തയ്യാറെടുക്കുന്നവരുണ്ടായിരിക്കാം. മറ്റേയാളെ തിരിച്ചറിയാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. ചോദ്യങ്ങള്‍ ചോദിക്കണം. എന്നാല്‍ അതൊരിക്കലും ഒരു കമ്പനിയുടെ ഇന്റര്‍വ്യൂ പോലെ ആയി മാറരുത്. വളരെ സൗഹൃദത്തോടെയും സാധാരമായും ചോദ്യങ്ങള്‍ ചോദിക്കുകയെന്നതാണ് പ്രധാനം. ചോദ്യങ്ങളും മറുപടികളും എപ്പോഴും ഒരാളുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെ പ്രകടിപ്പിച്ചു കൊള്ളണമെന്നില്ല. നിങ്ങള്‍ വിവാഹം ചെയ്യുന്നത് ഒരു വ്യക്തിയെയാണ്, അല്ലാതെ ഒരു കൂട്ടം വിവരങ്ങളെയല്ലെന്ന് തിരിച്ചറിയുക. അതുകൊണ്ട് വ്യക്തിപരമായ രീതിയില്‍ പരസ്പരം മനസിലാക്കുക. മറ്റു കുടുംബാഗങ്ങളുടെ സാന്നിദ്ധ്യത്തിലുള്ള സംസാരം അതിന് വളരെ സഹായകമായിരിക്കും.

എല്ലാം തികഞ്ഞ പങ്കാളിയെ തന്നെ വേണമെന്ന് ശഠിക്കരുത്
നിങ്ങളുടെ സങ്കല്‍പത്തിലുള്ള ‘സമ്പൂര്‍ണയായ പങ്കാളി’യല്ലെന്ന് പറഞ്ഞ് ഒരാളുമായി സംസാരിക്കാന്‍ പോലും വിസമ്മതിക്കരുത്. തുറന്ന സമീപനമായിരിക്കണം അവരോട് സ്വീകരിക്കേണ്ടത്. എല്ലാ തരത്തിലും നിങ്ങള്‍ ഉദ്ദേശിച്ച ഒരു പങ്കാളിയെ കിട്ടുകയെന്നത് യാഥാര്‍ത്ഥ്യമാവില്ല. നിങ്ങളുദ്ദേശിച്ച ഉയരം, തടി, നിറം, സൗന്ദര്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം ഏറ്റകുറച്ചിലുകളുണ്ടെങ്കിലും അതിലേറെ മികച്ച് നില്‍ക്കുന്ന വേറെ ഗുണങ്ങള്‍ അവരിലുണ്ടാവും. കാഴ്ച്ചയിലും വ്യക്തിത്വത്തിലും പരസ്പരം ആകര്‍ഷിക്കാന്‍ കഴിയുക എന്നതാണ് പ്രധാനം. നമ്മള്‍ മനുഷ്യര്‍ ആരും പൂര്‍ണരെല്ലെന്ന് നാം തിരിച്ചറിയണം. പൂര്‍ണത അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാണ്.

വേണ്ടത്ര സമയമെടുത്ത് തീരുമാനമെടുക്കുക
ഒറ്റ കാണലിലോ സംസാരത്തിലോ തീരുമാനമെടുക്കേണ്ട ഒന്നല്ല വിവാഹം. അതിന് വളരെ ദീര്‍ഘിച്ച സമയം എടുത്ത് ആലോചിക്കണം എന്നല്ല, എന്നാല്‍ ഒരു കാഴ്ച്ച തീരുമാനമെടുക്കാന്‍ മതിയാവില്ല. വേണ്ടത്ര സമയമെടുത്ത് ചിന്തിച്ചായിരിക്കണം നിങ്ങള്‍ തീരുമാനമെടുക്കേണ്ടത്. വ്യത്യസത് സാഹചര്യങ്ങളില്‍ പങ്കാളിയാവാന്‍ പോകുന്ന വ്യക്തി എങ്ങനെയാണ് പെരുമാറുന്നതെന്ന് മനസിലാക്കാനും സമയം വേണ്ടി വരും.

കുടുംബത്തോടും സുഹൃത്തുക്കളോടും ഉപദേശം തേടുക
പലരും വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. ഏത് തരം വ്യക്തിയാണ് നിങ്ങള്‍ക്ക് യോജിക്കുകയെന്ന് കൂടുതല്‍ ധാരണയുള്ളവരായിരിക്കും രക്ഷിതാക്കളും കുടുംബാംഗങ്ങളും. അതുകൊണ്ട് തന്നെ അവരുടെ ഉപദേശങ്ങള്‍ക്ക് പ്രസക്തിയുണ്ട്. എന്നാല്‍ അവരുടെ നിര്‍ദേശം അന്ധമായി സ്വീകരിക്കുകയും ചെയ്യേണ്ടതില്ല. നിങ്ങള്‍ ആരെയാണ് വിവാഹം ചെയ്യേണ്ടതെന്ന് അന്തിമായി തീരുമാനിക്കേണ്ടത് നിങ്ങളാണ്. എന്നാല്‍ നിങ്ങളുടെ കുടുംബവും നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണെന്നത് മറക്കരുത്. വിവാഹത്തിന് ശേഷം നിങ്ങളോടൊപ്പം കഴിയാനുള്ളവരാണ് അവര്‍. വിവാഹത്തിന് മുമ്പുണ്ടായിരുന്ന സമാധാനം ശേഷവും നിലനില്‍ക്കുമെന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം.

ഇസ്തിഗാറയുടെ നമസ്‌കാരം നിര്‍വഹിക്കുക
ജീവിതത്തില്‍ സുപ്രധാന തീരുമാനങ്ങളെടുക്കുമ്പോള്‍ അല്ലാഹുവുമായി കൂടിയാലോചിക്കാന്‍ പ്രവാചകന്‍(സ) തന്റെ അനുയായികളെ പഠിപ്പിച്ചിട്ടുണ്ട്. നമ്മുടെ ഗുണവും ദോഷവും നന്മയും തിന്മയും ഏറ്റവും നന്നായി അറിയുന്നവന്‍ അവനാണെന്ന ബോധ്യത്തോടെയായിരിക്കണം നാം ഇസ്തിഗാറയുടെ(നന്മ തേടല്‍) നമസ്‌കാരം നിര്‍വഹിക്കേണ്ടത്. നമുക്ക് ഏറ്റവും നല്ല മാര്‍ഗം ലഭിക്കാന്‍ അവന്റെ സഹായം ആവശ്യമാണെന്ന ബോധ്യത്തോടെയായിരിക്കണം അവന്റെ മുന്നില്‍ നിര്‍ക്കേണ്ടത്. എന്തുതന്നെ സംഭവിച്ചാലും സമാധാനത്തോടെ നിലകൊള്ളാന്‍ നമ്മെയത് സഹായിക്കും.

പ്രാര്‍ഥന അധികരിപ്പിക്കുക
വിവാഹത്തിന് പങ്കാളിയെ കാണുന്നതും അന്വേഷിക്കുന്നതുമെല്ലാം വളരെ സുപ്രധാന സന്ദര്‍ഭങ്ങളാണ്. പലപ്പോഴും ഭൗതികമായ ഘടകങ്ങളിലാണ് നാം ശ്രദ്ധ കേന്ദ്രീകരിക്കാറുള്ളത്. അതിനിടയില്‍ പലപ്പോഴും പ്രാര്‍ഥനയെന്ന് സുപ്രധാന ഘടകത്തെ മറന്ന് പോകാറുണ്ട്. വിവാഹം നന്മയാണെങ്കില്‍ അതിന്റെ ഫലങ്ങള്‍ നേടിത്തരാന്‍ എപ്പോഴും അല്ലാഹുവോട് പ്രാര്‍ഥിച്ചു കൊണ്ടിരിക്കുക.

വിവ : നസീഫ് തിരുവമ്പാടി

Related Articles