Current Date

Search
Close this search box.
Search
Close this search box.

ബാബരി വിധിയും വിശ്വാസികളും

മുസ്ലിം സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയ്ക്ക് പല തരത്തിൽ അല്ലാഹു നമ്മുടെ ജീവിതത്തെയും നിലപാടുകളെയും പരീക്ഷണ വിധേയമാക്കും. ഈ അർത്ഥത്തിൽ പല സമുദായങ്ങളെയും പല രീതിയിൽ പരീക്ഷണ വിധേയമാക്കിയിട്ടുണ്ട്. വർത്തമാനകാലസംഭവങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ച് ഇന്ത്യയിലെ  മുസ്‌ലിം സമൂഹത്തിന്റെ ഭാവിയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ബാബരി മസ്ജിദ് വിധിയുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്നത്. ഈ വിധിയുമായി ബന്ധപ്പെട്ട് ഓൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് റിവ്യൂ പെറ്റീഷനുമായി ഹൈക്കോടതിയെ സമീപിക്കാൻ ഉദ്ദേശിച്ചപ്പോൾ തുടർന്നും ഈ കേസിന്റെ പിന്നാലെ പോകുന്നതിന്റെ  ആവശ്യമെന്താണെന്ന് സംശയമുന്നയിക്കുന്നവർ നമുക്കിടയിൽ തന്നെയുണ്ട്.

എന്നാൽ ഇസ്ലാമിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വിട്ടുവീഴ്ച്ചകളുടെ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് കാണാൻ സാധിക്കും.പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയപ്പെട്ട, അടിമച്ചന്തയിൽ വിൽക്കപ്പെട്ട, തന്റെ  യജമാനനെ സേവിക്കാൻ നിർബന്ധിതനായി തീർന്ന, അസൂയാലുക്കളായ സഹോദരങ്ങളുടെ കടുത്ത പീഡനങ്ങൾക്കിരയായി ജീവിതത്തിലെ പല ഘട്ടങ്ങളിലും സ്വാതന്ത്ര്യവും സ്വപ്നവും നിഷേധിക്കപ്പെട്ട മഹാനായ  പ്രവാചകൻ യൂസഫ് നബി (അ) ഈജിപ്തിലെ ഭരണാധികാരിയായി മാറുമ്പോൾ, തനിക്കു മുന്നിൽ എല്ലാ പരാജയങ്ങളും ഏറ്റുപറഞ്ഞ്  കീഴടങ്ങിയ തന്റെ സഹോദരന്മാരോട് യാതൊരു  വിദ്വേഷവും കൂടാതെ പറഞ്ഞ വാക്കുകൾ നമുക്കെന്നും പാഠമാണ്. തിരു നബി (സ)ക്കും അനുചരന്മാർക്കും മക്കയിൽ ഒരുപാട് യാതനകളും വേദനകളും അനുഭവിക്കേണ്ടിവന്ന സന്ദർഭങ്ങളിലെല്ലാം വിശാലമനസ്കനായ പിതൃവ്യൻ അബൂത്വാലിബിന്റെയും മറ്റു ചില കുടുംബങ്ങളുടെ തണൽ ഇല്ലായിരുന്നുവെങ്കിൽ, പ്രവാചകജീവിതം ഇതിനേക്കാളേറെ കലുഷിതമാകുമായിരുന്നു. എല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് പോവുകയും അവസാനം തിരിച്ചു മക്കയിലേക്ക് വരികയും ചെയ്ത നാളിൽ പ്രവാചകൻ (സ)യുടെ കുടുംബക്കാരനായിരുന്നിട്ടും അദ്ദേഹത്തെ എതിർത്ത് സംസാരിച്ചുകൊണ്ടിരുന്ന അബൂസുഫിയാനോട്‌ പ്രവാചകൻ  കാണിച്ച ആനുകൂല്യങ്ങൾ, അക്കാരണത്താൽ മക്കയിലെ മുഴുവൻ ജനങ്ങളും സാക്ഷി നിൽക്കെ ഇസ്ലാമിലേക്ക് കടന്നു വരികയും ചെയ്ത സന്ദർഭങ്ങളെല്ലാം ഇതിന് മകുടോദാഹരണങ്ങളാണ്. لا تثريب عليكم اليوم ….اذهبوا فأنتم الطلقاء “നിങ്ങളോട് യാതൊരുവിധ പ്രതികാരവും എനിക്കില്ല. നിങ്ങൾ മുഴുവനും  സ്വതന്ത്രരാണ് ” എന്ന പ്രഖ്യാപിച്ചുകൊണ്ട് മക്കാവിജയ നാളിൽ പ്രവാചകൻ (സ) കാഴ്ചവെച്ച ആ മഹത്തായ ഉദാര മനോഭാവത്തിനേക്കാൾ മികച്ചൊരു ഉദാഹരണം ചരിത്രത്തിൽ ദർശിക്കാൻ സാധിക്കില്ല. പ്രവാചകനോട് യുദ്ധം ചെയ്തവർ, ഉറ്റ അനുചരന്മാരെ ക്രൂരമായി കൊന്നവർ, മക്കയിൽ നിന്നും പുറത്താക്കിയവർ, ബിലാലിനെ (റ) പോലുള്ളവരെ മാരകമായ രീതിയിൽ പീഡിപ്പിച്ചവർ, മഹതി സുമയ്യ (റ)യെ കഠാര കുത്തിയിറക്കി മണലാരണ്യത്തിൽ വച്ച് പീഡിപ്പിച്ചു കൊന്നവർ,  മഹാനായ യാസറിനെ ക്രൂരമായി കൊന്നവർ ഇത്തരക്കാരെ അഭിമുഖീകരിച്ചു കൊണ്ടാണ് ചരിത്രത്തിൽ യൂസഫ് നബി (അ)തന്റെ സഹോദരങ്ങൾക്ക് മുമ്പിൽ പറഞ്ഞ അതേ വാക്കുകൾ പ്രവാചകൻ (സ) അവർക്ക് മുന്നിലും ഉരുവിട്ടത്.

മറ്റു സമുദായത്തെക്കാളും ദർശനത്തെക്കാളും വിട്ടുവീഴ്ച ചെയ്യാൻ ബാധ്യസ്ഥരാണ് മുസ്ലിംകൾ. വിട്ടുവീഴ്ച എന്നത് കേവലം കീഴടങ്ങലോ അടിയറവുപറയലോ അല്ല.  പൊതുസമൂഹത്തിന്റെ അവകാശങ്ങളെ കവർന്നെടുക്കുന്നവർ പ്രത്യേകിച്ച് ഇന്ത്യൻ മുസ്‌ലിംകളുടെ അസ്തിത്വത്തെ തന്നെ ചൂഷണം ചെയ്യുന്ന കറുത്ത ശക്തികളെ സംബന്ധിച്ചിടത്തോളം  ഏതെങ്കിലും വിധേനയുള്ള ഒരു വിട്ടുവീഴ്ച ഇസ്ലാമിക സമൂഹം ചെയ്തതുകൊണ്ട് മാത്രം ഈ മുസ്ലിം സമുദായത്തെ അവർ സംരക്ഷിച്ചുകൊള്ളും  എന്ന ചിന്ത വളരെ വിഡ്ഢിത്തമാണ്. മനുഷ്യാവകാശ ലംഘനങ്ങളും , പൗരത്വ ബില്ലുകളും നടപ്പാക്കികൊണ്ട് മുസ്ലിം സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. മുസ്ലീങ്ങൾ രാജ്യത്തിന്റെ പൊതുശത്രുവാണെന്ന് വരുത്തിത്തീർക്കുകയും മറ്റ് നാടുകളിൽ നിന്ന് കയറിക്കൂടിയതാണെന്ന തരത്തിലുള്ള കള്ളങ്ങൾ  പ്രചരിപ്പിക്കുകയാണ്.  ഇന്ന് നടക്കുന്ന എല്ലാ സംഭവങ്ങൾക്കു പിന്നിലും മുസ്ലിം തീവ്രവാദവും മുസ്ലിം ഭീകരതയും ആണെന്ന് ചിത്രീകരിച്ചുകൊണ്ട് സമുദായത്തെ വികൃതമായി രൂപപ്പെടുത്തിയെടുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇതര സമുദായങ്ങളോടും  സമൂഹങ്ങളോടും ദർശനങ്ങളോടും സാധ്യമാകുന്ന തരത്തിലെല്ലാം വിട്ടുവീഴ്ച ചെയ്യണമെന്ന് ഇസ്ലാം നിരന്തരം ഉണർത്തുന്ന കാര്യമാണ്. ഖുർആനിക അധ്യാപനങ്ങൾ പറയുന്നതുപോലെ وَٱلَّذِينَ جَٰهَدُوا۟ فِينَا لَنَهْدِيَنَّهُمْ سُبُلَنَا وَإِنَّ ٱللَّهَ لَمَعَ ٱلْمُحْسِنِينَ നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുക തന്നെ ചെയ്യുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു സദ്‌വൃത്തരോടൊപ്പമാകുന്നു. وَمَا لَنَآ أَلَّا نَتَوَكَّلَ عَلَى ٱللَّهِ وَقَدْ هَدَىٰنَا سُبُلَنَا وَلَنَصْبِرَنَّ عَلَىٰ مَآ ءَاذَيْتُمُونَا وَعَلَى ٱللَّهِ فَلْيَتَوَكَّلِ ٱلْمُتَوَكِّلُونَ അല്ലാഹു ഞങ്ങളെ ഞങ്ങളുടെ വഴികളില്‍ ചേര്‍ത്ത് തന്നിരിക്കെ അവന്‍റെ മേല്‍ ഭരമേല്‍പിക്കാതിരിക്കാന്‍ ഞങ്ങള്‍ക്കെന്തു ന്യായമാണുള്ളത്‌? നിങ്ങള്‍ ഞങ്ങളെ ദ്രോഹിച്ചതിനെപ്പറ്റി ഞങ്ങള്‍ ക്ഷമിക്കുക തന്നെ ചെയ്യും. അല്ലാഹുവിന്‍റെ മേലാണ് ഭരമേല്‍പിക്കുന്നവരെല്ലാം ഭരമേല്‍പിക്കേണ്ടത്‌. وَقَالَ ٱلَّذِينَ كَفَرُوا۟ لِرُسُلِهِمْ لَنُخْرِجَنَّكُم مِّنْ أَرْضِنَآ أَوْ لَتَعُودُنَّ فِى مِلَّتِنَا فَأَوْحَىٰٓ إِلَيْهِمْ رَبُّهُمْ لَنُهْلِكَنَّ ٱلظَّٰلِمِينَ അവിശ്വാസികള്‍ തങ്ങളിലേക്കുള്ള ദൈവദൂതന്‍മാരോട് പറഞ്ഞു: ഞങ്ങളുടെ നാട്ടില്‍ നിന്ന് നിങ്ങളെ ഞങ്ങള്‍ പുറത്താക്കുക തന്നെ ചെയ്യും. അല്ലാത്ത പക്ഷം നിങ്ങള്‍ ഞങ്ങളുടെ മതത്തിലേക്ക് തിരിച്ചുവന്നേ തീരു. അപ്പോള്‍ അവര്‍ക്ക് (ആ ദൂതന്‍മാര്‍ക്ക്‌) അവരുടെ രക്ഷിതാവ് സന്ദേശം നല്‍കി. തീര്‍ച്ചയായും നാം ആ അക്രമികളെ നശിപ്പിക്കുക തന്നെ ചെയ്യും. കടുത്ത യാതനകളുടെയും ഭീഷണികളുടെയും പ്രയാസങ്ങളുടെയും വർത്തമാനങ്ങൾക്കുമുമ്പിൽ ചരിത്രത്തിൽ പ്രവാചകന്മാർ സ്വീകരിച്ച സമീപനത്തെ സംബന്ധിച്ചാണ് വിശുദ്ധ ഖുർആൻ ഇവിടെ പ്രതിപാദിക്കുന്നത്. സഹനവും സ്ഥൈര്യവും അവലംബിച്ചുകൊണ്ട് ആദർശത്തിലും ആശയത്തിലും അടിയുറച്ച് നിന്നാൽ മാത്രമേ കടുത്ത പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് മുന്നോട്ട് പോകാൻ കഴിയൂ.
ഇസ്ലാം മനുഷ്യസമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്ന മൗലിക കാഴ്ചപ്പാടുകൾ മനസ്സിലാകാതെ പോകുന്നിടത്താണ് രാജ്യത്തിന്റെ യഥാർത്ഥ അവകാശികൾ ആരാണെന്ന ചർച്ചയ്ക്ക് ഇടവരുന്നത്.

ആക്രമണങ്ങളിലൂടെയല്ല മറിച്ച് ആദർശ പ്രബോധന ത്തിലൂടെയാണ് എക്കാലത്തും ഇസ്‌ലാം പീഡനങ്ങളെ അഭിമുഖീകരിച്ചിട്ടുള്ളത്. പ്രവാചകൻ (സ) മക്കയിൽ വെച്ച് കടുത്ത യാതനകളും വേദനകളും അനുഭവിച്ച് മദീനയിലേക്ക് ഹിജ്റ പോവുകയും അവിടം കേന്ദ്രമാക്കി ഒരു ഇസ്ലാമിക രാഷ്ട്രം  പടുത്തുയർത്തുകയും ചെയ്തു. പരസ്പരം കലഹിച്ചും പോരടിച്ചും മത്സരിച്ചിരുന്ന ഗോത്ര- സമൂഹവിഭാഗങ്ങളെ  ഒരൊറ്റ കുടക്കീഴിൽ നിർത്താനുള്ള ഭരണ വ്യവസ്ഥ ഇല്ലാതിരുന്ന സന്ദർഭത്തിലാണ് പ്രവാചകൻ അവിടേക്ക് ഹിജ്റ ചെയ്യുന്നത്. യുദ്ധതന്ത്രങ്ങൾ മെനയുന്നതിന് പകരം എല്ലാ ഗോത്ര-വർഗ്ഗ വിഭാഗങ്ങളെയും വിളിച്ചുകൂട്ടി ഒരു കരാർ ഉണ്ടാക്കുകയാണ് പ്രവാചകൻ ചെയ്തത്. അമ്പത്തി രണ്ടോളം ഖണ്ഡികകളുള്ള ഈ ഭരണഘടന ലോകചരിത്രത്തിൽ തന്നെ എഴുതപ്പെട്ടിട്ടുള്ള ഏറ്റവും മഹത്തായതും പുരാതനവുമാണെന്ന് നമുക്ക് വിശേഷിപ്പിക്കാം. ജൂതന്മാരും മറ്റുവിവിധ ഗോത്രങ്ങളും മുഹാജിറുകളും അൻസാറുകളുമെല്ലാം ഒരൊറ്റ ജനതയാണ് എന്നും പരസ്പരം പോരടിക്കരുതെന്നും മദീനയെ മറ്റാരെങ്കിലും ആക്രമിച്ചാൽ ഒറ്റക്കെട്ടായി നിന്ന് സംരക്ഷിക്കണമെന്നും ഈ കരാറിൽ പറയുന്നു. ഇസ്ലാമിക  സമൂഹത്തിലെ ഭരണകൂടത്തിന്റെ അടിസ്ഥാനം തന്നെ ഈ കരാറാണ്. നജ്റാനിൽ നിന്നുള്ള ഒരു ക്രൈസ്തവ നിവേദകസംഘം പ്രവാചകനെ കാണാൻ വരികയും അവരുടെ പ്രാർത്ഥനാ സമയം ആയപ്പോൾ മസ്ജിദുന്നബവിയിൽ പ്രാർത്ഥനയ്ക്കായി സംവിധാനങ്ങൾ ഒരുക്കിക്കൊടുത്ത പ്രവാചകനെ നമുക്ക് ചരിത്രത്തിൽ കാണുവാൻ സാധിക്കും. മറ്റൊരു സന്ദർഭത്തിൽ പ്രവാചകന്റെ (സ) അനുചരനായ ഉമർ ബിൻ ഖത്താബ് (റ) ഫലസ്തീനിലെ ബൈത്തുൽ മുഖദ്ദസിൽ എത്തിയപ്പോൾ അവിടെയുള്ള ക്രൈസ്തവ ദേവാലയത്തിൽ നമസ്കരിക്കാൻ പാതിരിമാർ സമ്മതം  നൽകിയപ്പോൾ ” ഇവിടെയാണ് ഉമർ നമസ്കരിച്ചത് എന്ന് പറഞ്ഞുകൊണ്ട് നാളെ മുസ്ലിങ്ങൾ ഈ ദേവാലയത്തിൽ അവകാശവാദം ഉന്നയിക്കുമെന്ന് ഭയന്നു കൊണ്ട് ഞാൻ ഇവിടെ നമസ്കരിക്കുന്നില്ല” എന്ന് മറുപടി കൊടുത്തപ്പോഴും ഇസ്ലാമിന്റെ വിശാലതയെയാണ് തുറന്നുകാട്ടുന്നത്.

ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമായി ജീവിക്കുന്ന ഇതര മതവിശ്വാസികളുടെ ആരാധനാ രീതികൾ സംരക്ഷിക്കാനും അത് നിർവഹിക്കാനുള്ള സ്വാതന്ത്ര്യം ഇസ്ലാം വകവെച്ചു നൽകുന്നുമുണ്ട്. അവർക്കെതിരെ കടന്നാക്രമണം നടത്താൻ ഇസ്ലാം ഒരിക്കലും കൽപ്പിച്ചിട്ടില്ല. “അവരെ ആക്രമിക്കുകയാണെങ്കിൽ അത് എന്നെ ആക്രമിക്കുന്നതിന് തുല്യമാണ്” എന്ന പ്രവാചക വചനം ഇതിന് ശക്തിപകരുന്നതാണ്. വാളുകൾ കൊണ്ട് പ്രചരിപ്പിക്കപ്പെട്ട ഒരുപാട് സാമ്രാജ്യശക്തികൾ ചരിത്രത്തിൽ കടന്നുപോയിട്ടുണ്ട്. ജനങ്ങളെ അടിച്ചമർത്താൻ ശ്രമിച്ച  അലക്സാണ്ടർ മുതൽ നെപ്പോളിയൻ വരെയുള്ള ബ്രിട്ടീഷുകാരും ഡച്ചുകാരും പോർച്ചുഗീസുകാരുമടങ്ങിയവർ മുമ്പേ കഴിഞ്ഞുപോയിട്ടുണ്ട്. അധികാരവും ശക്തിയും കൊണ്ട് ഒരു സാമ്രാജ്യത്വശക്തിക്കും  പിടിച്ചു നിൽക്കുവാൻ സാധിക്കില്ല , മറിച്ച് അവർ ചരിത്രത്തിൽ നിന്നും തിരോഭവിക്കുക തന്നെ ചെയ്യും എന്നതിന് പാഠമാണ് ഈ സംഭവങ്ങൾ. ശക്തിയേക്കാൾ ആദർശമാണ് എന്നും ഇസ്ലാമിന്റെ അടിസ്ഥാനം. കടുത്ത പീഡനങ്ങളും യാതനകളും അനുഭവിച്ചപ്പോഴും അടിയറവു പറയാതെ ഈ ആദർശമാണ് പ്രവാചകന്മാർ നെഞ്ചോട് ചേർത്ത് പിടിച്ചതും. എന്നാൽ ഇന്ന് നമസ്കാരം പോലും നിഷേധിക്കപ്പെടുന്ന രാജ്യങ്ങളിൽ രഹസ്യമായി നോമ്പു പിടിച്ചുകൊണ്ട് ഇസ്ലാമിന്റെകൂടെ ചേർന്നുനിൽക്കുന്നത് ഈയൊരു ആദർശത്തിന് ഭാഗമായിട്ടാണ്. ഇത്തരം  ഉദാഹരണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ മുസ്ലീങ്ങൾ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടത്.

തയ്യാറാക്കിയത് – തൻസീർ ഷെരീഫ്

Related Articles