Current Date

Search
Close this search box.
Search
Close this search box.

രാഷ്ട്രീയ ഇസ്‌ലാമിന്റെ ‘അനിവാര്യ പ്രതിസന്ധി’

tariq-ramadan.jpg

പ്രശസ്ത ഇസ്‌ലാമിക ചിന്തകനും, പണ്ഡിതനും, ഗ്രന്ഥകാരനും, പ്രഭാഷകനുമായ താരിഖ് റമദാന്‍ ഭീകരവാദം, രാഷ്ട്രീയ ഇസ്‌ലാം, മിഡിലീസ്റ്റിലെ സമകാലിക സംഭവവികാസങ്ങള്‍ എന്നിവയെ കുറിച്ച് സംസാരിക്കുന്നു. ‘മിഡിലീസ്റ്റ് ഐ’ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍:

ഭീകരവാദം കേവലമൊരു സാമൂഹിക വിഷയം മാത്രമാണോ, അതോ ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും വ്യാഖ്യാനത്തിന്റെയും പ്രശ്‌നങ്ങള്‍ അത് ഉയര്‍ത്തുന്നുണ്ടോ? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, ഒലീവര്‍ റോയിയും ഗില്ലെസ്സ് കെപ്പലും തമ്മില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംവാദം സൂചിപ്പിക്കുന്നത് പോലെ, ‘മൗലികവാദത്തിന്റെ ഇസ്‌ലാമികവല്‍ക്കരണം’ അഥവാ ‘ഇസ്‌ലാം കൂടുതല്‍ മൗലികവല്‍ക്കരിക്കപ്പെടുകയാണോ’?

ഇപ്പറയുന്നതെല്ലാം നൂറ് ശതമാനം ശരിയല്ലെന്നാണ് ഞാന്‍ കരുതുന്നത്. പ്രമാണങ്ങള്‍ എവ്വിധമാണ് വ്യാഖ്യാനിക്കപ്പെടുന്നത് എന്നതുമായി ബന്ധപ്പെട്ടുള്ള ഒരു യഥാര്‍ഥ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെന്ന് നാം തുറന്ന് സമ്മതിക്കേണ്ടതുണ്ട്. ഭീകരവാദികള്‍ മുസ്‌ലിംകളല്ലേ എന്ന് എന്നോട് ചോദിച്ചാല്‍, തീര്‍ച്ചയായും ആണെന്നാണ് എന്റെ ഉത്തരം. അവര്‍ മറ്റു മുസ്‌ലിംകളെ പുറന്തള്ളുന്നത് പോലെ അവരെ ഇസ്‌ലാമില്‍ നിന്നും പുറന്തള്ളാന്‍ കഴിയില്ല. ദുര്‍വ്യാഖ്യാനിക്കപ്പെട്ടാണ് വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉദ്ദരിക്കപ്പെടുന്നത്. ദുര്‍വ്യാഖ്യാനങ്ങളെ മറ്റു വ്യാഖ്യാനങ്ങള്‍ കൊണ്ട് നേരിടുക എന്നതാണ് ഏക പോംവഴി.

അതിനേക്കാളുപരി, സായുധ ജിഹാദ് ചെയ്യണമെന്ന് ആഗ്രഹിക്കുന്ന ഇളംപ്രായക്കാര്‍ മൂന്ന് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ആദ്യമായി, രാഷ്ട്രീയ വീക്ഷണകോണിലൂടെ നോക്കുമ്പോള്‍ എന്തൊക്കെ പ്രശ്‌നങ്ങളാണ് അതിലുള്ളതെന്ന് മനസ്സിലാക്കുന്നതില്‍ അവര്‍ പൂര്‍ണ്ണപരാജയമാണ്. കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഫലസ്തീന്‍ വിഷയത്തിനായിരിക്കെ, അവരില്‍ കൂടുതല്‍ പേര്‍ സിറിയയിലേക്കും, വളരെ കുറിച്ച് പേര്‍ മാത്രം ഫലസ്തീനിലേക്കും പോകുന്നത് എന്തുകൊണ്ടാണ്.

അതുകൊണ്ടു തന്നെ, ഇതൊരു മതപരമായ പ്രശ്‌നമല്ലെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. 2005-ലെ ലണ്ടന്‍ ബോംബ് ആക്രമണത്തിന് ശേഷം സ്ഥാപിക്കപ്പെട്ട യു.കെ ടാസ്‌ക് ഫോഴ്‌സിന്റെ കണക്ക് പ്രകാരം, ജിഹാദിനായി പോകുന്ന ആളുകളില്‍ 92 ശതമാനവും (ഇപ്പോഴത്തെ കണക്ക് പ്രകാരം 87 ശതമാനം) ആറ് മാസങ്ങള്‍ക്കുള്ളിലാണ് ‘റാഡിക്കലൈസ്’ അഥവാ ‘അത്യധികം അക്രമാസക്തരായി’ മാറുന്നത്. ആക്രമണങ്ങള്‍ നടത്താനുള്ള പദ്ധതി ആവിഷ്‌കരിക്കുന്ന സമയത്ത്, വളരെ ഞെരുങ്ങിയ ജീവിതമാണ് അവര്‍ നയിക്കുക. പക്ഷെ അവര്‍ക്കെല്ലാം സാമൂഹികമായ പ്രശ്‌നങ്ങളും പ്രയാസങ്ങളും ഉണ്ടെന്ന് പറയുന്നത് സത്യമല്ല. അവരില്‍ ചിലര്‍ക്ക് അപമാനം സഹിക്കേണ്ടി വന്നിരിക്കാം, മറ്റു ചിലര്‍ നിരാശക്ക് അടിപ്പെട്ടിരിക്കാം. ചില സമയങ്ങളില്‍, അതികഠിനമായ മനശാസ്ത്രപ്രശ്‌നങ്ങളായിരിക്കാം. അമേരിക്കയില്‍, കടബാധ്യത മൂലവും അല്ലെങ്കില്‍ ഭീഷണിക്ക് വഴങ്ങിയുമാണ് അവരില്‍ ചിലര്‍ ഇറങ്ങിപുറപ്പെട്ടത്.

മറക്ക് പിന്നില്‍ നില്‍ക്കുന്ന റിക്രൂട്ടര്‍മാരെ നാം ഒരിക്കലും മറന്നുപോവരുത്. ഇക്കൂട്ടര്‍ തന്ത്രശാലികളും, സാമ്പത്തികമായി വളരെയധികം മെച്ചപ്പെട്ട നിലയില്‍ ഉള്ളവരുമായിരിക്കും. രണ്ട് പെണ്‍കുട്ടികളുടെ സാക്ഷിമൊഴികള്‍ നാം കേള്‍ക്കുകയുണ്ടായി. ഭാവി ജിഹാദികളില്‍ കണ്ടെത്തുന്ന എന്തെങ്കിലും തരത്തിലുള്ള മാനസിക ദൗര്‍ബല്യങ്ങളെ ഈ റിക്രൂട്ടര്‍മാര്‍ എങ്ങനെയാണ് സമര്‍ത്ഥമായി ചൂഷണം ചെയ്യുന്നതെന്ന് ആ പെണ്‍കുട്ടികള്‍ നമ്മോട് വിശദീകരിക്കുകയുണ്ടായി. ഉദാഹരണമായി, ആ പെണ്‍കുട്ടികളില്‍ ഒരാളുടെ വളരെ അടുത്ത സുഹൃത്ത് സിറിയയില്‍ വെച്ച് കൊല്ലപ്പെട്ടിരുന്നു. പിന്നീട് സിറിയയിലേക്ക് പോകുന്ന കാര്യത്തെ കുറിച്ചും, കൊല്ലപ്പെട്ട സുഹൃത്തിന്റെ മാനംകാക്കുന്നതിനെ കുറിച്ചും അവളോട് പറയപ്പെട്ടു. ആ അടുത്ത സുഹൃത്തിന്റെ മരണമാണ് അവളുടെ മതവിശ്വാസത്തിന് അടിത്തറപാകിയത്.

‘ഇസ്‌ലാമിസം’ എന്ന പദം ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ. തുനീഷ്യന്‍ രാഷ്ട്രീയ പാര്‍ട്ടിയായ അന്നഹ്ദയുടെ കാര്യത്തില്‍ തൊട്ട്, തക്ഫീരി പ്രസ്ഥാനത്തെ വിശദീകരിക്കുന്നത് വരെ നീണ്ട് നില്‍ക്കുന്ന ഒരു വിശാല അര്‍ത്ഥം അതിനുണ്ടായിരിക്കെ?

തീര്‍ച്ചയായും, കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ നാമകരണം ചെയ്യപ്പെടണം. സാങ്കേതികപദങ്ങളുടെ കാര്യത്തില്‍ ഉടലെടുക്കുന്ന ആശയകുഴപ്പത്തില്‍ നിന്നാണ് രാഷ്ട്രീയ ആശയകുഴപ്പം ആരംഭിക്കുന്നത്. മുസ്‌ലിം ജനസാമാന്യത്തിന്റെ ചിലതരത്തിലുള്ള രാഷ്ട്രീയ സാമൂഹിക പദ്ധതികളെയാണ് ഇസ്‌ലാമിസം സൂചിപ്പിക്കുന്നത്. ഈ വര്‍ഗീകരണത്തില്‍, വ്യത്യസ്ത വിഭാഗങ്ങളെ കാണാന്‍ സാധിക്കും. നിയമവിധേയം, സാമ്പ്രദായികം, വിപ്ലവാത്മകം എന്നിങ്ങനെ. അവയില്‍ ചിലത് വിപ്ലവാത്മകമാണെങ്കിലും പക്ഷെ ഹിംസാത്മകമല്ല. എന്നാല്‍ മറ്റു ചിലത് അത്യധികം അക്രമാസക്തമായിരിക്കും. യാഥാസ്ഥികര്‍ എന്ന് നാം വിളിക്കുന്നവരും അക്കൂട്ടത്തില്‍ ഉണ്ട്. ഈജിപ്തിലെ ഹിസ്ബുന്നൂര്‍ പാര്‍ട്ടിയെ പോലെ, അവര്‍ ആദ്യം ജനാധിപത്യത്തിന് എതിരായിരുന്നു, ഇപ്പോള്‍ രാഷ്ട്രീയ കളികളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐ.എസ്) ഉത്ഭവം മുസ്‌ലിം ബ്രദര്‍ഹുഡില്‍ നിന്നാണെന്ന് പറയുന്നത് ഐ.എസിനെ ശക്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂ. ഐ.എസ്സും ഹമാസും ഒന്നാണെന്ന് വാദിക്കുന്നതിലൂടെ ഇതുതന്നെയാണ് ഇസ്രായേല്‍ സര്‍ക്കാറും സ്ഥാപിക്കുന്നത്. ഇതിലൂടെ, ഇസ്രായേലി അധിനിവേശത്തിനെതിരെയുള്ള ചരിത്രപരമായ ചെറുത്തുനില്‍പ്പ് നിയമവിരുദ്ധമാണെന്നും, ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പോരാട്ടം ഭീകരവാദവും, തീവ്രവാദവുമാണെന്നും വരുത്തിതീര്‍ക്കാന്‍ സാധിക്കും.

പ്രസ്തുത ആക്രമണസംഭവങ്ങള്‍ മുന്നോട്ട് വെക്കുന്ന എല്ലാ ചോദ്യങ്ങള്‍ക്കും എങ്ങനെയാണ് യൂറോപ്യന്‍ മുസ്‌ലിംകള്‍ മറുപടി പറയേണ്ടത്? പ്രതീക്ഷിക്കുന്നത് പോലെ മുസ്‌ലിംകള്‍ മാപ്പ് പറയണോ, അതോ ഇതില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് രാഷ്ട്രീയമായി കൂടുതല്‍ ഇടപെടുകയാണോ വേണ്ടത്?

ആ ഭീകരവാദികള്‍ മുസ്‌ലിംകളാണെങ്കില്‍, അവരുടെ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. പക്ഷെ അതിന്റെ പേരില്‍ മാപ്പ് പറയാന്‍ ഞാന്‍ ഒരുക്കമല്ല. ഒരു നിര്‍മാണാത്മകമായ ചര്‍ച്ചക്ക് തുടക്കം കുറിക്കാന്‍ അപലപിക്കല്‍ അനിവാര്യമാണ്.

ഏകപക്ഷീയമായി അനുകൂലിക്കുകയോ എതിര്‍ക്കുകയോ ചെയ്യുന്ന തരത്തില്‍ സംവാദത്തെ പരിമിതപ്പെടുത്താന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഇത് വളരെ സങ്കീര്‍ണ്ണമാണ്. നിങ്ങള്‍ അപലപിക്കുമ്പോള്‍, അതിലേക്ക് നയിച്ചത് എന്താണെന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ഉത്തമ ബോധ്യം വേണം. പൊതുവെ, ഭീകരാക്രമണങ്ങള്‍ സംഭവിച്ചതിന് ശേഷം അതിനെ അപലപിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെങ്കില്‍, അങ്ങനെയൊന്ന് ഇനി സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട മഹത്തായ ഉത്തരവാദിത്തവും നമുക്കുണ്ട്. ‘നമ്മള്‍ നമ്മളായ കാരണത്താലാണ് അവര്‍ നമ്മെ ആക്രമിക്കുന്നത്’ എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളഡെ പറയുമ്പോള്‍, മാലി, ബാഗ്ദാദ്, ഐവറി കോസ്റ്റ്, തുര്‍ക്കി എന്നിവിടങ്ങളിലെ ഇരകളുടെ കാര്യത്തില്‍ എന്താണ് അദ്ദേഹത്തിന്റെ അഭിപ്രായം?

എന്തിന് വേണ്ടിയാണ് ഐ.എസ് യഥാര്‍ത്ഥത്തില്‍ നിലകൊള്ളുന്നത്? നമ്മുടെ സുരക്ഷക്ക് മാത്രമാണോ അവര്‍ ഭീഷണി ഉയര്‍ത്തുന്നത്?

ഈ സംഘടന ഇറാഖിലും സിറിയയിലും യാദൃശ്ചികമായി ആധിപത്യം നേടിയതാണ് എന്നാണോ നിങ്ങള്‍ കരുതുന്നത് ? ഖനികളും, എണ്ണ സമ്പത്തുമുള്ള, തന്ത്രപ്രധാനമായ ഭൂപ്രദേശങ്ങളിലാണ് ഈ സംഘടനകള്‍ എല്ലാം കേന്ദ്രീകരിച്ചിരിക്കുന്നത്. ഭൂമിക്കടിയില്‍ എണ്ണയും ലിഥിയവും നിറഞ്ഞ് നില്‍ക്കുന്ന അഫ്ഗാനിസ്ഥാനില്‍ അവര്‍ വേരോടി. ഖനിജം കൊണ്ട് സമ്പന്നമാണ് (യുറേനിയം) നോര്‍ത്ത് മാലി.

അതിനേക്കാളുപരി, ഈ സംഘടനകളെ അവിടങ്ങളില്‍ വേരോടാന്‍ അനുവദിച്ച അല്ലെങ്കില്‍ അതിന് വേണ്ടിയുള്ള സാഹചര്യം ഒരുക്കിയ അന്താരാഷ്ട്രാ കളിക്കാരുടെ പങ്കിനെ കുറിച്ചും, സ്വാധീനത്തെ കുറിച്ചും ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണ്. അന്താരാഷ്ട്ര രംഗത്ത് സിറിയയെ പുനഃസ്ഥാപിക്കാന്‍ ബശ്ശാറുല്‍ അസദിനെ സഹായിക്കുന്നതില്‍ ഐ.എസ്സിനും കാര്യമാണ് പങ്കുണ്ട്. ഇന്ന്, അസദിന്റെ പുറത്താകലിലേക്ക് നയിക്കുന്ന ഒരു പരിഹാരവുമായി മുന്നോട്ട് വരികയെന്നത് അസാധ്യമാണ്. പരസ്പരം കരിവാരിത്തേക്കുന്ന, ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുന്ന ഒന്നായി മാറിയിരിക്കുന്നു ഇന്നത്തെ രാഷ്ട്രീയ കളി.

ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന് വിളിക്കപ്പെടുന്ന ഈ സംഘടന ആഴമേറിയ മറ്റു ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍, ഈജിപ്ത്, ഇറാഖ്, അല്ലെങ്കില്‍ തുനീഷ്യ എന്നിവിടങ്ങളിലെ ഇസ്‌ലാമിസ്റ്റ് പാര്‍ട്ടികളില്‍ ഒന്ന് പോലും ഇസ്‌ലാമിനെ അല്ലെങ്കില്‍ മുസ്‌ലിംകളെ യഥാവിധി പ്രതിനിധീകരിക്കുന്നതില്ലെന്നാണ് അത് സൂചിപ്പിക്കുന്നത്. അടുത്തകാലത്തായി, രാഷ്ട്രീയ ഇസ്‌ലാം ഒരു പ്രതിസന്ധിയിലൂടെ കടന്ന് പോയിക്കൊണ്ടിരിക്കുകയാണ്, പക്ഷെ ഈ പ്രതിസന്ധി ഒരു അനിവാര്യത കൂടിയാണ്, കാരണം അത് ചിന്താരീതിയില്‍ കാര്യമായ മാറ്റത്തിന് വഴിവെക്കും. പ്രസ്തുത പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍, രാഷ്ട്രീയ ഇസ്‌ലാമിനെ വിമര്‍ശനവിധേയമാക്കേണ്ടത് നിര്‍ബന്ധമായി തീരും.

സെക്കുലറിസം/ഇസ്‌ലാമിസം ; ഈ ദ്വന്ദ്വങ്ങളെ മുസ്‌ലിം സമൂഹം നിര്‍ബന്ധമായും ഉപേക്ഷിക്കണം. 2011-ലെ അറബ് വസന്ത സമയത്ത്, അറബ് സമൂഹത്തിന്റെ രാഷ്ട്രീയ അര്‍ത്ഥം നഷ്ടപ്പെടുന്നതിന്റെ സൂചനയാണ് അപ്പോള്‍ സംഭവിച്ചുകൊണ്ടിരുന്നതെന്ന് ഞാന്‍ അന്ന് ചിന്തിച്ചിരുന്നു. അതുതന്നെയാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്…

2011 അറബ് വസന്തത്തിന് ശേഷമുള്ള മിഡിലീസ്റ്റിലെ രാഷ്ട്രീയ ഭൂമികയെ താങ്കള്‍ എങ്ങനെയാണ് നോക്കിക്കാണുന്നത്? ഉദാഹരണമായി ഈജിപ്തില്‍, മുബാറക്കില്‍ നിന്നും എങ്ങനെയാണ് ഇപ്പോഴത്തെ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ രാഷ്ട്രീയം വ്യത്യാസപ്പെടുന്നത്?

എന്റെ അഭിപ്രായത്തില്‍, പ്രസ്തുത നടപടികള്‍ ‘വിപ്ലവാത്മകമാണെന്ന്’ നാം വളരെ പെട്ടെന്ന് തന്നെ വിശേഷിപ്പിച്ചു. ശേഷം, മുന്‍കരുതലോടെ തന്നെയായിരുന്നു ഞാന്‍ ശുഭാപ്തിവിശ്വാസം കൈകൊണ്ടത്. നാം കൂടുതലും രാഷ്ട്രീയ പ്രശ്‌നങ്ങളിലാണ് കടിച്ചുതൂങ്ങിയിരിക്കുന്നതെന്നും, സാമ്പത്തികപ്രശ്‌നങ്ങള്‍ നാം പരിഗണിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാന്‍ മനസ്സിലാക്കി. ഉദാഹരണമായി, ഈജിപ്തില്‍ സംഭവിച്ചത് ഒരു ആഭ്യന്തര സൈനിക അട്ടിമറിയാണെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. മുബാറക്കിന്റെയും അദ്ദേഹത്തിന്റെ മകന്‍ ഗമാലിന്റെയും അഴിമതി ഭരണം ഒരു പ്രശ്‌നമായി മാറി. അതിനേക്കാളുപരി, ചൈന, ഇന്ത്യ എന്നിവരുമായി തുറന്ന് തന്നെ ധാരണകള്‍ ഉണ്ടാക്കാനും മുബാറക്ക് തുടങ്ങിയിരുന്നു.

വിശാലാര്‍ത്ഥത്തില്‍, സുരക്ഷാകാര്യത്തില്‍ മിഡിലീസ്റ്റ് അസ്ഥിരമായാല്‍, അവിടേക്ക് കടന്ന് ചെല്ലാനുള്ള അവസരം അതിലൂടെ അമേരിക്കക്ക് ലഭിക്കും. മൊത്തം മേഖല വിറകൊള്ളുന്നു എന്നതിന്റെ അര്‍ത്ഥം, തങ്ങളുടെ സുരക്ഷക്ക് ഇസ്രായേലിന് അമേരിക്കയെ ആവശ്യമുണ്ട്, അതുപോലെ മിഡിലീസ്റ്റില്‍ എല്ലായിടത്തും സൈനിക ക്യാമ്പുകള്‍ ‘തഴച്ച് വളര്‍ന്ന്’ വരുന്നുമുണ്ട് എന്നാണ്. ഒബാമക്ക് മിഡിലീസ്റ്റില്‍ വലിയ താല്‍പര്യമില്ല എന്നൊക്കെ പറഞ്ഞ് കേള്‍ക്കുന്നുണ്ട്. പക്ഷെ ഞാന്‍ അങ്ങനെ കരുതുന്നില്ല. ഇപ്പോഴത്തെ ഈ അലങ്കോലാവസ്ഥ കൃത്യമായി സൃഷ്ടിക്കപ്പെട്ടതാണ്. ചിലപ്പോള്‍ അമേരിക്ക താല്‍പര്യമില്ലാത്തത് പോലെ നടിക്കുകയായിരിക്കും. എന്നിരുന്നാലും, സുരക്ഷാ വിഷയം വരുമ്പോള്‍ അവര്‍ക്ക് അവരുടെ ശക്തി പുറത്തെടുക്കാന്‍ സാധിക്കും.

പാരിസ്, ബ്രസ്സല്‍സ് എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളിലെ ഇരകളോടും, ബാഗ്ദാദ് അല്ലെങ്കില്‍ ബൈറൂത്ത് എന്നിവടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങളിലെ ഇരകളോടും ആളുകള്‍ പുലര്‍ത്തിയ രണ്ട് തരത്തിലുള്ള വ്യത്യസ്തമായ സമീപനങ്ങളെ നമുക്ക് എങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും?

ആഗോളവല്‍ക്കരണം എന്നതിന്റെ അര്‍ത്ഥം തീര്‍ച്ചയായും എല്ലാം ആഗോളം എന്ന് തന്നെയാണ്. പക്ഷെ അധികാരത്തിന്റെ ചില വിശിഷ്ട കേന്ദ്രങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് മാധ്യമങ്ങളുടെയും വാര്‍ത്തുകളുടെയും കാര്യത്തില്‍. പ്രസ്തുത മാധ്യമ കേന്ദ്രങ്ങള്‍ ‘വടക്ക് ഭാഗത്താണ്’ സ്ഥിതി ചെയ്യുന്നത്. വൈകാരികതയുടെ അടിസ്ഥാനത്തില്‍ വാര്‍ത്തയുടെ കെട്ടുംമട്ടും, അത് അവതരിപ്പിക്കുന്ന രീതിയും മാറും. അതിഭീകരമായ ഒരു അക്രമസംഭവത്തെ കുറിച്ച് കേവലം ചെറിയ ഒരു വാര്‍ത്തയാണ് നല്‍കുന്നതെങ്കില്‍ അതിനനുസരിച്ച് ആളുകളുടെ വൈകാരിക പ്രതികരണങ്ങളും കുറയും. മരണസംഖ്യയുടെ തോതിനും പ്രതികരണങ്ങളുടെ ശക്തിയെ നിര്‍ണയിക്കുന്നതില്‍ പങ്കുണ്ട്.

ഇനി ഭീകരവാദം പാശ്ചാത്യ രാഷ്ട്രങ്ങളെയാണ് നേരിട്ട് ലക്ഷ്യമിട്ടതെങ്കില്‍, സ്വഭാവികമായും അനിയന്ത്രിതമായും വൈകാരികതയും ഭയവും ഇളക്കിവിടപ്പെടും. എന്നാല്‍, മിഡിലീസ്റ്റിലാണ് ആക്രമണം ഉണ്ടാവുന്നതെങ്കില്‍, എന്തെങ്കിലും തരത്തിലുള്ള ലാഭമൊന്നും കിട്ടാനില്ലെങ്കില്‍ മാധ്യമങ്ങള്‍ അതിനെ കുറിച്ച് അധികമൊന്നും സംസാരിക്കില്ല.

വിവ: ഇര്‍ഷാദ് കാളാച്ചാല്‍

Related Articles