Current Date

Search
Close this search box.
Search
Close this search box.

കുട്ടികളുടെ അവകാശങ്ങള്‍

rights1.jpg

ഇസ്‌ലാമിക വീക്ഷണത്തിലെ കുട്ടികള്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരു പോലെ ഉള്‍ക്കൊള്ളുന്നതാണ് എന്ന് ആദ്യമായി സ്ഥാപിക്കേണ്ടതുണ്ട്. ഇസ്‌ലാം ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിച്ചാണ് കാണുന്നതെന്ന് ചില ശത്രുക്കള്‍ ആരോപിക്കാറുണ്ട്. അനന്തരാവകാശനിയമത്തിലും അഖീഖ അറുക്കുന്നതിലും (ആണ്‍കുട്ടികള്‍ക്ക് രണ്ട് ആടുകളും പെണ്‍കുട്ടിക്ക് ഒരു ആടും) പുരുഷന് സ്ത്രീകളെക്കാള്‍ മുന്‍ഗണന നല്‍കുന്നുവെന്നതാണ് അവര്‍ക്കുള്ള ന്യായം. അല്ലാഹു ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും തുല്യരായി കാണുന്നുവെന്നതാണ് ശരിയായ ഇസ്‌ലാമിക സങ്കല്‍പം. ഓരോരുത്തരും പ്രകൃതിപരമായ അവരുടെ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതിന് അനുയോജ്യമായാണ് ശാരീരികമായി ഒരുക്കപ്പെട്ടിട്ടുള്ളത്. മതപരമായ ബാധ്യതകളിലും എല്ലാവരും തുല്യരായിരിക്കും. ചില ഇളവുകള്‍ അനുവദിക്കപ്പെട്ടിട്ടുണ്ടെന്നുള്ളത് മാത്രമാണ് ഇതിന്നപവാദം. അവ അല്ലാഹു ഖുര്‍ആനിലൂടെയും അവന്റെ ദൂതനിലൂടെയും വിവരിച്ചു തന്നിട്ടുള്ളതുമാണ്. ഇസ്‌ലാമിന്റെയും ഇസ്‌ലാമികാധ്യാപനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമുള്ളതാണ് ഈ വ്യത്യാസങ്ങള്‍.

കുട്ടികള്‍ക്ക് വളരെയധികം അവകാശങ്ങള്‍ ഇസ്‌ലാം വകവെച്ചു നല്‍കിയിട്ടുണ്ട്. പ്രസ്തുത അവകാശങ്ങളെ കുറിച്ച് അവബോധവും ബോധ്യവും വളര്‍ത്തിയെടുക്കുകയാണ് പ്രഥവും പ്രധാനവുമായി വേണ്ടത്. കുട്ടികള്‍ക്കനുയോജ്യവും ആവശ്യവുമായ അവരുടെ മുഴുവന്‍ ആരോഗ്യകരവുമായ ജീവിതത്തിനുമാവശ്യമായ മതപരവും ധാര്‍മ്മികവുമായ നിര്‍ദ്ദേശങ്ങള്‍ അവര്‍ക്ക് ലഭ്യമാക്കേണ്ടതുണ്ട്. യഥാര്‍ത്ഥ്യ മൂല്യങ്ങളും ശരിതെറ്റുകളും അവരില്‍ കൊത്തിവെക്കേണ്ടതുണ്ട്. അല്ലാഹു വിശുദ്ധ ഖുര്‍ആനില്‍ പറയുന്നു:
‘സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്‌നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക.’ (66:6)
മുഹമ്മദ് നബി(സ) ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ ഓരോരുത്തരും ഇടയന്‍മാരാണ്. കീഴിലുള്ളവരുടെ കാര്യത്തില്‍ നിങ്ങളോരുത്തരും ചോദ്യംചെയ്യപ്പെടുന്നവരുമാണ്. ഒരു വ്യക്തി തന്റെ കുടുംബത്തിന്റെ ഇയടനും ഉത്തരവാദിയുമാണ്.’
രക്ഷിതാക്കളെ സൂക്ഷിക്കാനേല്‍പ്പിച്ചിട്ടുള്ള നിധിയാണ് മക്കള്‍. അന്ത്യദിനത്തില്‍ തങ്ങളെ സൂക്ഷിക്കാനേല്‍പ്പിച്ച കാര്യത്തെകുറിച്ചവര്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും. മക്കള്‍ക്ക് ധാര്‍മ്മികവും മതപരവുമായ വിദ്യാഭ്യാസം നല്‍കേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണ്. തങ്ങളുടെ പരലോക മോചനത്തിനായി രക്ഷിതാക്കള്‍ ഈ ബാധ്യത പൂര്‍ത്തീകരിക്കേണ്ടതുണ്ട്. അങ്ങനെ വരുമ്പോള്‍ മക്കള്‍ നല്ല പൗരന്‍മാരായിത്തീരും. മാതാപിതാക്കള്‍ക്കവര്‍ ഈ ലോകത്തും പരലോകത്തും കണ്‍കുളിര്‍മ്മയേകുന്നവരുമാകും.
അല്ലാഹു പറയുന്നു: ‘സത്യവിശ്വാസം സ്വീകരിച്ചവരെയും സത്യവിശ്വാസ സ്വീകരണത്തില്‍ അവരെ അനുഗമിച്ച അവരുടെ സന്താനങ്ങളെയും നാം ഒരുമിച്ചു ചേര്‍ക്കും. അവരുടെ കര്‍മഫലങ്ങളില്‍ നാമൊരു കുറവും വരുത്തുകയില്ല. ഓരോ മനുഷ്യനും താന്‍ സമ്പാദിച്ചതിന് അര്‍ഹനായിരിക്കും.’ (52:21)
ഒരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘ഒരു മനുഷ്യന്‍ മരിച്ചാല്‍ അവന്റെ പ്രവര്‍ത്തനങ്ങളെല്ലാം നിലക്കുന്നു, മൂന്നുകാര്യങ്ങളൊഴികെ. നിലക്കാത്ത ദാനധര്‍മ്മം, പ്രയോജനകരമായ വിജ്ഞാനം, അവനുവേണ്ടി പ്രാര്‍ഥിക്കുന്ന സന്താനങ്ങള്‍.’ (മുസ്‌ലിം) ഇക്കാര്യങ്ങളെല്ലാം മുന്‍നിര്‍ത്തിയായിരിക്കണം സന്താനങ്ങളെ പരിപാലിക്കേണ്ടത്. കാരണം മരണത്തിന് ശേഷവും നിലനില്‍ക്കുന്ന കാര്യമാണത്.
ദൗര്‍ഭാഗ്യവശാല്‍ സന്താനങ്ങളുടെ ഈ അവകാശങ്ങള്‍ക്ക് രക്ഷിതാക്കള്‍ വേണ്ടത്ര പരിഗണന നല്‍കാറില്ല. അവഗണനയുടെ ഫലമായി പല രക്ഷിതാക്കള്‍ക്കും തങ്ങളുടെ മക്കളെ നഷ്ടപ്പെടുക വരെ ഉണ്ടായിട്ടുണ്ട്. അത്തരം രക്ഷിതാക്കള്‍ തങ്ങളുടെ മക്കള്‍ അനാവശ്യമായി കൂട്ടുകാരാടൊത്ത് ചെലവഴിക്കുന്ന സമയത്തെയും സ്ഥലങ്ങളെയും കുറിച്ച് അശ്രദ്ധ പുലര്‍ത്തുന്നവരായിരുന്നു. മക്കള്‍ വീട്ടിലേക്ക് വരുന്നതിനെയും പോകുന്നതിനെയും കുറിച്ച് അവര്‍ അശ്രദ്ധരായിരിക്കും. ഉത്തരവാദിത്തപ്പെട്ട മുതിര്‍ന്നവരുടെ മാര്‍ഗദര്‍ശനമില്ലാതെയാണ് അവര്‍ വളരുന്നത്. ജീവിതത്തിന്റെ യഥാര്‍ത്ഥ മാര്‍ഗത്തിലേക്കും ആളുകളോട് ഇടപഴകുന്നതിനോടും പെരുമാറുന്നതിലും നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പോലും മടികാണിക്കുന്ന ഇത്തരം രക്ഷിതാക്കള്‍ തങ്ങളുടെ സമ്പത്തിന്റെ കാര്യത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തുന്നവരുമാണ്. തങ്ങളുടെ ബിസിനസിലും ജോലിസംബന്ധമായ കാര്യങ്ങളിലും അതീവ ജാഗ്രതയവര്‍ പുലര്‍ത്തുന്നു. ഭൗതികമായ നേട്ടങ്ങള്‍ക്കായി തങ്ങളുടെ പരമാവധി പരിശ്രമങ്ങള്‍ നടത്തുന്നവരാണവര്‍. തങ്ങളുടെ കബറിടത്തിലേക്ക് കൊണ്ടു പോകാനാവാത്ത സമ്പത്തിനു വേണ്ടിയാണവര്‍ പരിശ്രമിക്കുന്നത്.
നല്ല ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം തുടങ്ങിയവ മാത്രമല്ല ഒരു കുട്ടിയുടെ ആവശ്യം. അതിലേറെ പ്രാധാന്യമുള്ളതാണ് മതപരവും വിദ്യാഭ്യാസപരവും ആത്മീയവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നത്. ഒരു കുട്ടിയുടെ ഹൃദയം വിശ്വാസത്താല്‍ നിറച്ചതായിരിക്കണം. അവന് യഥാര്‍ത്ഥ ശ്രദ്ധ ലഭിക്കുന്നുണ്ടെന്നതിന്റെ അടയാളം വസ്ത്രവും വീടും ഒരുക്കിയെന്നതല്ല. ശരിയായ വിദ്യാഭ്യാസവും മാര്‍ഗദര്‍ശനവുമാണ് ഭക്ഷണത്തെക്കാളും വസ്ത്രത്തേക്കാളുമെല്ലാം പ്രധാനം.
രക്ഷിതാക്കള്‍ കുട്ടികളുടെ ക്ഷേമത്തിനും നന്മക്കും സന്തുലിതമായ രീതിയില്‍ സമയം ചെലവഴിക്കുകയെന്നത് അവരുടെ അവകാശമാണ്. അത് അമിതമാവുകയോ തീരെ അവഗണിക്കുകയോ ചെയ്യുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല. കുട്ടിയുടെ സാമൂഹിക ജീവിതത്തില്‍ അത് വിപരീതഫലമായിരിക്കും ഉളവാക്കുക. അവരോട് ആരും പിശുക്കുകാണിക്കരുത്. തന്റെ സമ്പത്ത് അനന്തരമെടുക്കുന്നവരോട് പിശുക്ക് കാണിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? കുട്ടികളുടെ സുപ്രധാന അവകാശമാണിത്. അവര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ പണം രക്ഷിതാക്കള്‍ കൊടുക്കുന്നില്ലെങ്കില്‍ രക്ഷിതാക്കളുടെ സ്വത്തില്‍ നിന്ന് മിതമായ രീതിയില്‍ അതെടുക്കാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.
സാമ്പത്തികോപഹാരങ്ങള്‍ നല്‍കുമ്പോള്‍ കുട്ടികള്‍ക്കിടയില്‍ നീതി പുലര്‍ത്തേണ്ടതുണ്ട്. ചിലര്‍ക്ക് മറ്റ് ചിലരേക്കാള്‍ മുന്തിയ പരിഗണന നല്‍കാവതല്ല. എല്ലാവര്‍ക്കും സമമായും മാന്യമായും നല്‍കണം. ഒരു കുട്ടിയെയും അവന്റെ സമ്മാനത്തില്‍ നിന്ന് തടയരുത്. അനന്തരാവകാശത്തിലും സാമ്പത്തിക ഉപഹാരങ്ങളിലും ചിലരെ തടഞ്ഞ് നിര്‍ത്തുന്നതും ഒരാള്‍ക്ക് മറ്റുള്ളവരേക്കാള്‍ പരിഗണന നല്‍കുന്നതും ഇസ്‌ലാമിക വീക്ഷണപ്രകാരം അനീതിയാണ്. കുട്ടികളോട് കാണിക്കുന്ന അനീതി കുടുംബത്തില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിന് കാരണമാകും. യഥാര്‍ത്ഥത്തില്‍ ഇത്തരം അനീതികള്‍ മക്കള്‍ക്കിടയില്‍ ശത്രുതക്ക് കാരണമാവുകയും കുടുംബാന്തരീക്ഷത്തെ മൊത്തത്തില്‍ ബാധിക്കുകയും ചെയ്യും. പ്രായമായ മാതാപിതാക്കള്‍ ഒരു കുട്ടിയോട് മാത്രം പ്രത്യേക പരിഗണന നല്‍കാറുണ്ട്. ഉദാഹരണമായി അവന് പ്രത്യേക സമ്മാനങ്ങള്‍ നല്‍കുകയോ അല്ലെങ്കില്‍ വീടിന്റെയോ ഏതെങ്കിലും ഭൂസ്വത്തിന്റെയോ ഫാക്ടറിയുടെയോ ഉടമസ്ഥാവകാശം നല്‍കുകയോ ചെയ്യും. ഇതെല്ലാം നല്‍കുന്നത് ചില മാനദണ്ഢങ്ങള്‍ പരിഗണിച്ചായിരിക്കാം. പലപ്പോഴും അവന്റെ അനുസരണയോ സ്‌നേഹമോ മാതാപിതാക്കള്‍ക്കവന്‍ നല്‍കുന്ന ശ്രദ്ധയോ കാരണമാവാം. എന്തിന്റെ അടിസ്ഥാനത്തിലായാലും ഇസ്‌ലാം അതിനെ ശരിവെക്കുന്നില്ല. മാതാപിതാക്കളെ ഒരു മകന്‍ കൂടുതലായി ശ്രദ്ധിക്കുന്നുവെങ്കില്‍ അതിനുളള പ്രതിഫലം സര്‍വ്വശക്തനായ നാഥന്റെ പക്കലാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് അവനെ പ്രത്യേകം അഭിനന്ദിക്കാവുന്നതാണ്. അല്ലാഹുവെ അനുസരിക്കുന്നതില്‍ നിന്ന് തെറ്റിക്കുന്നതാവരുത് അത്. സ്‌നേഹവും ശ്രദ്ധയും നല്‍കപ്പെടുന്ന കുട്ടിയുടെ മനസ്സ് ഒരു പക്ഷെ തെമ്മാടിത്തത്തിലേക്കും ഉപദ്രവത്തിലേക്കും വഴിമാറിയേക്കാം. അതേയവസരം തെമ്മാടിയും ഉപദ്രവകാരിയുമായവന്‍, രക്ഷിതാക്കളോട് വളരെ ദയയും സ്‌നേഹവുമുള്ളവനുമായും മാറിയേക്കാം. മനസ്സുകളും വികാരങ്ങളുമെല്ലാം അല്ലാഹുവിന്റെ പക്കലാണ്. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെ ഏതു സമയവും അതവന്‍ മാറ്റിയേക്കാം. മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഒരാള്‍ക്ക് മാത്രമായി സാമ്പത്തിക സമ്മാനങ്ങള്‍ നല്‍കരുതെന്ന് പറയുന്നതിന് കാരണവുമിതാണ്. നല്‍കുന്ന ധനം ബുദ്ധിപരമായി ശരിയായ രൂപത്തില്‍ അവന്‍ ഉപയോഗിക്കുമെന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല എന്നത് ഇതിന്റെ മറ്റൊരു വശമാണ്.
അബൂബകര്‍(റ) ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്. നുഅ്മാന്‍ ബിന്‍ ബശീര്‍ ഒരിക്കല്‍ പ്രവാചകന്റെ അടുക്കലെത്തി പറഞ്ഞു: ‘അല്ലാഹുവിന്റെ ദൂതരെ, എന്റെ ഒരു മകന് ഞാനൊരു സേവകനെ സമ്മാനിച്ചു. അപ്പോള്‍ പ്രവാചകന്‍(സ) ചോദിച്ചു: ‘നിന്റെ എല്ലാ മക്കള്‍ക്കും നീയത് നല്‍കിയിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു ഇല്ല പ്രവാചകരെ, സര്‍വ്വശക്തനായ അല്ലാഹുവെ നീ സൂക്ഷിക്കുക. എല്ലാ മക്കളോടും നീതി കാണിക്കുകയും ചെയ്യുക. എന്നെയതിന് സാക്ഷിയാക്കേണ്ട, അനീതിക്ക് ഞാനൊരിക്കലും സാക്ഷിയാവുകയില്ല.’ (ബുഖാരി, മുസ്‌ലിം) ഇവിടെ പ്രവാചകന്‍(സ) അനീതിയായിട്ടാണിതിനെ കണക്കാക്കിയിട്ടുള്ളത്.
എന്നാല്‍ ഒരു രക്ഷിതാവ് വളരെ അനിവാര്യമായ സാമ്പത്തിക സഹായം നല്‍കുകയാണെങ്കില്‍ അതിനെ അനീതിയുടെ കൂട്ടത്തില്‍ എണ്ണേണ്ടതില്ല. ചികിത്സ, വിവാഹം പോലുള്ള കാര്യങ്ങള്‍ അതിനുദാഹരണമാണ്. ഇത്തരം സമ്മാനങ്ങള്‍ ഒരു പക്ഷെ സന്താനങ്ങള്‍ക്ക് അത്യാവശ്യമായേക്കാം. രക്ഷിതാക്കള്‍ അത് നിര്‍വ്വഹിച്ചു കൊടുക്കണം.
സന്താനങ്ങള്‍ക്ക് ധാര്‍മ്മികവും മതപരവുമായ വിദ്യാഭ്യാസവും പരിശീലനവും നല്‍കുകയെന്ന തങ്ങളുടെ ഉത്തരവാദിത്വം രക്ഷിതാക്കള്‍ നിര്‍വ്വഹിക്കുമ്പോള്‍ അത് നല്ല കുടുംബാന്തരീക്ഷവും സാമൂഹികാന്തരീക്ഷവും ഉണ്ടാക്കിയെടുക്കുന്നു. അത്തരം ഉത്തരവാദിത്വങ്ങളെ രക്ഷിതാക്കള്‍ അവഗണിക്കുന്നത് കുട്ടികളെ തന്നെ നഷ്ടപ്പെടുന്നതിനോ ഭാവിയില്‍ അവര്‍ മാതാപിതാക്കളോട് മോശമായി പെരുമാറുന്നതിനോ കാരണമായേക്കും.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles