Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു-മുസ്‌ലിം കൂട്ടായ്മകളാണ് ആവശ്യം

രാജ്യത്തെ വര്‍ഗീയ ലഹളകളുടെ കേന്ദ്രങ്ങളാണ് കര്‍ണ്ണാടയിലെ തീരപ്രദേശങ്ങള്‍. ഹൈന്ദവ ഭൂരിപക്ഷ പ്രദേശങ്ങളായ ഇവിടങ്ങളില്‍ വര്‍ഷങ്ങളായി മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും സത്രീകള്‍ക്കുമെതിരെ അക്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ബി.ജെ.പിക്ക് സമ്പൂര്‍ണ്ണ പരാജയം നേരിട്ട ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം പോലും, പള്ളികള്‍ക്ക് നേരെ കല്ലെറിഞ്ഞതും മദ്രസകള്‍ക്കു നേരെ മദ്യക്കുപ്പി വലിച്ചെറിഞ്ഞതുമായ  സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

150 ല്‍ പരം സംഘങ്ങള്‍ അണിനിരക്കുന്ന കര്‍ണ്ണാടക കോമു സൗഹാര്‍ദ വേദിക (കെ.കെ.എസ്.വി) എന്ന സംഘടന ഒരു ദശകത്തോളമായി  സംസ്ഥാനത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയതക്കെതിരെ പോരാടിക്കൊണ്ടിരിക്കുന്നു.  ശൈഖ് സക്കീര്‍ ഹുസൈനുമായി നടത്തിയ അഭിമുഖത്തില്‍, പ്രദേശത്തെ വര്‍ഗീയ സംഘട്ടനത്തെക്കുറിച്ചും മുസ്‌ലിം സമുദായത്തിന്റെ അവസ്ഥയെക്കുറിച്ചും മറ്റും, സംഘടനയുടെ ജില്ലാ പ്രസിഡന്റ് ഇസ്മത്ത്  പജീര്‍ വിവരിക്കുന്നു.

? മംഗലാപുരവും മറ്റു ജില്ലകളുമാണ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള വര്‍ഗീയ ലഹളകളുടെ കാര്യത്തില്‍ മുന്നില്‍. ഇത്തരം പ്രദേശങ്ങളിലെ മുസ് ലിംകളുടെ അവസ്ഥ എന്താണ്?

– ഇവിടെ മുസ് ലിംകള്‍ പ്രശ്‌നത്തിലാണ്. ഹിന്ദുത്വ കേന്ദ്രങ്ങളായ ഈ ഇടങ്ങളില്‍ മുസ്‌ലിംകള്‍ ഒട്ടനവധി പ്രയാസങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നു. ഗോവധമാണ് ഒന്നാമത്തെ വിഷയം . മിക്കവാറും ദരിദ്രരായ മുസ്‌ലിം കുടുംബങ്ങള്‍ക്ക് ആശ്രയിക്കാവുന്ന, താരതമ്യേന വിലകുറഞ്ഞ മാംസം ഗോമാംസമാണ്. ഇതല്ലാത്ത മാംസം അവര്‍ക്കു മുമ്പിലില്ലാത്തതിനാലാണ് അവര്‍ അതിനെ ആശ്രയിക്കുന്നത്. അല്ലാതെ ഒരുമതവിഭാഗത്തിന്റെയും വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടല്ല. പെരുന്നാളിന് പോലും പശുവിനെ അറുക്കാന്‍ സാധിക്കാറില്ല. ചില കച്ചവടക്കാര്‍, മുസ്‌ലിംകളായ ഇറച്ചിവെട്ടുകാര്‍ക്ക് പശുവിനെ വിറ്റ ശേഷം അവര്‍ തന്നെ  ഹിന്ദുത്വ സംഘടനകളെ രഹസ്യമായി ഈ വിവരമറിയിക്കുകയും, വാങ്ങിച്ച ആളെ കൂട്ടം ചേര്‍ന്നു കൈകാര്യം ചെയ്യുകയും ചെയ്യാറുണ്ട്.

ഹൈന്ദവ സംഘടനകളുടെ സദാചാര പോലീസ് ചമയലാണ് മറ്റൊരു പ്രശ്‌നം. ഒരേ സ്ഥാപനത്തില്‍ പഠിക്കുന്നവരോ സഹപാഠികളോ ആയ ഹിന്ദു പെണ്‍കുട്ടികളോട് ഒന്നു സംസാരിക്കാന്‍ പോലും മുസ്‌ലിം ആണ്‍കുട്ടികള്‍ക്ക് സാധിക്കുന്നില്ല. ഒരിക്കല്‍ ഞാനെന്റെ അധ്യാപികയുമൊത്ത് ഇരിക്കുന്ന സന്ദര്‍ഭത്തില്‍ ഒരു സംഘം ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ വന്നു ചുറ്റും കൂടി. അതൊരു ഹിന്ദു സ്ത്രീയാണെന്നാണവര്‍ കരുതിയിരിന്നത്. തന്റെ കൈയിലെ കുരിശ് കാണിച്ചപ്പോള്‍ അത് ക്രസ്ത്യന്‍ സ്ത്രീയാണെന്ന് ഉറപ്പു വരുത്തിയാണവര്‍ പിരിഞ്ഞു പോയത് . മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ബുര്‍ഖ ധരിച്ച് കോളേജിനകത്ത് പ്രവേശിക്കാന്‍ അനുവാദമില്ല. ചിലയിടങ്ങളില്‍ അതൊരു അലിഖിത നിയമമാണ്. ഏകദേശം 30 വര്‍ഷങ്ങള്‍ക്കു മുമ്പ്, ‘നിങ്ങളുടെ പെണ്‍മക്കളെന്താ സ്‌കൂളില്‍ പോവാത്തത് ‘എന്ന ചോദിച്ചിരുന്ന ഹിന്ദുക്കള്‍ ഇന്നു ചോദിക്കുന്നത് ‘നിങ്ങളുടെ പെണ്‍മക്കളെന്താ ബുര്‍ഖ ധരിച്ച് സ്‌കൂളില്‍ പോവുന്നത് ‘ എന്നാണ്. മുഖമക്കന ഊരാന്‍ വിസമ്മതിച്ചതിന് ആയിഷ അസ്മിന്‍ എന്ന മുസ് ലിം വിദ്യാര്‍ത്ഥിനിയോട് കോളേജില്‍ നിന്ന് പുറത്തു പോവാന്‍ ആവശ്യപ്പെട്ട സംഭവവുമുണ്ടായി.

? ഇപ്പോഴും അലയൊലികള്‍ അവസാനിക്കാത്ത ‘ലൗ ജിഹാദ് ‘ വിവാദവുമായി ബന്ധപ്പെട്ട് താങ്കള്‍ എന്തു പറയുന്നു?

-മുസ്‌ലിം സമൂഹത്തിന്റെ പ്രതിഛായയെ താറടിച്ചു കാണിക്കാന്‍ തല്‍പരകക്ഷികള്‍ മെനഞ്ഞെടുത്ത, പമ്പരവിഢിത്തം നിറഞ്ഞ ഒരു കുപ്രചരണം മാത്രമാണത്. അങ്ങിനെയുള്ള ഒരൊറ്റ സംഭവം തെളിയിച്ചാല്‍ ഞാനവരുടെ ചെരിപ്പ് തലയിലേറ്റി നടക്കാന്‍ തയാറാണ്.

? മുസ്‌ലിംകളെ പ്രാദേശിക മാധ്യമങ്ങള്‍ എങ്ങിനെയാണ് അവതരിപ്പിക്കുന്നത്?

-കാവി വല്‍ക്കരിക്കപ്പെട്ടവയാണ് ഇവിടുത്തെ മുഴുവന്‍ മാധ്യമങ്ങളും. ഒപ്പം സമുദായ വിരുദ്ധവും.

? പോലീസുകാരോ?

-ബി. ജെ. പിയുടെ റിമോട്ട് കണ്ട്രോള്‍ നിയന്ത്രണത്തിലാണ് ഇവിടുത്തെ പോലീസുകാര്‍. കാക്കി ട്രൗസറണിഞ്ഞ ആര്‍. എസ്. എസ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനങ്ങളെ ശ്ലാഘിച്ചു കൊണ്ടുള്ള ഒരു സചിത്ര കൊളാഷ്,  ദക്ഷിണ കന്നട ജില്ലാ പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കഴിഞ്ഞ വര്‍ഷം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരുപാട് സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിയ ശേഷമാണ് അത് നീക്കം ചെയ്തത്. വളരെ പരുഷവും സഭ്യേതരവുമായ രീതിയിലാണ് അവര്‍ മുസ്‌ലിംകളെ കൈകാര്യം ചെയ്തിരുന്നത്. എന്തെങ്കിലും ആവശ്യത്തിന് – അത് പാസ്‌പോട്ട് എന്‍ക്വയറിക്കാണെങ്കില്‍ കൂടി – പോലീസ് സ്‌റ്റേഷനിലേക്കു പോയാല്‍ മോശമായ രീതിയിലാണ് അവരെ അഭിസംബോധന ചെയ്യുക. ഒരിക്കല്‍ രാത്രി എന്റെ ബൈക്ക് തടഞ്ഞു നിര്‍ത്തി ഹെല്‌മെറ്റ് ഊരാന്‍ ആവശ്യപ്പെട്ടു. എന്റെ പേര് കേട്ടതും പൂരത്തെറിയായിരുന്നു പിന്നീട്. അങ്ങിനെയൊക്കെയാണ് ഇവിടുത്തെ കാര്യങ്ങള്‍.

? നിങ്ങളുടെ ഈ സംഘടനാ പ്രവര്‍ത്തനങ്ങളുടെ ഫലമായി എപ്പോഴെങ്കിലും ഭീഷണിയുണ്ടായിട്ടുണ്ടോ?

-മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്താണ് ഞാന്‍ പ്രവര്‍ത്തിക്കുന്നതും താമസിക്കുന്നതും. അതിനാല്‍ ഭീഷണികളുണ്ടായിട്ടില്ല?

? സാധാരണ ഹിന്ദുക്കള്‍ക്ക് മുസ്‌ലിം സമുദായത്തോടുള്ള കാഴ്ചപ്പാടെന്താണ്.

-ഭൂരിഭാഗം സാധാരണ ഹിന്ദുക്കളും, തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആശയത്തോട് യോജിക്കാത്തവരാണ്. പരസ്പര സഹകരണത്തോടെ ജീവിക്കുന്ന മുസ്‌ലിംകളും ഹിന്ദുക്കളുമായ അയല്‍ക്കാരെ എനിക്കറിയാം. 2006 ലെ വര്‍ഗീയ ലഹളക്കിടെ പോലും, പള്ളിക്ക് വേണ്ടി കുഴല്‍കിണര്‍ കുഴിക്കാനും മദ്രസകളിലേക്ക് പാല്‍ വിതരണം നടത്താനും അവരുണ്ടായിരുന്നു. പക്ഷെ ഇത്തരം സഹകരണങ്ങള്‍ ഇന്നു വളരെ കുറവാണ്. മുസ്‌ലിം അയല്‍ക്കാരുമായുള്ള നല്ല ബന്ധത്തിന്റെ പേരില്‍ ചില ഹിന്ദുകുടുംബങ്ങള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളാണതിനു കാരണം.

?  പ്രാദേശിക മുസ്‌ലിം നേതൃത്വത്തിന്റെ അവസ്ഥയെന്താണ്.

-സമുദായം അനൈക്യത്തില്‍ തുടരുമ്പോഴും മുസ്‌ലിം നേതൃത്വം ഇതുവരെയും ഉണര്‍ന്നിട്ടില്ല. അഭിഭാഷകനായ നൗഷാദ് കാസിം കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ മാത്രമാണ് മുസ്‌ലിംകള്‍ ഒത്തൊരുമിച്ച് പ്രവൃത്തിച്ചത്. റാഷിദ് മലബാരിയുടെ കേസ് ഏറ്റെടുത്തതിന്റെ ദേഷ്യത്തില്‍ പോലീസ് തന്നെയാണ് കാസിമിനെ കൊലപ്പെടുത്തിയത് എന്ന തിരിച്ചറിവാണ് ഒന്നിച്ചുള്ള പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചത്. ‘മദ്രസകള്‍ ഭീകരതയുടെ കേന്ദ്രങ്ങളാ’യി മുദ്രകുത്തപ്പെട്ട സന്ദര്‍ഭത്തിലും ഒറ്റക്കെട്ടായ പ്രതിഷേധം അരങ്ങേറിയിരുന്നു.

? ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മുസ് ലിംകള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കും?

-ഹിന്ദു സമൂഹത്തിലെയും ദലിതരിലെയും അഭ്യുദയകാംക്ഷികളായവരോടൊപ്പം ഐക്യത്തോടെ മുന്നോട്ടു പോകാന്‍ മുസ്‌ലിം സമൂഹത്തിന് സാധിക്കണം. ഒറ്റപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം ഗുണം ചെയ്യുന്നത് ഇത്തരം കൂട്ടായമകളാണ്.

വിവ : ഇസ്മാഈല്‍ അഫാഫ്‌

Related Articles