മണിപ്പൂരില്‍ മെയ് നാലിന് നടന്ന രാജ്യത്തിന് തന്നെ നാണക്കേടായ രണ്ട് കുക്കി യുവതികളെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നനരായി നടത്തിച്ച ക്രൂര സംഭവത്തിന്റെ ഓര്‍മകളില്‍ നിന്നും രാജ്യം ഇപ്പോഴും മുക്തമായിട്ടില്ല.
സംസ്ഥാനത്ത് മൂന്ന് മാസമായി തുടരുന്ന കലാപത്തിന്റെ ഇരകളായ 29കാരി നാന്‍സി ചിങ്താനിയാങും തന്റെ ഭര്‍ത്താവിന്റെ സഹോദരിയായ ജംഗൈകിം ഗാങ്‌തെയും തങ്ങള്‍ അതിജീവിച്ച ഭീകരാനുഭവങ്ങള്‍ ‘ദി വയര്‍’ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമായി പങ്കുവെച്ചപ്പോള്‍. അഭിമുഖത്തിന്റെ പൂര്‍ണ്ണ വിവരണം വായിക്കാം.
വേദനാജനകമായ അനുഭവസാക്ഷ്യത്തിന്റെ ആദ്യ വിവരണമാണിത്. ഇപ്പോള്‍ ഡല്‍ഹിയിലുള്ള അവരുടെ അനുഭവ കഥ ഞാന്‍ മനഃപൂര്‍വം പറയിപ്പിച്ചതല്ലെന്നും ധീരരായ ഈ യുവതികള്‍ക്ക് അത് സ്വയം പറയാനുള്ള കരുത്തും ആത്മസംയമനവും ഉണ്ടായിരുന്നു. നേരിട്ട് പറയാന്‍ അവര്‍ അര്‍ഹരാണ്. നമ്മള്‍ അവരോട് കടപ്പെട്ടിരിക്കുന്ന ഏറ്റവും ചെറിയ കടമയാണിതെന്നും കരണ്‍ ഥാപ്പര്‍ പറഞ്ഞു.
നാന്‍സി എങ്ങിനെയാണ് സ്വയം പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് ?
ഞാന്‍ നാന്‍സി ചിങ്തിയാങ്, എനിക്ക് 29 വയസ്സാണ് പ്രായം. ഞാന്‍ മണിപ്പൂര്‍ വംശഹത്യയെ അതിജീവിച്ച ഇരയാണ്. മെയ് നാലിന് കലാപത്തില്‍ എനിക്ക് എന്റെ ഭര്‍ത്താവിനെയും ഭര്‍ത്താവിന്റെ അമ്മയെയും നഷ്ടപ്പെട്ടു. എന്റെ വിവാഹം കഴിഞ്ഞിട്ട് വെറും അഞ്ച് മാസം മാത്രമേ ആയിരുന്നുള്ളൂ.
നിങ്ങളെയും പരിചയപ്പെടുത്തൂ ജംഗൈകിം ഗാങ്‌തെ
ഞാന്‍ ജംഗൈകിം ഗാങ്‌തെ 20കാരിയായ രണ്ടാം വര്‍ഷ ഗണിത ശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥിയാണ്. ഞാനും മണിപ്പൂര്‍ വംശഹത്യയുടെ ഇരയാണ്. പട്ടാപ്പകല്‍ എന്റെ അമ്മയെയും സഹോദരനെയും കലാപകാരികള്‍ കൊലപ്പെടുത്തി. എന്റെ അഛന്‍ ലങ്കയില്‍ പൊലിസിലും അമ്മ സര്‍ക്കാര്‍ സര്‍വീസില്‍ അണ്ടര്‍ സെക്രട്ടറിയുമാണ്. ഇത് സംഭവിക്കുമ്പോള്‍ അഛന്‍ ഇവിടെ ഇല്ലായിരുന്നു.
മെയ് നാലിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത് ?
നാന്‍സി:
മെയ് നാലിന് മുന്‍പ് എനിക്ക് എന്റെ ബന്ധുവിന്റൈ ഫോണ്‍ കോള്‍ വന്നിരുന്നു. മെയ്തികള്‍ വിവിധ സ്ഥലങ്ങളില്‍ വീടുകള്‍ തകര്‍ക്കുകയും പള്ളികള്‍ക്ക് തീയിടുകയും ചെയ്യുന്നുണ്ടെന്ന് പറഞ്ഞു. ഞങള്‍ ജീവനില്‍ ഭയന്ന് ബന്ധുവിന്റെ വീട്ടിലാണ് താമസിച്ചത്. മെയ് നാലിന് ഞങ്ങള്‍ ഇംഫാലിലെ ഞങ്ങളുടെ വീട്ടിലേക്ക് മടങ്ങാനൊരുങ്ങി. സി.ആര്‍.പി.എഫ് എസ്‌കോര്‍ട്ട് നല്‍കുമെന്ന വാര്‍ത്ത ഞങ്ങള്‍ കേട്ടിരുന്നു. തുടര്‍ന്ന് ഞങള്‍ യാത്ര ചെയ്യുമ്പോള്‍ ഒരു സംഘം ആളുകള്‍ ഞങളുടെ കാര്‍ വഴിയില്‍ തടഞ്ഞു. ഞങ്ങളുടെ മുഖത്ത് സൂക്ഷ്മമായി നോക്കി അവര്‍ കുക്കികളാണെന്ന് തിരിച്ചറിഞ്ഞു.
തുടര്‍ന്ന് ഞങ്ങളെ കാറില്‍ നിന്നും വലിച്ചിറക്കി. കാര്‍ അടിച്ചുതകര്‍ത്ത ശേഷം മണ്ണെണ്ണ ഉപയോഗിച്ച് കത്തിച്ചു. എന്റെ ഭര്‍ത്താവിനെ മര്‍ദിക്കാന്‍ തുടങ്ങി. ഈ സമയത്ത് മെയ്തി വിഭാഗത്തിലെ ഒരാള്‍ ആക്രമികളെ തടഞ്ഞ് ഞങ്ങളെ റോഡരികില്‍ മാറ്റി ഇരുത്തി. ഞാന്‍ നിങ്ങളെ സഹായിക്കാമെന്നും നിങ്ങള്‍ക്ക് വേണ്ട സഹായം ചെയ്യാമെന്നും അറിയിച്ചു. എന്റെ അമ്മ കരഞ്ഞുകൊണ്ട് ഞങ്ങളെ സഹായിക്കൂവെന്നും വെറുതെവിടണമെന്നും അവരോട് കരഞ്ഞ് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആക്രമികള്‍ നിങ്ങള്‍ കുക്കികളാണെന്നും നിങ്ങള്‍ക്ക ജീവിച്ചിരിക്കാന്‍ തന്നെ അവകാശമില്ലെന്നും ആക്രോശിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ കൂടെ എന്റെ സഹോദരിയും അമ്മായിയും അവരുടെ കൈകുഞ്ഞും കാറില്‍ ഉണ്ടായിരുന്നു.
ജംഗൈകിം ഗാങ്‌തെ:
ഞങ്ങളെ രക്ഷപ്പെടുത്തിയയാള്‍ ഒരു കാറില്‍ കയറ്റി അവിടെ നിന്നും രക്ഷപ്പെടുത്തി ഒരു കടയുടെ പുറകില്‍ ഉള്ള ഒരു വീട്ടില്‍ ഞങ്ങളെ ഒളിപ്പിച്ചു. ഈ സമയം എന്റെ ഭര്‍ത്താവിനെ അവര്‍ അവിടെ മര്‍ദിക്കുകയായിരുന്നു. എന്നാല്‍ ആക്രമികള്‍ക്ക് ഞങ്ങളെ ആ വീട്ടില്‍ പാര്‍പ്പിച്ചത് അറിയാമായിരുന്നു. അവര്‍ അവിടെ എത്തി വീടിനു നേരെ കല്ലേറ് തുടങ്ങി. ഈ സമയം ഞാന്‍ ഹെല്‍പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചു, എന്നാല്‍ കിട്ടിയില്ല. ആക്രമിക്കൂട്ടം വാതില്‍ ഇരുമ്പ് വടി കൊണ്ട് അടിച്ചു തകര്‍ത്ത് വീട്ടിനുള്ളിലേക്ക് ബലമായി കയറി. ഞങ്ങള്‍ എല്ലാവരെയും വ്യത്യസ്ത ഭാഗത്തേക്ക് അവര്‍ പിടിച്ചുകൊണ്ടുപോയി. എന്നെ മെയിന്‍ റോഡിലേക്ക് വലിച്ചിഴച്ചു. ഈ സമയത്തെല്ലാം അവര്‍ വലിയ വടി ഉപയോഗിച്ച് മര്‍ദിക്കുന്നുണ്ടായിരുന്നു.
മെയിന്‍ റോഡിലെത്തിയപ്പോള്‍ എന്റെ സഹോദരനെയും ഒരു വയസ്സുള്ള കുഞ്ഞിനെയും അമ്മായിയെയും അവിടെ കണ്ടു. അവര്‍ കുഞ്ഞിനെ വരെ അടിക്കുകയും മര്‍ദിക്കുകയും ചെയ്തു. കുഞ്ഞ് മുഴുവന്‍ സമയവും കരയുകയായിരുന്നു. എന്റെ സഹോദരന്‍ അവരില്‍ നിന്നും രക്ഷപ്പെടാന്‍ റോഡിലൂടെ എണീറ്റ് ഓടി, എന്നാല്‍ തലക്ക് അടിയേറ്റ് രക്തം വാര്‍ന്ന നിലയിലായ അവന് അധികം ദൂരം ഓടാനായില്ല, റോഡില്‍ തളര്‍ന്നു വീണു.
സഹോദരന്റെ പിന്നാലെ ഓടിയ ഞാന്‍ ആക്രമികളില്‍ നിന്നും രക്ഷിക്കാന്‍ അവന്റെ മേലെ കവചമായി കിടന്നു. എന്നാല്‍ ആക്രമികള്‍ എന്നെ പിടിച്ചു മാറ്റി വീണ്ടും അവനെ മര്‍ദിക്കാന്‍ തുടങ്ങി. ഈ സമയം ഒരാള്‍ എന്റെ ചെവിയില്‍ വന്ന് പറഞ്ഞു. നിനക്ക് ജീവന്‍ വേണമെങ്കില്‍ ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടോ എന്ന്. ഈ സമയം ഏറെ മനപ്രയാസത്തോടെ എനിക്ക് മുന്നില്‍ മറ്റു വഴികളില്ലാത്തതിനാല്‍ എനിക്ക് അവിടെ നിന്നും ഓടേണ്ടി വന്നു.
നിങ്ങളുടെ അമ്മക്ക് എന്താണ് സംഭവിച്ചത് ?
അവിടെ നിന്നും ഞാന്‍ എതിര്‍ദിശയിലേക്ക് ഓടാന്‍ തുടങ്ങി. അവിടെ എന്റെ ആന്റിയും അവരുടെ കുഞ്ഞും സഹോദരിയും ഉണ്ടായിരുന്നു. എന്റെ അമ്മ ഈ സമയം എന്റെ സഹോദരന്റെ അടുത്തുണ്ടായിരുന്നു. അവര്‍ മകന് കവചമായി നിന്നെങ്കിലും ആക്രമികള്‍ അവനെ അമ്മയുടെ മുന്നിലിട്ട് മര്‍ദിച്ചു കൊലപ്പെടുത്തി. എന്നിട്ട് എന്റെ അമ്മയുടെ മുന്നില്‍ വെച്ച് അവര്‍ ആനന്ദ നൃത്തം ചവിട്ടി. പിന്നീട് അതേ ജനക്കൂട്ടം തന്നെ എന്റെ അമ്മയെയും അവിടെ വെച്ച് മര്‍ദിച്ചു കൊലപ്പെടുത്തി.
നിങ്ങള്‍ക്ക് പിന്നീട് എന്താണ് സംഭവിച്ചത് ?
നാന്‍സി: ഞാന്‍ ആ വീട്ടില്‍ നിന്നുമാണ് എന്റെ ഭര്‍ത്താവിനെ അവസാനമായി കാണുന്നത്. ഈ സമയം അദ്ദേഹം മര്‍ദനമേറ്റ് അവശനായിരുന്നു. ആക്രമികള്‍ എന്നെ പിടികൂടി മുടിയില്‍ പിടിച്ച് വലിച്ചു. ഇരുമ്പ് വടികൊണ്ട് അടിക്കാന്‍ തുടങ്ങി. ഞാന്‍ കേണപേക്ഷിച്ചെങ്കിലും അവര്‍ വിട്ടില്ല. എന്റെ കാലുകളും കൈകളും കെട്ടി. മുഖത്ത് അടിച്ചു. പിന്നീട് എന്റെ വസ്ത്രമഴിച്ചു, എന്നെ റോഡിലേക്ക് വലിച്ചിഴച്ചു. കുക്കി യുവാക്കള്‍ മെയ്തി വനിതകളെ ബലാത്സംഗം ചെയ്തുവെന്ന വ്യാജ വാര്‍ത്ത അവര്‍ക്കിടയില്‍ ആരോ പ്രചരിപ്പിച്ചിരുന്നു.
ഒരു മെയ്തി സ്ത്രീ അവിടെയെത്തി ഈ സ്ത്രീകളെ നിങ്ങള്‍ക്കും ബലാത്സംഗം ചെയ്യാന്‍ അവകാശം ഉണ്ടെന്ന് മെയ്തി യുവാക്കളോട് പറഞ്ഞു. വന്ന് ഇവരെ പീഡിപ്പിക്കൂ എന്നും ആ സ്ത്രീ യുവാക്കളോട് പറയുന്നുണ്ടായിരുന്നു. ഒരു സ്ത്രീക്ക് എങ്ങിനെ ഇത് പറയാന്‍ തോന്നുന്നു എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. എന്നാല്‍ അവര്‍ എന്നെ ബലാത്സംഗം ചെയ്തില്ല.
എന്നോട് മെയ്തി കമ്മ്യൂണിറ്റി ഹാളിലേക്ക് നടക്കാന്‍ ആവശ്യപ്പെട്ടു. വേദന കൊണ്ട് ഞാന്‍ നടക്കാന്‍ ബുദ്ധിമുട്ടി. ഹാളിന് അടുത്തെത്തിയപ്പോള്‍ അവര്‍ എന്നെ അവിടെ തടഞ്ഞു. എന്നിട്ട് എന്റെ വീഡിയോ എടുക്കാന്‍ തുടങ്ങി. അവിടെ മെയ്തി വിഭാത്തിലെ പ്രായമായ സ്ത്രീകളും പുരുഷന്മാരും കുട്ടികളെ എന്നെ നോക്കി പരിഹസിക്കുകയും തെറിവിളിക്കുകയും ആക്രോശിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
നിങ്ങളുടെ തലക്ക് എന്താണ് പറ്റിയത്, എന്തിനാണ് മുടി മുറിച്ചത്, തലയിലെ പാട് എന്താണ് ?
കമ്മ്യൂണിറ്റി ഹാളിലെത്തിയപ്പോള്‍ തിരിച്ച് വന്നിടത്തേക്ക് തന്നെ നടക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. വേഗം നടക്കാന്‍ ആവശ്യപ്പെട്ട് അവര്‍ എന്നെ വീണ്ടും മര്‍ദിക്കാന്‍ തുടങ്ങി. അങ്ങിനെ ഞാന്‍ സുരക്ഷ സേനയുടെ ഓഫീസിനടുത്തെത്തി. ഞാന്‍ അവരോട് രക്ഷക്ക് വേണ്ടി അപേക്ഷിച്ചെങ്കിലും അവര്‍ ആരും സഹായിച്ചില്ല. അവിടെ ഏഴ് പൊലിസുകാര്‍ ഉണ്ടായിരുന്നു. ഞങ്ങളെ രക്ഷിച്ചാല്‍ നിങ്ങളെ കൊല്ലും എന്ന് ആക്രമികള്‍ പൊലിസിനോട് വിളിച്ചുപറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഗേറ്റിന് മുന്നില്‍ നിന്നു. ഞങ്ങളെ മര്‍ദിച്ചതിന് അവര്‍ എല്ലാം സാക്ഷികളാണ്. വലിയ മരത്തിന്റെ വടി ഉപയോഗിച്ച് അവര്‍ എന്റെ തലക്കടിച്ചു. തുടര്‍ച്ചയായി അങ്ങിനെ എന്നെ അടിച്ചു. മറ്റൊരാള്‍ വന്ന് വീണ്ടും എന്റെ തലക്ക് ശക്തിയായി അടിച്ചു. അപ്പോള്‍ ഞാന്‍ അബോധാവസ്ഥയിലായി. അവിടെ തളര്‍ന്നുവീണു.
ആരാണ് ആശുപത്രിയിലെത്തിച്ചത് ?
മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം പൊലിസ് എത്തിച്ചെന്നാണ് അറിയുന്നത്. എന്നാല്‍ പൊലിസ് എത്തിയപ്പോഴേക്കും എന്റെ അമ്മയും സഹോദരനുമെല്ലാം കൊല്ലപ്പെട്ടിരുന്നു. തലച്ചോറില്‍ രക്തം കട്ട പിടിച്ച് ഒന്‍പത് ദിവസം ഇംഫാലിലെ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആയിരുന്നു. പിന്നീട് തലച്ചോറില്‍ സര്‍ജറി ചെയ്തു.
നിങ്ങള്‍ എങ്ങിനെയാണ് ഡല്‍ഹിയില്‍ എത്തുന്നത് ?
ഇംഫാല്‍ ആശുപത്രിയില്‍ നിന്നും ഉന്നത ചികിത്സക്കായാണ് സഹോദരിയോടൊത്ത് സൈന്യത്തിന്റെ സഹായത്തോടെ ഡല്‍ഹിയിലെത്തുന്നത്. തുടര്‍ന്ന് 12 ദിവസം ഡല്‍ഹിയിലെ എയിംസ് ട്രോമ സെന്ററിലായിരുന്നു. ഇവിടെ ഞങ്ങള്‍ ബന്ധുക്കളുടെ കൂടെയാണ് ഇപ്പോള്‍ കഴിയുന്നത്. ചികിത്സ ഇപ്പോഴും തുടരുകയാണ്. തലവേദനയും കൈ വിറയലുമെല്ലാം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. മൂന്ന് മാസം കൂടി ചികിത്സ തുടരേണ്ടി വരും.
നിങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ നിങ്ങളെ മാനസികമായി തളര്‍ത്തിയോ ?
അതെ, ഈ സംഭവത്തിന് ശേഷം ഞങ്ങള്‍ ആകെ മാനസികമായി തളര്‍ന്നു. ഞങ്ങള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും മനസ്സിലാക്കാന്‍ സാധിച്ചില്ല. ഒരുപാട് രാത്രികളില്‍ ഞങ്ങള്‍ക്ക് ഉറങ്ങാന്‍ സാധിച്ചില്ല. പല രാത്രികളിലും ദുസ്വപ്‌നങ്ങളില്‍ ആ ആക്രമിക്കൂട്ടം ഞങ്ങളെ വേട്ടയാടി. കണ്ണടച്ചാല്‍ ഉറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
അവരുടെ മൃതദേഹങ്ങള്‍ ഇപ്പോള്‍ എവിടെയാണ് ?
അവരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും മെയ്‌തെ വിഭാഗത്തിന്റെ അടുത്താണ്. അത് കാണാനോ അന്ത്യകര്‍മങ്ങള്‍ ചെയ്യാനോ ഞങ്ങളെ അനുവദിച്ചില്ല. എന്റെ പിതാവിനെ പോലും ഭാര്യയെയും മകനെയും അവസാനമായി കാണാന്‍ അവര്‍ സമ്മതിച്ചില്ല. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ല.
നിങ്ങള്‍ ഇനി തിരിച്ച് ഇംഫാലിലേക്ക് പോകുമോ ?
ഇല്ല, ഇംഫാലിലേക്ക് തിരിച്ചുപോകാന്‍ ഞങ്ങള്‍ക്ക് ഒരു വഴിയും ഇല്ല, അവിടെയുള്ള എല്ലാം നഷ്ടപ്പെട്ടു. അവിടെ ഞങ്ങള്‍ക്കുണ്ടായിരുന്ന എല്ലാം എടുത്തുകൊണ്ട് പോയി. ഞങ്ങളെ പ്രിയപ്പെട്ടവരെ എല്ലാവരെയും ഇല്ലാതാക്കിയ അവരുടെ അടുത്തേക്ക് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ ഇംഫാലില്‍ ആയിരുന്നു. സഹോദരിയുടെ ചികിത്സ കഴിഞ്ഞാല്‍ ലങ്കയിലുള്ള പിതാവിന്റെ അടുത്തേക്ക് പോകാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അദ്ദേഹം ഞങ്ങളെ ഫോണില്‍ ബന്ധപ്പെട്ട് സമാധാനിപ്പിക്കാറുണ്ട്. പ്രാര്‍ത്ഥനയാണ് ഞങ്ങള്‍ക്ക് കുറച്ചെങ്കിലും സമാധാനം തന്നത്. ദൈവം ഭാവിയില്‍ ഞങ്ങളെ സഹായിക്കുമെന്ന വിശ്വാസമാണുള്ളത്.
🪀 കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU
അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്