Current Date

Search
Close this search box.
Search
Close this search box.

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

ബി.ജെ.പി ദേശീയ വക്താക്കളുടെ പ്രവാചക നിന്ദക്കെതിരായ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതിന് ജൂണ്‍ 12നാണ് ഉത്തര്‍പ്രദേശിലെ ജഹാംഗീര്‍പുരിയില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദ് അടക്കമുള്ളവരുടെ വീടുകള്‍ യു.പി ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്. പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാരോപിച്ചായിരുന്നു മുന്‍കൂര്‍ നോട്ടീസ് പോലും നല്‍കാതെ ഒറ്റ ദിവസം കൊണ്ട് അധികൃതര്‍ വീട് തകര്‍ത്തത്. ജാവേദ് മുഹമ്മദിന്റെ മകളും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ കമ്മിറ്റിയംഗവും വിദ്യാര്‍ത്ഥി ആക്റ്റിവിസ്റ്റുമായ അഫ്രീന്‍ ഫാത്തിമയുമായി ‘മക്തൂബ് മീഡിയ’ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

അധികൃതര്‍ക്ക് പിതാവിനോടുള്ള വിരോധം ?

അലഹാബാദിലെ പൗരത്വനിയമ വിരുദ്ധ സമരങ്ങളിലെ മുന്നണിപ്പോരാളായിയാരുന്നു പിതാവ്. അലഹാബാദില്‍ സംഘടിപ്പിക്കപ്പെട്ട സംഘ്പരിവാറിന്റെ ധര്‍മ സന്‍സദില്‍ നടന്ന മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗത്തിനെതിരെ പരാതി നല്‍കിയ ഏക വ്യക്തിയാണ് അദ്ദേഹം. ആ പരാതി സ്വീകരിക്കപ്പെട്ടിരുന്നില്ല. പരാതി രജിസ്റ്റര്‍ ചെയ്യാന്‍ തനിക്ക് അറിയാവുന്ന എല്ലാ ഉദ്യോഗസ്ഥരെയും അദ്ദേഹം ബന്ധപ്പെട്ടിരുന്നു.

അതായിരിക്കാം അവരുടെ ഹിറ്റ് ലിസ്റ്റില്‍ പിതാവ് ഇടംപിടിക്കാന്‍ കാരണം. തന്റെ സമുദായത്തിന്റെ സുരക്ഷയെക്കുറിച്ച് അദ്ദേഹം അസ്വസ്ഥനായിരുന്നു. വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയെക്കുറിച്ചും അദ്ദേഹം അസ്വസ്ഥനായിരുന്നു. പ്രവര്‍ത്തനങ്ങള്‍ പ്രസംഗത്തിലും പോസ്റ്റുകളിലും ഒതുക്കുന്നതല്ല പിതാവിന്റെ രീതി. പ്രശ്‌നങ്ങളെ നിയമപരമായി നേരിടുമായിരുന്നു. ഇതായിരിക്കും അവര്‍ക്ക് അദ്ദേഹത്തോടുള്ള ശത്രുതക്ക് കാരണം. അതായിരുന്നു അദ്ദേഹത്തിന്റെ രീതി. നഗരത്തില്‍ സമാധാനം നിലനിര്‍ത്താന്‍ പൊലിസ് മുന്‍കൈയെടുത്ത് തുടങ്ങിയ പല കമ്മിറ്റികളിലും അദ്ദേഹം ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ശത്രുക്കളും ഉണ്ടായിരുന്നു.

വീട് തകര്‍ത്തതിന്റെ വേദന ?

വളരെ സത്യസന്ധതയോടെ പറയട്ടെ, എന്റെ വീട് എനിക്ക് ഇഷ്ടമില്ലായിരുന്നു, അതായത്, ആ വീടിന്റെ രൂപഘടന എനിക്ക് ഇഷ്ടമില്ലായിരുന്നു എന്ന്. ഇതിനെക്കുറിച്ച് പിതാവിനോട് ഞാന്‍ നിരവധി തവണ പറഞ്ഞിട്ടുണ്ട്. ബാത്‌റൂം ഇവിടെ നിന്ന് മാറ്റണം, സ്റ്റോര്‍ റൂം ഇവിടെയല്ല വേണ്ടത്. വാഷ് ബേസിന്റെ സ്ഥലം മാറ്റണം… അങ്ങിനെ പലതും. എന്നാല്‍ ഇത് ഒരു കെട്ടിടത്തിന്റെ വിഷയമല്ല, ഇത് ഒരു ഘടനയുടെ വിഷയമല്ല, ജനങ്ങള്‍ ആ വീട്ടില്‍ എങ്ങനെ ചിലവഴിക്കുന്ന എന്നതല്ല. എന്റെ പിതാവ് ഒരുപാട് പ്രയത്‌നിച്ചാണ് ആ വീട് ഉണ്ടാക്കിയത്.

അദ്ദേഹത്തിന് കഴിയുന്നതിനേക്കാള്‍ അധികം അദ്ദേഹം വീടിനായി ചിലവഴിച്ചിട്ടുണ്ട്. നമ്മുടെ വീട് കണ്ടിട്ട് പൊലിസും ജനങ്ങളും പറഞ്ഞത് ഞങ്ങളുടെ വീടിന് അഞ്ച് കോടിയുടെ മൂല്യമുണ്ടെന്നാണ്. അത് സത്യമാണോ എന്നെനിക്കറിയില്ല. എന്നാല്‍ അവിടെയുണ്ടായിരുന്ന ഫര്‍ണിച്ചറുകളും ബെഡുകളും ലൈറ്റുകളും ഫ്‌ളോറിങ്ങും സ്വിച്ച്‌ബോര്‍ഡുകളും എല്ലാം തന്നെ ഏറ്റവും മികച്ചതായിരുന്നു.

വളരെ ശ്രദ്ധിച്ച് വാങ്ങിയ സാധനങ്ങളായിരുന്നു എല്ലാം. നിങ്ങള്‍ക്ക് ആലോചിക്കാവുന്നതിലുമപ്പുറം എല്ലാ സാധനങ്ങളും വളരെ സൂക്ഷ്മമായാണ് പിതാവ് കൈകാര്യം ചെയ്തിരുന്നത്. നിരവധി പുസ്തകങ്ങളുള്ള വലിയൊരു ലൈബ്രറിയുണ്ടായിരുന്നു അവിടെ. അത് ഞങ്ങളുടെ ഇടമായിരുന്നു. അവിടെ ഞങ്ങള്‍ വളരെ സന്തോഷത്തെയും സമാധാനത്തോടെയുമാണ് ജീവിച്ചിരുന്നത്. ഉമ്മക്ക് ചെടികള്‍ വളരെ ഇഷ്ടമായിരുന്നു. അഞ്ഞൂറില്‍ അധികം ചെടികള്‍ ഉണ്ടായിരുന്നു ആ വീട്ടില്‍. വീട് പൊളിക്കുമ്പോള്‍ ആ ചെടിച്ചട്ടികള്‍ വീണുടയുന്നത് ഞങ്ങള്‍ കണ്ടു. ആ ചെടികളെല്ലാം അവരെ ശപിക്കുന്നുണ്ടാകും. അതോര്‍ക്കുമ്പോഴാണ് കുറച്ച് സമാധാനം ലഭിക്കുക.

ഇങ്ങനെ ഒരു നടപടി പ്രതീക്ഷിച്ചിരുന്നോ ?

സത്യത്തില്‍ ഇത്തരത്തിലുള്ള ഒരു പൊലിസ് നടപടി പ്രതീക്ഷിച്ചിരുന്നില്ല. കലാപങ്ങളുടെ മുഖ്യസൂത്രധാരനാണെന്ന് വിശേഷിപ്പിച്ച് കെട്ടിച്ചമച്ചുള്ള കേസിനെക്കുറിച്ച് ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. ഞങ്ങളുടെ വീട് അവര്‍ ലക്ഷ്യം വെക്കുമെന്നും അര്‍ധരാത്രി വന്ന ഉമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. കാരണം ഭരണകൂടവുമായി പിതാവിന് നല്ല ബന്ധമായിരുന്നു. അദ്ദേഹത്തിന് ഈ ടൗണില്‍ ക്ലീന്‍ റെക്കോര്‍ഡ് ആണുള്ളത്. എല്ലാവരും അദ്ദേഹത്തെയറിയും. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ തുറന്ന പുസ്തകമാണ്. അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഇത്തരത്തില്‍ കെട്ടിച്ചമച്ച കേസ് ഉണ്ടാവും എന്ന് ആരും കരുതില്ല. ആ വീട് അദ്ദേഹത്തിന്റെ പേരിലുമല്ല.

പൊലിസില്‍ നിന്നുള്ള ഭീഷണി ?

ജൂണ്‍ 10ന് എന്തെങ്കിലും സംഭവിക്കുമെന്ന സൂചനകള്‍ പൊലിസ് നല്‍കിയിരുന്നു. ജമാഅത്തില്‍ നിന്നോ മുസ്ലിം സംഘടനകളില്‍ നിന്നോ സമരാഹ്വാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഏതെങ്കിലും പള്ളി ഇമാം ജനങ്ങളോട് സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല. പിന്നെ നിങ്ങള്‍ എന്തിനെക്കുറിച്ചാണ് ഈ സംസാരിക്കുന്നത് എന്ന് പിതാവ് പൊലിസുകാരോട് നിരന്തരം ചോദിച്ചിരുന്നു. എന്തെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നിങ്ങളായിരിക്കും അതിന് ഉത്തരവാദി എന്ന് പൊലിസ് പിതാവിനെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ ഉപ്പക്ക് എന്തോ അപകടം വരാന്‍ പോകുന്നു എന്ന് ഞങ്ങള്‍ ഭയപ്പെട്ടിരുന്നു. ഏതെങ്കിലും ഒരു കേസില്‍ അവര്‍ ഉപ്പയെ പ്രതിചേര്‍ക്കും എന്ന് ഉറപ്പായിരുന്നു. സമരങ്ങള്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ സൂത്രധാരന്‍ എന്ന പദവിയും ഞങ്ങള്‍ പ്രതീക്ഷിച്ചതല്ല.

വീട് തകര്‍ത്തപ്പോഴുള്ള അനുഭവം ?

ഏറെ നടുക്കുമുള്ള അനുഭവമായിരുന്നു അത്. അന്ന് ഏറെ അപമാനമായിട്ടാണ് തോന്നിയത്. ഞങ്ങളുടെ സ്വകാര്യമായ ചിത്രങ്ങളും കത്തുകളും എല്ലാം ടി.വിയില്‍ കാണിച്ചു. അത് ഞങ്ങളുടെ സ്വകാര്യതയായിരുന്നു. ഞങ്ങള്‍ ഇഷ്ടപ്പെടാത്ത സംഗതിയായിരുന്നു അത്. വീട് തകര്‍ക്കുന്നതിന് മുന്‍പ് ഖുര്‍ആനും മറ്റു ഇസ്ലാമിക പുസ്തകങ്ങളുമാണ് ആദ്യം മാറ്റിയത്. ഖുര്‍ആന്‍ വീടിന്റെ അടിയില്‍പെട്ടുപോകരുത് എന്ന് വിചാരിച്ചായിരുന്നു അത്. എന്ത് മാറ്റണം, എന്ത് മാറ്റേണ്ട എന്ന ഒരു അവസ്ഥയില്‍ ആകെ നിസ്സഹാവസ്ഥയില്‍ ആയിരുന്നു അപ്പോള്‍ ഞങ്ങള്‍. ഈ വീട്ടിലെ എല്ലാ വസ്തുക്കളും ഞങ്ങള്‍ക്ക് പ്രിയപ്പെട്ടതായിരുന്നു. ഒന്നും കളയാന്‍ ഞങ്ങള്‍ ഇഷ്ടപ്പെട്ടിരുന്നില്ല. പക്ഷേ ഏറ്റവും പ്രിയപ്പെട്ട വസ്തു ആ വീടാണ്, അത് പൂര്‍ണമായും നഷ്ടപ്പെട്ടു.

ഭാവി പദ്ധതികള്‍ ?

എന്റെ കുടുംബം മാത്രമല്ല, രാജ്യത്ത് ഒരുപാട് കുടുംബങ്ങള്‍ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. യു.പിയില്‍ മാത്രമല്ല, മതേതര സര്‍ക്കാരുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഭരിക്കുന്ന ഇടങ്ങളിലും ഇത്തരം സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഒരു കാരണവും കൂടാതെ മുസ്ലിംകള്‍ വേദന അനുഭവിക്കുന്നു.

മുസ്ലിം വീടുകള്‍ തകര്‍ക്കപ്പെടുമ്പോള്‍ മുസ്ലിംകള്‍ ജയിലില്‍ പോകുമ്പോള്‍ ഹിന്ദുത്വ വാദികള്‍ക്ക് അമിതോത്സാഹം ലഭിക്കുന്നു. മുസ്ലിംകളെ ശിക്ഷിക്കുന്നത് കാണുമ്പോള്‍ അവര്‍ സന്തോഷഭരിതരാകുന്നു. മുസ്ലിംകളെ പൈശാചികവത്കരിക്കുമ്പോള്‍ അവരെ ടെലിവിഷനിലൂടെ മനുഷ്യത്വം തകര്‍ക്കുമ്പോള്‍ അവര്‍ സന്തോഷിക്കുന്നു. എന്നാല്‍ ഇതിനൊന്നും നിന്ന് കൊടുക്കാന്‍ നാം തയാറല്ല.

ഇതിന്റെ പേരില്‍ ഒരുതുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കും. മുസ്ലിം സമുദായം ഒന്നടങ്കം വളരെ ശക്തരാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇതിനും വലുത് അതിജീവിച്ച ഇസ്ലാമിക ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഇതിനും മോശമായ സാഹചര്യത്തെ നാം അഭിമുഖീകരിച്ചിട്ടുണ്ട്.

കടപ്പാട്: മക്തൂബ് മീഡിയ

Related Articles