വളരെ വ്യാപകമായി ചര്‍ച്ചചെയ്യുകയും പ്രചരിക്കുകയും ചെയ്ത്കൊണ്ടിരിക്കുന്ന ഒരു ആശയമാണ് മാറ്റം (Change). അമേരിക്കന്‍ മുന്‍ പ്രസിഡന്‍റ് ബറാക് ഉബാമയുടെ രണ്ടാം തെരെഞ്ഞെടുപ്പ് ഊഴത്തില്‍ ഏറെ ഉയര്‍ത്തിപിടിച്ച മഹത്തായ ഒരു മുദ്രാവാക്യമായിരുന്നു ചെയ്ഞ്ച് അഥവാ മാറ്റം. മാറ്റം എന്നത് എല്ലാവരും താലോലിക്കുന്ന വിപ്ലവകരമായ ആശയമാണ്. നമ്മുടെ താല്‍പര്യങ്ങളനുസരിച്ച് നമുക്ക് നല്ലതിലേക്കൊ തിയ്യതിലേക്കൊ മാറാം. ക്രയാത്മകമായ നല്ലതിലേക്കുള്ള മാറ്റത്തെ കുറിക്കാനാണ് മാറ്റം എന്ന പദം ഉപയോഗിക്കുന്നത്.
സ്വയം മാറുവാനും നമ്മുടെ സമൂഹത്തില്‍ മാറ്റമുണ്ടാവാനും അതിനെ പ്രോല്‍സാഹിപ്പിക്കാനും ധാരാളം പരിശീലന പരിപാടികള്‍ നടന്ന് വരുന്നുണ്ട് എന്നത് ശുഭോതര്‍ക്കമാണ്. സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ നിലവിലെ അവസ്ഥയില്‍ നിന്ന് അതിനെക്കാള്‍ മെച്ചപ്പെട്ട അവസ്ഥയിലേക്കുള്ള മാറ്റമാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്. ഏത് കാര്യത്തിലും സ്ഥായിയായ അവസ്ഥയില്‍ നിലയുറപ്പിച്ചാല്‍ ഒരിക്കലും പുരോഗതി കൈവരിക്കുകയില്ല. എന്നാല്‍ മാറുന്നതിന്‍റെ ഭീതിയും നിലവിലുള്ള അവസ്ഥയില്‍ കഴിയുന്നതിന്‍റെ സുഖവും ആലോചിക്കുമ്പോള്‍ മാറുക എന്നത് അത്ര എളുപ്പമല്ല.
മാനസിക മാറ്റം സുപ്രധാനം
ഗര്‍ഭംധരിക്കുക എന്നതാണ് പ്രധാനം. പ്രസവം ഏതെങ്കിലും വിധത്തില്‍ സമയമാവുമ്പോള്‍ നടന്ന്കൊള്ളും. അത്പോലെയാണ് മാനസിക മാറ്റവും. മനസ്സില്‍ മാറ്റത്തിന്‍റെ ശില്‍പചാതുരി രൂപപ്പെട്ടാല്‍, ശില്‍പമുണ്ടായികൊള്ളും. എല്ലാ കണ്ടുപിടുത്തങ്ങളുടേയും അടിസ്ഥാന തത്വമാണിത്. മനസ്സില്‍ രൂപപ്പെടാതെ ലോകത്ത് ഒരു കാര്യവും സംഭവിക്കുന്നില്ല. അതിനാൽ മാനസിക മാറ്റം ഉണ്ടാവലാണ് ഏറ്റവും പ്രധാനം.
ഭൗതികമായ മാറ്റം താരതമ്യേന എളുപ്പമാണ്. ഉദാഹരണമായി, ഒരു വീട്ടമ്മ തന്‍റെ ഗൃഹോപകരണങ്ങള്‍ അടുക്കിലും ചിട്ടയിലും വെക്കാന്‍ തീരുമാനിക്കുന്നു എന്ന് കരുതുക. അത് ഏതാനും ദിവസങ്ങളിലായി പെട്ടെന്ന് ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂ. ഭൗതികമായ അത്തരം മാറ്റം പോലെയല്ലല്ലോ, ആ വീട്ടമ്മയുടെ സ്വഭാവത്തില്‍ മാറ്റം വരുത്തുക എന്നത്? അത് വളരെ പ്രയാസകരം തന്നെയാണ്.
