Current Date

Search
Close this search box.
Search
Close this search box.

ശ്രോതാക്കളുടെ താല്‍പര്യങ്ങള്‍ തൊട്ടറിയാന്‍ കഴിയുമ്പോഴാണ് ഖുതുബ വിജയിക്കുന്നത്

പ്രബോധന മാര്‍ഗത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് ജുമുഅ ഖുതുബ. ഇസ്‌ലാമിക ചിഹ്നങ്ങളില്‍ വളരെ പ്രധാനമായ ഒരു ഘടകമെന്നതോടൊപ്പം ഖതീബ് പറയുന്നത് ശ്രവിക്കാനും പഠിക്കാനും ജനങ്ങള്‍ താല്‍പര്യത്തോടും ഭയഭക്തിയോടും കൂടി പള്ളിയില്‍ ഒത്തുചേരുന്ന മറ്റൊരു സന്ദര്‍ഭം നമുക്ക് കാണാന്‍ കഴിയുകയില്ല. അതിനാല്‍ തന്നെ അവരുടെ സംസ്‌കരണത്തിനും ഔന്നിത്യത്തിനുമുള്ള പ്രധാന മാര്‍ഗമെന്ന നിലക്ക് ഖുതുബയെ നാം പ്രയോജനപ്പെടുത്തണം.
അല്‍ ഖസീം സര്‍വകലാശാല പ്രൊഫസറും പ്രസിദ്ധനായ ഖതീബും ‘ശിആഉന്‍ മിനല്‍ മിഹ്‌റാബ്’ എന്ന കൃതിയുടെ കര്‍ത്താവുമായ ഡോ. സുലൈമാന്‍ ബിന്‍ ഹമദ് ഔദ ഖുതുബയുടെ പ്രാധാന്യത്തെ കുറിച്ചും മുസ്‌ലിം ലോകം പരിഗണിക്കേണ്ട യാഥാര്‍ഥ്യങ്ങളെ കുറിച്ചും അല്‍ മുസ്‌ലിം.നെറ്റിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്.

? എപ്രകാരമാണ് ഖുതുബക്ക് തയ്യാറാകേണ്ടത്. ഖുതുബ വ്യതിരിക്തമാകാനുള്ള കാരണങ്ങള്‍ എന്താണ്.
– ജനങ്ങളുടെ ബൗദ്ധിക നിലവാരത്തെ ആദരിക്കുകയും തന്റെ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ ഉദ്ദേശിക്കുന്നവരെ സംബന്ധിച്ചെടുത്തോളം ഖുതുബക്ക് വലിയ പ്രാധാന്യമുണ്ട്. ഖുതുബയുടെ ദിവസങ്ങള്‍ക്ക് മുമ്പ്തന്നെ ഞാന്‍ അതിന് തയ്യാറെടുക്കാറുണ്ട് എന്ന് പറയുമ്പോള്‍ ചിലര്‍ അത്ഭുതപ്പെടുന്നത് അതിനാലാണ്. വിഷയങ്ങള്‍ നേരത്തെ നിര്‍ണയിക്കും. വിഷയത്തിലുള്ള പ്രധാന ഗ്രന്ഥങ്ങള്‍ പരിശോധിക്കും. അപ്രകാരം ഖുതുബയുണ്ടാക്കും. പിന്നീട് മുഴുവനായി വായിച്ചുനോക്കിയിട്ട് ആവശ്യമുള്ളവ കൂട്ടിച്ചേര്‍ക്കുകയും പ്രധാനമല്ലാത്തവ ഒഴിവാക്കുകയും ചെയ്യും. അതിലെ പ്രതിപാദന ശൈലികളും വാക്കുകളും കൃത്യപ്പെടുത്തും. വ്യത്യസ്ത ബൗദ്ധിക നിലവാരത്തിലുള്ള ശ്രോതാക്കളെ മനസ്സില്‍ കാണുകയും അവര്‍ക്ക് എളുപ്പത്തില്‍ ഗ്രഹിക്കാന്‍ കഴിയുന്നവണ്ണം അവ അവ ലഘൂകരിക്കും. ഇപ്രകാരം അനുയോജ്യമായ വിഷയം തെരഞ്ഞെടുക്കുക, പഠനം നടത്തുക, ശ്രോതാക്കളെ മനസ്സിലാക്കിക്കൊണ്ട് ഭംഗിയായി അവതരിപ്പിക്കുമ്പോള്‍ സ്വാഭാവികമായും ഖുതുബ വ്യതിരിക്തമാകും.

? നിലവില്‍ പള്ളികള്‍ അവയുടെ സാമൂഹികവും വൈജ്ഞാനികവുമായ ധര്‍മങ്ങള്‍ നിര്‍വിഹിക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്.
– നിലവില്‍ മിക്ക പള്ളികളും തങ്ങളുടെ യഥാര്‍ഥ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ഇമാമുകളും ഖതീബുമാരും ഇതില്‍ വലിയ വീഴ്ച വരുത്തുന്നതു തന്നെയാണ് ഈ ദുരവസ്ഥ കൈവരാന്‍ പ്രഥമ കാരണം. വൈജ്ഞാനികമായ പാഠങ്ങള്‍, പ്രയോജനപ്രദമായ ക്ലാസുകള്‍, ലക്ഷ്യമുളള സംസാരങ്ങള്‍, പ്രദേശത്തുകാരുടെ വൈവിധ്യങ്ങളായ ആവശ്യങ്ങളെ തൊട്ടറിഞ്ഞുള്ള അവതരണങ്ങള്‍ തുടങ്ങിയ ധര്‍മങ്ങളെല്ലാം നിര്‍വഹിക്കുന്നതില്‍ മിക്ക ഇമാമുാരും ഖതീബുമാരും വീഴ്ച വരുത്തുന്നതു തന്നെയാണ് ഇതിന്റെ പ്രധാന കാരണം. പള്ളിയിലെ ജമാഅത്ത് നമസ്‌കാരങ്ങള്‍ നിരീക്ഷിക്കുക,പള്ളിയില്‍ എത്തല്‍ ജനങ്ങളുടെ ഒരാവശ്യമാക്കി മാറ്റുക, നമസ്‌കാരങ്ങളോടനുബന്ധമായി ക്ലാസുകള്‍ സംഘടിപ്പിക്കുക തുടങ്ങിയവയെല്ലാം സാമൂഹികമായി ഉണ്ടാകേണ്ട കാര്യങ്ങളാണ്. ഇതെല്ലാം  ഇമാം ഒറ്റക്ക് നിര്‍വഹിക്കേണ്ട ജോലിയല്ല, മറിച്ച് മഹല്ല് ഭാരവാഹികളും കമ്മറ്റിയുമെല്ലാം ചേര്‍ന്ന് നിര്‍വഹിക്കേണ്ടതാണ്.

? ഇന്ന് വൈവിധ്യമാര്‍ന്ന ഖുതുബകള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമാണ്. മിക്ക ഖതീബുമാരും ഇത്തരത്തിലുള്ള ഖുതുബകളെ ആശ്രയിക്കുന്നവരാണ്. എന്താണ് ഇതിനെ കുറിച്ച നിങ്ങളുടെ വിലയിരുത്തലുകള്‍?
– ഖതീബിനെ ഉദ്ദേശിച്ചുകൊണ്ട് തയ്യാറാക്കപ്പെട്ട ഖുതുബകള്‍ ഖതീബിന് ചിന്താപരവും വൈജ്ഞാനികവിമായ ഒരു വെളിച്ചം നല്‍കുമെന്നതില്‍ സംശയമില്ല. വിഷയം നിര്‍ണയിക്കുക, തെളിവുകളും ഉദാഹരണങ്ങളും മനസ്സിലാക്കുക എന്ന അര്‍ഥത്തില്‍ ഇവ പ്രയോജനപ്രദമാണ്. എന്നാല്‍ അവ അക്ഷരം പ്രതി അനുധാവനം ചെയ്യല്‍ ഖതീബിന് ഭൂഷണമല്ല. കാരണം ഓരോ പള്ളിയിലും വ്യത്യസ്തരായ അഭിസംബോധകരാണ് ഉണ്ടാകുക. ഇത്തരം വിഷയങ്ങള്‍ അവരുടെ ബൗദ്ധികവും സാമൂഹികവുമായ നിലവാരം ഉദ്ദേശിച്ച് തയ്യാറാക്കപ്പെട്ടതുമായിരിക്കില്ല. ചിലര്‍ക്ക് ഇത്തരം വിഷയങ്ങളുടെ ആവശ്യകത ഉണ്ടാകുകയില്ല. അതിനാല്‍ തന്നെ അത്തരം ഖുതുബകള്‍ ഫലപ്രദമാകാതെ പോകുന്നതു കാണാം. മറിച്ച് ഇത്തരം ഖുതുബകള്‍ ഒരു വെളിച്ചമായി സ്വീകരിക്കുന്നത് ഖുതുബ തയ്യാറാക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഏറെ സഹായകരമാകുകയും ചെയ്യും.

? വിഷയം തെരഞ്ഞെടുക്കുന്നതിലും ഖുതുബ തയ്യാറാക്കുന്നതിലും ഖതീബുമാര്‍ ശ്രദ്ധിക്കേണ്ട വശങ്ങള്‍ എന്തെല്ലാമാണ്.
– ഓരോ സ്ഥലത്തിന്റെയും അവസ്ഥ പരിഗണിച്ചുകൊണ്ട് അനുയോജ്യമായ വിഷയങ്ങള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. പിന്നീട് ഖുതുബക്ക് വേണ്ടി നന്നായി ഒരുങ്ങണം. വിഷയത്തിലുള്ള പരന്ന വായന നടത്തുകയും നല്ലവണ്ണം ക്രമീകരിക്കുകയും ചെയ്യുക. ഖതീബിന്റെ ഭാഷ ശ്രോതാക്കളെ സ്വാധീനിക്കുന്നതാകണം. ശബ്ദം താളാത്മകമായിരിക്കണം. ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുമായി ഖുതുബക്ക് ബന്ധമുണ്ടാകണം. ജനങ്ങള്‍ക്ക് തങ്ങളുടെ വീഴ്ചകള്‍ തിരുത്താനുള്ള നിര്‍ദ്ദേശങ്ങളും സംശയങ്ങള്‍ക്ക് മറുപടിയുമെല്ലാം ഓരോ വിഷയാവതരണത്തിലുമുണ്ടാകണം. അപ്പോള്‍ അവര്‍ക്കിടയില്‍ അതിന് നല്ല സ്വീകാര്യതയുണ്ടാകും.

? മുസ്‌ലിംകള്‍ പൊതുവായി അനുഭവിക്കുന്ന വിഷയങ്ങളോ, അതല്ല പ്രാദേശികമായി പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങള്‍ക്കോ മുന്‍ഗണന നല്‍കേണ്ടത്.
– സമര്‍ഥനായ ഒരു ഖതീബ് ഒരേസമയം വിശ്വാസികള്‍ ഒന്നടങ്കം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെയും പ്രാദേശികമായി ജനങ്ങള്‍ക്കാവശ്യമുളള വിഷയങ്ങളും ചേര്‍ത്ത് കൊണ്ടാണ് ഖുതുബ അവതരിപ്പിക്കുക. ഖുതുബയില്‍ സമഗ്രതയുണ്ടാകാന്‍ ശ്രദ്ദിക്കണം. ചിലപ്പോള്‍ വിശ്വാസപരമായ വിഷയങ്ങളായിരിക്കും അവതരിപ്പിക്കുക, അടുത്ത ഖുതുബ ഏതെങ്കിലും ഖുര്‍ആനിക സൂക്തത്തിന്റെ വിശകലനമായിരിക്കാം. അടുത്ത ഖുതുബ ഹദീസില്‍ പ്രതിപാദിച്ച സംഭവങ്ങളെ ആസ്പദമാക്കിയായിരിക്കാം. സാമൂഹികമായ വിഷയങ്ങള്‍, ചരിത്രപരമായ വിശകലനങ്ങള്‍, വിധികള്‍ തുടങ്ങിയവയെല്ലാം മാറി മാറി വരേണ്ടതുണ്ട്. അപ്രകാരം തന്നെ ഓരോ വിഷയാവതരണത്തിലും അതിനെ സംഭവ ലോകവുമായി വിലയിരുത്തുവാനും ശ്രദ്ധിക്കേണ്ടതുണ്ട്.

? സമൂഹത്തില്‍ വ്യാപകമായ തിന്മകളെ ഉദ്‌ബോധിപ്പിക്കുമ്പോള്‍ അതിനെ കുറിച്ച് പൊതുവായ ബോധവല്‍കരണമോ അതല്ല, ഉത്തരവാദപ്പെട്ടവരെ കേന്ദ്രീകരിച്ചുള്ള ഉപദേശമോ ആവശ്യം.
– തിന്മകളെ പ്രതിരോധിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില വശങ്ങളുണ്ട്.
1. ക്രിയാത്മകമായതും നന്മ ലഭിക്കുന്നതുമായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ശ്രദ്ധിക്കണം. തിന്മയായ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് പൊതുവെ അറിവുള്ളതാകും.
2. വ്യക്തികളെ കേന്ദ്രീകരിക്കാതെ എല്ലാവര്‍ക്കുമുള്ള ഉപദേശങ്ങള്‍ എന്ന രീതിയിലായിരിക്കണം അവതരിപ്പിക്കേണ്ടത്.
3. അനുഗ്രഹങ്ങളെ കുറിച്ച് ഉദ്ബുദ്ധരാക്കുകയും അതില്‍ നന്ദിപ്രകടിപ്പിക്കേണ്ടതിനെ കുറിച്ചും വിവരിക്കുക. അതോടൊപ്പം തിന്മയിലേര്‍പ്പെടുന്നതിനെ കുറിച്ച് മുന്നറി യിപ്പ് നല്‍കുകയും അനുഗ്രഹങ്ങള്‍ നഷ്ടപ്പെട്ടാലുള്ള അവസ്ഥയെ കുറിച്ചും മനസ്സിലാക്കിക്കൊടുക്കുക
4. തെറ്റുകള്‍ യുക്തിയോടെ തിരുത്താന്‍ ശ്രദ്ധിക്കുക, തൗബ ചെയ്തു മടങ്ങാന്‍ പ്രേരിപ്പക്കുക
 അതോടൊപ്പം വിശ്വാസ ദാര്‍ഢ്യം കൈവരിക്കാന്‍ പ്രേരിപ്പിക്കണം. കാപട്യത്തിന്റെ പുരാതനവും ആധുനികവുമായ മാര്‍ഗങ്ങളെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കണം. മു സ്‌ലിംകളുടെ ഐക്യത്തിന് പ്രാധാന്യം കൊടുക്കുക, മുസ്‌ലിം സമൂഹത്തെ കാര്‍ന്നു തിന്നുന്ന രോഗങ്ങളെ ചികിത്സിക്കാനും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാനുമുള്ള അ വസരമാക്കി ഖുതുബ മാറ്റണം. പൊതുജനങ്ങള്‍ക്ക് മടുപ്പുളവാക്കുന്ന രീതിയില്‍ ഖുതുബ ദീര്‍ഘിപ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം.

വിവ: അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles