Current Date

Search
Close this search box.
Search
Close this search box.

‘2021 അവസാനത്തോടെ എല്ലാവര്‍ക്കും വാക്‌സിന്‍ എന്നത് അസാധ്യം’

ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസര്‍ ആര്‍ രാംകുമാറുമായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിന്റെ സംക്ഷിപ്ത വിവരണം.

2021 അവസാനത്തോടെ രാജ്യത്തെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് തീര്‍ത്തും അസാധ്യമാണെന്നാണ് ഈ വര്‍ഷാവസാനത്തോടെ പ്രായപൂര്‍ത്തിയായവര്‍ക്കെല്ലാം വാക്സിന്‍ നല്‍കാനാകുമോ എന്ന ചോദ്യത്തിന് അദ്ദേഹം നല്‍കിയ മറുപടി. ആവശ്യമായ ഡോസുകളുടെ ലഭ്യത ഉണ്ടോ എന്നതാണ് ആദ്യത്തെ ചോദ്യം, രണ്ടാമതായി, ആവശ്യമായ വാക്സിനേഷന്‍ വാങ്ങാനുള്ള പണം ഉണ്ടോ എന്നത്. രണ്ടും പ്രസക്തമാണ്.

ജൂലായ് 31നകം രാജ്യത്ത് 51.6 കോടി ഡോസ് വാക്സിന്‍ ലഭ്യമാക്കുമെന്ന് സുപ്രീം കോടതിക്ക് നല്‍കിയ സത്യവാങ്മൂലത്തില്‍ നിശ്ചയിച്ച ലക്ഷ്യം നിറവേറ്റുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

ഡോ. വി. കെ. പോള്‍ അടുത്തിടെ നടത്തിയ ഒരു വാര്‍ത്തസമ്മേളനത്തില്‍ ലക്ഷ്യം കൈവരിച്ചതായി അവകാശപ്പെട്ടെങ്കിലും, ജൂലൈ 31ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ 48.7 കോടി വാക്സിന്‍ മാത്രമാണ് ഇതിനകം നല്‍കിയതെന്ന് സ്ഥിരീകരിക്കുന്നുണ്ട്. ഇത് സര്‍ക്കാരിന് ഗുരുതരമായ തിരിച്ചടിയാണുണ്ടാക്കുക. സര്‍ക്കാരിന്റെ നയപരമായ പ്രസ്താവനകള്‍, സുപ്രീം കോടതിയിലേക്കുള്ള വിവിധ സത്യവാങ്മൂലങ്ങള്‍, പത്രസമ്മേളനങ്ങള്‍ അല്ലെങ്കില്‍ മന്ത്രാലയ പത്രക്കുറിപ്പുകളില്‍ പറയുന്ന കാര്യങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍, ഇവരുടെ സത്യസന്ധത പൂജ്യമാണെന്ന് കാണാം.

മെയ് മാസത്തില്‍ 8.5 കോടി ഡോസുകള്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടെങ്കിലും 6 കോടി മാത്രമാണ് നല്‍കിയത്. 2.5 കോടി ഇവിടെ തന്നെ വ്യത്യാസമുണ്ട്. ജൂലൈയില്‍, 17 കോടി ഡോസുകള്‍ ഉണ്ടാകുമെന്ന് അവകാശപ്പെട്ടെങ്കിലും 13 കോടി മാത്രമാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. ഇവിടെയും 4 കോടിയുടെ വ്യത്യാസം.

സര്‍ക്കാര്‍ അവകാശപ്പെടുന്നതും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതും തമ്മിലുള്ള നിരന്തരമായ പൊരുത്തക്കേട് കാരണം, ഇന്ത്യയിലെ വാക്സിനുകളുടെ യഥാര്‍ത്ഥ ഉത്പാദനം കണക്കാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. സര്‍ക്കാര്‍ കൃത്യമായ കണക്ക് ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

ഇന്ത്യ പ്രതിമാസം 11-12 കോടി ഡോസുകള്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നതായി രാംകുമാര്‍ പറഞ്ഞു, ഇത് ഒരു ദിവസം ഏകദേശം 42 ലക്ഷം ഡോസുകളായി വരും. ഈ വര്‍ഷാവസാനത്തോടെ 135 കോടി ഡോസുകള്‍ ലഭിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഇത് ഇതിനകം തന്നെ കുറച്ചുള്ള കണക്കാണ്, കാരണം തുടക്കത്തില്‍ 216 കോടി ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.

എന്നാല്‍ 135 കോടിയുടെ കണക്ക് പോലും നമുക്ക് പൂര്‍ത്തിയാക്കാനാകില്ല. ഡിസംബര്‍ അവസാനത്തോടെ ഉത്പാദനം 100 കോടിയോ അല്ലെങ്കില്‍ കുറവോ ആകാനാണ് സാധ്യതയെന്നും രാംകുമാര്‍ പറഞ്ഞു.

ഭാരത് ബയോടെക്കിനെക്കുറിച്ച് പ്രത്യേകം സംസാരിച്ച അദ്ദേഹം, കോവാക്സിന്‍ സംബന്ധിച്ച് അവര്‍ നല്‍കിയ പ്രതിബദ്ധതകള്‍ യാഥാര്‍ത്ഥ്യമല്ലെന്നും അത് ഏറ്റവും വലിയ നിരാശയാണെന്നും പറഞ്ഞു. ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ വരെ 40 കോടി കോവാക്സിന്‍ ഡോസുകളാണ് സര്‍ക്കാര്‍ വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് രാം കുമാര്‍ പറയുന്നത്.
ഭാരത് ബയോടെക് ഇതുവരെ അവകാശപ്പെടുന്നതും നല്‍കിയതും തമ്മില്‍ വലിയ പൊരുത്തക്കേട് ഉണ്ട്. രണ്ടാമതായി, സര്‍ക്കാരുമായി അവര്‍ ഒപ്പിട്ട കരാറുകളും അത്പ്രകാരം അവര്‍ നല്‍കിയതും തമ്മിലും വലിയ അന്തരം ഉണ്ട്.

മറ്റൊരു പ്രധാനപ്രശ്നം, ഗുണനിലവാരമില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ കോവാക്സിന്റെ പ്രാരംഭ ബാച്ചുകള്‍ നിരസിക്കപ്പെട്ടതിനാല്‍ ബാംഗ്ലൂര്‍ പ്ലാന്റിലെ കോവാക്സിന്‍ ഉത്പാദനത്തിന് ഗുരുതരമായ തിരിച്ചടി നേരിട്ടിരുന്നു. ഇന്ത്യന്‍ ഇമ്മ്യൂണോളജിക്കലിന്റെ ഉത്പാദനം 2-3 മാസത്തിനുള്ളില്‍ ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ഹാഫ്കൈനിലും ഭാരത് ഇമ്മ്യൂണോളജിക്കിലുമുള്ള ഉത്പാദനത്തിന് കൂടുതല്‍ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 40 കോടി ഡോസ് കോവാക്സിന്‍ നല്‍കുന്നത് ഭാരത് ബയോടെക്കിന് അസാധ്യമാണ്.
സര്‍ക്കാരിന്റെ 135 കോടി ഡോസ് എന്ന അവകാശവാദം പോലും യാഥാര്‍ത്ഥ്യമാകാതിരിക്കാനുള്ള ഒരു കാരണം ഇതാണ്.

ഒറ്റത്തവണ പരിപാടി എന്ന നിലയില്‍ ഇന്ത്യക്ക് ദിവസേനയുള്ള വാക്സിനേഷന്‍ ഒരു ദിവസം 8 അല്ലെങ്കില്‍ 9 ദശലക്ഷം ഡോസുകളായി ഉയര്‍ത്താന്‍ കഴിഞ്ഞേക്കും, എന്നാല്‍ ഞായറാഴ്ചകള്‍ ഉള്‍പ്പെടെ അടുത്ത 150 ദിവസത്തേക്ക് അത് നിലനിര്‍ത്താന്‍ കഴിയില്ല. നിലവില്‍ ഇന്ത്യയില്‍ ഒരു ദിവസം ശരാശരി 4 അല്ലെങ്കില്‍ 4.5 ദശലക്ഷം വാക്സിന്‍ ആണ് വിതരണം ചെയ്യുന്നത്.

ജനുവരി വരെ ഇന്ത്യ ഏതെങ്കിലും ആഭ്യന്തര നിര്‍മ്മാതാക്കള്‍ക്ക് സ്ഥിരീകരിച്ച ഓര്‍ഡറുകള്‍ നല്‍കുകയും പണമടയ്ക്കുകയും ചെയ്തിട്ടില്ല, അതിനാല്‍ അവര്‍ക്ക് ഒരു പ്രോത്സാഹനം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

മറ്റ് മിക്ക രാജ്യങ്ങളും വളരെ മുമ്പുതന്നെ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കിയപ്പോള്‍ ഇന്ത്യ മെയ് 1 മുതലാണ് ആരംഭിച്ചത്.
45 വയസ്സിനു മുകളിലുള്ളവര്‍ക്ക് തന്നെ ആവശ്യമായ പ്രതിരോധ കുത്തിവയ്പ്പുകള്‍ ആ സമയത്ത് ഇന്ത്യയില്‍ ഇല്ലായിരുന്നു എന്നതായിരുന്നു ഇതിന് കാരണം. ഇപ്പോള്‍, 600 മില്യണ്‍ അധികമായി ഉള്‍പ്പെടുത്തിക്കൊണ്ട് പ്രതിസന്ധിയായ വാക്‌സിന്റെ ക്ഷാമത്തെ നേരിടുകയാണ് ഇന്ത്യ.

അവലംബം: thewire.in
വിവ: സഹീര്‍ വാഴക്കാട്

Related Articles