Current Date

Search
Close this search box.
Search
Close this search box.

യുദ്ധം തുടരാനാണ് ഭാവമെങ്കിൽ ഞങ്ങൾ സജ്ജരാണ്

പോരാളികളായ ഫലസ്തീന്‍ ജനതയും സഹനത്തിനും നിശ്ചയദാര്‍ഢ്യത്തിനുമുടമകളായ ഗസ്സ മുനമ്പും ഞങ്ങളുടെ ധീരരായ പോരാളികളും 41ാം ദിവസവും അന്തസ്സോടെയും അഭിമാനത്തോടെയും പോരാട്ടം തുടരുകയാണ്.

ലോകത്തിലെ തന്നെ ഏറ്റവും ഭീകര സൈന്യത്തെയാണവര്‍ നേരിടുന്നത്. അതിലുപരിയായി അമേരിക്കയുടെ പരിധിയില്ലാത്ത പിന്തുണയും ആ സൈന്യത്തിനുണ്ട്. എന്നിട്ടും ഞങ്ങളുടെ ജനത കീഴടങ്ങിയിട്ടില്ല. ഗസ്സയുടെ നിശ്ചയദാര്‍ഢ്യം ഒട്ടും ദുര്‍ബലപ്പെട്ടിട്ടുമില്ല. ധീരരായ പ്രതിരോധ പോരാളികള്‍ ഗസ്സയുടെ മണ്ണില്‍ തുല്യതയില്ലാത്ത ധീരതയുടെ പുതിയ ഏടുകള്‍ രചിക്കുകയാണ്. ശത്രു സൈന്യത്തിന്റെ വേദനാജനകമായ ആക്രമണങ്ങളെയും ആയുധങ്ങളെയും നേരിടുകയാണവര്‍. ധീരരായ പോരാളികളുടെ ആക്രമണത്തില്‍ നിന്ന് ആ ആയുധങ്ങള്‍ തങ്ങളെ സംരക്ഷിക്കുമെന്ന് ശത്രു കരുതിയിരുന്നു. എന്നാല്‍ അവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിയിരിക്കുന്നു. “നിങ്ങള്‍ക്കെതിരില്‍ നമ്മുടെ മഹാ പരാക്രമശാലികളായ അടിമകളെ നിയോഗിച്ചു” എന്ന ഖുര്‍ആനിക സൂക്തത്തെ അന്വര്‍ത്ഥമാക്കുന്ന മഹാ പോരാളികളാണവര്‍. അല്ലാഹുവിന്റെ സൈന്യമാണവര്‍. അവരിലൂടെ തന്റെ ഉദ്ദേശ്യം നടപ്പാക്കുകയാണവന്‍. അവരെ കൊണ്ട് ശത്രുക്കളുടെ അടിവേരറുക്കുന്നു. അവര്‍ സത്യത്തിന്റെ മാര്‍ഗത്തിലാണ് പുറപ്പെടുന്നത്. അവര്‍ പ്രവേശിക്കുന്നതും സത്യത്തിന്റെ മാര്‍ഗത്തിലാണ്. അല്ലാഹു അവര്‍ക്ക് ശക്തിയും കരുത്തും പകര്‍ന്നിരിക്കുന്നു. അവരുടെ കൈകളിലൂടെ അവന്റെ വാഗ്ദാനം പുലരും.

ഞങ്ങളുടെ ജനത സഹനവും വിശ്വാസവും സ്ഥൈര്യവും കൊണ്ട് വിജയം രചിക്കുന്നത് മുഴു ലോകത്തെയും ഞെട്ടിച്ചിരിക്കുകയാണ്. മുമ്പില്ലാത്ത തരത്തിലുള്ള ആഗോള ഉണര്‍വിനത് കാരണമായിരിക്കുന്നു. കുട്ടികളുടെയും സ്ത്രീകളുടെയും വൃദ്ധരുടെയും സ്വത്തുക്കളുടെയും സമര്‍പ്പണത്തിന്റെ വലിയ വില അതിന് പിന്നിലുണ്ടെങ്കിലും വിജയമായിട്ടല്ലാതെ അത് രേഖപ്പെടുത്തപ്പെടുകയില്ല. ഒക്ടോബര്‍ ഏഴിലെ മഹാ പ്രളയത്തിന്റെ തുടര്‍ച്ചയാണത്. അതേ സമയം വെസ്റ്റ്ബാങ്കിലെ ഞങ്ങളുടെ ജനത അധിനിവേശകരെയും കുടിയേറ്റക്കാരെയും നേരിട്ടു കൊണ്ടിരിക്കുകയാണ്. കുടിയേറ്റക്കാരും അവരുടെ സൈനിക സംവിധാനങ്ങളും നടത്തുന്ന നിരന്തര കൊലപാതകങ്ങളും അറസ്റ്റുകളും കണ്ടുകെട്ടലുകളും അഭിമുഖീകരിക്കുകയാണവര്‍.

