മുസ്ലിം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെയും ഇസ്ലാമിനെതിരെയുള്ള ആരോപണങ്ങളെയും, മുസ്ലിം സ്ത്രീകളെയും നാഗരിക നിര്‍മിതിയില്‍ അവരുടെ പങ്കിനെയും കുറിച്ച് വിവരിക്കുന്ന വിജ്ഞാനകോശത്തിന്റെ ഉപജ്ഞാതാവായ ഖദീജ അന്നബ്റാവിയുമായി നടത്തിയ അഭിമുഖം.
? സ്ത്രീ വിജ്ഞാനകോശത്തിന്റെ രചനക്ക് നിങ്ങളെ പ്രേരിപ്പിച്ച ഘടകം എന്താണ്?
- നിരവധി കാരണങ്ങളുണ്ട്. ഇസ്ലാമിക ശരീഅത്ത് സ്ത്രീകളോട് അതിക്രമം പ്രവര്‍ത്തിക്കുന്നു, ഇസ്ലാം പുരുഷ മതമാണ്, ഖുര്‍ആന്‍ പുരുഷ സമൂഹത്തെയാണ് അഭിസംബോധന ചെയ്യുന്നത് തുടങ്ങിയ ആരോപണങ്ങള്‍ ഇതില്‍ പ്രധാനമാണ്. മുസ്ലിം നാമധാരികളായ ചിലരുടെ തെറ്റായ നടപടിക്രമങ്ങളും സമീപനങ്ങളാണ് ഇവര്‍ ഇത്തരം പ്രസ്താവനകള്‍ക്ക് അവലംബമാക്കുന്നത്.
സ്ത്രീകളോടുള്ള ഇസ്ലാമിക സമീപനത്തിനെതിരെ രംഗത്ത് വന്നത് അമുസ്ലിങ്ങളും ഓറിയന്റലിസ്റ്റുകളും മാത്രമല്ല, മറിച്ച് പശ്ചാത്യവല്ക്കരിക്കപ്പെട്ട മുസ്ലിം തലമുറയും ഉള്‍പ്പെട്ടിരുന്നു. അതിനാല്‍ തന്നെ ഇത്തരം വ്യാജമായ ആരോപണങ്ങള്‍ക്ക് ദീനിന്റെ ഖണ്ഡിതപ്രമാണങ്ങളുടെയും ചരിത്രസാക്ഷ്യങ്ങളുടെയും നിഷ്പക്ഷരായ പാശ്ചാത്യന്‍ പണ്ഡിതരുടെ വാക്കുകളും ഉദ്ധരിച്ചു മറുപടി നല്കല് അനിവാര്യമായി വന്നു.
? ഇസ്ലാം സ്ത്രീകളെ ആദരിച്ചതിനെ ചില മുസ്ലിങ്ങള്‍ നിഷേധിക്കുന്നു. അതേ സമയം അമുസ്ലിങ്ങളായ ചിലര്‍ നീതിപൂര്‍വ്വം ഈ യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കുകയും ചെയ്യുന്നു. ഈ വിവേചനത്തെ താങ്കള്‍ എങ്ങനെ നോക്കിക്കാണുന്നു?
- സ്ത്രീകളുടെ പിന്നാക്കാവസ്ഥക്കും പതനത്തിനും കാരണം ഇസ്ലാമാണെന്ന് ആരോപണം ഉന്നയിച്ച് ഇസ്ലാമിനെ അവമതിക്കുന്നവരുടെ കാര്യത്തില്‍ ഞാന്‍ അത്ഭുതപ്പെടുന്നു. ഇസ്ലാമിന്റെ വക്താക്കളാണെന്നവകാശപ്പെടുന്നവര് ഇത്തരം ആക്ഷേപമുന്നയിക്കുന്നുവെന്നത് എന്നെ വളരെ അത്ഭുതപ്പെടുത്തുന്നു. ഇസ്ലാമിന്റെ വിമര്‍ശകരുടെ മുമ്പില്‍ ദീനിന്റെ യഥാര്‍ത്ഥ മുഖം അവര്‍ക്ക് കൂടി തൃപ്തികരമായ രീതിയില്‍ അനാവരണം ചെയ്യുന്ന പ്രബുദ്ധരാണ് ഞങ്ങള്‍ എന്ന് അവര്‍ അവകാശപ്പെടുകയും ചെയ്യുന്നു.
? ആധുനിക നാഗരികതയുടെ കൊടിക്കീഴിലല്ലാതെ മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യം പൂര്ണമാവുകയില്ല എന്ന് വാദിക്കുന്നവരോട് എന്താണ് താങ്കള്‍ക്ക് പറയാനുള്ളത്.
