Current Date

Search
Close this search box.
Search
Close this search box.

ഫിനിക്‌സ് പക്ഷിയെ പോലെയാണ് ഗസ്സ

ജൂലൈ 7 നാണ് ഇസ്രയേലിന്റെ ഗസ്സ അക്രമണം ആരംഭിച്ചത്. ഗസ്സയിലെ ആയിരക്കണക്കിന് പ്രദേശങ്ങളിലാണ് ഇതിനകം ഇസ്രയേല്‍ സൈന്യം വ്യോമാക്രമണങ്ങള്‍ നടത്തിയത്. ഹമാസിന്റെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യം വെച്ചാണ് തങ്ങളുടെ അക്രമണമെന്ന് ഇസ്രയേല്‍ വാദിക്കുന്നുണ്ടെങ്കിലും സിവിലിയന്‍ കേന്ദ്രങ്ങളും ആശുപത്രികളും വ്യാപകമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്. യു.എന്‍ റിപ്പോര്‍ട്ട് പ്രകാരം അക്രമണത്തില്‍ പരിക്കേറ്റവരില്‍ 80 ശതമാനം പേരും സിവിലിയന്‍മാരാണ്.

ഗസ്സ മുനിസിപ്പാലിറ്റിയില്‍ സിവില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന 27 കാരനായ അഹ്മദ് ഹാശിം പുതിയ അക്രമണങ്ങളുമായി ബന്ധപ്പെട്ട തന്റെ അനുഭവം അല്‍ ജസീറ ചാനലുമായി പങ്കുവെക്കുന്നു. മാതാപിതാക്കളോടും രണ്ട് സഹോദരി-സഹോദരന്മാരോടും പ്രായമായ മുത്തശ്ശിയോടുമൊപ്പമാണ് ഹാശിം താമസിക്കുന്നത്.

ചോ : നിങ്ങളുടെ വീടിനടുത്താണോ ബോംബ് സ്‌ഫോടനം ഉണ്ടായത്? എന്തുമാത്രം ശക്തമായ സ്‌ഫോടനമാണ് നടന്നത്?

ഹാശിം : വളരെയധികം ജനസാന്ദ്രത കൂടിയ പ്രദേശമാണ് ഗസ്സ സിറ്റി, അതുകൊണ്ട് നഗരത്തില്‍ എവിടെ സ്‌ഫോടനമുണ്ടായാലും നമ്മുടെ വീടിനടുത്ത് സ്‌ഫോടനമുണ്ടായതുപോലെയാണ് നമുക്കനുഭവപ്പെടുക. ഒരിക്കല്‍ ഞങ്ങളുടെ വീടിനു 300 മീറ്റര്‍ അടുത്ത് സോഫോടനം സംഭവിക്കുകയുണ്ടായി. ആ ദിവസം ഓരോ 20 മിനുട്ടിനുള്ളിലും സ്‌ഫോടനത്തിന്റെ ശബ്ദം ഞങ്ങള്‍ കേട്ടിരുന്നു. എന്നാല്‍ രാത്രിയായപ്പോഴേക്കും സ്‌ഫോടനങ്ങളുടെ തോത് വര്‍ധിച്ചു, ഓരോ 10 മിനുട്ട് കൂടുമ്പോഴും സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കും, സ്‌ഫോടനത്തിന്റെ ഭീകര ശബ്ദം കാരണം രാത്രി ഉറങ്ങാന്‍ സാധിക്കുമായിരുന്നില്ല.

ചോ : വീടിനു സമീപം സ്‌ഫോടനം നടന്നപ്പോഴുള്ള നിങ്ങളുടെ അനുഭവം ഒന്നു വിവരിക്കാമോ?

ഹാശിം : അതൊരു കനത്ത സ്‌ഫോടനമായിരുന്നു. ആദ്യം മിസൈല്‍ കുതിച്ചു വരുന്ന ശബ്ദം ഞങ്ങള്‍ കേട്ടു, നിമിഷങ്ങള്‍ക്കകമുണ്ടാകുന്ന കാതടപ്പിക്കുന്ന ഭീകരമായ ശബ്ദം നിങ്ങളുടെ ഹൃദയത്തെ മേലോട്ടു ഉയര്‍ത്തും, നിങ്ങളുടെ വീടും പുരയിടവും നശിച്ചതു തന്നെയെന്ന് ഒരു നിമിഷം നിങ്ങള്‍ ഭയപ്പെട്ടു പോകും. കണ്ണുകള്‍ അടച്ചു പിടിച്ചു നിങ്ങള്‍ നിലത്തു കിടക്കും, നിങ്ങള്‍ പോലും അറിയാതെയായിരിക്കും ഇതൊക്കെ ചെയ്യുക. സ്‌ഫോടനത്തിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ രക്ഷപ്പെട്ടുവെന്ന ആശ്വാസം നിങ്ങള്‍ക്കുണ്ടാവുമെങ്കിലും, സ്‌ഫോടനം മറ്റെവിടെയെങ്കിലും വന്‍ വിപത്ത് വരുത്തിയിട്ടുണ്ടാകും. സ്‌ഫോടനത്തിന്റെ ശേഷിയനുസരിച്ച്, ഭൂമികുലുക്കത്താലെന്ന പോലെ നിങ്ങളുടെ വീട് ഏതാനും നിമിഷങ്ങള്‍ വിറകൊള്ളും. അങ്ങേയറ്റം ഭീതിതമാണത്. പലപ്പോഴും ഒരേ സ്ഥലത്ത് തന്നെ രണ്ട് തവണ ബോംബ് സ്‌ഫോടനം നടക്കും. കഴിഞ്ഞ രാത്രി ഞങ്ങളുടെ വീടിനു സമീപം പത്തു മിനുട്ടിനുള്ളില്‍ മുന്ന് സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനത്തിന് ശേഷം ഗ്ലാസ്സും കോണ്‍ക്രീറ്റും ചരല്‍ കല്ലുകളുടെ അംശങ്ങളുമടങ്ങിയ ബോംബിന്റെ ചിന്നിച്ചിതറിയ ഭാഗങ്ങള്‍ മഴപോലെ വര്‍ഷിക്കുന്ന ശബ്ദവും കേള്‍ക്കാം. സ്‌ഫോടനം നടന്നിടത്തു നിന്ന് എല്ലാ ഭാഗത്തേക്കുമായി 400 മീറ്റര്‍ ദൂരത്തേക്ക് വരെ അതിന്റെ ഭാഗങ്ങള്‍ ചിന്നിച്ചിതറും.

ചോ : അപ്പോഴത്തെ നിങ്ങളുടെ കുടുംബത്തിന്റെ അവസ്ഥ എന്തായിരിക്കും?

ഹാശിം : യുദ്ധം ഓരോ തവണയും കൂടുതല്‍ മോശമായിട്ടാണ് സംഭവിക്കുന്നത്. 2012 ലേതിനേക്കാള്‍ ഗുരുതരമാണ് ഇപ്പോഴത്തെ യുദ്ധം. യുവാക്കളെ സംബന്ധിച്ച് തികച്ചും നാടകീയമായിട്ടാണ് ഇത് അനുഭവപ്പെടുക. എന്നാല്‍ എന്റെ 12 വയസ്സ് പ്രായം മാത്രമുള്ള സഹോദരി ബതൂല്‍ ആകെ പേടിച്ചിരിക്കുകയാണ്. അവള്‍ പേടിച്ചുവിറച്ച് കണ്ണീരൊലിപ്പിച്ച് ഉമ്മയുടെ അടുത്തേക്ക് ഓടും. എന്നാല്‍ ആണ്‍കുട്ടികള്‍ ട്വിറ്റര്‍ വഴി സംഭവിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ അപ്പപ്പോള്‍ കൈമാറി കൊണ്ടിരിക്കും. ജേര്‍ണലിസത്തില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ 22 വയസ്സുകാരനായ എന്റെ സഹോദരന്‍ ഖാലിദ് ആശുപത്രിയില്‍ പോയി പരിക്കേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങള്‍ പകര്‍ത്തി ലോകത്തിന് കാണിച്ചു കൊടുക്കുന്നു. മരിച്ചു കിടക്കുന്ന ആളുകളുടെ ചിത്രങ്ങള്‍ കാണുന്നത് എന്നില്‍ വല്ലാത്ത ക്ഷോഭമുണ്ടാക്കും, പ്രത്യേകിച്ച് കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ കാണുമ്പോള്‍. മൃതദേങ്ങളുടെ ചിത്രം കാണുമ്പോള്‍ ചിലപ്പോള്‍ ഞാനെന്റെ കുടുംബത്തെ കുറിച്ചും ആലോചിച്ചു പോകും, അവരെയും ദുരന്തം ബാധിക്കുന്നതിന് മുമ്പ് യുദ്ധം അവസാനിക്കണമെന്ന് പ്രാര്‍ഥിക്കുകയും ചെയ്യും.

ചോ : സ്‌ഫോടനം ബാധിച്ച ആരെയെങ്കിലും പരിചയമുണ്ടോ?

ഹിശാം : മുനിസിപ്പാലിറ്റിയില്‍ എന്റെ സഹപ്രവര്‍ത്തകരായ രണ്ടുപേരുണ്ട്. മുനിസിപ്പാലിറ്റിയില്‍ പരിശോധന വിഭാഗത്തില്‍ ജോലി ചെയ്യുന്ന മുസ്തഫാ മുഹമ്മദ് ഇനായയാണ് ഒരാള്‍. മാര്‍ക്കറ്റില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ മധ്യേയുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ധനകാര്യ വകുപ്പില്‍ ജോലി ചെയ്യുന്ന നാസര്‍ റബാഹ് സമ്മയാണ് അടുത്തയാള്‍. മസ്ജിദില്‍ നിന്നും നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയ ഉടനെയുണ്ടായ സ്‌ഫോടനത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.

മുനിസിപ്പാലിറ്റിയില്‍ ജലവിതരണ വകുപ്പിലും, മാലിന്യ നിര്‍മാര്‍ജന വകുപ്പിലും ജോലി ചെയ്യുന്നതാണ് ഏറെ അപകടസാധ്യതയേറിയത്. ഞങ്ങള്‍ക്ക് നേരെയും അക്രമണം ഉണ്ടായേക്കാമെന്ന ഭീതിയിലായിരിക്കും മിക്കപ്പോഴും ഞങ്ങള്‍, ഞങ്ങളുടെ ബില്‍ഡിംഗിനു നേരെയുണ്ടായ അക്രമണത്തില്‍ ബില്‍ഡിംഗിലെ മാലിന്യം നീക്കം ചെയ്യുന്ന സംവിധാനം തകരാറിലായിരുന്നു. അതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്, പുറത്തുപോയാല്‍ ഓരോ അഞ്ചു മിനുട്ട് കൂടുമ്പോഴും വിവരമറിയാന്‍ ഉമ്മ വിളിച്ചു കൊണ്ടിരിക്കും.

ഒരു സാങ്കേതിക വിദഗ്ധനെന്ന നിലയില്‍ ഞാന്‍, ബോംബ് വര്‍ഷിക്കുന്നതും നോക്കി ഒന്നും ചെയ്യാതെ പ്രാര്‍ഥിച്ചു വീട്ടിലിരിക്കുന്നത് തീര്‍ത്തും അര്‍ഥശൂന്യമാണ്. അത് എന്നെ വല്ലാതെ അലട്ടുന്നുമുണ്ട്. എന്തെങ്കിലും ചെയ്യണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നു, എന്നാല്‍ പുറത്തുപോയി സഹായിക്കുക എന്നത് വളരെ ദുര്‍ഘടം പിടിച്ച പണിയാണ്. എന്നാല്‍ അടിയന്തിര രക്ഷാ സേന പരിമിതമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി അവരുടെ ജോലി ഭംഗിയായി നിര്‍വഹിക്കുന്നുണ്ട്.

ചോ : നിങ്ങളുടെ 85 വയസ്സ് പ്രായമായ മുത്തശ്ശി എന്താണ് പറയുന്നത്?

ഹിശാം : അവര്‍ ഏറെ അസ്വസ്ഥയാണ്. ഇപ്പോഴത്തെ യുദ്ധം നഖബയുടെയും ആദ്യത്തെ യുദ്ധത്തെ കുറിച്ചുമുള്ള ഓര്‍മ്മയാണ് അവരിലുണ്ടാക്കിയിരിക്കുന്നത്. 1948 ലെയും 1967 ലെയും യുദ്ധങ്ങളും ഇന്‍തിഫാദയും കണ്ടിട്ടുള്ളവരാണ് അവര്‍. മുന്‍പത്തേതിനേക്കാള്‍ വ്യത്യസ്തവും അപകടകരവുമാണ് ഇപ്പോഴത്തെ അക്രമണമെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. വലിയ നാശനഷ്ടങ്ങളുണ്ടാക്കുന്ന ആയുധങ്ങളാണ് ഇസ്രയേല്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

ചോ : കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ള അനുഭവങ്ങള്‍ ഗസ്സ വിട്ടുപോകണമെന്ന അവസ്ഥയിലേക്ക് ഫലസ്തീനികളെ കൊണ്ടെത്തിച്ചിട്ടുണ്ടോ?

ഹിശാം : ചിലരൊക്കെ അങ്ങനെ ആഗ്രഹിക്കുന്നുണ്ട്, എന്നാല്‍ ഗസ്സ വിട്ടുപോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് സാധിക്കില്ല എന്നതാണ് യാഥാര്‍ഥ്യം. കാരണം, ഗസ്സയെ പോലുള്ള ഒരു കൂട്ടില്‍ ഓടിപ്പോകാനോ ഒളിച്ചു പോകാനോ വേറെ സ്ഥലമൊന്നുമില്ല. അവര്‍ക്ക് മറ്റു വീടോ സ്ഥലമോ യാത്ര ചെയ്യാനുള്ള സൗകര്യങ്ങളോ ഉണ്ടാകില്ല. മറ്റുള്ളവരെ പോലെ സമാധാന പൂര്‍ണമായ ജീവിതം നയിക്കണമെന്നാണ് അവരും ആഗ്രഹിക്കുന്നത്.

എന്നാല്‍, ഗസ്സയിലെ ഭൂരിപക്ഷം ജനങ്ങളും ഗസ്സയില്‍ തന്നെ എന്നെന്നും ജീവിക്കണം എന്നാഗ്രഹിക്കുന്നവരാണ്, അവരുടെ ചിന്താഗതിയെ മാറ്റാന്‍ ഇസ്രയേലിന് അങ്ങനെയൊന്നും സാധിക്കില്ല. വ്യക്തിപരമായി ജോലിയില്‍ അന്താരാഷ്ട്ര അനുഭവ പരിജ്ഞാനം വേണമെന്ന് ആഗ്രിഹിക്കുന്ന ആളാണ് ഞാനും. എന്നാല്‍ ഇപ്പോള്‍ എന്റെ രാജ്യത്തിന് എന്റെ സേവനം ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പുറം രാജ്യത്ത് നിന്നും ഞാന്‍ പഠിച്ചെടുത്ത കാര്യങ്ങള്‍ ഫലസ്തീന്റെ വികസനത്തിന് വേണ്ടി വിനിയോഗിക്കണമെന്നാണ് ഞാന്‍ ആഗ്രിഹിക്കുന്നത്.

ചോ : ഇനി നിങ്ങളെ കുറിച്ച്, താങ്കള്‍ നിരാശനാണോ? ഈ ദുര്‍ഘട സാഹചര്യത്തില്‍ കുടുംബം പടുത്തുയര്‍ത്താനാവുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ?

ഹിശാം : 2008-09, 2012 യുദ്ധങ്ങള്‍ ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ക്ക് ഒരുപാട് നഷ്ടങ്ങള്‍ സംഭവിച്ചു, നിരവധി വീടുകളും കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും തകര്‍ക്കപ്പെട്ടു. എന്നാല്‍ ഒരുപാട് നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെട്ടു എന്നതായിരുന്നു ഏറ്റവും പ്രയാസമുണ്ടാക്കിയത്, മരണപ്പെട്ടവരെ തിരിച്ചു കൊണ്ടുവരാന്‍ നമുക്കാകില്ലല്ലോ. എന്നാല്‍ കെട്ടിടങ്ങളും തെരുവുകളും മറ്റു ജനസേവന കേന്ദ്രങ്ങളും ഞങ്ങള്‍ക്ക് പുനര്‍നിര്‍മ്മിക്കാനാവും, ഇതാണ് എന്റെ ജോലി, ഓരോ ഫലസ്തീനിയുടെയും കൂട്ടുത്തരവാദിത്വവുമാണത്.

തീര്‍ച്ചയായും കുടുംബത്തെ കുറിച്ച് എനിക്ക് ആശങ്കയുണ്ട്, മറ്റു കുടുംബങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത് ഞാന്‍ കാണുന്നുമുണ്ട്. എന്നാല്‍ ഇതാണ് ഞങ്ങളുടെ വിധി.

ചാരത്തില്‍ നിന്നും പൂര്‍വാധികം ശക്തിയോടെ പറന്നുയരുന്ന ഫിനിക്‌സ് പക്ഷിയാണ് ഗസ്സയുടെ മാതൃക. നിരവധി തവണ നഗരം ബോംബിട്ടു തകര്‍ത്തു, അപ്പോഴെല്ലാം ഞങ്ങള്‍ അത് പുനര്‍നിര്‍മ്മിച്ചു, ഓരോ തവണ നിര്‍മ്മിക്കുമ്പോഴും വീണ്ടും ഇത് തകര്‍ക്കപ്പെടില്ലെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ അത് ചെയ്യുന്നത്. എന്നാല്‍ വീണ്ടും വീണ്ടും അത് സംഭവിച്ചു കൊണ്ടിരിക്കുമ്പോഴും, സ്ഥിരമായ സമാധാനം നിലവില്‍ വരുമെന്നതില്‍ ഞങ്ങള്‍ക്ക് പൂര്‍ണ ശുഭാപ്തിവിശ്വാസമാണുള്ളത്.

Related Articles