ഒരു യോദ്ധാവിന് ശത്രു സൈന്യത്തെ ധീരമായി നേരിടാന്‍ കഴിഞ്ഞക്കാം. എന്നാല്‍ പുകവലി പോലുള്ള അദ്ദേഹത്തിന്‍റെ ദുശ്ശീലങ്ങള്‍ രായ്ക്കുരാമാനം മാറ്റുക സാധ്യമല്ല. ഒരാളുടെ പെരുമറ്റം,സ്വഭാവം,കാഴ്ചപ്പാട് ഇതിലെല്ലാം മാറ്റം സംഭവിക്കാന്‍ ക്ഷമയും സഹനവും നിശ്ചയദാര്‍ഡ്യവും ആവശ്യമാണ്. എങ്കില്‍ മാത്രമേ പുരോഗതി കൈവരിക്കുകയുള്ളൂ. പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരനായ ബര്‍നഡ് ഷാ പറഞ്ഞതാണ് വാസ്തവം: “മാറ്റമില്ലാതെ പുരോഗതി കൈവരിക്കുക അസാധ്യമാണ്. സ്വന്തം മനസ്സിനെ മാറ്റാന്‍ കഴിയാത്തവര്‍ക്ക് ഒന്നിനേയും മാറ്റാന്‍ കഴിയുകയില്ല.”
അവസരങ്ങള്‍ ഉപയോഗപ്പെടുത്തുക
മാറാനായി ഒരാള്‍ ആലോചിക്കുമ്പോള്‍ അയാള്‍ പല പ്രയാസങ്ങളും പ്രതിബന്ധങ്ങളും നേരിട്ടേക്കാം. അപ്പോഴും അയാള്‍ അതില്‍ നിന്ന് പിന്‍വാങ്ങാന്‍ പാടില്ല. പകരം അയാള്‍ ഇങ്ങനെ വിശ്വസിക്കുന്നതാണ് ഉത്തമം: മാനസികമായും ആത്മീയമായും സാമൂഹ്യമായും പുരോഗതിയിലേക്ക് മാറാനുള്ള നല്ല അവസരമാണ് തനിക്ക് കൈവന്നിരിക്കുന്നത്. ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. കാരണം ഒന്നും പൂര്‍ണ്ണമൊ കുറ്റമറ്റതൊ അല്ലല്ലോ? അത്കൊണ്ട് മാറ്റം മനുഷ്യനെ സംബന്ധിച്ചേടുത്തോളം അനിവാര്യമാണ്. അവസരം കിട്ടുമ്പോള്‍ അമാന്തിച്ച് നില്‍ക്കരുത്. ഇത് അതിനുള്ള അവസരമായി കരുതി മുന്നോട്ട് പോവുകയാണ് വേണ്ടത്.
മാറ്റത്തിന് പകരം മാറ്റം മാത്രം
മാറ്റത്തിന് പകരമായി മറ്റൊന്നുമില്ലെന്ന് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. അമിത ചിലവ് കാരണം ഒരാള്‍ക്ക് കടബാധ്യത ഉണ്ടാവുകയാണെങ്കില്‍, അതിനെ അയാള്‍ എങ്ങനെയായിരിക്കണം മറികടക്കേണ്ടത്? ചിലവാക്കുന്ന രീതിയില്‍ മാറ്റം വരുത്തുകയാണ് ഒരു വഴി. വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാക്കുകയാണ് മറ്റൊരു രീതി. അല്ലെങ്കില്‍ അയാള്‍ നിയമ നടപടിക്ക് വിധേയനാവുകയും ജയിലിലടക്കപ്പെടുകയും ചെയ്തേക്കാം. അപ്പോള്‍ നമ്മുടെ പെരുമാറ്റത്തില്‍ ചില മാറ്റങ്ങള്‍ വരുത്താതെ നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുക സാധ്യമല്ല.
നമ്മുടെ പെരുമാറ്റത്തിലും ജീവിതരീതിയിലും മാറ്റം അനിവാര്യമാണ്. അതിനെ രൂപപ്പെടുത്തുന്ന വിദ്യാഭ്യാസത്തിലും മാറ്റം ആവശ്യമാണ്. മാറ്റം സംഭവിക്കാന്‍ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
1. മാറാനുള്ള ദൃഡനിശ്ചയം. ഒരു വ്യക്തി തന്നെ തീരുമാനിക്കേണ്ട കാര്യമാണ് മാറ്റം. കുതിരക്ക് വെള്ളം കുടിക്കണമെന്ന് കുതിര തന്നെ തീരുമാനിക്കണം.
2. ഏതിലേക്കാണോ മാറാന്‍ ആഗ്രഹിക്കുന്നത് അതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാവണം. ലക്ഷ്യത്തെ കുറിച്ച് കൃത്യമായ അറിവ്. ഒരു മാറ്റവും ഇല്ലാതെ നിശ്ചലമായിരിക്കാന്‍ തീരുമാനിച്ചാല്‍ അതിന് കനത്ത വില നല്‍കേണ്ടി വരും.
പ്രോട്ടൊടൈപുകള്‍ / (Prototype)
എങ്ങനെ മാറണം എന്ന് ചോദിച്ചാല്‍ വലിയൊരു ശൂന്യതയാണ് അനുഭവപ്പെടുക. എവിടെ നിന്ന് എവിടെത്തേക്ക് മാറണം എന്നത് തികച്ചും വ്യക്തിപരമായി തീരുമാനിക്കേണ്ട കാര്യമാണെങ്കിലും ചില പ്രായോഗിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ എങ്ങനെയാണ് മാറേണ്ടത് എന്നതിലേക്കുള്ള ചില സൂചനകള്‍ ഇവിടെ നല്‍കാം. അത് മുമ്പില്‍ വെച്ച് ഏത് കാര്യത്തിലാണ് മാറേണ്ടതെന്നും അത് എങ്ങനെയായിരിക്കണമെന്നും സ്വയം തീരുമാനിക്കാവുന്നതാണ്. ഒരു സ്റ്റീരിയോ ടൈപ് രീതി മാറ്റത്തിന് സ്വീകരിക്കാന്‍ കഴിയില്ല.
ഒരു സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിയുടെ കാര്യം എടുക്കൂ. പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിക്കണം എന്ന് അവന്‍ ആഗ്രഹിക്കുന്നു. അതിന് കഠിനാധ്വാനം അനിവാര്യമാണെന്ന് മറ്റ് വിദ്യാര്‍ത്ഥികളെ പോലെ അവന്‍ മനസ്സിലാക്കുന്നു. എങ്കില്‍ അവന്‍റെ പഠന പരിതസ്ഥിതി മാറ്റുന്ന കാര്യത്തില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട് എന്നാണ് അവന്‍ ആദ്യം തീരുമാനിക്കേണ്ടത്. അവന് ദൃഡനിശ്ചയമുണ്ടെങ്കില്‍, അഥവാ മാറുന്നതിനോട് പ്രതിബദ്ധത ഉണ്ടായാല്‍, സൗകര്യപ്രദമായ മാറ്റങ്ങള്‍ സൃഷ്ടിച്ച് മാറാവുന്നതാണ്.
ഗാര്‍ഹികാന്തീരക്ഷമാണ് അവന്‍റെ പഠനത്തിന് തടസ്സമാവുന്നതെങ്കില്‍, പഠനം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റണം. ഉയര്‍ന്ന മാര്‍ക്ക് ലഭിക്കാന്‍ അധിക വായനയാണ് ആവശ്യമെങ്കില്‍, അവന് പൊതു വായനശാലയേയൊ ലൈബ്രറിയേയൊ അവലംബിക്കാം. ഉന്നത പഠന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളുമായി സൗഹൃദ ബന്ധം സ്ഥാപിക്കുന്നത് അവന്‍റെ ഗുണപരമായ മാറ്റത്തിന് നിമിത്തമാവും. കഠിനാധ്വാനിയായ വിദ്യാര്‍ത്ഥിയാവുന്നതെങ്ങനെ എന്ന് ഈ കൂട്ട്കെട്ടിലൂടെ അവന് അറിയാം. അതുല്യ സംഭാവനകള്‍ നല്‍കിയ ഗുരുവര്യന്മാരുടേയും മഹദ് വ്യക്തിത്വങ്ങളുടേയും ജീവചരിത്ര കൃതികള്‍ അവന്‍ വായിക്കണം. അതിലൂടെ അവര്‍ എങ്ങനെയാണ് ഉന്നതിയിലത്തെിയതെന്ന് അവന് മനസ്സിലാക്കാം.
മാറ്റം ആവശ്യമാണെന്ന് തോന്നുന്ന മറ്റൊരു കാര്യം നോക്കാം. ഒരു പാപിയായ മനുഷ്യന് അല്ലാഹുവിനോട് പാശ്ചാതപിച്ച് മടങ്ങാനും വിശ്വാസം ശക്തിപ്പെടുത്താനും സ്വയം നന്നാവാനും ആഗ്രഹം ജനിക്കുന്നു എന്ന് കരുതുക. അയാള്‍ എന്ത് ചെയ്യണം? അത്തരം വ്യക്തികള്‍ ദുശിച്ച ചുറ്റുപാടിലാണ് ജീവിക്കുന്നതെങ്കില്‍ അവരുടെ ജീവിതം അതില്‍ നിന്നും പറിച്ചെടുത്ത് ഭക്തിപൂര്‍ണ്ണമായ സാഹചര്യത്തിലേക്ക് മാറ്റേണ്ടതുണ്ട്. കഴിയുമെങ്കില്‍ താമസം മസ്ജിദിനരികിലേക്ക് മാറ്റുന്നത് ഏറ്റവും അഭിഗാമ്യം. ദുശിച്ച വ്യക്തികളുമായി സഹവാസം ഒഴിവാക്കുകയും ഉത്തമ സ്വഭാവമുള്ള വ്യക്തികളുമായി ചങ്ങാത്തം കൂടുക. ജീവ കാരുണ്യ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ധാര്‍മ്മികമായി പ്രതിബദ്ധതയുള്ള ആളുകളുമായി അയാള്‍ സൗഹൃദം ഉണ്ടാക്കുന്നതും അയാളുടെ ജീവിതത്തില്‍ വഴിത്തിരിവായി മാറും.
മറ്റൊരു വ്യക്തിക്ക് തന്‍റെ പൊണ്ണത്തടി കുറക്കണമെന്നിരിക്കട്ടെ. അതിനും വളരെ എളുപ്പത്തിലുള്ള പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്. സുഭിക്ഷമായി ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഓപന്‍ ബൊഫെ അയാള്‍ ഒഴിവാക്കണം. സല്‍കാരങ്ങള്‍ക്കുള്ള ക്ഷണം സ്വീകരിക്കുന്നത് പരമാവധി കുറക്കുക. പൊണ്ണത്തടിയന്മാരോടൊത്ത് ഭക്ഷണം കഴിക്കാതിരിക്കുക. അവരോടെപ്പം ചേര്‍ന്നാല്‍ കൂടുതല്‍ കഴിക്കാന്‍ പ്രേരിതനാകും. വിവാഹിതനാവുകയാണെങ്കില്‍ കൃശഗാത്രികളായ തരുണിയെ വിവാഹം കഴിക്കുക.
ഇതെല്ലാം മാറ്റത്തിന്‍റെ പ്രായോഗിക രീതികള്‍ക്കുള്ള (Prototype) ഏതാനും ഉദാഹരണങ്ങളാണ്. തന്‍റെ ജീവിതത്തില്‍ എന്താണ് മാറേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അയാള്‍ തന്നെയാണ്. മുകളില്‍ വിവരിച്ച രീതി മുമ്പില്‍വെച്ച് ഒരു മാതൃക സ്വീകരിച്ച് മാറ്റത്തിന്‍റെ മഹത്തായ പാതയിലേക്ക് ഒരു ചുവട് മുന്നോട്ട് വെക്കാം. നിങ്ങള്‍ സ്വയം മാറാന്‍ തീരുമാനിച്ചാല്‍, ലോകത്തെ മാറ്റാന്‍ നിങ്ങള്‍ തുടങ്ങിയിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഖുര്‍ആന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്ന കാര്യവും മറ്റൊന്നല്ല: ………അല്ലാഹു ഒരു ജനതയുടെയും അവസ്ഥയില്‍ മാറ്റം വരുത്തുകയില്ല; അവര്‍ തങ്ങളുടെ സ്ഥിതി സ്വയം മാറ്റുന്നത് വരെ……… (13:11).
🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5