Current Date

Search
Close this search box.
Search
Close this search box.

ജീവനിലുള്ള ഭയമാണ് എന്റെ ഇസ്‌ലാം പ്രഖ്യാപനം ഫ്രാന്‍സിലാക്കിയത്

ഒരു നാള്‍ ചര്‍ച്ചിന്റെ ബന്ധനത്തില്‍ നിന്നും മോചിതയായി ഇസ്‌ലാമിനെ പുല്‍കിയ വനിതയാണ് മീറാം റിസ്ഖ് എന്ന ഹിബത്തുല്‍ ഇസ്‌ലാം. ഇസ്‌ലാമിനും ബൈബിളിനും ഇടയിലെ ആഴത്തിലുള്ള താരതമ്യ പഠനമാണ് അവരെ ഇസ്‌ലാമിലെത്തിച്ചത്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനങ്ങളല്ലെന്നു പറഞ്ഞു കൊണ്ട് ഒരു ഈജിപ്ഷ്യന്‍ ചര്‍ച്ചിലെ പുരോഹിതന്‍ അവരെ നിരാശയാക്കാന്‍ നടത്തിയ ശ്രമവും വിഫലമായി. അത്തരം ശ്രമങ്ങള്‍ക്കിടയിലും ഇസ്‌ലാം സ്വീകരിക്കാനുള്ള തീരുമാനം കൈവെടിയാതിരിക്കാന്‍ അവളെ സഹായിച്ചത് ചില അനുഭവങ്ങളായിരുന്നു. റാബിഅ അദവിയ്യയിലെ പ്രതിഷേധത്തിലെ പങ്കാളിത്തം അത്തരത്തില്‍ ഒന്നാണ്. പരിഭ്രാന്തിയില്ലാത്തവരും നിശ്ചയദാര്‍ഢ്യത്തിന്റെ ഉടമകളുമായി ജനങ്ങളെ വളര്‍ത്തിയ ഇസ്‌ലാമിന്റെ ശോഭനമായ മുഖമാണ് അവര്‍ക്കവിടെ കാണാന്‍ കഴിഞ്ഞത്. തന്റെ ഇസ്‌ലാം ആശ്ലേഷണത്തെ കുറിച്ച് മീറാം റിസ്ഖ് വിവരിക്കുകയാണ് ഈ അഭിമുഖത്തില്‍.

* ഖുര്‍ആന്‍ സൂക്തങ്ങള്‍ കാരണമാണല്ലോ നിങ്ങള്‍ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നത്, അതിനെ കുറിച്ച് ഒന്ന് വിശദീകരിക്കുമോ?
– ശരിയാണത്. ഞാന്‍ ഇസ്‌ലാം സ്വീകരിച്ചതിന് കാരണം ഈ ഖുര്‍ആന്‍ സൂക്തങ്ങളാണ്: ‘മര്‍യമിന്റെ പുത്രന്‍ മസീഹ് ദൈവംതന്നെ എന്ന് വാദിച്ചവര്‍, നിശ്ചയമായും സത്യത്തെ നിഷേധിച്ചിരിക്കുന്നു.’ (5 : 72) ‘അല്ലാഹു മൂവരില്‍ ഒരുവനാകുന്നു എന്നു വാദിച്ചവരും തീര്‍ച്ചയായും സത്യത്തെ നിഷേധിച്ചിരിക്കുന്നു.’ (5 : 73) ‘വിശ്വാസികളോട് ഏറ്റവും വിരോധമുള്ളവര്‍ ജൂതന്മാരും ബഹുദൈവവിശ്വാസികളുമാണെന്നു നിനക്കു കാണാം. തങ്ങള്‍ നസ്രാണികളാണ് എന്നു പറഞ്ഞവരാകുന്നു മമതയാല്‍ വിശ്വാസികളോട് ഏറ്റവും അടുത്തവരെന്നും കാണാം. അവരില്‍ ദൈവഭക്തരായ ജ്ഞാനികളും ലോകപരിത്യാഗികളായ പുരോഹിതന്മാരും ഉണ്ടെന്നതും, അവര്‍ അഹങ്കാരികളല്ല എന്നതുമത്രെ അതിനു കാരണം.’ (5 : 82) ഇതില്‍ അവസാന ആയത്തിനെ കുറിച്ച് ഒരു ഈജിപ്ഷ്യന്‍ പുരോഹിതനോട് ഞാന്‍ അന്വേഷിച്ചു. ‘മുഹമ്മദ് രചിച്ച പൊള്ളയായ ഈ വര്‍ത്തമാനം വിട്ടുകള’ എന്നാണ് ദേഷ്യത്തോടെ അദ്ദേഹമെന്നോട് പറഞ്ഞത്. അത് ദൈവത്തിന്റെ വചനമല്ലെന്ന സൂചനയോടെ എന്റെ അടുത്ത് നിന്നും പിന്തിരിഞ്ഞു.

* ഇസ്‌ലാമിനെ കുറിച്ച് നിങ്ങളോട് സംസാരിച്ചിരുന്ന ഇന്തോനേഷ്യന്‍ ഡോക്ടര്‍ എത്രത്തോളം നിങ്ങളെ സഹായിച്ചിട്ടുണ്ട്? ഇസ്‌ലാമാണ് യഥാര്‍ത്ഥ ദീനെന്ന് നിങ്ങള്‍ക്കെങ്ങനെ ബോധ്യപ്പെട്ടു?
– കരളിന് മാരകമായ രോഗം ബാധിക്കുന്നതിന് മുമ്പ് തന്നെ ഞാന്‍ ഇസ്‌ലാമിനെ കുറിച്ച് പഠിക്കാനാരംഭിച്ചിരുന്നു. ഖുര്‍ആനും ബൈബിളും തമ്മില്‍ പലപ്പോഴും താരതമ്യം ചെയ്യാറുമുണ്ടായിരുന്നു. ചികിത്സക്കായി യൂറോപിലെ ഒരു ആശുപത്രിയിലെത്തിയപ്പോള്‍ ഒരു ഇന്തോനേഷ്യക്കാരനായ മുസ്‌ലിം ഡോക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു എന്റെ ചികിത്സ എന്നത് തികച്ചും ആകസ്മികമായിരുന്നു. അദ്ദേഹം ഇസ്‌ലാമിനെ കുറിച്ച് വളരെയേറെ എന്നോട് സംസാരിക്കാറുണ്ടായിരുന്നു. ‘മുഹമ്മദിന്റെ കഥ’യായിരുന്നു അദ്ദേഹം എനിക്ക് തന്ന ആദ്യ പുസ്തകം. സ്ഫുടതയോടെ അറബി സംസാരിച്ചിരുന്ന അദ്ദേഹം ചില ഖുര്‍ആന്‍ സൂക്തങ്ങള്‍ എന്നെ വായിച്ചു കേള്‍പ്പിച്ചു. കന്യാ മര്‍യത്തിന്റെയും ഈസായുടെയും കഥകള്‍ എനിക്ക് പറഞ്ഞു തന്നു. ആ കഥ ഖുര്‍ആന്‍ വിവരിക്കുന്നതിനും ബൈബിള്‍ വിവരിക്കുന്നതിനുമിടയിലെ വ്യത്യാസം ഞാന്‍ തിരിച്ചറിഞ്ഞു.

* അഹ്മദ് ദീദാത്തിന്റെ നിരവധി സംവാദങ്ങള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ, ആ സംവാദങ്ങള്‍ ഇസ്‌ലാമില്‍ താല്‍പര്യമുണ്ടാക്കുന്നതിന് നിങ്ങളെ സഹായിച്ചിട്ടുണ്ടോ?
– അഹ്മദ് ദീദാത്തിന്റെ നിരവധി സംവാദങ്ങള്‍ ഞാന്‍ ശ്രവിച്ചിട്ടുണ്ട്. അക്കൂട്ടത്തിലെ പ്രസിദ്ധമായ സംവാദങ്ങളാണ് പാസ്റ്റര്‍ ജിമ്മി സ്വാഗര്‍ട്ടുമായി നടത്തിയിട്ടുള്ള ‘ബൈബിള്‍ ദൈവ വചനമോ?’, പാസ്റ്റര്‍ അനിസ് ഷോരോസുമായി നടത്തിയ ‘ഏതാണ് ദൈവവചനം, ഖുര്‍ആനോ ബൈബിളോ’, പാസ്റ്റര്‍ സ്റ്റാന്‍ലി ഷോബെര്‍ഗുമായി നടത്തിയ ‘ബൈബിള്‍ ദൈവവചനമോ?’  തുടങ്ങിയവയാണ്. അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റൊരു സംവാദമാണ് ‘യേശു ദൈവമോ?’ എന്നുള്ളത്. ഇസ്‌ലാമുമായി എന്നെ അടുപ്പിക്കുന്നതിനും ബോധ്യപ്പെടുത്തുന്നതിലും അവ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പാശ്ചാത്യ ക്രിസ്ത്യാനികളെക്കാള്‍ ഇസ്‌ലാമിനെ വെറുക്കുന്നത് അറബ് ക്രിസ്ത്യാനികളാണെന്ന് സ്വാഗര്‍ട്ടുമായും ഷോരോസുമായും നടത്തിയ സംവാദങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി.

* ‘അട്ടിമറിക്കെതിരെ ക്രിസ്ത്യാനികള്‍’ എന്ന സംഘടനയുടെ ഭാഗമായിരുന്നല്ലോ നിങ്ങള്‍, റാബിഅയിലെയും അന്നഹ്ദയിലും പ്രതിഷേധം നിങ്ങളുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റം എന്തായിരുന്നു?
– മൂന്ന് തവണ ഞാന്‍ റാബിഅയില്‍ പോയിട്ടുണ്ട്. ആദ്യ തവണ വെറുതെ പോയതായിരുന്നു. പിന്നീട് അതിന്റെ യാഥാര്‍ത്ഥ്യത്തെ കുറിച്ച് ആലോചിക്കാന്‍ തുടങ്ങി. ഏത് നിമിഷവും മരണം തങ്ങളെ തേടിയെത്തുമെന്ന് അറിയുന്നവരായിട്ടു പോലും പ്രതിഷേധക്കാര്‍ തുല്ല്യതയില്ലാത്ത ശാന്തതയും സ്വസ്ഥതയും അനുഭവിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. എന്നിട്ടും തങ്ങള്‍ തീര്‍ത്തും നിര്‍ഭയരാണെന്ന പോലെ അങ്ങേയറ്റത്തെ ഭക്തിയില്‍ നമസ്‌കാരം നിര്‍വഹിക്കുന്നു. ഇക്കാര്യം അവരുമായും അവരുടെ പ്രശ്‌നവുമായുള്ള ഒരു ബന്ധം എന്നിലുണ്ടാക്കി.

* ഇസ്‌ലാം പ്രഖ്യാപനത്തിന് ഈജിപ്തിന് പകരം എന്തുകൊണ്ട് നിങ്ങള്‍ യൂറോപിലെ ഒരു മസ്ജിദ് നിങ്ങള്‍ തെരെഞ്ഞെടുത്തു?
– ഇസ്‌ലാം സ്വീകരണം പ്രഖ്യാപിക്കുന്നതിന് ഫ്രാന്‍സിലെ ബോര്‍ഡോയിലുള്ള മസ്ജിദ് തെരെഞ്ഞെടുത്തിന് പിന്നില്‍ ചില കാരണങ്ങളുണ്ട്. ആ സമയത്ത് രോഗിയായ ഉമ്മയോടൊപ്പമായിരുന്നു ഞാന്‍ കഴിഞ്ഞിരുന്നത്. അപകടങ്ങളെ അഭിമുഖീകരിച്ചു കൊണ്ട് ഈജിപ്തില്‍ ഇസ്‌ലാം പ്രഖ്യാപിക്കുക എനിക്ക് സാധ്യമായിരുന്നില്ല, പ്രത്യേകിച്ചും ഇസ്‌ലാം സ്വീകരിച്ച ഖിബ്തി സ്ത്രീകളുടെ ജീവിതം അപകടത്തിലായ സാഹചര്യത്തില്‍. അവരില്‍ പലരെയും ഈജിപ്ത് സുരക്ഷാവിഭാഗം ചര്‍ച്ചിന് കൈമാറിയിരുന്നു. മാതാവിന്റെ മരണ ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള എന്റെ ഭയം ഇരട്ടിച്ചു. ഫ്രഞ്ചുകാരിയായിരുന്നെങ്കിലും എന്നെ സംരക്ഷിക്കുകയും നിലപാടുകള്‍ മുറുകെ പിടിക്കാന്‍ എനിക്ക് പ്രോത്സാഹനം ചെയ്തിരുന്നത് അവരായിരുന്നു എന്നതാണ് കാരണം. ഇന്‍ശാ അല്ലാഹ്.. അടുത്ത വര്‍ഷം ഹജ്ജ് നിര്‍വഹിക്കാനും ഉദ്ദേശിക്കുന്നുണ്ട്.

* ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ കുടുംബത്തിന്റെ പ്രതികരണം എന്തായിരുന്നു?
– ഫ്രഞ്ചുകാരിയായ എന്റെ ഉമ്മയുടെ കുടുംബത്തില്‍ നിന്ന് എനിക്ക് പ്രയാസങ്ങളൊന്നും നേരിടേണ്ടി വന്നിട്ടില്ല.  മതത്തില്‍ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമായിട്ടാണവര്‍ കണ്ടിരുന്നത്. എന്നാല്‍ കടുത്ത മതനിഷ്ഠ പുലര്‍ത്തിയിരുന്ന എന്റെ പിതാവിന്റെ കുടുംബം നേര്‍വിരുദ്ധമായ സമീപനമാണ് സ്വീകരിച്ചത്. വീണ്ടും ക്രിസ്തുമതത്തിലേക്ക് തന്നെ എന്നെ മടക്കാന്‍ പിതാവ് വാക്കുകളാലും ഭീഷണികളാലും താക്കീതുകളാലും നിരന്തരം ശ്രമിച്ചു. എന്നാല്‍ ഞാന്‍ മടങ്ങാന്‍ തയ്യാറായില്ല. അതിനായി കുടുംബക്കാരെയും കുടുംബവുമായി ബന്ധമുണ്ടായിരുന്ന കൂട്ടുകാരെയും ഞങ്ങളുടെ (അതേ കാലയളവില്‍ എന്റെ ഒരു സഹോദരിയും ഇസ്‌ലാം സ്വീകരിച്ചിരുന്നു) പുറകെ അയച്ചു. എന്നാല്‍ ഞങ്ങള്‍ വിശ്വസിച്ച ഇസ്‌ലാമുമായി ഫ്രാന്‍സിലെ ഒരു ഗ്രാമത്തിലേക്ക് താമസം മാറാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.

* സഹോദരി എങ്ങനെയാണ് ഇസ്‌ലാം സ്വീകരിച്ചത്?
– എന്റെ സഹോദരി ഷെരാവത് – ഇസ്‌ലാം സ്വീകരിച്ചതിന് ശേഷം ഫാത്വിമത്തു സഹ്‌റാ – രോഗ കാലത്ത് എന്നോടൊപ്പമുണ്ടായിരുന്നു. എന്നോട് സംസാരിച്ച പോലെ ഇന്തോന്യേഷ്യക്കാരനായ ഡോക്ടര്‍ അവളോടും സംസാരിച്ചിരുന്നു. ഒന്നിലേറെ തവണ അദ്ദേഹത്തിന്റെ ഭാര്യക്കൊപ്പം ലഞ്ച് കഴിക്കാന്‍ അവരുടെ വീട്ടിലേക്കദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു. ഒരുവിധം ഇസ്‌ലാമിനെ അവള്‍ സ്വീകരിക്കാന്‍ തയ്യാറുമായിരുന്നു. എ്‌നാല്‍ അത് പ്രഖ്യാപിക്കാന്‍ എന്റെ അസുഖം അല്‍പമൊന്ന് ഭേദമാകുന്നത് വരെ കാത്തിരുന്നു. രോഗാവസ്ഥയില്‍ നിന്ന് ഞാന്‍ മോചിതയായപ്പോള്‍ അവള്‍ പറഞ്ഞ ‘അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍’ (ലോകരക്ഷിതാവായ അല്ലാഹുവിനാണ് സര്‍വസ്തുതിയും) ഞാന്‍ ശരിക്കും ഓര്‍ക്കുന്നുണ്ട്. ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് അവര്‍ ഇങ്ങനെ പറഞ്ഞിരുന്നില്ല.

* ഇസ്‌ലാമിന്റെ സംരക്ഷണത്തിലുള്ള പുതിയ ഒരു ജീവിതത്തിന് നിങ്ങള്‍ ഒരുങ്ങിയിട്ടുണ്ടോ?
– ഇസ്‌ലാമിന്റെ പരിധിയിലുള്ള പുതു ജീവിതത്തിന് ചില പ്ലാനുകളൊക്കെ ഞങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. ഇസ്‌ലാമിന്റെ ഒരു പ്രബോധകയായി യൂറോപില്‍ ഇസ്‌ലാമിനെ പ്രചരിപ്പിക്കണമെന്നതാണ് എന്റെ വലിയൊരു ആഗ്രഹം. ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. ആതുര സേവന രംഗത്ത് ഡോക്ടറായതോടൊപ്പം തന്നെ ഇസ്‌ലാമിക ശരീഅത്തില്‍ ഡോക്ടറേറ്റ് നേടിയ ഇന്തോനേഷ്യക്കാരനായ എന്റെ ഡോക്ടറില്‍ നിന്ന് ദീനിന്റെ അടിസ്ഥാനങ്ങള്‍ പഠിക്കുകയാണ് ഞാനിപ്പോള്‍. പുതുമുസ്‌ലിംകള്‍ക്ക് ദീനിന്റെ അടിസ്ഥാനങ്ങള്‍ പഠിപ്പിച്ചു കൊടുക്കുന്ന അദ്ദേഹത്തിന്റെ ഭാര്യയില്‍ നിന്ന് ഞാനും സഹോദരിയും കുറെ കാര്യങ്ങള്‍ പഠിച്ചിട്ടുണ്ട്. അവര്‍ക്ക് പുറമെ തുര്‍ക്കിയില്‍ നിന്നും സെനഗലില്‍ നിന്നുമുള്ള രണ്ട് സഹോദരിമാരില്‍ നിന്നും ഒരു മൊറോക്കൊക്കാരനായ പണ്ഡിതനില്‍ നിന്നും ഞങ്ങള്‍ അറിവ് നേടി.

* നിങ്ങളുടെ ഇസ്‌ലാം സ്വീകരണ വാര്‍ത്ത നിഷേധിച്ചു കൊണ്ട് യൂറോപിലെ കോപ്റ്റിക് സംഘടനകളുടെ മേധാവി മെദത് ഖിലാദ രംഗത്ത് വന്നിരുന്നു. അതിനോട് എങ്ങനെ പ്രതികരിക്കുന്നു?
അയാള്‍ മറുപടി അര്‍ഹിക്കുന്നില്ല. കാരണം ഇസ്‌ലാം പ്രഖ്യാപിക്കണോ വേണ്ടയോ എന്ന് സംശയിച്ചു നില്‍ക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എന്റെ ഇസ്‌ലാം സ്വീകരണം പ്രചോദനമാകാതിരിക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ഉദ്ദേശ്യം. ഇസ്‌ലാമിനെ തെരെഞ്ഞെടുത്തവര്‍ വിദൂരത്തായിരിക്കുമ്പോള്‍ അവര്‍ക്കെതിരെ പോരാടാനുള്ള ആയുധമാക്കി ഇതിനെ സ്വീകരിക്കുന്നത് ദുഖകരമാണ്. എന്നാല്‍ ഞാന്‍ അവരുടെ കൈകളിലായിരുന്നുവെങ്കില്‍ രണ്ടിലൊന്നേ സംഭവിക്കുമായിരുന്നുള്ളൂ. ഒന്നുകില്‍ പീഡിപ്പിച്ചും ഭയപ്പെടുത്തിയും ക്രിസ്തുമത്തിലേക്ക് മടക്കും, അല്ലെങ്കില്‍ മരണം.

* ഇസ്‌ലാമിന്റെ തണലില്‍ ജീവിതം എങ്ങനെ അനുഭവപ്പെടുന്നു?
– ഉമ്മയുടെ മരണ ശേഷം എന്റെ ജീവിതം ഇരുളടഞ്ഞതായിരുന്നു. ഇസ്‌ലാം എന്റെ മനസ്സിനെ പ്രകാശിപ്പിക്കുകയും ദുഖങ്ങളെ ഇല്ലായ്മ ചെയ്യുകയും ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ മനസ്സിലേക്കും ആ ദുഖം പടര്‍ന്നു കയറുമായിരുന്നു. അല്ലാഹുവാണ് സത്യം, മുമ്പെങ്ങും ഞാനനുഭവിച്ചിട്ടില്ലാത്ത മാനസികാശ്വാസവും ഉന്നതമായ ആത്മസംതൃപ്തിയുമാണ് ഞാനിന്ന് അനുഭവിക്കുന്നത്.

* ചര്‍ച്ചിന്റെ സമ്മര്‍ദങ്ങള്‍ ഇല്ലാതാകുന്നത് വരെ ഏതെങ്കിലും യൂറോപ്യന്‍ രാജ്യത്ത് തന്നെ കഴിയാനാണോ ഉദ്ദേശിക്കുന്നത്?
– ഞാന്‍ യൂറോപില്‍ തന്നെ ജീവിക്കും. എന്നാല്‍ ഈജിപ്തിലേക്ക് മടങ്ങാനും അവിടെ ജീവിക്കാനും എനിക്കാഗ്രഹമുണ്ട്. ഇസ്‌ലാം സ്വീകരിച്ച എനിക്ക് അവിടെ നിര്‍ഭയത്വമില്ലാത്തതാണ് പ്രശ്‌നം.

* സൈനിക അട്ടിമറിയോട് നിങ്ങള്‍ ധീരമായ പല നിലപാടുകളുമെടുത്തിട്ടുണ്ട്. അത്തരം നിലപാടുകളുടെ പേരിലാണോ നിങ്ങള്‍ വേട്ടയാടപ്പെടുന്നത്?
– അതെ, ചര്‍ച്ചിന്റെയും ഈജിപ്ഷ്യന്‍ സുരക്ഷാ വിഭാഗത്തിന്റെയും എന്റെ പിതാവില്‍ നിന്ന് വരെ എനിക്ക് സമ്മര്‍ദമുണ്ടായിട്ടുണ്ട്. അവയിലധികവും മാനസിക സമ്മര്‍ദങ്ങളായിരുന്നു. എന്നെ വളരെയധികം ആക്ഷേപിക്കുകയും ശകാരിക്കുകയും നിന്ദിക്കുകയും ചെയ്തു. എന്റെ നിലപാട് മാറ്റുന്നത് വരെ ചര്‍ച്ചില്‍ തടവിലാക്കുമെന്നത് വരെ കാര്യങ്ങളെത്തിയിരുന്നു. ഉമ്മ എനിക്ക് പകര്‍ന്നു തന്ന ശക്തിയും ധീരതയും കൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ ഞാന്‍ സമ്മര്‍ദങ്ങളെ നേരിട്ടു.

* ക്രിസ്തുമതത്തില്‍ വിശ്വസിക്കുന്നവരോട് എന്താണ് നിങ്ങള്‍ക്ക് പറയാനുള്ളത?
– ചര്‍ച്ച് വായന വിലക്കിയിട്ടുള്ള ബൈബിളിന്റെ യഥാര്‍ത്ഥ പതിപ്പിലേക്ക് നിങ്ങള്‍ മടങ്ങൂ എന്നാണ് അവരോട് എനിക്ക് പറയാനുള്ളത്. കാരണം അതിന്റെ ശരിയായ ഏക പ്രതി പ്രവാചകന്‍ മുഹമ്മദിനെ കുറിച്ച് സന്തോഷവാര്‍ത്ത അറിയിക്കുന്നുണ്ട്. നിങ്ങളുടെ ബുദ്ധി ഉപയോഗിക്കുവന്‍. അന്ത്യദിനത്തില്‍ യേശു നിങ്ങളെ കയ്യൊഴിയും. കാരണം നിങ്ങള്‍ വിശേഷിപ്പിക്കും പോലെ അദ്ദേഹം ദൈവത്തിന്റെ മകനല്ല, ദൂതനാണ്.

മൊഴിമാറ്റം : നസീഫ്‌

Related Articles