- സാമ്പത്തികമായ സ്രോതസ്സുകളൊന്നുമില്ലാതെ ശൂന്യതയില്‍ നിന്ന് ഒരു നാഗരികത പടുത്തുയര്‍ത്തിയ ഹാജിറ(റ)യെ പോലുള്ള എത്ര സ്ത്രീകളെ ആധുനിക പശ്ചാത്യന്‍ നാഗരികതയിലേക്ക് ചേര്‍ക്കപ്പെടുന്ന സ്ത്രീകളില്‍ നിന്ന് ചൂണ്ടിക്കാട്ടാനുണ്ട്? ഹാജിറയാകട്ടെ ജനശൂന്യവും ജലശൂന്യവും ഫലശൂന്യവുമായ മരുഭൂവില്‍ മുലകുടി പ്രായമുള്ള കുട്ടിയോടൊപ്പം ഉപേക്ഷിക്കപ്പെട്ടവളായിരുന്നു. അല്ലാഹുവിലുള്ള ദൃഢവിശ്വാസവും ദീനിപരമായ അധ്യാപനങ്ങളും മാത്രമായിരുന്നു അവരുടെ കൈമുതല്‍. അല്ലാഹു തന്റെ പരിശ്രമങ്ങളെ ഒരിക്കലും പാഴാക്കിക്കളയുകയില്ല എന്ന വിശ്വാസത്തോടെ കഠിന പരിശ്രമത്തിലേര്പ്പെട്ടപ്പോള് അവര്‍ക്ക് വേണ്ടി സംസം ഉറവയെടുത്തു. പ്രവാചകനെയും മക്കയിലെ നാഗരിക സൗധത്തെയും വളര്‍ത്താനുള്ള ഉത്തരവാദിത്വം അവളില്‍ ചുമതലയേല്പിക്കപ്പെട്ടു. നമ്മുടെ കാലത്ത് പുരുഷകേസരികളുടെ ഒരു സംഘത്തിന് പോലും സാധ്യമാവാത്ത വലിയ കാര്യമാണിത്.
മക്കയുടെ താഴ്വരകളില്‍ മുസ്ലിം സമൂഹം പരീക്ഷിക്കപ്പെട്ട നാളുകളില്‍ പ്രവാചകനും സമുദായത്തിനും സംരക്ഷണം നല്കിയ ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ(റ) യെ പോലുള്ള എത്ര സ്ത്രീകളെ ആധുനിക ലോകത്ത് ചൂണ്ടിക്കാണിക്കാനുണ്ട്! സമ്പത്ത് കൊണ്ടും ശരീരം കൊണ്ടും ആത്മചൈതന്യം കൊണ്ടും ദീനീ പ്രബോധനത്തിന് അവര്‍ സംരക്ഷണം നല്കുകയുണ്ടായി. ദിവ്യബോധനത്തിന്റെ പ്രാരംഭത്തില്‍ പരിഭ്രമിച്ച പ്രവാചകന്(സ)ക്ക് യുക്തിപൂര്‍ണമായ വാക്കുകളിലൂടെയും സമീപനങ്ങളിലൂടെയും ശക്തിയും കരുത്തും പകര്‍ന്ന് നല്കിയതിനാല് മുസ്ലിം സമൂഹത്തിന് മഹത്തായ കടപ്പാടുകള്‍ ആ മഹതിയോടുണ്ട്. അവരുടെ ആഴത്തിലുള്ള വിജ്ഞാനത്തിനും അനുഭവ പരിചയത്തിനുമുള്ള സാക്ഷ്യം കൂടിയാണിത്. പ്രായോഗികവിജ്ഞാനത്തോടൊപ്പം തന്നെ വ്യക്തമായ കാഴ്ചപ്പാട് രൂപപ്പെടുത്താന്‍ പിതൃവ്യപുത്രന്‍ വറഖതു ബിന്‍ നൗഫലിന്റെയടുത്ത് കൊണ്ടു പോയതും ഈ പരിജ്ഞാനത്തിന്റെ ഭാഗമാണ്. മക്കയിലെ സാമ്പത്തിക രംഗത്തെ അവരുടെ സ്വാധീനവും വിശ്വാസ ദാര്‍ഢ്യവും ആത്മാര്ത്ഥതയുമില്ലായിരുന്നുവെങ്കില് സാമ്പത്തിക ഉപരോധത്തിലൂടെ ഇസ്ലാമിന്റെ കഥ കഴിക്കാനുള്ള ശത്രുക്കളുടെ പദ്ധതികള്‍ വിജയിക്കുമായിരുന്നു.
ഇത്തരം രചിക്കപ്പെട്ട എത്ര മഹിളാമാതൃകകളാണ് ഇസ്ലാമിക ചരിത്രത്തിലുള്ളത്! ഇസ്ലാമിലെ ആദ്യകാല രക്തസാക്ഷികളില്‍ ഒരുവളായ യാസറിന്റെ ഭാര്യ സുമയ്യ …., തിരുസുന്നത്തിന്റെ റിപ്പോര്‍ട്ടറും കര്‍മശാസ്ത്ര പണ്ഡിതയും മുഫ്തിയതും പ്രവാചകന്റെയും മുസ്ലിം സമൂഹത്തിന്റെയും മാര്‍ഗദര്‍ശിയും രാഷ്ട്രീയവും സാംസ്കാരികവുമായ വിഷയങ്ങളില്‍ സജീവ പങ്കാളിത്തം വഹിച്ച മഹതി ആഇശ(റ)യെ പോലുള്ള എത്ര സ്ത്രീകള്‍ ഈ ആധുനിക വനിതകളില്‍ നമുക്ക് കാണാം. ഹദീസ് സംരക്ഷണത്തില്‍ അവര്‍ക്ക് മഹത്തായി പങ്കാണുള്ളത്. 2210 ഹദീസുകള്‍ മഹതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹദീസുകളില്‍ നിന്ന് വിധികള്‍ നിര്‍ദ്ധാരണം ചെയ്തെടുക്കാനുള്ള അനിതരസാധാരണമായ കഴിവ് മഹതിക്കുള്ളതിനാല് ഇസ്ലാമിക ശരീഅത്തിലെ നാലിലൊന്ന് വിധികള്‍ അവരുടെ റിപ്പോര്‍ട്ടുകളെ അവലംബിച്ച് രൂപപ്പെട്ടിട്ടുള്ളതാണ്.
? ഇസ്ലാമിക നാഗരികത സ്ത്രീകള്‍ക്ക് യാതൊരു പങ്കുമില്ലാത്ത പുരുഷ കേന്ദ്രീകൃത നാഗരികതയാണെന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. ഇത്തരം നിരര്‍ത്ഥകമായ വാദഗതികളെ എങ്ങനെ വിലയിരുത്തുന്നു.
- ഇസ്ലാമിനോട് കടുത്ത വിദ്വേഷം വെച്ച് പുലര്‍ത്തുന്നവരോ, ഇസ്ലാമിക നാഗരികതയെക്കുറിച്ച് അജ്ഞരായ ആളുകളോ ആണ് ഈ വാദങ്ങള്‍ ഉന്നയിക്കുന്നത്. കാരണം നാഗരികതയുടെ നിര്‍മാണത്തില്‍ സ്ത്രീകളുടെ പങ്ക് ദിവ്യസന്ദേശത്തിന്റെ പ്രാരംഭം മുതല്‍ ഖദീജയിലൂടെയും അസ്മാ ബിന്ത് അബീബക്കറിലൂടെയും തുടക്കം കുറിച്ച് പ്രവാചക പത്നിമാരിലൂടെയും സഹാബി -താബിഈ വനിതകളിലൂടെ ശക്തി പ്രാപിച്ച് കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക നാഗരികത പ്രശോഭിതമായ കാലഘട്ടങ്ങളിലാണ് സ്ത്രീകളുടെ പങ്കും പ്രശോഭിതമായി നിലനിന്നിരുതെന്ന് ഞാന്‍ പറയുകയാണെങ്കില്‍ അതൊരിക്കലും അതിശയോക്തിയാകുകയില്ല. ഇസ്ലാമിക രിസാലത്തിന് കീഴില്‍ ഒരേ സമയം ഉമ്മയായും ഭാര്യയായും പ്രഥമ വനിതയായും വിജയശ്രീലാളിതരായ സൈനികജേതാവായും അവര്‍ തിളങ്ങുകയുണ്ടായി.
ഉദാഹരണമായി ഇമാം ബുഖാരി(റ) പതിനാലാം വയസ്സില്‍ വിജ്ഞാനസമ്പാദനത്തിനായി പുറപ്പെട്ടതും അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ വിശ്രുതരായ പണ്ഡിതന്മാരില് നിന്ന് വിജ്ഞാനീയങ്ങളില്‍ പരിജ്ഞാനം നേടിയതുമെല്ലാം ചെറു പ്രായത്തില്‍ ഉമ്മയുടെയും സഹോദരന്റെയും വിജ്ഞാനത്തിലുള്ള പ്രേരണയും ശിക്ഷണവും കാരണമായിരുന്നു എന്ന് മനസ്സിലാക്കാം. അപ്രകാരം ഇബ്നുല്‍ ജൗസി പ്രാഥമിക വിദ്യാഭ്യാസം ആര്‍ജിച്ചത് തന്റെ അമ്മായിയില്‍ നിന്നായിരുന്നു.
? വിദ്യാഭ്യാസത്തെക്കുറിച്ച ആധുനിക സങ്കല്പങ്ങളില് നിന്നും സത്രീകള്‍ അകന്നു നില്‍ക്കുകയാണെന്ന് അവര്‍ വാദിക്കുന്നു. ദീനി വിജ്ഞാനങ്ങള്‍ ആര്‍ജിക്കുന്നതില്‍ പോലും പുരുഷന്മാരുമായി കൂടിക്കലരുന്നതില്‍ നിന്ന് പാരമ്പര്യചിന്തകള്‍ അവരെ തടയുന്നില്ലേ? എന്താണ് താങ്കളുടെ പ്രതികരണം.
- ഇസ്ലാമിന്റെ പ്രഭാതോദയം മുതലുള്ള ചരിത്ര സാക്ഷ്യങ്ങള്‍ ഇത്തരം ആരോപണങ്ങളുടെ മുനയൊടിക്കുന്നതാണ്. ഈ സമുദായത്തിലെ പണ്ഡിതന് എന്നു സാക്ഷ്യപത്രം ലഭിച്ച സഹാബികളുടെ ഇടയില്‍ വിജ്ഞാന സാഗരമായി നിലകൊണ്ട അബ്ദുല്ലാഹി ബിന്‍ അബ്ബാസ് പ്രവാചക പത്നി ആഇശ(റ)യുടെ ശിഷ്യനായിരുന്നു. അബൂ മൂസാ അല്‍ അശ്അരി പറയുന്നു. ‘പ്രവാചകന്റെ അനുചരര്‍ക്കിടയില്‍ ഹദീസിനെക്കുറിച്ച് അഭിപ്രായാന്തരമുടലെടുക്കുകയും തദ്വിഷയവുമായി ആഇശയുടെയടുത്ത് പോവുകയും ചെയ്താല്‍ അവരുടെയരികില്‍ അതിനെക്കുറിച്ച വിജ്ഞാനമുണ്ടാകുമായിരുന്നു’.
