Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി പോലീസിന്റെ പരാജയപ്പെട്ട ഏറ്റുമുട്ടല്‍

വടക്കന്‍ കാശ്മീരിലെ കുപ്‌വാര ജില്ലയിലെ ദര്‍ദ്‌പോറ ഗ്രാമം വളരെ ആവേശത്തോടെയാണ് സയ്യിദ് ലിയാഖത്ത് ഷായെ സ്വീകരിച്ചത്. പ്രദേശത്തെ എം.എല്‍.എ. യുടെ കാറില്‍ എത്തിയ അദ്ദേഹം ഇറങ്ങുമ്പോള്‍ പ്രദേശവാസികള്‍ ആരവത്തോടെ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. പതിനെട്ട് വര്‍ഷം മുമ്പ് നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനിലേക്ക്‌പോയ ഷാ തനിക്ക് ലഭിച്ച ഊഷ്മള വരവേല്‍പില്‍ താന്‍ അതുവരെ നേരിട്ട ദുരിതങ്ങളെല്ലാം മറന്നു. ഈ മാര്‍ച്ച് ഇരുപതിന് സയ്യിദ് ലിയാഖത്ത് ഷായും കുടുംബവും പാക്കധീന കാശ്മീരില്‍നിന്ന് തീരിച്ചുവരുമ്പോള്‍ നേപ്പാള്‍ അതിര്‍ത്തിയില്‍വെച്ചാണ് ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സ്‌ക്വാഡ് ഹോളി ആഘോഷവേളയില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയുമായി വരികയാണെന്നാരോപിച്ച് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് അദ്ദേഹം ഒരു പത്രപ്രവര്‍ത്തകനോട് വെളിപ്പെടുത്തിയ. സംഭ്രമജനകമായ തന്റെ അനുഭവങ്ങളില്‍ നിന്നുള്ള എതാനും ഭാഗങ്ങള്‍:-

? ഡല്‍ഹി പോലീസ് എങ്ങിനെയാണ് താങ്കളെ അറസ്റ്റ് ചെയ്തത് ?

– ഞാന്‍ കുടുംബസമേതം തിരിച്ചുവരുന്നവഴി ഗോരഖ്പൂരില്‍ എത്തിയപ്പോള്‍ ജമ്മു-കാശ്മീര്‍  പോലീസില്‍ ഏല്‍പിക്കേണ്ടതുണ്ടെന്ന് പറഞ്ഞുകൊണ്ട് അവര്‍ എന്നെ  തടഞ്ഞ് കുടുംബത്തില്‍നിന്ന് വേര്‍പെടുത്തി ദൂരെകൊണ്ടുപോയി. തുടര്‍ന്ന് രണ്ടുദിവസം അവര്‍ എന്നോട് സംസാരിച്ചില്ല. പെട്ടെന്ന് മൂന്നാം ദിവസം രാത്രി  അവര്‍ എന്നെ ഒരു വാഹനത്തില്‍ കയറ്റി അതിലെ സീറ്റിന്നടിയില്‍ ഒളിപ്പിച്ചുകിടത്തി. ഒറ്റപ്പെട്ട ഒരു സ്ഥലത്തെത്തിയപ്പോള്‍ വാഹനം നിറുത്തി എന്നെ വലിച്ച് പുറത്തിട്ടു. എന്റെനേരെ റൈഫിള്‍ ചൂണ്ടിയപ്പോള്‍ ഒരു ഏറ്റുമുട്ടല്‍ നാടകത്തില്‍ എന്നെ കൊന്നുതള്ളാനുള്ള ഒരുക്കമാണെന്ന് മനസ്സിലായി. ഉടനെ ചില മാധ്യമപ്രവര്‍ത്തകരുടെ വാഹനങ്ങള്‍  അതിവഴി കടന്നുപോയപ്പോള്‍ പോലീസുകാര്‍ മനസ്സുമാറ്റി. എന്നെ വീണ്ടും വാഹനത്തില്‍ വലിച്ചുകയറ്റി സ്റ്റേഷനില്‍ എത്തിച്ചു, ഒരു പക്ഷെ ഹോളി ആഘോഷവേളയില്‍ എന്നെ വധിച്ചുകൊണ്ട ് ‘ഡല്‍ഹിയില്‍ ഒര വലിയ ഭീകരാക്രമണം പരാജയപ്പെടുത്തി’ എന്ന് പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടാവാം.

? താങ്കളെ അവര്‍ ഉപദ്രവിച്ചിരുന്നോ ?

– ചോദ്യം ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ അവര്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. ശരീരത്തില്‍ ഇപ്പോഴും അതിന്റെ പാടുകളുണ്ട്.

? തലസ്ഥാന നഗരം ആക്രമിക്കാനെത്തിയ ഭീകരനാണ് താങ്കളെന്ന് ആരോപിക്കാനെന്താണ് കാരണം ?

– അവര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു. എന്റെ കൈവശമുള്ളതെല്ലാം വിറ്റൊഴിച്ച് കുടുംബവുമായി അതിര്‍ത്തികടന്ന് വരികയാണെന്ന് ഞാന്‍ മുന്‍കൂട്ടി ജമ്മു-കാശ്മീര്‍ പോലീസിനേയും ഭരണാധികാരികളേയും അറിയിച്ച് ആവശ്യമായ എല്ലാ രേഖകളുമായാണ് പുറപ്പെട്ടത്. എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഇതില്‍പരം വേറെന്താണ് വേണ്ടത്? എന്റെസത്യസന്ധതയും നിരപരാധത്വവുമാണ് മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയേയും ജമ്മു-കാശ്മീര്‍ പോലീസിനേയും എനിക്കുവേണ്ടി ശബ്ദമുയര്‍ത്താന്‍ പ്രേരിപ്പിച്ചത്. ഇതില്‍ എനിക്ക് അവരോട് നന്ദിുയുണ്ട്.

? താങ്കള്‍ പത്തുദിവസം ഡല്‍ഹി പോലീസ് കസ്റ്റഡിയിലായിരുന്നല്ലോ, അവര്‍ എന്താണ് ചോദിച്ചത് ?

– ആദ്യ രണ്ട് ദിവസങ്ങളില്‍ ചോദ്യങ്ങളൊന്നുമുണ്ടായില്ല. പിന്നീട്, ഞാന്‍ ഡല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് സമ്മതിപ്പിക്കാനും അവര്‍ പഠിപ്പിക്കുന്ന കഥ ഏറ്റുപറയാനും പ്രേരിപ്പിച്ചുതുടങ്ങിയെങ്കിലും ഞാന്‍ വഴങ്ങിയില്ല. തുടര്‍ന്ന് ജുമാമസ്ജിദ് പ്രദേശത്തെ ഒരു ഹോട്ടലില്‍ താമസിക്കാനും അവിടന്ന് നല്‍കുന്ന ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും ഏറ്റുവാങ്ങാന്‍ ബാദല്‍ഖാന്‍ എന്ന ഒരു ഭീകരനില്‍നിന്ന്  സന്ദേശം ലഭിച്ചുവെന്ന് സമ്മതിക്കാനും നര്‍ബന്ധിച്ചുതുടങ്ങി. ഞാന്‍ വീണ്ടും നിരസിച്ചപ്പോള്‍ പറയുന്നത് അനുസരിച്ചാല്‍ മോചിപ്പിക്കാമെന്നും മറ്റും പ്രലോഭിപ്പിച്ചെങ്കിലും  എല്ലാ പീഡനങ്ങളും സഹിച്ചുകൊണ്ട് ഞാന്‍ നിസ്സഹകരിച്ചു. പിന്നീട് പത്താം ദിവസം തിഹാര്‍ ജയിലിലേക്ക് മാറ്റിയപ്പോഴാണ് സംഭവം നാട് മുഴുവന്‍ അറിഞ്ഞുകഴിഞ്ഞെന്നും ഡല്‍ഹിപോലീസ് എന്നെ ഭീകരനായി ചിത്രീകരിച്ചുകഴിഞ്ഞെന്നും ഞാന്‍ അറിയുന്നത്. ടൈംസ് ഓഫ് ഇന്ത്യ പത്രത്തില്‍ എന്റെ ചിത്രത്തോടെ വാര്‍ത്ത മുഴുവന്‍ ഫ്‌ലാഷായതും മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും ജമ്മു-കാശ്മീര്‍ പോലീസും ഞാന്‍ നിരപരാധിയാണെന്ന് പ്രസ്താവിച്ചതും അപ്പോള്‍മാത്രമാണ് ഞാന്‍ മനസ്സിലാക്കിയത്. ഇത് എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. എന്നോട് അനുഭാവം പ്രകടിപ്പിച്ച ജയില്‍ സൂപ്രണ്ടും ജീവനക്കാരും മാന്യമായാണ് എന്നോട് പെരുമാറിയത്. എനിക്കവരോട് നന്ദിയുണ്ട.്

