Current Date

Search
Close this search box.
Search
Close this search box.

ഞങ്ങളും സുന്നീ മുസ്ലിംകളാണ്

(പ്രമുഖ ഇബാദീ പണ്ഡിതൻ ഡോ. റാശിദ് ബിൻ അലി അൽ ഹാരിസിയുമായി അബ്ദുൽ ഹഫീദ് നദ് വി നടത്തിയ അഭിമുഖം)

ചോദ്യം – ഇബാദി മദ്ഹബിനെ കുറിച്ച് ഞങ്ങൾക്ക് പാതി വെന്ത ധാരണകളേയുള്ളൂ. ആകെ അറിയാവുന്നത് നിങ്ങൾ ഖവാരിജുകളും ശിആക്കളുടെ അവാന്തര വിഭാഗങ്ങളിൽ പെട്ടവരുമാണെന്നാണ്..

ഉത്തരം – അസ്തഗ്ഫിറുല്ലാഹ്… ഞങ്ങൾ ഖവാരിജോ ശിഅയോ അല്ല.. ഒരു കാലത്ത് ബനൂ ഉമയ്യയോടൊപ്പം ഖവാരിജുകൾക്കെതിരെ പോരാട്ടം നടത്തിയ വിഭാഗമാണ് ഞങ്ങൾ. ഇറാനിലും ലിബിയയിലും ഇറാഖിലുമെല്ലാം ഞങ്ങളോട് ഇപ്പോഴും യുദ്ധം ചെയ്തു കൊണ്ടിരിക്കുന്ന വിഭാഗമാണ് ശിആ.. ഞങ്ങൾ സുന്നത്തിൻ്റെ ആളുകളാണ്. ചെറിയ ചെറിയ സുന്നത്തുകൾ പോലും വിട്ടുവീഴ്ച ചെയ്യാതെ അനുധാവനം ചെയ്യാൻ പരമാവധി ശ്രമിക്കുന്ന ഞങ്ങളെ കുറിച്ച് പരമ്പരാഗത സുന്നി സമൂഹവും വെച്ച് പുലർത്തുന്നത് സൂക്ഷ്മമല്ലാത്ത അഭിപ്രായങ്ങളാണ്.

ചോദ്യം– ഇബാദിയ്യയെ ഒന്ന് ലളിതമായി പരിചയപ്പെടുത്താമോ?

ഉത്തരം – അബ്ദുല്ല ബിൻ ഇബാദ് തമീമി ( മരണം – 89 AH) യുടെ പേരിലുള്ള ശുദ്ധ സുന്നീ വിഭാഗമാണ് ഇബാദിയ്യ .മുആവിയയുടെ പുത്രൻ യസീദിൻ്റെ വിഷയത്തിൽമൗനം പാലിക്കുന്ന രീതിയല്ലാതിരുന്നത് കൊണ്ട് പൊതുബോധത്തിൽ നിന്നും വ്യത്യസ്തമായി ചിന്തിക്കുന്നവരെന്നും തന്നെ ഉമവികൾക്കെതിരെ പുറത്തു പോയവർ എന്നുമുള്ള അർത്ഥത്തിൽ അന്നത്തെ യസീദിയക്കാർ അന്ന് നല്കിയ സീലാണ് ഖവാരിജ് . ഖവാരിജിലെ സുഫരിയ, അസാരിഖ, നജ്ദാത് എന്നിവരോട് രാജ്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഉമവി – അബ്ബാസീ കാലത്ത് യുദ്ധം ചെയ്യാൻ മുമ്പിലുണ്ടായവരായിരുന്നു ചരിത്രത്തിലെ ഇബാദികൾ. ഹസ്രത്ത് ആയിശ (റ), അബ്ബാസ് (റ) എന്നിവരുടെയെല്ലാം ശിഷ്യനായ ജാബിറുബ്നു സൈദാണ് നമ്മുടെ ആദ്യ മാതൃകയും ഗുരുവും. യസീദിനെതിരെ സംസാരിച്ചിട്ടും അദ്ദേഹത്തെ യുദ്ധത്തിൽ നേരിടാത്തവർ അഥവാ യുദ്ധത്തിൽ നിന്നും ഇരുന്നു കളഞ്ഞവർ ( ഖഅദ:) എന്ന ഒരു ദുഷ്പേരും ശിആക്കളുടെ വക ഞങ്ങൾക്കുണ്ട്.

ചോദ്യം– ഒമാനിൽ എത്ര ശതമാനം വരും ഇബാദികൾ?

ഉത്തരം – ഒമാനിൽ ഇബാദികൾ വ്യാപകമാണ്. ചില സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഏകദേശം 70% ഒമാനികളും ഇബാദികളാണ്. ലിബിയയിലെ ജബൽ നഫൂസ, സുവാര, അൾജീരിയയിലെ വാദി മിസാബ്, ടുണീഷ്യയിലെ ജെർബ വടക്കേ ആഫ്രിക്കയിലെ സാൻസിബാറിലും ഇബാദികൾ വ്യാപകമായി കണ്ടു വരുന്നു.

ചോദ്യം– നിങ്ങളുടെ അഭിപ്രായത്തിൽ ആരാണ് മുസ്ലിം ?

ഉത്തരം – കഅ്ബയെ ഖിബ് ലയായി അംഗീകരിക്കുന്ന, മുഹമ്മദ് നബിയെ അന്ത്യ പ്രവാചകനായി വിശ്വസിക്കുന്ന, പകലും രാത്രിയുമായി 5 നേരത്തെ നമസ്കാരങ്ങളെയും മറ്റ് ഇസ്‌ലാം – ഈമാൻ കാര്യങ്ങളെ അംഗീകരിക്കുന്നവരെല്ലാം മുസ്ലിമായാണ് നമ്മൾ കാണുന്നത്. ഇപ്പറഞ്ഞത് നിങ്ങളീ പറയുന്ന ഖവാരിജുകളോ ശിആക്കളോ സുന്നികൾ പോലുമോ അംഗീകരിക്കുമോ?!

ചോദ്യം – ഇബാദിയ്യത്തിൻ്റെ രാഷ്ട്രീയ പശ്ചാത്തലം ലേശം കൂടി വ്യക്തമാക്കാമോ ?

ഉത്തരം – AH 37 ൽ നടന്ന സ്വിഫ്ഫീൻ യുദ്ധത്തെയും രണ്ടാം ഫിത്ന പ്രശ്നത്തേയും തുടർന്ന്, ഖവാരിജുകൾ നാസ്വിബികളായ ഉമയ്യ രാഷ്ട്രവാദികളുമായോ റാഫിദികളായ ശിആക്കളുമായോ ചേരാതെ മിതത്വത്തിന്റെയും ചേരിചേരായ്മയുടേയും പ്രതീകമായി മിണ്ടാതിരുന്നു എന്നതല്ലാതെ ബനൂ തമീമിലെ അബ്ദുല്ലാ ഇബ്‌നു ഇബാദിന്റെ വേറെ എന്തെങ്കിലും ഒരു പോരായ്മ ഞങ്ങളെ പടിയടച്ചു പിണ്ഡം വെയ്ക്കുന്ന പരമ്പരാഗത മദ്ഹബ്കാർക്ക് പറയാനുണ്ടോ? ഉമവികളെയും അബ്ബാസികളെയും ഫാത്വിമകളെയും അലവികളെയും സംയമനത്തിൻ്റെ അധ്യാപനം നല്കാനാണ് ഇബ്നു ഇബാദിൻ്റെ ശിഷ്യർ അന്നും ഇന്നും എന്നും ശ്രമിച്ചിട്ടുള്ളൂ.. AH 72- ലെ മക്ക ഉപരോധത്തിന് ശേഷം ഉമവി ഗവർണർ ഉബൈദുല്ലാഹു ഇബ്നു സിയാദ് ഉപരോധത്തിന് നേതൃത്വം നൽകിയ അസ്റഖികളുടെ കൂടെ നിരപരാധകളായ ഇബാദികളെയും തടവിലാക്കി. ശത്രുവിൻ്റെ ശത്രു മിത്രം എന്ന നിലയിൽ അക്കാലത്ത് ഇരയുടെ പക്ഷത്ത് നിലയുറപ്പിച്ച ചില ഇബാദികളുണ്ടായിട്ടുണ്ട്. അത് താല്ക്കാലികമായ പ്രശ്നാധിഷ്ഠിത പിന്തുണയായിരുന്നു താനും. അബ്ദുൽ മലിക് ബിൻ മർവാൻ്റെ കാലത്തും തതുല്യമായ പീഡനാനുഭവങ്ങൾ ഞങ്ങളുടെ പ്രപിതാക്കൾക്ക് സഹിക്കേണ്ടി വന്നു. എത്ര പ്രകോപനമുണ്ടായിട്ടും ചെറുത്തു നിൽക്കാൻ ശ്രമിക്കാത്ത സമീപനമായിരുന്നു അന്നനുവർത്തിച്ചത്. അതുകൊണ്ട് തന്നെ ഒമാൻ, യെമൻ, ഹദറമൗത്, ഖുറാസാൻ, വടക്കേ ആഫ്രിക്ക തുടങ്ങി ഉമവി ഖിലാഫത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ ക്ഷമാ സിദ്ധാന്തം പ്രചരിപ്പിക്കാനന്ന് ഇബാദി പ്രബോധകർക്കായി .

ചോദ്യം- പ്രമാണങ്ങളോടുള്ള നിങ്ങളുടെ സമീപനമെന്താണ്?

ഉത്തരം – ഞങ്ങളുടെ ഇമാം ജാബിർ ഇബ്‌നു സൈദ് എന്ന താബിഈ പണ്ഡിതൻ ഹദീസ്, ഫിഖ്ഹ് വിഷയങ്ങളിൽ പുലർത്തിയിരുന്ന നിദാന ശാസ്ത്ര വീക്ഷണങ്ങൾ അഹ്‌ലുസുന്നത്തിൻ്റെ വീക്ഷണമാണ്. പിൽക്കാലത്ത് നടന്ന ഖൽഖുൽ ഖുർആൻ (ഖുർആൻ സൃഷ്ടിയാണെന്ന വാദം),റുഅയതുല്ലാഹ്(പരലോകത്ത് അല്ലാഹുവിനെ കാണുമെന്ന വാദം)വിഷയങ്ങളിൽ ദൈവശാസ്ത്ര സംവാദത്തിന് സലഫി ധാരയേക്കാൾ ബുദ്ധിപരമായി മുഅതസിലികളെ നേരിടാനുള്ള കരുത്ത് ഓരോ ഇബാദി പണ്ഡിതനുമുണ്ട്. ആയിരങ്ങളെ കൊലപ്പെടുത്തിയ അത്തരം കലാമീ ചർച്ചകളിൽ നിന്നും വിട്ടു നിന്നു ഖുർആൻ , ഹദീസ്, ഫിഖ്ഹ് വിഷയങ്ങളിലെ നിദാന ശാസ്ത്ര ഫ്രൈമുകളെ കൂടുതൽ വ്യക്തതയോടെ അവതരിപ്പിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിന് അഹ്ലുൽ ഹദീസിൻ്റെ രീതിയും അഹ്‌ലുർറഅ്ഇൻ്റെ ബുദ്ധിയും സമന്വയിപ്പിക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്. ഖുർആൻ ,ഹദീസ്, ഇജ്തിഹാദ് എന്നിവയോടൊപ്പം ഇസ്തിഹ്സാനും മസ്ലഹ മുർസലയും ഉറുഫും മദ്ഹബു സ്വഹാബിയുമടക്കമുള്ള തെളിവുകൾ ഈ വൃത്തമുണ്ടാക്കാൻ വേണ്ടി വരും എന്നാണ് ഗ്രാൻ്റ് മുഫ്തി ശൈഖ് ഖലീലും ശൈഖ് കഹ്ലാനുമടക്കമുള്ള ഞങ്ങളുടെ ഗുരുക്കൾ ഞങ്ങളെ പഠിപ്പിച്ചിട്ടുള്ളത്.

ചോദ്യം– ഇബാദി സ്വാധീനത്തിൻ്റെ വ്യാപന ചരിത്രം വ്യക്തമാക്കാമോ?

ഉത്തരം – അബ്ദല്ലാഹ് ഇബ്‌നു യഹ്‌യ അൽകിന്ദി (AH 90 -130)യുടെ കാലത്ത് ഹദറമൗത്തിൽ അദ്ദേഹം ആദ്യത്തെ ഇബാദി രാജ്യം സ്ഥാപിക്കുകയും ഉമവി ഖിലാഫത്തിൽ നിന്ന് യെമൻ പിടിച്ചെടുക്കുന്നതിൽ വിജയിക്കുകയും ചെയ്തു. അബു ഹംസ മുഖ്താർ ഇബ്നു ഔസ് അൽ അസ്ദി മക്കയും മദീനയും കീഴടക്കിയതോടെ ഇബാദി ഭരണം ഹിജാസ് മേഖലയിലേക്കും വ്യാപിച്ചു തുടങ്ങിയിരുന്നു. മറുപടിയായി, ഖലീഫ മർവാൻ രണ്ടാമൻ 4,000 ശക്തമായ സൈന്യത്തെ നയിക്കുകയും ഇബാദികളെ ആദ്യം മക്കയിലും പിന്നീട് യെമനിലെ സൻഅയിലും പരാജയപ്പെടുത്തുകയും ഒടുവിൽ പടിഞ്ഞാറൻ ഹദറമൗത്തിലെ ശിബാമിൽ ഉപരോധിച്ച് ഇബാദികളുമായി സമാധാന ഉടമ്പടിയിൽ ഒപ്പുവെക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഏറെ വൈകാതെ ഒമാനിൽ രണ്ടാമത്തെ ഇബാദി രാജ്യം സ്ഥാപിതമായി, എന്നാൽ ആഭ്യന്തര പ്രശ്നങ്ങൾ കാരണം ആ പ്രദേശം പുതുതായി രൂപീകരിക്കപ്പെട്ട അബ്ബാസി ഖിലാഫത്തിന്റെ കീഴിലായി. തുടർന്നു നടന്ന ഏകോപിതമായ നീക്കങ്ങളിലൂടെയാണ്
ഒമാനിലും സൻസിബാറിലും ഞങ്ങളുടെ ഭരണം തിരിച്ചു വന്നത്. സമകാലിക ഒമാനി ജനസംഖ്യയുടെ ഭൂരിഭാഗവും ഇപ്പോഴും ഇബാദികളാണെങ്കിലും ശാഫിഈ, ഹനഫി, ഹമ്പലി മദ്ഹബുകളും അല്പം ശിആക്കളുമെല്ലാം ഇന്നവിടെയുണ്ട്. ലിബിയ , അൾജീരിയ, തുനീഷ്യ ,
സൻസിബാർ എന്നിവടങ്ങളിലൊക്കെ ചരിത്രത്തിൽ പലപ്പോഴായി ഇബാദി ഭരണങ്ങൾ നിലനിന്നിട്ടുണ്ട്.

ചോദ്യം- ഇബാദി ഫിഖ്ഹ് പരമ്പരാഗത സുന്നീ ഫിഖ്ഹിൽ നിന്നും വ്യത്യസ്തമാവുന്നത് എങ്ങനെ?

ഉത്തരം – ഇറാഖിലെ ജനതയിലെ നമസ്കാര ശൈലിയിൽ കൈകെട്ടലോ ഉയർത്തലോ ഒന്നുമില്ല. ആ വിഷയത്തിൽ ഞങ്ങൾ ഹനഫീ – മാലികീ മദ്ഹബുകളോടാണ് അടുത്തു നില്ക്കുന്നത്. നമസ്കാരം കഴിയുമ്പോഴുള്ള സലാം വീട്ടൽ ഒന്നു മാത്രമേ പ്രബലമായ സുന്നത്തുള്ളൂ എന്ന അഭിപ്രായമാണ് ഇബാദികൾക്കുള്ളത്. രണ്ട് സലാം വീട്ടുന്ന ഇമാമിൻ്റെ പിന്നാലെ നമസ്കരിച്ചാൽ ഞങ്ങൾ രണ്ടു സലാം തന്നെ വീട്ടും. യാത്രയിൽ അതെത്ര കാലം നീണ്ടു നിൽക്കുന്ന യാത്രയാണെങ്കിലും ഖസ്റാണ് നമ്മുടെ ഫിഖ്ഹ്. എന്നാൽ നാട്ടുകാരനായ ഇമാമിൻ്റെ പിന്നിൽ നമസ്കരിക്കുമ്പോൾ ഞങ്ങൾ നാല് തന്നെ നമസ്കരിക്കലാണ് പതിവ്. ഇവയൊന്നും ഖുർആനിലോ ഹദീസിലോ വന്ന പ്രമാണങ്ങളെ നിഷേധിക്കുന്നതോ അഹ്‌ലുസുന്നത്തിന് എതിരോ അല്ല എന്ന് ശാഫി പണ്ഡിതനായ അബൂ മുൻദിറിൻ്റെ അശ്റാഫ് വായിച്ചാൽ മനസ്സിലാകും. പ്രസ്തുത ഗ്രന്ഥത്തിന് ആധികാരികമായ വിശദീകരണം നൽകിയിട്ടുള്ളത് ശുദ്ധ ഇബാദി പണ്ഡിതനായ ശൈഖ് അബൂ സഈദിൽ കുദമിയാണ്. കേരളത്തിലെ ജനങ്ങളുടെ നമസ്കാര രീതികൾ കണ്ട എനിക്ക് ബോധ്യമായത് കൈ ഉയർത്തലും കെട്ടലും സലാം വീട്ടുന്ന രീതിയിലും മാത്രമാണ്
നമ്മൾ തമ്മിലുള്ള വ്യത്യാസമെന്നാണ്. അവയാവട്ടെ തീർത്തും ശാഖാപരം.

ചോദ്യം– ഇപ്പോൾ കത്തി നിൽക്കുന്ന ഖുദ്സ് വിഷയത്തിൽ നിങ്ങളുടെ നിലപാടെന്താണ് ??

ഉത്തരം– ഖുദ്സ് എല്ലാ മുസ്‌ലിംകളുടെയും പൊതു സ്വത്താണെന്നാണ് നമ്മുടെ ജനത മനസ്സിലാക്കുന്നത്. അത് ഹമാസിലൂടെ മോചിതമാവുന്നതാണ് ജൂതൻ്റെ
ഹിംസ ദംഷ്ട്രങ്ങളിലേക്ക് തിരിച്ചു പോവുന്നതിനേക്കാൾ നാമിഷ്ടപ്പെടുന്നത്. അബൂ ഉബൈദ ഒമാൻ യുവാക്കളുടെയും ഹീറോയാണ്. ഹമാസ് പോലെ തന്നെ ഹിസ്ബുല്ലയും ഹൂതികളുമെല്ലാം ഇസ്രായേലിനെതിരെ നടത്തുന്ന ഓരോ മുന്നേറ്റവും വ്യക്തി എന്ന നിലയിൽ ഞാൻ വളരെ ശുഭ പ്രതീക്ഷയോടെയാണ് കാണുന്നത്. അതേ സമീപനം തന്നെയാണ് ശൈഖ് ഖലീലിക്കും ശൈഖ് കഹ്‌ലാനുമെല്ലാമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാത്തൊരു നിലപാടെടുക്കാൻ ഇത്തരുണത്തിൽ ഒരു മുസ്ലിമിനാവുമോ?! ചരിത്രത്തിലെ ബദ്ർ യുദ്ധം ബഹുദൈവാരാധകർക്കെതിരെയായിരുന്നു. കപട അറബികൾക്കെതിരെയായിരുന്നു രിദ്ദ/ മതപരിത്യാഗ യുദ്ധം .. മുഅത യുദ്ധം റോമാക്കാർക്കെതിരായിരുന്നു. ഖൈബർ യുദ്ധം ജൂതന്മാർക്കെതിരായിരുന്നു. ഖാദിസിയ്യ യുദ്ധം പേർഷ്യക്കാർക്കെതിരായിരുന്നു. ഹിത്വീൻ യുദ്ധം കുരിശുയുദ്ധക്കാർക്കെതിരായിരുന്നു ഐൻ ജാലൂത് യുദ്ധം താർത്താരികൾക്കെതിരായിരുന്നു. ഇപ്പറഞ്ഞവർക്കെല്ലാം എതിരെയുള്ളതാണ് ഇപ്പോൾ നടക്കുന്ന തൂഫാനുൽ അഖ്സാ …

ചോദ്യം – ഇനി തീർത്തും വ്യക്തിപരമായ ചില കാര്യങ്ങൾ ചോദിക്കട്ടെ.താങ്കളുടെ പഠനത്തെ കുറിച്ചും ജനനം, കുടുംബം എന്നിവയെ സംബന്ധിച്ചും ചുരുക്കി പറയാമോ?

ഉത്തരം – പുരാതന ഒമാനി പാരമ്പര്യമനുസരിച്ച് ഓത്തുപള്ളികളിൽ ഉസ്താദുമാരിൽ നിന്നും ചൊല്ലിയും ചൊല്ലി കൊടുത്തുമാണ് പഠിച്ചത്. തുടർന്നു ഒമാൻ യൂണിവേഴ്സിറ്റിയിൽ നിന്നും അറബി & ഇസ്ലാമിക് സ്റ്റഡീസ് ബിരുദത്തിന് ശേഷം അവിടെ സർക്കാർ എയിഡഡ് സ്കൂൾ അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ശേഷം ജോർദാനിലെ ജാമിഅ ആലിൽ ബൈതിൽ നിന്ന് ഉസ്വൂലുദ്ദീനിൽ ബിരുദാനന്തര ബിരുദവും സൈതൂന യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റും നേടി. ഇപ്പോൾ മസ്ഖതിലെ സുപ്രസിദ്ധ മതകലാശാലയുടെ പ്രിൻസിപ്പാളാണ്.
സർക്കാർ സഹായത്തിൽ നടന്നു വരുന്ന ആ സ്ഥാപനം അധ്യാപനം, ഉപരിപഠനം എന്നിവകളിലെല്ലാം കോഴ്സുകൾ നടത്തുന്നുണ്ട്.

എൻ്റെ ജനനം മസ്ഖതിനടുത്ത ഒരു കുഗ്രാമത്തിലായിരുന്നു. പരമ്പരാഗത ഒമാനി കുടുംബത്തിൽ നിന്നും വിവാഹം ചെയ്തു. അഞ്ചു ആൺമക്കളാണുള്ളത്. അവരും വിദ്യാഭ്യാസ മേഖലയിലാണുള്ളത്. മുതിർന്ന രണ്ടു പേർ ഉദ്യോഗത്തിലും ബാക്കിയുള്ളവർ പഠനത്തിലും.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles