Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിം ഭീകരവാദം; പാശ്ചാത്യസാമ്രാജ്യത്വം സൃഷ്ടിച്ചെടുത്ത പുതിയ മതം

Vltchek-noam-chomsky.jpg

ലോകത്തുടനീളം നടന്ന എണ്ണമറ്റ സായുധ സംഘട്ടനങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തയാളാണ് അമേരിക്കന്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റും, ഡോക്യുമെന്ററി നിര്‍മാതാവും, നോവലിസ്റ്റുമായ ആന്ദ്രെ വല്‍ഷെക്ക്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ കൃതിയാണ് ‘On Western Terrorism’. നോം ചോംസ്‌കിയുമായുള്ള ചര്‍ച്ചയാണ് പ്രസ്തുത കൃതിയുടെ ഉള്ളടക്കം. വര്‍ത്തമാന കാലം വരെ എത്തി നില്‍ക്കുന്ന കോളനിവത്കരണത്തിന്റെ പൈതൃകത്തെ തുറന്ന് കാട്ടുന്ന അവര്‍ ഭീകരവാദവുമായി ബന്ധപ്പെട്ട പാശ്ചാത്യലോകത്തിന്റെ കാപട്യത്തെ ശക്തമായ ഭാഷയില്‍ അപലപിക്കുകയും ചെയ്യുന്നുണ്ട്. കാരണം ഭീകരവാദത്തിന്റെ വ്യാപനത്തില്‍ വലിയ പങ്ക് പാശ്ചാത്യലോകത്തിനാണ്. പാശ്ചാത്യഭീകരവാദത്തെ കുറിച്ചുള്ള ചിന്തകള്‍ ആന്ദ്രേ വല്‍ഷെക്ക് വായനക്കാരുമായി പങ്കുവെക്കുന്നു.

നോം ചോംസ്‌കിയുമായി താങ്കള്‍ നടത്തിയ ചര്‍ച്ചയിലുടനീളം, സമീപകാല ചരിത്രത്തില്‍ ഏഷ്യ, ലാറ്റിന്‍ അമേരിക്ക, മിഡിലീസ്റ്റ് എന്നിവിടങ്ങളിലെ സാമ്രാജ്യത്വ അധിനിവേശ ഇടപെടലുകളെ സംബന്ധിച്ച വസ്തുതകള്‍ താങ്കള്‍ തുറന്ന് കാട്ടുകയുണ്ടായി. പാശ്ചാത്യ ലോകത്തിന്റെ പ്രഖ്യാപിത ശത്രുക്കളില്‍ ശ്രദ്ധമാറ്റി, ശ്രദ്ധ മുഴുവന്‍ പാശ്ചാത്യലോകത്ത് തന്നെ കേന്ദ്രീകരിച്ചതിന്റെ ഉദ്ദേശമെന്താണ്?

ഒരുപാട് നൂറ്റാണ്ടുകളായി, ലോകത്തെ സൈനികമായും, സാമ്പത്തികമായും കൊള്ളയടിച്ചു കൊണ്ടിരിക്കുകയാണ് പാശ്ചാത്യര്‍. അവരുടെ കുറ്റകൃത്യങ്ങള്‍ക്ക് ‘നിയമപരിവേശം’ നല്‍കുന്നതിന് വേണ്ടി അത്യന്തം സങ്കീര്‍ണ്ണവും, കാര്യക്ഷമവുമായ പ്രോപഗണ്ട സിസ്റ്റവും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് മേല്‍ അവര്‍ അവരുടെ ‘യുക്തിയും’, സാംസ്‌കാരിക സിദ്ധാന്തങ്ങളും അടിച്ചേല്‍പ്പിക്കുകയാണ്. നിരന്തരമായ, സാമര്‍ത്ഥ്യപൂര്‍വ്വമുള്ള നീക്കങ്ങളിലൂടെയാണ് അത് സാധിച്ചത്. തത്ഫലമായി മറ്റെല്ലാ ആഖ്യാനങ്ങളും അപ്രത്യക്ഷമായി.

ഇത് യഥാര്‍ത്ഥത്തില്‍ ഒരു വന്‍ദുരന്തം തന്നെയാണ്. കാരണം അധിനിവേശത്തിന് ഇരയായ ഒരുപാട് സംസ്‌കാരങ്ങള്‍ ഉന്നതമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്നവയും, പാശ്ചാത്യലോകത്തിനേക്കാള്‍ അങ്ങേയറ്റം മനുഷ്യത്വമുള്ളവയുമായിരുന്നു. ഫലമെന്താണെന്നാല്‍: ലോകത്തിന്റെ സ്വഭാവികവും, യുക്തിപൂര്‍ണ്ണവുമായ പുരോഗതി അവതാളത്തിലാവുകയും, നശിപ്പിക്കപ്പെടുകയും ചെയ്തു. പാശ്ചാത്യ സിദ്ധാന്തങ്ങള്‍ മാത്രം ഉയര്‍ന്ന് നിന്നു, അത് ലോകത്തിന് അസന്തുലിതത്വം, ആശയകുഴപ്പം, നിരാശ എന്നിവ സമ്മാനിച്ചു.

നോം ചോംസ്‌കിയെ പോലെ, താങ്കളും വളരെയധികം പ്രശസ്തനായ ഒരു എഴുത്തുകാരനാണ്. ചോംസ്‌കിയുടെയും, താങ്കളുടെയും കൃതികള്‍ താങ്കള്‍ എങ്ങനെയാണ് വിലയിരുത്തുന്നത്?

ഈ അങ്ങേയറ്റം അപലപനീയമായ സാഹചര്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഞാനും ചോംസ്‌കിയും ഉപയോഗിക്കുന്നത് വ്യത്യസ്തമായ ‘തന്ത്രങ്ങളാണ്’. ചോംസ്‌കി ഒരു ഭാഷാശാസ്ത്രജ്ഞനും, സൈദ്ധാന്തിക ചിന്തകനും, ആക്റ്റിവിസ്റ്റുമാണ്. സാഹിത്യേതര കൃതികളിലൂടെയാണ് അദ്ദേഹം സാഹചര്യത്തെ അപഗ്രഥിക്കുന്നത്, ആ കൃതികളെല്ലാം മഹത്തായ തത്വശാസ്ത്ര കൃതികളുമാണ്. ഭൂഖണ്ഡങ്ങള്‍ തോറും അദ്ദേഹം പൊതുസമൂഹത്തെ അഭിമുഖീകരിച്ച് നേരിട്ട് സംസാരിക്കുന്നുമുണ്ട്.

ഞാന്‍ സോത്രസ്സുകളിലേക്ക് നേരിട്ട് കടന്ന് ചെല്ലുകയാണ് ചെയ്യുന്നത്. ഞാന്‍ കാണാത്തതോ, നേരിട്ട് അനുഭവിക്കാത്തതോ ആയ കാര്യങ്ങള്‍ വിശ്വസിക്കില്ല. യുദ്ധഭൂമിയിലേക്കും, ചേരിപ്രദേശങ്ങളിലേക്കും ഞാന്‍ സഞ്ചരിക്കുന്നു, ബുദ്ധിജീവികളോടും, ദരിദ്രരില്‍ ദരിദ്രരായ ആളുകളോടും ഞാന്‍ സംസാരിക്കുന്നു.

ഒരുപാട് രാജ്യങ്ങളിലുള്ള, അങ്ങേയറ്റം സങ്കീര്‍ണ്ണമായ ഇന്റര്‍നെറ്റ് സോത്രസ്സുകളെയും ഞാന്‍ ആശ്രയിക്കുന്നുണ്ട്. അങ്ങനെ ഞാന്‍ ഉപന്യാസങ്ങള്‍ എഴുതുന്നു. അവയെല്ലാം പിന്നീട് എന്റെ സാഹിത്യേതര കൃതികളിലെ അധ്യായങ്ങളായി മാറും. അല്ലെങ്കില്‍ ഞാന്‍ നോവലുകള്‍ എഴുതും, അവ ഒരുപരിധി വരെ, അല്ലെങ്കില്‍ മൊത്തത്തില്‍ തന്നെ രാഷ്ട്രീയ ഉള്ളടക്കം ഉള്ളവയായിരിക്കും. അല്ലെങ്കില്‍ ഞാന്‍ ഡോക്യുമെന്ററികള്‍ ഉണ്ടാക്കും.

ലോകത്തുടനീളം നടപ്പിലായി കൊണ്ടിരിക്കുന്ന പാശ്ചാത്യ പ്രോപഗണ്ടയെ തുറന്ന് കാട്ടുന്ന എന്റെ ഏറ്റവും പുതിയ കൃതിയാണ് 800 പേജുകള്‍ ഉള്ള ‘Exposing Lies Of The Empire’. പാശ്ചാത്യ സാംസ്‌കാരിക സാമ്രാജ്യത്വത്തെ കുറിച്ചുള്ള എന്റെ പുതിയ നോവലാണ് ‘അറോറ’.

പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നവരാണ് ഞങ്ങളിരുവരും. പരസ്പര സഹവാസം ഞങ്ങള്‍ ആസ്വദിക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും പൂര്‍ണ്ണമായും ഞങ്ങള്‍ യോജിപ്പിലെത്തി കൊള്ളണമെന്നില്ല, പക്ഷെ രാഷ്ട്രീയ വിഷയങ്ങളില്‍ പരസ്പരമുള്ള ശക്തമായ അഭിപ്രായഭിന്നതകള്‍ വളരെ അപൂര്‍വ്വം മാത്രമാണ്.

ഭീകരവാദ സാഹചര്യത്തിന്റെ പരിണാമവും, പാശ്ചാത്യ നേതാക്കളുടെ ‘ഭീകരവിരുദ്ധ യുദ്ധ’ പ്രഭാഷണങ്ങളുടെ പുനരുജ്ജീവനവും താങ്കള്‍ എങ്ങനെയാണ് നോക്കികാണുന്നത്?

പാശ്ചാത്യ ഭരണകൂടങ്ങളും, അമേരിക്കന്‍ ഭരണകൂടവും മറ്റുള്ളവര്‍ക്കെതിരെ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒന്നാണ് ഭീകരവാദം. മുസ്‌ലിം ലോകത്തേക്കൊന്ന് നോക്കു: ചരിത്രപരമായി വളരെയധികം പുരോഗമനോന്മുഖവും, സാമൂഹിക കേന്ദ്രീകൃതവും, അതിലുപരി ഒരു ‘സോഷ്യലിസ്റ്റ്’ മതവും കൂടിയാണ് ഇസ്‌ലാം. ആദ്യത്തെ പൊതുസര്‍വകലാശാല, ആദ്യത്തെ പൊതു ആശുപത്രികള്‍- എല്ലാം മുസ്‌ലിം ലോകത്താണ് ഉണ്ടായത്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം പോലും, സോഷ്യലിസത്തിലേക്കാണ് മുസ്‌ലിം രാഷ്ട്രങ്ങള്‍ ചായ്‌വ് പ്രകടിപ്പിച്ചു കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ, പാശ്ചാത്യലോകത്തിന് ആ രാഷ്ട്രങ്ങളെ അവതാളത്തിലാക്കുകയും, നശിപ്പിക്കുകയും, ‘മൗലികവത്കരിക്കുകയും’ ചെയ്യേണ്ടതുണ്ടായിരുന്നു!

മൂന്ന് പ്രധാന മുസ്‌ലിം സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളെയാണ് അടിസ്ഥാനപരമായ പാശ്ചാത്യര്‍ തകര്‍ത്ത് കളഞ്ഞത്: ഇറാന്‍, ഈജിപ്ത്, ഇന്തോനേഷ്യ എന്നിവയാണത്. പിന്നീട് സോവിയറ്റ് യൂണിയനെതിരെയുള്ള യുദ്ധത്തില്‍ അഫ്ഗാനിസ്ഥാനെയും, പാകിസ്ഥാനെയും പാശ്ചാത്യര്‍ ചാവേറുകളായി ഉപയോഗപ്പെടുത്തി. അതിലൂടെ ആ രണ്ട് രാഷ്ട്രങ്ങളെ ശിഥിലമാക്കുകയാണ് പാശ്ചാത്യര്‍ ചെയ്തത്.

നവകൊളോണിയല്‍ വര്‍ത്തമാനകാലത്തെ മനസ്സിലാക്കണമെങ്കില്‍ കൊളോണിയല്‍ ഭൂതകാലത്തിലേക്ക് തിരിഞ്ഞ് നോക്കണമെന്നാണോ താങ്കള്‍ വായനക്കാരോട് ആവശ്യപ്പെടുന്നത്?

തീര്‍ച്ചയായും. പാശ്ചാത്യര്‍ തന്നെയാണ് ‘മുസ്‌ലിം ഭീകരവാദത്തിന്റെ’ യഥാര്‍ത്ഥ നിര്‍മാതാക്കള്‍ എന്ന് ഞാന്‍ എന്റെ ഒരുപാട് എഴുത്തുകളില്‍ സമര്‍ത്ഥിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ, ‘മുസ്‌ലിം ഭീകരവാദം’ എന്ന സംജ്ഞ നാം ഒരുകാരണവശാലം ഉപയോഗിക്കാന്‍ പാടില്ല.

തുര്‍ക്കി, സിറിയ, ലബനാന്‍, ഇന്തോനേഷ്യ തുടങ്ങിയ ഒരുപാട് സ്ഥലങ്ങളിലെ പ്രക്രിയക്ക് ഞാന്‍ സാക്ഷിയാണ്. നാണംകെട്ട കാര്യങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. പക്ഷെ അത് യുക്തിസഹവുമാണ് (പാശ്ചാത്യ സാമ്രാജ്യത്വത്തിന്റെ മാക്കെവെല്ലിയന്‍ സത്തയെ പരിഗണിക്കുമ്പോള്‍): സോവിയറ്റ് യൂണിയനെ തകര്‍ക്കുന്നതില്‍ പാശ്ചാത്യര്‍ വിജയിച്ചു, കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളെ/പ്രക്രിയകളെ അവര്‍ നശിപ്പിച്ചു, അതിന് വേണ്ടി നേതാക്കളെയും, സര്‍ക്കാറുകളെയും കൊന്ന്തള്ളുകയും, അട്ടിമറിക്കുകയും ചെയ്തു, അങ്ങനെ ‘വലിയ ശത്രുക്കള്‍’ ഇല്ലാതായി.

നമുക്കെല്ലാവര്‍ക്കും അറിയുന്ന പോലെ, ‘വലിയ ശത്രുക്കള്‍’ ഇല്ലാതെ പാശ്ചാത്യലോകത്തിന് നിലനില്‍ക്കാന്‍ കഴിയില്ല. അങ്ങനെ ശൂന്യതയില്‍ നിന്നും ഒരു വലിയ ശത്രുവിനെ അവര്‍ സൃഷ്ടിച്ചെടുത്തു, എന്നിട്ട് ആധികാരികമായി തന്നെ എല്ലാ മുസ്‌ലിം രാഷ്ട്രങ്ങളെയും കടന്നാക്രമിച്ചു, നശിപ്പിച്ചു. അടുത്തിടെ, പ്രമുഖരായ രണ്ട് പേര്‍ എന്നോട് പറഞ്ഞത്, ഇസ്‌ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു പുതിയ മതത്തെ ഒരുപാട് സ്ഥലങ്ങളില്‍ പാശ്ചാത്യര്‍ സൃഷ്ടിച്ചിട്ടുണ്ട് എന്നാണ്.

താങ്കള്‍ ഒരുപാട് വര്‍ഷത്തോളം ലാറ്റിന്‍ അമേരിക്ക, അറബ്, ഏഷ്യന്‍ രാഷ്ട്രങ്ങളില്‍ തുടര്‍ച്ചയായി സന്ദര്‍ശനം നടത്തുകയും, ജീവിക്കുകയും ചെയ്തിട്ടുണ്ട്. 21-ാം നൂറ്റാണ്ടിലെ സാംസ്‌കാരിക സ്വത്വം, വംശകേന്ദ്രീകൃത സംഘട്ടനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പുരോഗമന ശക്തികള്‍ എങ്ങനെ സമീപിക്കണമെന്നാണ് താങ്കള്‍ പറയുന്നത്? ലോകത്തെ മനസ്സിലാക്കാനും, അതിനെ മാറ്റാനും ശ്രമിക്കുന്നവര്‍ക്ക് മുന്നിലെ ചതിക്കുഴിയാണോ യൂറോകേന്ദ്രീകൃത വീക്ഷണം?

തീര്‍ച്ചയായും. ഈ ബോധ്യം വളരെ അനിവാര്യമാണ്. പാശ്ചാത്യ ലോകത്തെ പുരോഗമന ശക്തികള്‍ കൂടുതല്‍ വിനീതരാവേണ്ടതുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ലാറ്റിനമേരിക്കയിലെയും, ഏഷ്യയിലെയും ഇടതുപക്ഷ സര്‍ക്കാറുകള്‍ക്ക് നേര്‍ക്ക് വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്ന പ്രചാരണപരിപാടികള്‍ അവസാനിപ്പിച്ച്, അവയെ കുറച്ചെങ്കിലും ബഹുമാനിക്കാന്‍ അവര്‍ പഠിക്കേണ്ടതുണ്ട്.

പാശ്ചാത്യ സാമ്രാജ്യത്വത്തിനെതിരെയുള്ള പോരാട്ടമാണ് ഇനി നടക്കേണ്ടത്. എനിക്ക് ലോകത്തെ കുറിച്ച് അറിയാം, പാശ്ചാത്യ സാമ്രാജ്യത്വം തകര്‍ക്കപ്പെട്ടാല്‍ മാത്രമേ ലോകത്ത് സമാധാനവും, സഹവര്‍ത്തിത്വവും, മനുഷ്യത്വും പുനഃസ്ഥാപിക്കപ്പെടുകയുള്ളു എന്ന് എനിക്ക് ഉത്തമബോധ്യമുണ്ട്. അത് സംഭവിക്കുന്നത് വരേക്കും, അതിനായുള്ള ശ്രമങ്ങള്‍ക്കായിരിക്കണം നമ്മുടെ ലക്ഷ്യങ്ങളില്‍ പ്രഥമസ്ഥാനം.

വിവ: ഇര്‍ഷാദ് കാളാചാല്‍

Related Articles