? ദേശീയാന്വേഷണ ഏജന്‍സിയുമായുള്ള താങ്കളുടെ അനുഭവം എന്തായിരുന്നു ?

– എന്‍.ഐ.എ. എന്നെ ധാരാളം സഹായിച്ചിട്ടുണ്ട്. അവരാണ് ഡല്‍ഹി പോലീസിന്റെ കാപട്യങ്ങള്‍ വെളിച്ചത്താക്കിയത്. ഞാന്‍ ഒരിക്കലും ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകനായിരുന്നില്ല. ആ ആരോപണം തെറ്റായിരുന്നു. 1990 കളില്‍ കുറഞ്ഞകാലം ‘അല്‍ബര്‍ക്ക’ എന്ന തീവ്രവാദികളുമായി എനിക്ക് ബന്ധമുണ്ടായിരുന്നു. സുരക്ഷാസേനകളുടെ ഉപദ്രവങ്ങളില്‍നിന്ന് രക്ഷപ്പെടാനായിരുന്നു ഇത്.  എന്റെ സഹോദരന്റെ വധത്തിനുത്തരവാദി ആരാണെന്ന് ഇന്നേവരെ ഞങ്ങള്‍ക്കറിയാന്‍ സാധിച്ചിട്ടില്ല. മൃതദേഹംപോലും കണ്ടുകിട്ടിയില്ല. അന്ന് വളരെ വിഷമകരമായ ദിനങ്ങളായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളിലെ ജീവിതംതന്നെ കഠിനമായിരുന്നു.

? തിരിച്ചുവന്നതില്‍ താങ്കള്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടോ ?

– ഇല്ല. എന്റെ ഒരു മകനെ അവിടെ വിട്ടേച്ചാണ് വന്നതെങ്കിലും എന്റെ മാതാവിന്റെ സമീപത്തെത്തിയതില്‍ സന്തോഷമുണ്ട്. എന്റെ നാട്ടുകാരിലേക്ക് തിരിച്ചെത്തിയതില്‍ ഞാന്‍ സംതൃപ്തനാണ്. വളരെ ത്യാഗങ്ങള്‍ സഹിക്കേണ്ടിവന്നു. എന്റെ വസ്തുവകകളെല്ലാം അതിര്‍ത്തിക്കപ്പുറം വിറ്റൊഴിവാക്കേണ്ടിവന്നു. ഇനി എല്ലാം പുതുതായി ആരംഭിക്കേണ്ടിയിരിക്കുന്നു. പല വെല്ലുവിളികളും നേരിടുന്ന എന്നെ ഭരണകൂടം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അവലംബം : തെഹല്‍ക വാരിക

വിവ : മുനഫര്‍ കൊയിലാണ്ടി

Related Articles