ഹിജ്റ, പ്രബോധനപ്രവര്‍ത്തനങ്ങള്‍, ഇസ്ലാമിക രാഷ്ട്രത്തിന്റെ നിര്‍മാണം തുടങ്ങിയ ചരിത്രത്തിലെ സംഭവബഹുലമായ കാര്യങ്ങളില്‍ ക്രിയാത്മക പങ്കുവഹിച്ചു സഹോദരി അസ്മാ ബിന്ത് അബൂബക്കര്‍ അല്പം മുന്നോട്ട് പോവുകയുണ്ടായി. ഭര്‍ത്താവ് സൂബൈറു ബിന്‍ അവ്വാമിന്റെ ഗൃഹപരിപാലനത്തില്‍ മാത്രമല്ല സാന്നിദ്ധ്യമറിയിച്ചത്. അദ്ദേഹത്തിന്റെ കുതിരകളെ മേയ്ക്കുക, വയലില്‍ കൃഷിയിറക്കുക, അദ്ദേഹത്തോടൊപ്പം യൂദ്ധം ചെയ്യുക, അദ്ദേഹത്തിന്റെ വികാരങ്ങള്‍ മാനിക്കുക, മകന് അബ്ദുല്ലാഹി ബിന്‍ സുബൈറിനെ ധീരതയിലും സമര്‍പ്പണബോധത്തിലും വളര്‍ത്തുക, ഫിത്നയുടെ സംഭവങ്ങള്‍ ഉടലെടുത്തപ്പോള്‍ അദ്ദേഹത്തെ അഭിപ്രായ രൂപീകരണത്തില്‍ സഹായിക്കുക, ധീരയോദ്ധാക്കളുടെ ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തപ്പെട്ട നിഷ്ഠൂര ഭരണാധികാരിയായ ഹജ്ജാജു ബിന്‍ യൂസുഫിനെ നേരിട്ടത് …തുടങ്ങിയ വൈവിധ്യമായ മേഖലകളില്‍ മഹതി ശക്തമായ സാന്നിദ്ധ്യം അറിയിക്കുകയുണ്ടായി.
രാഷ്ട്ര നിര്‍മാണത്തിലും ബൈഅതു രിദ്വാനിലും യുദ്ധമുന്നണിയില്‍ നിന്ന് അനേകം പുരുഷന്മാര് പിന്തിരിഞ്ഞ സന്ദര്‍ഭത്തില്‍ സധൈര്യം ഉറച്ചു നിന്നു പോരാടിയ നസീബ ബിന്ത് കഅ്ബുല്‍ അന്‍സാരിയും ഇതിനുദാഹരണമാണ്. അപ്രകാരം തന്നെ പ്രസംഗ പീഠങ്ങളെ പിടിച്ചുകുലുക്കിയ പ്രഭാഷകയും അവകാശ സംരക്ഷണാര്‍ത്ഥം പ്രവാചക സന്നിധിയില്‍ എത്തിയ മഹിളാപ്രതിനിധി സംഘത്തിന്റെ നേതാവുമായ അസ്മാ ബിന്ത് സൈദുല്‍ അന്‍സാരി തുടങ്ങിയ മഹതികളുടെ ശോഭനമായ ചരിത്രം നമ്മുടെ മുമ്പിലുണ്ട്.
? ജാഹിലിയ്യ സന്ദര്ഭത്തിലുണ്ടായിരുന്നതില് നിന്ന് ഭിന്നമല്ല ഇസ്ലാമിലും സ്ത്രീകളുടെ സ്ഥാനം എന്ന വിമര്‍ശനത്തെ എങ്ങനെ അഭിമുഖീകരിക്കുന്നു?
- ഇസ്ലാമിലും ജാഹിലിയ്യത്തിലുമുള്ള സ്ത്രീകളുടെ സ്ഥാനത്തെക്കുറിച്ച് അജ്ഞരായവര്ക്കെ ഇത്തരം വാദഗതികള്‍ ഉന്നയിക്കാന്‍ സാധിക്കുകയുള്ളൂ. ഈ പരിവര്‍ത്തനം മനസ്സിലാക്കണമെങ്കില്‍ ജാഹിലിയ്യത്തിലും ഇസ്ലാമിലും ജീവിച്ച കവയത്രി ഖന്‍സാഇന്റെ ജീവിതം പരിശോധിച്ചാല്‍ മാത്രം മതി. യുവത്വത്തില്‍ തന്നെ മരണപ്പെട്ട സഹോദരന്റെ വിയോഗം സഹിക്കാന്‍ കഴിയാതെ ദുഖത്തിന്റെയും അനുശോചനത്തിന്റെയും കാവ്യങ്ങളുമായി കാലം കഴിക്കുകയായിരുന്നു. എന്നാല്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ തന്റെ നാല് മക്കളെ ഇസ്ലാമിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കാന്‍ മഹതി സന്നദ്ധമാവുകയുണ്ടായി. യൗവനത്തിന്റെ തുടുപ്പിലായിരിക്കെ നാല് മക്കള്‍ ഖാദിസിയ്യ യുദ്ധവേളയില്‍ രക്തസാക്ഷിത്വം വരിച്ച വാര്‍ത്ത മഹതിയെ അറിയിച്ചസന്ദര്ഭത്തില് വിശ്വാസദാര്‍ഢ്യത്തിന്റെയും സഹനത്തിന്റെയും നിറവിലുള്ള ചരിത്രപ്രധാനമായ പ്രതികരണമായിരുന്നു ഖന്സാഇന്റെത്. ‘ഇവരുടെ രക്തസാക്ഷ്യത്തിലൂടെ എന്നെ മഹത്വപ്പെടുത്തിയ അല്ലാഹുവിന് സര്‍വ്വസ്തുതിയും’. തന്റെ സന്താനങ്ങളുടെ സഹായം ഏറ്റവും അനിവാര്യമായ ഘട്ടത്തിലായിരുന്നു മഹതിയുടെ ഈ പ്രതികരണം എന്നത് ശ്രദ്ദേയമാണ്.
ജാഹിലിയ്യത്തില്‍ സ്ത്രീയെ ജീവനോടെ കുഴിച്ചുമൂടാനും അധാര്‍മികമായ പ്രവര്‍ത്തനങ്ങളിലൂടെ അവളെ മാനഹാനി വരുത്താനും അവര്‍ മത്സരിച്ചിരുന്നു. കേവലം ഉപഭോഗവസ്തുവായി മാത്രമാണ് അവളെ കണ്ടിരുന്നത്. ഖുര്‍ആന്‍ പ്രതിപാദിക്കുന്നു: ‘അവരിലൊരാള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്തോഷവാര്‍ത്ത ലഭിച്ചാല്‍ ദുഃഖത്താല്‍ അവന്റെ മുഖം കറുത്തിരുളും. തനിക്കു ലഭിച്ച സന്തോഷവാര്‍ത്തയുണ്ടാക്കുന്ന അപമാനത്താല്‍ അവന് ആളുകളില്‍ നിന്ന് ഒളിഞ്ഞുമറയുന്നു. അയാളുടെ പ്രശ്നം, അപമാനം സഹിച്ച് അതിനെ നിലനിര്‍ത്തണമോ അതല്ല മണ്ണില്‍ കുഴിച്ചുമൂടണമോ എന്നതാണ്. അറിയുക: അവരുടെ തീരുമാനം വളരെ നീചം തന്നെ!’ (അന്നഹ്ല്: 58-59) പ്രവാചക പാഠശാലയില്‍ നിന്ന് വളര്‍ന്ന് സഹാബി വനിതകളുടെ മകുടോദാഹരണങ്ങള്‍ വിവരിക്കുകയാണെങ്കില്‍ അവ ആയിരത്തില്‍ പരമുണ്ടാകും. ഇസ്ലാമിന്റെ ആഗമനത്തോടെ അവരുടെ കഴിവുകളും സാധ്യതകളും വിനിയോഗിക്കാന്‍ അവര്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുകയുണ്ടായി.
? സ്ത്രീ സ്വാതന്ത്ര്യം എന്ന സങ്കല്പത്തെ ഇസ്ലാമിനോട് ചേര്‍ത്തു വായിക്കാതെ പശ്ചാത്യരുമായി ബന്ധിപ്പിക്കുന്നവരുണ്ട്, എന്താണ് താങ്കളുടെ പ്രതികരണം?
- ഇത്തരം വായനകള്‍ ചരിത്രത്തിന്റെ തമസ്കരണമാണ്. ലോകത്ത് സത്രീ ഇന്നനുഭവിക്കുന്ന സര്‍വ്വ സ്വാതന്ത്ര്യവും ഇസ്ലാമിനോട് കടപ്പെട്ടിരിക്കുന്നു. ഇരുണ്ട യുഗത്തില്‍ നിന്ന് യൂറോപ്പിനെ കരകയറ്റിയത് കൊര്‍ദോവ, സഖ്ലിയ്യ യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രസരിച്ച ഉന്നതമായ ഇസ്ലാമിക തത്വങ്ങളാണ്. യൂറോപ്യന്‍ സ്ത്രീകള്‍ മുസ്ലിങ്ങള്‍ക്ക് ലഭ്യമായ സ്വാതന്ത്ര്യം ഞങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ എന്നു അതിയായി ആഗ്രഹിച്ചിരുന്ന കാലമായിരുന്നു അത്.
? സ്ത്രീ സ്വാതന്ത്ര്യത്തിന് ഇസ്ലാം നല്കിയ പ്രാധാന്യം അല്പം കൂടി വിവരിക്കാമോ? ഇസ്ലാമിന് മുമ്പ് ദൈവിക മതങ്ങളിലും മനുഷ്യ നിര്‍മിത വ്യവസ്ഥയിലും അവര്‍ക്ക് നല്കിയ സ്ഥാനം എന്തായിരുന്നു?
- ബ്രിട്ടീഷ് വിജ്ഞാനകോശത്തിന്റെ വിവരണം ഇവിടെ ഉദ്ധരിക്കാം. ഏതന്‍സില്‍ സ്ത്രീയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. യജമാനന് വേണ്ടി സന്താനങ്ങളെ ഉല്പാദിപ്പിക്കുന്ന അടിമയായിരുന്നു അവള്. അവരെ വീട്ടിനുള്ളില്‍ തളച്ചിടുകയായിരുന്നു. വിദ്യാഭ്യാസമോ മറ്റു അവകാശങ്ങളോ അവള്‍ക്ക് വകവെച്ചു കൊടുത്തിരുന്നില്ല. വീട്ടുപകരണങ്ങളോടൊപ്പമായിരുന്നു അവളുടെ പദവി. പുരാതന റോമില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും വ്യത്യസ്തമായ നിയമങ്ങളായിരുന്നു. ചെറുപ്പത്തില്‍ പിതാവിന്റെയും സഹോദരന്റെയും ആധിപത്യത്തിലും പിന്നീട് ഭര്‍ത്താവിന്റെ കീഴിലും അവര്‍ കഴിയേണ്ടിവന്നു. സ്ത്രീകളെ വിഢികളായിട്ടാണ് അവര്‍ പരിഗണിച്ചത്. സ്ത്രീകളുടെ പദവി ഉയര്‍ത്തുന്നതിനുതകുന്ന നടപടികളൊന്നും തന്നെ ക്രൈസ്തവരും സ്വീകരിച്ചിരുന്നില്ല. മതപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കപ്പെടുന്നിടത്ത് വരെ അവര്‍ തരം താഴ്ത്തപ്പെട്ടിരുന്നു. ഒരു തരം നീചമായ സമീപനമാണ് സ്ത്രീകളോട് അവര്‍ സ്വീകരിച്ചിരുന്നത്. കൊരിന്ത്യര്ക്കയച്ച തന്റെ ഒന്നാം ലേഖനത്തില്‍ വിശുദ്ധ പൗലോസ് പറയുന്നു. പുരുഷന് ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതല്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു.
സ്വര്‍ഗത്തില്‍ നിന്ന് ആദമിനെ പുറത്താക്കിയതിന്റെ ഉത്തരവാദിത്വം സ്ത്രീയുടെതാണെന്ന തെറ്റായ ധാരണയാണ് ക്രൈസ്തവര്‍ പ്രചരിപ്പിക്കുന്നത്. ക്രൈസ്തവ മതം ആദിപാപത്തിന്റെ ഉത്തരവാദിത്വം സ്ത്രീയിലേല്പിച്ചതു മൂലം രണ്ടാം തരം സൃഷ്ടിയായിട്ടും വഴിതെറ്റിക്കുന്നവളുമായിട്ടാണ് സ്ത്രീയെ കാണുന്നത്.’
ജൂത ശരീഅത്തില്‍ വേലക്കാരിയുടെ സ്ഥാനമാണ് സ്ത്രീകള്‍ക്ക് നല്‍കുന്നത്. ചില വിഭാഗങ്ങള്‍ സ്ത്രീകളെ (അവള് ഉമ്മയാകട്ടെ, ഭാര്യമാരാകട്ടെ) അനന്തരാവകാശത്തില്‍ നിന്ന് തടയുക വരെ ചെയ്യുന്നു. മരണപ്പെട്ട വ്യക്തിക്ക് പുരുഷന്മാരായ അവകാശികളുണ്ടെങ്കില്‍ അവര്‍ക്കാണ് അതിനവകാശം. ഇസ്രായേല്യരുടെ വ്യക്തി നിയമങ്ങള്‍ പ്രതിപാദിക്കുന്നിടത്ത് വിവരിക്കുന്നത് കാണുക. ‘ഭര്‍ത്താവ് മരണപ്പെട്ടാല്‍ അനന്തരരായിട്ട് ആണുങ്ങളില്ലെങ്കില്‍ ഭര്‍ത്താവിന്റെ സഹോദരന്റെയോ ഉടപ്പിറപ്പിന്റെയോ ഭാര്യയായോ അവള് കഴിയണം. അല്ലാതെ മറ്റൊരു മാര്‍ഗം അവള്‍ക്കില്ല.’
ചൈനീസ് നിയമ വ്യവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഒരു വിലയുമില്ല. അവള്‍ക്കവകാശപ്പെട്ടത് താഴ്ന്ന ജോലികളാണ്. ഹൈന്ദവ നിയമത്തില്‍ അവളുടെ ജീവിതത്തിന്റെ ഒരു ഘട്ടത്തിലും അവളുടെ താല്പര്യത്തിനും ഇഛക്കുമനുസരിച്ച് പ്രവര്‍ത്തിക്കാന്‍ അവകാശമില്ല. അവളുടെ ചെറുപ്രായത്തില്‍ പിതാവിന്റെയും യുവത്വത്തില്‍ ഭര്‍ത്താവിന്റെയും ഭര്‍ത്താവ് മരണപ്പെട്ടാല്‍ മക്കളുടെയും കീഴിലായിരിക്കും അവള്. സതി നിയമ പ്രകാരം ഭര്‍ത്താവിന്റെ ചിതയില്‍ ഭാര്യ ചാടി ജീവനൊടുക്കേണ്ടിയിരുന്നു. അതിന് വിസമ്മതിച്ചാല്‍ സമൂഹം അവളെ നിന്ദ്യയാക്കി തരം താഴ്ത്തിയിരുന്നു. അപ്പോള്‍ ജീവിതത്തേക്കാള്‍ മരണം വരിക്കുന്നതായിരുന്നു അവള്‍ക്കുത്തമം.
? ഇവിടെ ഉദ്ധരിച്ചതെല്ലാം പുരാതന കാലത്ത് സ്ത്രീകളെ അവമതിച്ചതിന് ഉദാഹരണങ്ങളാണ്. ഇസ്ലാമിക ലോകത്ത് പടിഞ്ഞാറിനെ ഖിബ്ലയാക്കുന്ന നിരവധി പേരുണ്ടല്ലോ. എങ്ങനെയായിരുന്നു സ്ത്രീകളോടുള്ള അവരുടെ സമീപനം.
- നീതിപൂര്‍വ്വകമായി സമീപിക്കുന്നവര്‍ പാശ്ചാത്യരില്‍ വളരെ വിരളമാണ്. ഇംഗ്ലീഷ് തത്വചിന്തകനായ ഹെര്‍ബര്‍ട്ട് സ്പെന്‍സര്‍ തന്റെ ‘സോഷ്യോളജി’ എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ‘പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ പുരുഷന്മാര് തങ്ങളുടെ ഭാര്യമാരെ വില്പന നടത്തിയിരുന്നു. ചര്‍ച്ച് കോടതി നിയമമനുസരിച്ച് ഭര്‍ത്താവിന് ഭാര്യമാരെ നിശ്ചിത കാലയളവിലേക്ക് മറ്റൊരു പുരുഷന് പ്രതിഫലം പറ്റിയോ അല്ലാതെയോ വിനിമയം ചെയ്യാനുള്ള അവകാശം നല്കുന്നു.’ ഈയടുത്ത കാലം വരെ യൂറോപ്പില്‍ സ്ത്രീകള്‍ക്ക് കോടതിയില്‍ സാക്ഷിനില്ക്കാനോ ഭര്‍ത്താവിന്റെ അസാന്നിദ്ധ്യത്തില്‍ രേഖാപരമായ ഉടമ്പടിയിലേര്പ്പെടാനോ അവസരമുണ്ടായിരുന്നില്ല. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ ഇസ്ലാമൊഴികെയുള്ള മറ്റൊരു വ്യവസ്ഥയും സ്ത്രീകള്‍ക്ക് യാതൊരവകാശവും നല്‍കിയിരുന്നില്ല എന്നത് വളരെ ആശ്ചര്യകരമാണ്. എന്നാല്‍ വ്യാവസായിക വിപ്ലവത്തോടെ യൂറോപ്പില്‍ രൂപം കൊണ്ട പ്രത്യേക പരിതസ്ഥിതിയില്‍ സ്ത്രീകള്‍ തൊഴിലെടുക്കാനായി ഫാക്ടറികളിലേക്കും കമ്പനികളിലേക്കും മറ്റു തൊഴിലിടങ്ങളിലേക്കും പുറപ്പെടാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു. അവകാശമുന്നയിച്ചു കൊണ്ട് നിരവധി ആവശ്യങ്ങളുമായി പുരുഷന്മാരുടെ മേല്‍ കടുത്ത സമ്മര്‍ദ്ദം തീര്‍ക്കുകയായിരുന്നു ഇതിന്റെ പരിണിത ഫലം.
? ഇസ്ലാമില്‍ സ്ത്രീകള്‍ക്ക് വിവാഹവുമായി നല്കപ്പെട്ട സ്വാതന്ത്ര്യം പശ്ചാത്യന്‍ സ്ത്രീകള്‍ അനുഭവിക്കുന്നതിനേക്കാള്‍ മികച്ചതാണ്. തെളിവ് നല്‍കാമോ?
- വൈവാഹികരംഗത്ത് മുസ്ലിം സ്ത്രീകള്‍ക്ക് ലഭിച്ച അവകാശങ്ങള്‍ ദൈവികമായ ആദരണീയതയാണ്. പതിനാല് നൂറ്റാണ്ടുകളായി അവര്‍ ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ബ്രിട്ടനില്‍ സ്ത്രീകള്‍ വിവാഹത്തിന് സത്രീധനം ഭര്‍ത്താവിന് നല്‍കേണ്ടി വരുമ്പോള്‍ ഇസ്ലാമില്‍ ഭര്‍ത്താവ് ഭാര്യക്ക് മഹര്‍ നല്‍കുകയാണ് വേണ്ടത്. യൂറോപ്പില്‍ സ്ത്രീകള്‍ നിന്ദ്യതയനുഭവിക്കുകയും അനന്തരാവകാശവും ആവിഷ്കാര സ്വാതന്ത്ര്യവും തടയപ്പെടുകയും ചെയ്യപ്പെട്ട സന്ദര്‍ഭത്തില്‍ മുസ്ലിം സ്ത്രീക്ക് ഉടമാവകാശവും അനന്തരാവകാശവുമുണ്ടായിരുന്നു. യുദ്ധങ്ങളില്‍ പങ്കുവഹിച്ചിരുന്നു. കവയത്രിമാരും നിരൂപകരും ഹദീസ് നിവേദകരുമെല്ലാം അവരിലുണ്ടായിരുന്നു. ഇസ്ലാമിന്റെ ആദ്യഘട്ടത്തില്‍ തന്നെ സ്ത്രീകള്‍ അനുഭവിച്ച സ്വാതന്ത്ര്യത്താലാണ് ഇതെല്ലാം ലഭ്യമായത്.
? നമ്മുടെ സമൂഹത്തില്‍ പെട്ട ധാരാളം സ്ത്രീകളുടെ അവസ്ഥ ഇന്ന് ഇസ്ലാമിന്റെ മുഖത്ത് കരിവാരിത്തേക്കുന്ന തരത്തിലാണ്. എന്താണ് ഇതിന് കാരണം?
- മുസ്ലിം സ്ത്രീയുടെ അവസ്ഥ വളരെ പരിതാപകരമാണ് എന്നത് വ്യാപകമായ തെറ്റിദ്ധാരണയാണ്. പക്ഷെ, യാഥാര്‍ത്ഥ്യത്തില്‍ അവരുടെ അവകാശങ്ങളോട് നിഷേധാത്മകമായ സമീപനം സ്വീകരിക്കുന്നവരുണ്ട്. നമ്മുടെ ആദര്‍ശത്തില്‍ വീഴ്ചവരുത്തുകയും ഇസ്ലാമിക ശരീഅത്തില്‍ നിന്ന് നാം അന്യം നില്‍ക്കുകയും പഴയ ജാഹിലിയ്യ ആചാരങ്ങളുടെ തടവറയിലായിരിക്കുകയും ചെയ്തപ്പോഴാണ് ഈ നിഷേധാത്മക സമീപനം ഉടലെടുത്തത്. കോളനിവല്‍ക്കരണത്തിന്റെ ഭാഗമായുള്ള യുദ്ധങ്ങള്‍ മുസ്ലിം സമൂഹത്തെ സാമ്പത്തികവും രാഷ്ട്രീയവുമായി തകര്‍ക്കുകയും ചിന്താപരവും സാമൂഹികവുമായ ചിദ്രതക്ക് വഴിയൊരുക്കുകയും ചെയ്തു. അതിനിടയില്‍ പശ്ചാത്യന്‍ നാഗരികതയുടെ ഉയര്‍ച്ചയും ആധുനിക നാഗരികതയുടെയും പിഴച്ച ധാരണകളുടെയും വളര്‍ച്ചയുമുണ്ടായി. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ആദരണീയതയുടെയുമെല്ലാം കുത്തക അവര്‍ ഏറ്റെടുക്കുകയും ഇസ്ലാമിന്റെ പേരില്‍ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിക്കുകയുമാണവര് ചെയ്യുന്നത്.
? പശ്ചാത്യരെല്ലാം ഒരേ ചിന്താഗതിക്കാരാണെന്നത് തെറ്റായ വിധിപ്രസ്താവമാണ്. സത്യത്തിലും യാഥാര്‍ത്ഥ്യത്തിലും വിശ്വസിക്കുന്നവരും ഇസ്ലാമിനോട് നീതിപുലര്ത്തുന്നവരുമായ ആളുകള്‍ അവര്‍ക്കിടയിലുണ്ട്. അത് ശരിയാണോ.
- ഇത്തരം വ്യാജാരോപണങ്ങളിലൂടെ ഇസ്ലാമിസ്റ്റുകളെ തുടച്ചുനീക്കാനുദ്ദേശിക്കുന്നവര് അവിടെയുണ്ടെങ്കിലും സത്യത്തോടു കൂറുപുലര്‍ത്തുന്ന ആളുകളും അവിടെയുണ്ട്. പക്ഷപാതിത്വങ്ങളില്‍ നിന്നും വ്യാജാരോപണങ്ങളില്‍ നിന്നും അകന്ന് നില്ക്കുന്ന നീതിമാന്മാരായ പശ്ചാത്യന്‍ എഴുത്തുകാരെ രംഗത്തിറക്കി ദീനിനെ സംരക്ഷിക്കാന്‍ കഴിവുള്ളവനാണ് അല്ലാഹു. ലോറാ ഫഷ്യാഫ ഗോറി തന്റെ ഇസ്ലാമിക പ്രതിരോധം എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നു.”സാമൂഹിക വീക്ഷണമനുസരിച്ച് സത്രീയുടെ പദവി യൂറോപ്പില്‍ ഉയര്‍ന്നതാണെങ്കിലും നിയമപരമായി അവളുടെ അവസ്ഥ ഇസ്ലാമിക ലോകത്ത് മുസ്ലിം സ്ത്രീകള്‍ക്കുള്ളതിനേക്കാള്‍ താഴ്ന്ന സ്വാതന്ത്ര്യമാണ് കുറച്ച് വര്‍ഷങ്ങളായി അവള്‍ക്ക് ലഭിക്കുന്നത്.
ഖുര്‍ആനെക്കുറിച്ചുള്ള പ്രബന്ധത്തില്‍ വോള്‍ട്ടയര്‍ പറയുന്നു. ‘ഞങ്ങള്‍ ഖുര്‍ആനിലേക്ക് യുക്തിഹീനമായ ധാരാളം സംഗതികള്‍ ചേര്‍ത്തിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ അവ ഇല്ലാത്ത കാര്യങ്ങളാണ്. പ്രശസ്തരായ ഞങ്ങളുടെ എഴുത്തുകാര്‍ സ്ത്രീകളെ പിടിച്ച് നിര്‍ത്താന്‍ മുഹമ്മദ് നിങ്ങളെ ബുദ്ധിയുള്ള മൃഗങ്ങളായിട്ടാണ് പരിഗണിക്കുന്നതെന്ന് പ്രചരിപ്പിച്ചിരുന്നു. ഐഹിക ജീവിതത്തിലും പാരത്രിക ജീവിതത്തിലും ഒന്നും ഉടമപ്പെടാത്ത അടിമകളായിട്ടാണ് ശരീഅത്ത് കാണുന്നതെന്നും അവര്‍ പ്രചരിപ്പിച്ചിരുന്നു. പ്രഥമ ദൃഷ്ട്യാ തന്നെ ഇത് നിരര്‍ത്ഥകമാണെങ്കിലും ജനങ്ങള്‍ അത് വിശ്വസിച്ചിരുന്നു.’
? അറബ് വസന്തത്തിന്റെ പശ്ചാത്തലത്തില്‍ സത്രീകളുടെ ഭാവിയെ എപ്രകാരം നോക്കിക്കാണുന്നു.
- ഈ വിപ്ലവത്തില്‍ സ്ത്രീകള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. തെരുവിലും യുദ്ധരംഗത്തുമെല്ലാം അവര്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അവരില്‍ നിന്ന് രക്തസാക്ഷികള്‍ വരെ ഉണ്ടായിട്ടുണ്ട്. വര്‍ഷങ്ങളായി നാടു കട്ടുമുടിച്ചുകൊണ്ടിരുന്ന, പ്രജകളെ അടിമകളാക്കി വെച്ചിരുന്ന ധിക്കാരികളായ ഭരണാധികാരികളെ നേരിടാന്‍ വേണ്ടി തങ്ങളുടെ മക്കളെയും സഹോദരങ്ങളെയും പ്രേരിപ്പിച്ചുകൊണ്ട് നേരിട്ടല്ലാതെയും അവര്‍ അതില്‍ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ദീര്‍ഘമായ കാലയളവില്‍ രാഷ്ട്രങ്ങളില്‍ കുഴപ്പങ്ങളും രക്തം ചിന്തലും പതിവാക്കിയ സ്ഥലങ്ങളില്‍ വിപ്ലവത്തിന്റെ വീണ്ടെടുപ്പിന് ശേഷം സമീപ ഭാവിയില്‍ തന്നെ ഇതിന്റെ ഫലം അനുഭവിക്കാന്‍ നമുക്ക് സാധിക്കും.
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU