Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീനെ കുറിച്ച ആളുകളുടെ സമീപനം മാറേണ്ടതുണ്ട്‌

നീതിക്കും സ്വാതന്ത്ര്യത്തിനുമുള്ള ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തിന് അമേരിക്കന്‍ ജനതക്കിടയില്‍ അംഗീകാരം വര്‍ധിച്ചു കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കുന്ന എഴുത്തുകാരുടെ അഭിപ്രായങ്ങളുടെ സമാഹാരാണമാണ് Letters to Palestine: Writers Respond to War and Occupation എന്ന പുസ്തകം. പുസ്തകത്തിന്റെ എഡിറ്റര്‍ വിജയ് പ്രശാദുമായി ‘ജദലിയ്യ’ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

ഇങ്ങനെയൊരു സമാഹാരം പുറത്തിറക്കാന്‍ പ്രേരിപ്പിച്ചതെന്താണ്?
പതുക്കെയാണെങ്കിലും, ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തോടുള്ള യുഎസിന്റെ സമീപനത്തിന് പിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് തീര്‍ച്ച. ഇസ്രായേലിനെ കുറിച്ചുള്ള ഏത് വിമര്‍ശനവും പരിധികടന്നതാണെന്ന് ഭൂരിഭാഗം ആളുകളും വിശ്വസിച്ചിരുന്ന, അമേരിക്കയുടെ ഇസ്രായേല്‍ നയത്തെ കുറിച്ച് നീതിപൂര്‍വ്വകമായ ഒരു സംവാദം അനുവദിക്കപ്പെടാത്ത ഒരു കാലമുണ്ടായിരുന്നു അമേരിക്കയില്‍. ചെറുകിട മാഗസിനുകളിലും, വെബ്‌സൈറ്റുകളിലുമൊക്കെയായി മുഖ്യധാരയുടെ ഓരം ചേര്‍ന്നുള്ള അധികമാരാലും ശ്രദ്ധിക്കപ്പെടാത്ത അത്തരം ചര്‍ച്ചകള്‍ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. ഇസ്രായേലിലും, അമേരിക്കയിലും സജീവമായ വലതുപക്ഷ ഇസ്രായേല്‍ ലോബി സംവിധാനം ചെയ്യുന്ന ഫ്രെയിമുകള്‍ക്കകത്തായിരുന്നു ഇസ്രായേല്‍ ഫലസ്തീന്‍ വിഷയങ്ങള്‍ വിശകലനം ചെയ്യപ്പെട്ടിരുന്നത്. ശത്രുരാജ്യങ്ങളാല്‍ വലയം ചെയ്യപ്പെട്ട പരിഷ്‌കൃതവും മാന്യരുമായ സമൂഹമെന്നതായിരുന്നു ഇത്തരം ഫ്രെയിമുകള്‍ ഇസ്രായേലിനെ കുറിച്ച് സൃഷ്ടിച്ച പ്രതിഛായ. അതിനാല്‍ തന്നെ ഇസ്രായേലിന്റെ ഏത് ആക്രമണവും പ്രതിരോധിക്കാനുള്ള അവകാശമെന്ന വാദത്തിനുമേല്‍ നീതീകരിക്കപ്പെട്ടു. ആ വാദത്തെ യുഎന്‍ പൊതുസഭ തിരസ്‌കരിച്ചതാണെന്നതൊന്നും മറിച്ചുള്ള ഫലങ്ങളുണ്ടാക്കിയില്ല.

കഴിഞ്ഞ ദശകത്തിനിടെ, ഇസ്രായേലിനോടുള്ള യുഎസ് നിലപാടിനെ തിരുത്തിയ പല ഘടകങ്ങളുണ്ട്. ഒന്നാമതായി, ഫലസ്തീനികള്‍ക്കെതിരെ ഇസ്രായേല്‍ നടത്തുന്ന പ്രത്യക്ഷവും ഏകപക്ഷീയവുമായ ആക്രമണം മറച്ചുവെക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. അനധികൃത കുടിയേറ്റം, ഗസ്സക്കെതിരെ ഇടവേളകളില്ലാതെ നടത്തുന്ന ആക്രമണങ്ങള്‍, ഫല്‌സ്തീനികളുടെ നിത്യജീവിതത്തില്‍ സൃഷ്ടിക്കുന്ന ഞെരുക്കങ്ങള്‍, ഫലസ്തീന്‍ രാഷ്ട്രീയപ്രക്രിയക്കെതിരെ നടത്തുന്ന ഉപരോധങ്ങള്‍ തുടങ്ങി ഇസ്രായേല്‍ ഫലസ്തീന്‍ സമൂഹത്തിന് നേരെ നടത്തുന്ന നെറികേടുകള്‍ ഒരു നിലക്കും നീതീകരിക്കാനാവത്തതാണ്. ഈ ആക്രമണങ്ങളും, ആഭ്യന്തര വിഷയങ്ങളുമെല്ലാം ഇസ്രായേലിനെ വലതുപക്ഷത്തിന്റെ അമരത്തു സ്ഥാപിക്കുന്നതില്‍ കാരണമായി. ഏരിയല്‍ ഷാരോണിന്റെയും ബെഞ്ചമിന്‍ നെതന്യാഹുവിന്റെയും ധാര്‍ഷ്ട്യം ഇസ്രായേലിന്റെ പൈശാചികതയുടെ പ്രതിരൂപമായി.

രണ്ടാമതായി, അധിനിവേശത്തോടും, യുദ്ധത്തോടുമുള്ള എതിര്‍പുകളും വലതുപക്ഷ വ്യതിയാനങ്ങളും അമേരിക്കയില്‍ മൂര്‍ത്തമായി. പരമ്പരാഗത ശൈലികള്‍ക്കെതിരെ പോരാടാന്‍ ഇലക്ട്രോണിക് ഇന്‍തിഫാദ, മോണ്ടോവെയ്‌സ് പോലുള്ള സ്ഥാപനങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും ഇത് ഊര്‍ജ്ജം നല്‍കി. സെപ്തമ്പര്‍ 11-ന് ശേഷമുള്ള ഇസ്‌ലാമോഫോബിയ പരിസരത്ത് നിന്നുകൊണ്ട് അറബ് അമേരിക്കക്കാര്‍ ഫലസ്തീന്‍ വിമോചനം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങി. ജ്യൂയിഷ് വോയ്‌സ് ഫോര്‍ പീസ് പോലുള്ള സംഘടനകളും സജീവമായി. അത്ര ശക്തമല്ലാത്ത യുദ്ധവിരുദ്ധ മുന്നണികളും, സാമൂഹിക സംഘടനകളും ഫലസ്തീന്‍ വിമോചന സംഘങ്ങളോട് ഒപ്പം ചേര്‍ന്നു. 2014ല്‍ നടന്ന ഗസ ആക്രമമത്തില്‍ വാര്‍ത്തകളെ നിര്‍വ്വചിക്കുന്നതിനെ ഇസ്രായേലിന്റെ ഹസ്ബറയെ ഇവര്‍ പ്രതിരോധിച്ചു. ഭൂരിപക്ഷ തീര്‍പ്പുകളുടെ വിടവുകളിലൂടെ മറ്റു ചെറുശബ്ദങ്ങള്‍ പുറപ്പെടുകയായിരുന്നു.

ധാര്‍ഷ്ട്യവും ഉത്തരവാദിത്വമില്ലായ്മയും വെളിവാക്കിയ 2014 ആക്രമണം എന്റെ പല സുഹൃത്തുക്കളെയും അസ്വസ്ഥരാക്കി. ഒരു തലമുറ തന്നെ പണിയെടുത്താലും കാര്യങ്ങളെ പഴയപടി പുനസ്ഥാപിക്കുക എളുപ്പമല്ലെന്ന് സന്നദ്ധസംഘടനകള്‍ പറഞ്ഞു. യുഎന്‍ അന്വേഷണ കമീഷന്റെ അന്വേഷണങ്ങള്‍ എങ്ങുമെത്താതെ കിടക്കുന്നു. നശീകരണത്തിനും കൊള്ളിവെപ്പിനും സാക്ഷ്യം വഹിക്കാന്‍ ഞാന്‍ സ്‌നേഹിക്കുന്ന എഴുത്തുകാരെ ഒരുമിച്ച് കൂട്ടാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ സുഹൃത്ത് ഗീതാ ഹരിഹരന്‍ അത്തരമൊരു പുസ്തകം, ഇന്തയില്‍ നിന്നും ഫലസ്തീനിലേക്ക്: ഐക്യദാര്‍ഡ്യ പ്രബന്ധങ്ങള്‍ എന്ന പേരില്‍ എഴുതിയിട്ടുണ്ട്. ഫലസ്തീന്‍ ഐക്യദാര്‍ഡ്യത്തിനു വിരുദ്ധമായി ഇന്ത്യ ഇസ്രായേലിനെതിരെ സ്വീകരിക്കുന്ന നിലപാടുകളിലെ വീഴ്ചകളെ ഒരു കൂട്ടം ഇന്ത്യന്‍ എഴുത്തുകാര്‍ പരിശോധിക്കുന്നതാണ് ഗീതയുടെ പുസ്തകം. ഇത്തരമൊരു പുസ്തകം ചെയ്യാന്‍ പ്രേരിപ്പിച്ചത് അതാണ്.

ഫലസ്തീനെ കുറിച്ച ഇതര രചനകളില്‍ നിന്നും ലെറ്റേഴ്‌സ് ടു ഫലസ്തീന്‍ വ്യത്യസ്തമാകുന്നതെങ്ങനെ?
ഫലസ്തീന്‍ വിമോചനത്തിനായുള്ള ഒരു വാദമോ, ഫലസ്തീന്‍ പ്രശ്‌നത്തിന്റെ വിശകലനമോ അല്ല ഈ പുസ്തകം. ഫലസ്തീന് രാഷ്ട്രമായി നിലനില്‍ക്കാനുള്ള അര്‍ഹതയെയും അമേരിക്കയുടെ ഇസ്രായേല്‍ ബാന്ധവവും തെളിയിക്കുന്ന ധാരാളം പുസ്തകങ്ങളുണ്ട്. റാശിദ് ഖാലിദിയുടെ രണ്ട് വാല്യങ്ങളുള്ള പുസ്തകം എത്രയും വിശദമായി അത് പ്രതിപാദിക്കുന്നു. ഫലസ്തീന്‍ എന്നൊരു രാഷ്ട്രമുണ്ടെന്നും, അവര്‍ ഒരു ജനതയാണെന്നും, 1948 മുതല്‍ ഒരു സ്വതന്ത്രരാഷ്ട്രമായി നിലനില്‍ക്കാനുള്ള ചോദനയെ നിരന്തരം അമേരിക്കന്‍ നയങ്ങള്‍ റദ്ദ് ചെയ്യുകയാണെന്നും ഇപ്പോള്‍ ഏറെകുറെ അംഗീകരിക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ പുസ്തകത്തിന്റെ ലക്ഷ്യം മറ്റുചിലതാണ്. യുക്തിക്കും ഹൃദയത്തിനുമിടക്ക് വിവേകത്തിനും വികാരത്തിനുമിടക്ക് ഒരു പാലം തീര്‍ക്കുകയാണ്. ഞങ്ങള്‍ ഫലസ്തീനോടൊപ്പമാണ്; അധിനിവേശകന്‍ നിര്‍ണ്ണയിക്കുന്ന ചട്ടക്കൂടിനകത്ത് ഒരു ചര്‍ച്ചക്ക് ഞങ്ങള്‍ തയ്യാറല്ലെന്ന് പറയുകയാണ് ഇതിലൂടെ. ഫലസ്തീന്‍ വിമോചനത്തെ അംഗീകരിക്കുകയില്ലെന്ന വാദത്തെ അടിസ്ഥാനമാക്കി യുഎസില്‍ നടക്കുന്ന വട്ടമേശ ചര്‍ച്ചകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ ഒരു രാഷ്ട്രീയ പ്രസ്താവനയാണിത്.  

സര്‍ഗാത്മക, രാഷ്ട്രീയ കാരണങ്ങളാല്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന, രാഷ്ട്രീയപരമായി തുല്യസാന്ദ്രതയുള്ള എഴുത്തുകാരുടെ പ്രബന്ധങ്ങളും കഥകളും കവിതകളുമെല്ലാമാണ് ഇതിലെ രചനകള്‍. ജുനോദ് ദിയസ്, ഹുവൈദ അറഫ്, സിനാന്‍ അന്റൂണ്‍, നഓമി ശിബാബ് നെയ്, തേജ് കോള്‍ തുടങ്ങിയവരുടെ മികച്ച സൃഷ്ടികളുടെ സമാഹാരമാണിത്.

ഈ പുസ്തകത്തിന്റെ വായനക്കാര്‍ ആരായിരിക്കും?
ഏവര്‍ക്കും പ്രിയമാകുന്ന, ഫെസ്റ്റിവലുകളിലും, കൂട്ടായ്മകളിലുമെല്ലാം വായിക്കപ്പെടുന്ന പുസ്തകമാവണമിത്. ആളുകള്‍ ഫലസ്തീനെ കുറിച്ച് വെച്ച് പുലര്‍ത്തുന്ന സമീപനങ്ങള്‍ മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിയമത്തിന്റെയും, കരാറുകളുടെയും, പ്രമേയങ്ങളുടെയും നൂലാമാലകളില്‍ കുരുങ്ങിക്കിടക്കുന്ന കേവലമൊരു സ്ഥലപേരല്ല ഫല്‌സതീന്‍. അനന്തകാലത്തേക്ക് അഭയാര്‍ഥികളാകാന്‍ വിധിക്കപ്പെട്ട ഒരു ജനത അവരുടെ ഹൃദയങ്ങളില്‍ പേറിനടക്കുന്ന സ്വപ്‌നമാണ് ഫലസ്തീന്‍ എന്ന് നമ്മള്‍ തിരിച്ചറിയണം.

മൊഴിമാറ്റം: മുഹമ്മദ് അനീസ്‌

Related Articles