ഗസ്സയിലെ ആശുപത്രികള്‍ക്ക് നേരെ ശത്രു നടത്തുന്ന ആക്രമണങ്ങള്‍ എല്ലാ വ്യവസ്ഥകള്‍ക്കും നടപടികള്‍ക്കും മാനുഷിക മൂല്യങ്ങള്‍ക്കും നിരക്കാത്തതാണ്. അതില്‍ അവസാനത്തേതാണ് അശ്ശിഫ മെഡിക്കല്‍ കോംപ്ലക്‌സിന് നേരെ നടത്തിയ ക്രൂരമായ ആക്രമണം. അതിന് അവര്‍ കൂട്ടുപ്പിടിക്കുന്നത് അവര്‍ തന്നെ പടച്ചുണ്ടാക്കിയ കളവുകളെയാണ്. അശ്ശിഫ ആശുപത്രിയാവട്ടെ, ഡോ. അബ്ദുല്‍ അസീസ് റന്‍തീസി ആശുപത്രിയാവട്ടെ അവരുടെ പ്രചരണങ്ങളുടെ പൊള്ളത്തരം വ്യക്തമായിരിക്കുകയാണിപ്പോള്‍.

ഈ സന്ദര്‍ഭത്തില്‍ ചില കാര്യങ്ങള്‍ ഞാന്‍ ഉറപ്പിച്ചു പറയുന്നു.

ഒന്ന്, ഫലസ്തീനിനെയും മുസ്‌ലിം ഉമ്മത്തിന്റെ പവിത്ര പ്രദേശങ്ങളെയും സംരക്ഷിക്കുന്നതിനാണ് ഗസ്സയിലെ പ്രതിരോധ സംഘങ്ങള്‍ യുദ്ധത്തിലേര്‍പ്പെടുന്നത്. അവര്‍ കീഴടങ്ങുകയോ നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് വ്യതിചലിക്കുകയോ ഇല്ല. ഞങ്ങളുടെ ജനത സ്ഥൈര്യത്തോടെ അടിയുറച്ച് പോരാട്ടം തുടരുക തന്നെ ചെയ്യും. സയണിസ്റ്റ് ശത്രുവുമായി തന്ത്രപരമായ ഒരു പോരാട്ടത്തിലാണ് ഞങ്ങളേര്‍പ്പെട്ടിരിക്കുന്നത്. ദൈവാനുഗ്രഹത്താല്‍ ഞങ്ങളതില്‍ വിജയിക്കുക തന്നെ ചെയ്യുമെന്നതില്‍ ഒരു സംശയവുമില്ല. നീണ്ട യുദ്ധമാണ് ശത്രു ഉദ്ദേശിക്കുന്നതെങ്കില്‍ ഞങ്ങളും അതിന് തയ്യാറാണ്. ദൈവഹിതത്താല്‍ അതില്‍ മേല്‍ക്കൈ ഞങ്ങളുടെ പ്രതിരോധത്തിനായിരിക്കും. അല്‍ഖസ്സാം ബ്രിഗേഡിനെയും ഗസ്സയിലെയും മറ്റു ഫലസ്തീന്‍ പ്രദേശങ്ങളിലെയും പ്രതിരോധ ഗ്രൂപ്പുകളെയും ലോകം തിരിച്ചറിയും. 18 വര്‍ഷം മുമ്പ് പരാജയപ്പെടുത്തപ്പെട്ടത് പോലെ അധിനിവേശ ശക്തികള്‍ ഗസ്സയില്‍ പരാജയം രുചിക്കും. കൂടുതല്‍ തകര്‍ച്ചയും പരാജയവുമല്ലാതെ മറ്റൊന്നും അവര്‍ നേടുകയില്ല.

രണ്ട്, വന്യമായ കൂട്ടകശാപ്പുകള്‍ നടത്തുന്ന അധിനിവേശ ശക്തിയുടെ ക്രൂരമായ ആക്രമണങ്ങള്‍ 41 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്നിട്ടും കുടിയൊഴിപ്പിക്കല്‍, ബന്ധികളെ വീണ്ടെടുക്കല്‍ തുടങ്ങിയ അവരുടെ ലക്ഷ്യങ്ങളും പദ്ധതികളും ഞങ്ങളുടെ ജനതയും അവരുടെ ധീരമായ പ്രതിരോധവും പരാജയപ്പെടുത്തിയിരിക്കുന്നു. അതോടൊപ്പം അവരുടെ എല്ലാ വ്യാമോഹങ്ങളും തകര്‍ന്നടിയും. ലക്ഷ്യങ്ങളിലൊന്നു പോലും നേടാന്‍ അവര്‍ക്ക് സാധിക്കുകയില്ല. ഹമാസ് നിശ്ചയിക്കുന്ന വില കൊടുത്തല്ലാതെ ബന്ധികളെ മോചിപ്പിക്കാനും അവര്‍ക്ക് സാധിക്കില്ല.

മൂന്ന്, ദിവസങ്ങള്‍ക്ക് മുമ്പ് റിയാദില്‍ ചേര്‍ന്ന അറബ് ഇസ്‌ലാമിക ഉച്ചകോടിയുടെ പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അതിലെ തീരുമാനങ്ങള്‍ നടപ്പാക്കണമെന്നാണ് എനിക്ക് ആവശ്യപ്പെടാനുള്ളത്. പ്രത്യേകിച്ചും ആക്രമണം അവസാനിപ്പിക്കുക, ഗസ്സക്ക് മേലുള്ള ഉപരോധം ഉടന്‍ പിൻവലിക്കുക, പവിത്ര പ്രദേശങ്ങളെ സംരക്ഷിക്കുക, സ്വാതന്ത്ര്യത്തിനും നാട്ടിലേക്ക് മടങ്ങാനുമുള്ള ഞങ്ങളുടെ ജനതയുടെ ആഗ്രഹം സാക്ഷാല്‍കരിക്കുക പോലുള്ള കാര്യങ്ങള്‍. ഈ ഉച്ചകോടിയുടെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ അതില്‍ പങ്കെടുത്ത രാഷ്ട്രങ്ങളുടെ ഒരു സമിതി രൂപീകരിക്കണമെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്. അറബ് മുസ്‌ലിം നേതാക്കളോട് എനിക്ക് പറയാനുള്ളത്, ഫലസ്തീന്‍ പ്രതിരോധത്തിന്റെ ശക്തി നിങ്ങളുടെ കൂടി ശക്തിയും നേട്ടവുമാണ്. ശത്രുവിന്റെ മോഹങ്ങള്‍ക്ക് തടയിടാനും അവരുടെ വെല്ലുവിളികളെ നേരിടാനുമുള്ള ഹമാസിന്റെ ശക്തി ഫലസ്തീന്‍ ജനതയുടെ മാത്രമല്ല, മറിച്ച് മുഴുവന്‍ മുസ്‌ലിം സമൂഹത്തിന്റെയും ശക്തിയുടെ ഘടകമാണ്. അധിനിവേശകരെയും അവരുടെ വെല്ലുവിളികളെയും നേരിടുന്നതില്‍ ഫലസ്തീനികളുടെ പ്രതിരോധം അനിവാര്യവും അറബ് – ഇസ്‌ലാമിക സമൂഹങ്ങളുടെ പൊതുതാല്‍പര്യവുമായി മാറിയിരിക്കുന്നുവെന്നതില്‍ സംശയമില്ല.

നാല്, യു.എന്‍ രക്ഷാസമിതി ഗസ്സക്ക് നേരെയുള്ള ആക്രമണത്തിനെതിരെ കഴിഞ്ഞ ദിവസം പ്രമേയം ഇറക്കി. ഉടന്‍ അതിനെ തള്ളിക്കളയുകയാണ് സയണിസ്റ്റ് ശത്രു ചെയ്തത്. തങ്ങള്‍ എല്ലാ നിയമങ്ങള്‍ക്കും അതീതരാണെന്ന അവരുടെ നയമാണ് അതിലൂടെ വ്യക്തമാക്കുന്നത്. രണ്ടാഴ്ച്ച മുമ്പ് ഐക്യരാഷ്ട്രസഭ പൊതുസഭ വോട്ടെടുപ്പിലൂടെ എടുത്ത തീരുമാനങ്ങളെയും അവര്‍ വിലകല്‍പ്പിക്കുന്നില്ല. ഗസ്സയിലും വെസ്റ്റ്ബാങ്കിലും സയണിസ്റ്റുകള്‍ നടത്തുന്ന യുദ്ധകുറ്റങ്ങളെയും വംശീയ ഉന്മൂലനത്തെയും അപലപിക്കുന്ന രക്ഷാസമിതിയുടെ പ്രമേയം നടപ്പില്‍ വരുത്തേണ്ടതുണ്ട്. അപ്രകാരം അന്താരാഷ്ട്ര നിയമങ്ങളെയും കരാറുകളെയും പരിഗണിക്കാത്തവരാണവര്‍. ഈയൊരു സാഹചര്യത്തില്‍ ആക്രമണം അവസാനിപ്പിക്കാനും അതിര്‍ത്തികള്‍ തുറന്ന് ഗസ്സക്ക് ആവശ്യമായതെല്ലാം എത്തിക്കാനും ഉപരോധം പൂര്‍ണമായി അവസാനിപ്പാക്കാനും സയണിസ്റ്റ് ശത്രുവിന് മേല്‍ നിര്‍ബന്ധം ചെലുത്തേണ്ടതുണ്ട്. ഖുദ്‌സ് തലസ്ഥാനമായുള്ള സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ ന്യായമായ അവകാശത്തെ അംഗീകരിച്ചു കൊടുക്കേണ്ടതുണ്ട്. ഇതെല്ലാം ഞങ്ങളുടെ ജനതയുടെ ന്യായമായ അവകാശമെന്ന നിലയില്‍ യാതൊരു ഉപാധികളും നിബന്ധനകളുമില്ലാതെയായിരിക്കണം.

അഞ്ച്, പ്രദേശത്ത് സംഘര്‍ഷത്തിന്റെ തിരികൊളുത്തിയ ശത്രുവിനോടും അവരെ സഹായിക്കുന്നവരോടുമാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. ഗസ്സയുടെ രാഷ്ട്രീയവും ഭൂമിശാസ്ത്രവുമെല്ലാം മാറ്റാമെന്ന് വ്യാമോഹിക്കുകയാണവര്‍. അവരോടെനിക്ക് പറയാനുള്ളത് ഹമാസ് ഗസ്സയുടെ മണ്ണില്‍ വേരൂറച്ച, അവിടത്തെ ജനതയോട് ഇഴചേര്‍ന്നു നില്‍ക്കുന്ന പ്രസ്ഥാനമാണെന്നതാണ്. ശത്രുവിനും അവരുടെ സഖ്യങ്ങള്‍ക്കും ഈ യാഥാര്‍ഥ്യത്തെ മാറ്റാനാവില്ല. അവരുടെ ലക്ഷ്യങ്ങള്‍ എത്ര വലുതാണെങ്കിലും ദൈവഹിതത്താല്‍ ഞങ്ങളുടെ ജനതയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടും പോരാളികളുടെ ധീരതയാലും മുസ്‌ലിം ഉമ്മത്തിന്റെയും ലോകത്തെ സ്വതന്ത്രരായ ജനങ്ങളുടെയും സഹായത്താല്‍ അവ തകര്‍ത്തെറിയും. ഗസ്സയുടെയും ഫലസ്തീന്റെയും ഭാവി നിര്‍ണയിക്കാനുള്ള അവകാശം ഫലസ്തീന്‍ ജനതക്ക് മാത്രമാണെന്ന് ഞാന്‍ ആണയിട്ട് പറയുന്നു.

അവസാനമായി നിശ്ചയദാര്‍ഢ്യത്തോടെയും ക്ഷമയോടെയും നിലകൊള്ളുന്ന ഫല്‌സതീന്‍ ജനതക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. ഗസ്സയിലെ ഞങ്ങളുടെ ധീരരായ കുടുംബങ്ങള്‍ക്ക് അഭിമാനത്തിന്റെയും അന്തസ്സിന്റെയും അഭിവാദ്യങ്ങള്‍. ഫലസ്തീന്‍ ജനതയെയും അവരുടെ പ്രതിരോധത്തെയും പിന്തുണക്കുകയും ശത്രു ഗസ്സയില്‍ നടത്തുന്ന കുറ്റകൃത്യങ്ങളില്‍ രോഷം കൊള്ളുകയും ചെയ്യുന്ന അറബ് മുസ്‌ലിം ജനതകള്‍ക്കും ഞാന്‍ അഭിവാദ്യമര്‍പ്പിക്കുന്നു.

മുസ്‌ലിം ഉമ്മത്തിനോട് പൊതുവെ എനിക്ക് പറയാനുള്ളത്, ഗസ്സ മുസ്‌ലിം സമൂഹത്തിന്റെ ചരിത്രത്തില്‍ വലിയൊരു മാതൃകയാണ് സമര്‍പ്പിച്ചിരിക്കുന്നത്. കഴിഞ്ഞ നൂറു വര്‍ഷത്തിനിടെ അത്തരമൊരു മാതൃകയില്ല. ഉപരോധത്തിന്റെ ഞെരുക്കലിനും പ്രതിസന്ധികള്‍ക്കുമിടയില്‍ മാറ്റത്തിന്റെ വലിയൊരു വാതില്‍ ഗസ്സ തുറന്നിരിക്കുന്നു. ചരിത്രം കുറിച്ചിരിക്കുകയാണവർ. സയണിസ്റ്റ് പദ്ധതിക്ക് മേല്‍ കനത്ത പ്രഹരമാണത് ഏല്‍പ്പിച്ചിരിക്കുന്നത്. അതിനാല്‍ എല്ലാ തടസ്സങ്ങളെയും മറികടന്ന് സമ്പത്തും ആയുധങ്ങളും പോരാട്ടവും കൊണ്ട് ഗസ്സയെ സഹായിക്കേണ്ടത് നിര്‍ബന്ധമാണ്. അതില്‍ ഒരാള്‍ക്കും യാതൊരു ഇളവുമില്ല. ‘തൂഫാനുല്‍ അഖ്‌സ’ പോരാട്ടം മുഴുവന്‍ ഉമ്മത്തിന്റെയും പോരാട്ടമാണ്. എല്ലാ പരിശ്രമങ്ങളും ഏകോപിപ്പിക്കേണ്ടതുണ്ട്. ഖുദ്‌സിന്റെയും ഫലസ്തീന്‍ വിമോചനത്തിന്റെയും മാര്‍ഗത്തിൽ ആശങ്കകളില്ലാതെ ധീരമായ കാല്‍വെപ്പുകള്‍ നടത്തി തുഫാനുല്‍ അഖ്‌സക്ക് തുടര്‍ച്ച നല്‍കണം.

അപ്രകാരം ലോകത്തെ സ്വതന്ത്രമായി ചിന്തിക്കുന്ന ജനങ്ങളെയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. തെരുവുകളിലും മൈതാനങ്ങളിലും നിറഞ്ഞു നിന്ന് അക്രമത്തിന് നല്‍കുന്ന പിന്തുണ അവസാനിപ്പിക്കാനും, ഫല്തീനികള്‍ക്ക് നേരെ നടത്തുന്ന യുദ്ധകുറ്റങ്ങള്‍ തടയാനും, തങ്ങളുടെ നേതാക്കള്‍ക്കും ഭരണകൂടങ്ങള്‍ക്കും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നവരാണവര്‍.

സ്വന്തം മണ്ണിനോടുള്ള കടപ്പാടില്‍ അടിയുറച്ച് നിലകൊണ്ട്, ശത്രുവിനെതിരെ ധീരമായി പോരാടിക്കൊണ്ടിരിക്കുന്ന പോരാട്ട സംഘങ്ങള്‍ക്കും എന്റെ അഭിവാദ്യങ്ങളര്‍പ്പിക്കുന്നു. അല്ലാഹുവിന്റെ പക്കല്‍ നിന്നുള്ള വിജയം വളരെ സമീപസ്ഥമാണ്. അല്ലയോ വിശ്വാസികളെ, ക്ഷമയോടെ പ്രവര്‍ത്തിക്കുക, സ്ഥൈര്യമുള്ളവരായിരിക്കുക, സത്യസേവനത്തിന് പൂര്‍ണസന്നദ്ധരായിരിക്കുക. നിങ്ങള്‍ക്കു വിജയം പ്രതീക്ഷിക്കാം.

 

വിവ: നസീഫ്

കൂടുതൽ വായനക്ക്‌: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles