Current Date

Search
Close this search box.
Search
Close this search box.

സോവിയറ്റ് യൂണിയനെ പോലെ റഷ്യയും തകരും

mulhim-darubi.jpg

2011 മാര്‍ച്ചില്‍ ആരംഭിച്ച സിറിയന്‍ വിപ്ലവം ആറാം വര്‍ഷത്തിലേക്ക് കടന്നിരിക്കുന്നു. സിറിയന്‍ ഭൂപടത്തെ ഒന്നടങ്കം അത് മാറ്റിയിരിക്കുകയാണ്. ‘പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്’ വേണ്ടി ബശ്ശാറുല്‍ അസദും ഇറാനും റഷ്യയും ചേര്‍ന്ന് സിറിയന്‍ ജനതയെ കശാപ്പു ചെയ്യുന്നത് തുടരുന്നു. ഈയൊരു പശ്ചാത്തലത്തില്‍ സിറിയന്‍ ബ്രദര്‍ഹുഡ് നേതാവ് മുല്‍ഹിം ദറൂബിയുമായി അല്‍മുജ്തമഅ് വാരികക്ക് വേണ്ടി മഹ്മൂദ് ഖാഈദ് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

വായനക്കാര്‍ക്ക് വേണ്ടി നിങ്ങള്‍ സ്വയം ഒന്നു പരിചയപ്പെടുത്തുമോ?
സിറിയന്‍ വിപ്ലവത്തിന്റെ തലസ്ഥാനമായ ഹിംസ് നഗരത്തില്‍ 1964ലാണ് ഞാന്‍ ജനിക്കുന്നത്. അങ്കാറയിലെ മിഡിലീസ്റ്റ് യൂണിവേഴ്‌സിറ്റിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് ഡിപാര്‍ട്ട്‌മെന്റില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന് കാനഡയിലെ മക്ഗില്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. കനേഡിയന്‍ എയര്‍ലൈന്‍സിലും സൗദി എയര്‍ലൈന്‍സിലും സേവനം ചെയ്തിട്ടുണ്ട്. സിറിയയിലെ മുസ്‌ലിം ബ്രദര്‍ഹുഡിന്റെ നേതാക്കളില്‍ ഒരാളും അതിന്റെ ആസൂത്രണ സമിതി അധ്യക്ഷനുമാണ് ഞാന്‍.

അല്ലാഹു സിറിയയെ സേവിക്കാന്‍ എനിക്ക് നല്‍കിയ അവസരത്തില്‍ അഭിമാനമുണ്ട്. 2011 ഏപ്രില്‍ 26-ന് ദേശീയ സമ്മേളനത്തിന് ആഹ്വാനം ചെയ്യാനുള്ള നിര്‍ദേശം ആദ്യമായി മുന്നോട്ടു വെച്ചത് ഞാനായിരുന്നു. ബ്രദര്‍ഹുഡിനെ പ്രതിനിധീകരിച്ച് നിരവധി സമ്മേളനങ്ങളിലും സെമിനാറുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ 2011 ഒക്ടോബര്‍ 2-ന് സിറിയന്‍ ദേശീയ സമിതിയുടെ രൂപീകരണത്തിലും കാര്യമായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ട്. 2012ല്‍ രൂപീകരിക്കപ്പെട്ട റുശ്ദ് വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റിക്കു വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങള്‍ക്ക് നിലക്കാത്ത പ്രതിഫലം കിട്ടുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസത്തിന് അവസരമില്ലാത്ത സിറിയക്കാരും അല്ലാത്തവരുമായ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ക്കാണത് വിജ്ഞാനം പകര്‍ന്നു നല്‍കുന്നത്.

ബ്രദര്‍ഹുഡ് ആസൂത്രണ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്? റുശ്ദ് യൂണിവേഴ്‌സിറ്റിയും ബ്രദര്‍ഹുഡും തമ്മിലുള്ള ബന്ധം എന്താണ്?
ആസൂത്രണ സമിതിക്ക് നാല് വിഭാഗങ്ങളാണുള്ളത്. ഒന്ന് ഓഫീസുകള്‍, കേന്ദ്രങ്ങള്‍, വാര്‍ഷിക പരിപാടി തുടങ്ങിയ പൊതുവായ ആസൂത്രണമാണ് ഒന്നാമത്തെ വിഭാഗം. പഠന ഗവേഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രണ്ടാമത്തെ വിഭാഗം. വിവരങ്ങള്‍ ശേഖരിച്ച് അത് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കാനുള്ള സംവിധാനമാണ് മറ്റൊരു വിഭാഗം. ഓഫീസുകളുടെയും സെന്ററുകളുടെയും പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിന് അവയെ സഹായിക്കുന്നതാണ് നാലാമത്തെ വിഭാഗം. റുശ്ദ് വെര്‍ച്വല്‍ യൂണിവേഴ്‌സിറ്റി ലാഭേച്ഛയില്ലാത്ത ഒരു സ്വതന്ത്ര പദ്ധതിയാണ്. യാതൊരുവിധ വിവേചനവുമില്ലാതെ എല്ലാവര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ബ്രദര്‍ഹുഡിന്റെ ആശീര്‍വാദത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും ഒരു ബ്രദര്‍ഹുഡ് സംരംഭമല്ല അത്.

സിറിയന്‍ വിപ്ലവത്തില്‍ ബ്രദര്‍ഹുഡ് വഹിച്ച പങ്ക് എന്തായിരുന്നു?
2011 ജനുവരി 12ന് ഞങ്ങള്‍ ബ്രദര്‍ഹുഡ് നേതാക്കള്‍ തുനീഷ്യന്‍ വിപ്ലവത്തെയും അതിന്റെ ഞെട്ടിക്കുന്ന ഫലങ്ങളെയും കുറിച്ച് വിശകലനം നടത്തി. അപ്രകാരം ഈജിപ്ഷ്യന്‍ വിപ്ലത്തിന്റെ പുരോഗതിയെ കുറിച്ചും പഠിച്ചിരുന്നു. സിറിയില്‍ ഒരു വിപ്ലവം തുടങ്ങുന്നതിന്റെ ശ്രദ്ധേയമായ സൂചനകളൊന്നും അന്നുണ്ടായിരുന്നില്ല. സിറിയയില്‍ ചെയ്യേണ്ട പ്രവര്‍ത്തനത്തിന്റെ ആദ്യ ചിത്രം സമര്‍പ്പിക്കാന്‍ ഞാന്‍ ചുമതലപ്പെടുത്തപ്പെട്ടു. 2011 ജനുവരി 13ന് ‘ബശ്ശാര്‍ രാജിവെക്കുക’ എന്ന തലക്കെട്ടോടു കൂടിയ മൂന്ന് പേജുള്ള പ്രമേയം ഞാന്‍ സമര്‍പിച്ചു. സിറിയയുടെ ഭൂമിശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ ഞാനതിന്റെ ആമുഖത്തില്‍ വിശദീകരിച്ചിരുന്നു. സിറിയന്‍ വിപ്ലത്തിന് തുടക്കമായാല്‍ അനിവാര്യമായും ചെയ്യേണ്ട ഒമ്പത് കാര്യങ്ങള്‍ അതില്‍ അക്കമിട്ട് പറഞ്ഞിരുന്നു.

വിപ്ലവത്തിലെ ബ്രദര്‍ഹുഡിന്റെ പങ്കിനെ വിവിധ ഘട്ടങ്ങളായി തിരിക്കാവുന്നതാണ്. ബശ്ശാറുല്‍ അസദിന്റെ ദുര്‍ഭരണത്തിനെതിരെ രംഗത്ത് വരാന്‍ ആളുകള്‍ക്ക് പ്രചോദനം നല്‍കുകയായിരുന്നു ഒന്നാമത്തെ ഘട്ടത്തില്‍. ഒരുമിച്ചൂ കൂട്ടലിന്റെ ഘട്ടത്തില്‍ സിറിയന്‍ വിപ്ലവത്തെ പിന്തുണക്കാന്‍ എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പഠിക്കുന്നതിനായി ദേശീയ സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുകയാണ് ചെയ്തത്. ചിതറിക്കിടന്നിരുന്ന ശക്തികളെ ഒരുമിച്ചു കൂട്ടുന്നതില്‍ പ്രസ്ഥാനം സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. വളരെയേറെ സങ്കീര്‍ണതകള്‍ക്കിടയില്‍ സിറിയന്‍ ദേശീയ സമിതി രൂപീകരിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചത് ബ്രദര്‍ഹുഡായിരുന്നു. 2011 ഒക്ടോബര്‍ 2ന് രൂപീകരിക്കപ്പെട്ട പ്രസ്തുത വേദിക്ക് സിറിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. എന്നാല്‍ പല കാരണങ്ങളാലും ദേശീയ സമിതി വേണ്ടത്ര വിജയിച്ചില്ല. തുടര്‍ന്ന് ചിലര്‍ ദേശീയ സഖ്യം രൂപീകരിക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവെച്ചു. ഇസ്‌ലാമിസ്റ്റുകളെ, വിശിഷ്യാ ബ്രദര്‍ഹുഡിനെ അരികുവല്‍കരിക്കുക എന്നതാണ് അതിന്റെ ഉദ്ദേശ്യമെന്ന് മനസ്സിലാക്കിയിട്ടും ആ നിര്‍ദേശം ഞങ്ങള്‍ സ്വീകരിച്ചു. ദേശീയ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കി ഫാറൂഖ് തൈഫൂര്‍, അഹ്മദ് സയ്യിദ് യൂസുഫ്, അലി ബയാനൂനി പോലുള്ള നേതാക്കള്‍ അതിന്റെ ഭാഗമായി മാറി.

ബശ്ശാറും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന ഇറാനും സിറിയയും ചര്‍ച്ചകളെ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ബോധ്യമുണ്ടായിട്ടും ഈയടുത്ത് റിയാദില്‍ നടന്ന സമ്മേളനത്തില്‍ ഞങ്ങള്‍ പങ്കെടുത്തിരുന്നു. ഈ ഘട്ടങ്ങളിലെല്ലാ വിവിധ പ്രതിപക്ഷ ഗ്രൂപ്പുകളെ ഒരുമിച്ചു കൂട്ടുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ പ്രസ്ഥാനം നടത്തിയിട്ടുണ്ട്. രാജിവെപ്പിക്കലിന്റെ ഘട്ടമാണ് മൂന്നാമത്തേത്. വളരെ സങ്കീര്‍ണവും വേദനകളുണ്ടാക്കിയതും ഏറ്റവ്യത്യാസങ്ങളോടെ ഇപ്പോഴും തുടരുന്നതുമായ ഒരു ഘട്ടമാണത്. സിറിയന്‍ നഗരങ്ങളില്‍ നടന്ന സമാധാന പൂര്‍ണമായ പ്രകടനങ്ങളില്‍ ബ്രദര്‍ഹുഡും പങ്കെടുത്തിരുന്നു. ദര്‍ആയിലും ഹിംസിലും ഹമാതിലും ദമസ്‌കസിലും മറ്റ് നഗരങ്ങളിലും ലക്ഷങ്ങള്‍ തെരുവിലിറങ്ങിയപ്പോള്‍ സൈനികമായിട്ടാണ് ബശ്ശാര്‍ അതിനെ നേരിട്ടത്. ബശ്ശാര്‍ അടിച്ചമര്‍ത്തല്‍ ആരംഭിച്ചപ്പോള്‍ അതുവരെ സമാധാനപരമായി പ്രകടനം നടത്തിയിരുന്ന ചിലര്‍ പ്രതിരോധിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ബ്രദര്‍ഹുഡ് അക്രമത്തിന്റെ വഴിസ്വീകരിക്കരുതെന്ന നിലപാടില്‍ തന്നെ ഉറച്ചു നിന്നു. 2012ന്റെ രണ്ടാം പാദത്തില്‍ ഹിംസിലെ ബാബാ അംറ് തകര്‍ക്കുന്നത് വരെ ഈ നിലപാട് തുടര്‍ന്നു. തുടര്‍ന്ന് സ്വയം പ്രതിരോധിക്കുന്നതിനെ കുറിച്ച് കൂടിയാലോചനാ സമിതി യോഗം ചര്‍ച്ച ചെയ്ത് സ്വയം പ്രതിരോധിക്കാനും മര്‍ദിതര്‍ക്ക് വേണ്ടി പ്രതിരോധിക്കാനും തീരുമാനിച്ചു. പിന്നീട് വിവിധ ബറ്റാലിയനുകളെ രണ്ട് ഉപാധികളോടെ പിന്തുണക്കാന്‍ പ്രസ്ഥാനം ആരംഭിച്ചു. ഇസ്‌ലാമിക മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുക, സായുധ ഏറ്റുമുട്ടലിലെ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുക എന്നിവയായിരുന്നു അവ. വിവിധ സായുധ സംഘങ്ങളെ ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും ബ്രദര്‍ഹുഡ് അവിടെ നിര്‍വഹിച്ചിട്ടുണ്ട്.

സിറിയയിലെ റഷ്യന്‍ ഇടപെടലിനെ എങ്ങനെയാണ് കാണുന്നത്?
കുറ്റവാളിയായ ഹാഫിദ് അസദിന്റെ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ എണ്‍പതുകള്‍ മുതല്‍ റഷ്യ സിറിയയില്‍ ഇടപെടുന്നുണ്ട്. ഒന്നാം വിപ്ലവത്തെ അടിച്ചമര്‍ത്തിയതില്‍ അവര്‍ക്കും പങ്കുണ്ട്. മാത്രമല്ല, ഹാഫിദ് അസദിന്റെ സഹോദരന്‍ രിഫ്അത്ത് അസദിന് അധികാരം ലഭിക്കാതിരിക്കാന്‍ അദ്ദേഹം നടത്തിയ ഗൂഢാലോചനയിലും റഷ്യക്ക് പങ്കുണ്ട്. ഈ വിപ്ലവത്തിന്റെ തുടക്കത്തില്‍ പല തവണ ഞങ്ങള്‍ മോസ്‌കോ സന്ദര്‍ശിച്ചിരുന്നു. ഞങ്ങളുടെ ജനതയുടെ വിപ്ലവത്തിന്റെ ന്യായം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അത്. വിപ്ലവത്തോടൊപ്പം നില്‍ക്കുകയോ നിഷ്പക്ഷത പാലിക്കുകയോ ചെയ്താല്‍ വിപ്ലവത്തിന് ശേഷമുള്ള സ്വതന്ത്ര സിറിയ മോസ്‌കോയുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുമെന്ന ഉറപ്പും അവര്‍ക്ക് നല്‍കിയിരുന്നു.

ബശ്ശാറിനൊപ്പമല്ല, സിറിയന്‍ ജനതക്കൊപ്പമാണ് നിലകൊള്ളുക എന്നു ഞങ്ങള്‍ക്ക് വാക്കു തന്നെ റഷ്യ വഞ്ചിക്കുകയായിരുന്നു. ‘ഞങ്ങള്‍ക്ക് സിറിയയില്‍ ഒറ്റ സുഹൃത്തേ ഉള്ളൂ, അത് സിറിയന്‍ ജനതയാണ്’ എന്നാണ് 2011ല്‍ സിറിയന്‍ പ്രതിപക്ഷ പ്രതിനിധി സംഘം മോസ്‌കോ സന്ദര്‍ശിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവ് മിഖായേല്‍ മാര്‍ഗലോവ് പറഞ്ഞത്. സിറിയന്‍ ജനതയെ കൊല്ലാനായി ബശ്ശാറിന് ആയുധം നല്‍കില്ലെന്നും ഞങ്ങള്‍ക്ക് അദ്ദേഹം ഉറപ്പു നല്‍കി. അന്ന് മാര്‍ഗലോവ് കള്ളം പറയുകയായിരുന്നു എന്ന് വ്യക്തം. പിന്നീട് വളരെ നിന്ദ്യമായ നിലപാടാണ് സിറിയന്‍ പ്രശ്‌നത്തോട് റഷ്യ സ്വീകരിച്ചത്.

വിപ്ലവം ആറാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ബശ്ശാര്‍ അധികാരത്തില്‍ തുടരുന്നതിന് പിന്നിലെ രഹസ്യം എന്താണ്?
ഒന്നാമത്തെ വെടിയൊച്ച മുഴങ്ങിയപ്പോള്‍, ആദ്യ തുള്ളി സിറിയന്‍ രക്തം മണ്ണില്‍ ഇറ്റിയപ്പോള്‍, ആദ്യ നിരപരാധി കൊല്ലപ്പെട്ടപ്പോള്‍ മുതല്‍ അസദ് അധികാര ഭ്രഷ്ടനായിട്ടുണ്ട്. ബശ്ശാര്‍ ഒരൊറ്റ ദിവസം പോലും രാജ്യത്തിന്റെ നിയമസാധുതയുള്ള പ്രസിഡന്റായിട്ടില്ല എന്നതാണ് വസ്തുത. വഞ്ചനയിലൂടെയും ഭീകരതയിലൂടെയും അധികാരം പിടിച്ചെടുക്കുകയായിരുന്നു അദ്ദേഹം. വിപ്ലവം ആരംഭിച്ചതിന് ശേഷം ഇത്രയും കാലം കവര്‍ന്നെടുത്ത അധികാരം തന്റെ കൈകളില്‍ തന്നെ നിലനിര്‍ത്താന്‍ അയാള്‍ക്ക് കഴിഞ്ഞു. ഇസ്രയേലിന്റെയും ഇറാന്റെയും റഷ്യയുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി രാഷ്ട്രത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച്ചക്കും ഒത്തുതീര്‍പ്പിനും തയ്യാറായാണ് ബശ്ശാര്‍ അത് നിലനിര്‍ത്തുന്നത്. ഇക്കാര്യത്തില്‍ പിതാവിനെ കടത്തിവെട്ടുന്ന നീക്കങ്ങളാണ് ബശ്ശാര്‍ നടത്തിയിട്ടുള്ളത്. രാജ്യത്ത് നിലനില്‍ക്കുന്ന വിഭാഗീയതയെയും അദ്ദേഹം മുതലെടുത്തു. ഭീകരത ഉല്‍പാദിപ്പിക്കുന്നതിലും അത് കയറ്റുമതി ചെയ്യുന്നതിലും പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും അതുപയോഗിക്കുന്നതിലും അദ്ദേഹം വിജയിച്ചു. ഭീകരതക്കെതിരെ ഇറങ്ങിത്തിരിച്ച ശക്തികളുടെ മുന്‍ഗണനാ ക്രമങ്ങള്‍ അത് തെറ്റിച്ചു. അദ്ദേഹത്തെ അധികാര ഭ്രഷ്ടനാക്കുക എന്ന അജണ്ടയില്‍ നിന്നത് അവരെ തെറ്റിച്ചു. അദ്ദേഹം ഇപ്പോഴും തുടരുന്നതിന് പിന്നില്‍ പ്രതിപക്ഷത്തിന്റെയും ഞങ്ങളുടെ തന്നെയും വീഴ്ച്ചകള്‍ കാരണമായിട്ടുണ്ടെന്നത് പരാമര്‍ശിക്കാതിരിക്കാനാവില്ല. തൃപ്തികരമായ ഒരു ബദല്‍ സമര്‍പ്പിക്കുന്നതിന് സാധിച്ചില്ല എന്നതാണ് ആ വീഴ്ച്ച.

മൂന്നാം ജനീവ അനുരഞ്ജന ചര്‍ച്ചകളെ കുറിച്ചുള്ള പ്രതീക്ഷ എന്താണ്?
മുമ്പ് നടന്നവയില്‍ നിന്ന് ഒട്ടും വ്യത്യസ്തമായിരിക്കില്ല അതും. ബശ്ശാറിനെ പിന്തുണക്കുന്ന മോസ്‌കോയും തെഹ്‌റാനും സമ്മര്‍ദം ചെലുത്തിയാലല്ലാതെ അദ്ദേഹം വിട്ടുവീഴ്ച്ചക്ക് തയ്യാറാവുന്നത് ബുദ്ധിപരമായി അസംഭവ്യമാണ്. അത് അടുത്ത കാലത്തൊന്നും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കേണ്ടതുമില്ല. റഷ്യ അംഗീകരിച്ചിട്ടുള്ള ഐക്യരാഷ്ട്രസഭയുടെ 2254ാം പ്രമേയത്തിന്റെ ലംഘനമാണ് അവര്‍ നടത്തുന്നത്. അതു തന്നെയാണ് തെഹ്‌റാനും കൂട്ടാളികളും ചെയ്യുന്നതും. അമേരിക്കന്‍ ഭരണകൂടം കഴിഞ്ഞ മാസങ്ങളില്‍ മുടന്തുള്ള താറാവിനെ പോലെയാണ് പെരുമാറുന്നത്. ഗൗരവപ്പെട്ട ഒരു പ്രവര്‍ത്തനവും അവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. അത് തിരിച്ചറിഞ്ഞിട്ടുള്ള റഷ്യ ഈ അവസരം മുതലെടുത്ത് നിത്യേനയെന്നോണം സിറിയയില്‍ കൂട്ടകശാപ്പുകള്‍ ചെയ്യുന്നു. പ്രദേശത്തെ മറ്റു രാഷ്ട്രങ്ങള്‍ തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ധീരമായ കാല്‍വെപ്പുകള്‍ നടത്താന്‍ മടിച്ചു നില്‍ക്കുകയാണ്. എന്നാല്‍ അത് സിറിയക്കെന്ന പോലെ അവര്‍ക്കും ദോഷമാണുണ്ടാക്കുക.

സിറിയന്‍ ജനതക്ക് നല്‍കാനുള്ള സന്ദേശമെന്താണ്?
ഗുരുതരമായ പ്രതിസന്ധിയിലാണ് ഞങ്ങളെങ്കിലും, പ്രവാചകന്‍ മുഹമ്മദ്(സ) സുറാഖഃ ബിന്‍ മാലികിന് ‘കിസ്‌റായുടെ വളകളെ’ കുറിച്ച് സന്തോഷ വാര്‍ത്തയറിയിച്ചതു പോലെ സിറിയന്‍ ജനതക്ക് ഞാന്‍ സന്തോഷ വാര്‍ത്ത അറിയിക്കുകയാണ്. അല്‍പം കാത്തുനില്‍ക്കേണ്ടി വന്നാലും ശരി വിജയം നിങ്ങള്‍ക്കുള്ളതാണ്. സിറിയയും ലബനാനും യമനും ഇറാഖും ഇറാനും പേര്‍ഷ്യന്‍ കടിഞ്ഞാണില്‍ നിന്ന് മോചിതമാകും. സോവിയറ്റ് യൂണിയന്‍ തകര്‍ന്നതു പോലെ റഷ്യയും തകരും. അല്ലാഹുവിന്റെ സഹായമുണ്ടാകുമെന്ന സന്തോഷ വാര്‍ത്തയാണ് നിങ്ങളെ അറിയിക്കാനുള്ളത്. അതോടൊപ്പം നിങ്ങളോട് പറയാനുള്ളത് വിജയത്തിനുള്ള ഉപാധികള്‍ പൂര്‍ത്തീകരിക്കണമെന്നാണ്. ”ഞാനും എന്റെ ദൂതന്മാരും തീര്‍ച്ചയായും ജയിക്കുമെന്ന് അല്ലാഹു രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ട്. അല്ലാഹു അതിശക്തനും അജയ്യനുമല്ലോ.” (ഖുര്‍ആന്‍ 58: 21)

വിവ: നസീഫ്‌

Related Articles