Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ ഹിന്ദുവാണ്, പാകിസ്താനാണ് എന്റെ മാതൃരാജ്യം

സിന്ധിലെ ഉമര്‍കോട്ട് പട്ടണത്തില്‍ 1973-ല്‍ ഹിന്ദു മാതാപിതാക്കളുടെ മകനായി ജനിച്ച ലാല്‍ ചന്ദ് മല്‍ഹി 2013 ലെ പൊതുതെരെഞ്ഞെടുപ്പില്‍ പാകിസ്താന്‍ നാഷണല്‍ അസംബ്ലിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. മുന്‍ പാക് ക്രിക്കറ്റ് താരമായി ഇംറാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തഹ്‌രീകെ ഇന്‍സാഫ് നല്‍കിയ സംവരണ സീറ്റിലാണ് അദ്ദേഹം മത്സരിച്ച് വിജയിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കി. പ്രത്യേകിച്ചും മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ പാകിസ്താനില്‍ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അദ്ദേഹവുമായി നിതീഷ് ജെ വില്ലറ്റ് നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍:

♦നിങ്ങളുടെ പശ്ചാത്തലം ഒന്നു വിവരിക്കുമോ?
ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന സിന്ധ് പ്രവിശ്യയിലെ ഉമര്‍കോട്ട് പട്ടണത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഉമര്‍കോട്ടിലെയും സിന്ധിലെ ഹൈദരാബാദ് നഗരത്തിലുമായിരുന്നു എന്റെ സ്‌കൂള്‍ വിദ്യാഭ്യാസം. പിന്നീട് ജംഷോരോയിലെ സിന്ധ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കി. യൂണിവേഴ്‌സിറ്റി പഠനകാലത്ത് സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സാമി ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു എന്‍.ജി.ഒ രൂപീകരിച്ചു. 1955-ല്‍ പാകിസ്താന്‍ ഹ്യൂമന്‍ റൈറ്റ്‌സ കമ്മീഷന് വേണ്ടി ഞാന്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ബിരുദ പഠനത്തിന് ശേഷം 2001 വരെ ജേര്‍ണലിസ്റ്റായി വിവിധ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ഞാന്‍ ജോലി ചെയ്തിരുന്നു. പിന്നീട് ജന്മനാട്ടിലേക്ക് മടങ്ങിയെത്തിയ ഞാന്‍ തദ്ദേശ ഭരണ നേതൃസ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. അതില്‍ ഞാന്‍ വിജയിക്കുകയും പാകിസ്താന്‍ പീപ്പ്ള്‍സ് പാര്‍ട്ടിയില്‍ (PPP) ചേരുകയും ചെയ്തു. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിരാശനായ ഞാന്‍ ഇംറാന്‍ ഖാന്റെ കരുത്തുറ്റ മതേതര നേതൃത്വത്തില്‍ ആകൃഷ്ടനായി. 2013-ല്‍ പി.പി.പി വിട്ട് നവപാകിസ്താന് വേണ്ടിയുള്ള ഇംറാന്‍ ഖാന്റെ പോരാട്ടത്തോടൊപ്പം ചേരുകയും ചെയ്തു.

പുറത്തു നിന്നും വീക്ഷിക്കുന്ന ഒരാളെന്ന നിലക്ക,് പാകിസ്താനില്‍ ഒരു രാഷ്ട്രീയക്കാരനും മാധ്യമപ്രവര്‍ത്തകനുമായി ജീവിക്കല്‍ അപകടം പിടിച്ച പണിയായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. എന്തെങ്കിലും തരത്തിലുള്ള ആക്രമണത്തിന് വിധേയനായിട്ടുണ്ടോ?
ഞാന്‍ മാധ്യമപ്രവര്‍ത്തനവും രാഷ്ട്രീയവും ഇഷ്ടപ്പെടുന്നു. എന്തു കൊണ്ടെന്നാല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളാണ് അവ രണ്ടും കൈകാര്യം ചെയ്യുന്നത്. മറഞ്ഞ് കിടക്കുന്ന പ്രശ്‌നങ്ങളെ തിരിച്ചറിയാന്‍ മാധ്യമപ്രവര്‍ത്തനത്തിന് സാധിക്കുന്നു. അതേസമയം അവയെ പരിഹരിക്കാന്‍ സാധിക്കുക രാഷ്ട്രീയത്തിനാണ്. അതില്‍ ഏതെങ്കിലും ഒന്നില്‍ നിങ്ങള്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ എന്നെന്നേക്കുമായി അതുപേക്ഷിക്കല്‍ പ്രയാസമായിരിക്കും. മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ചടത്തോളം വളരെ മോശപ്പെട്ട ഒരു ഘട്ടത്തിലൂടെയാണ് പാകിസ്താന്‍ സ്വാതന്ത്ര്യാനന്തരം കടന്ന് പോകുന്നത്. നിരവധി മാധ്യമപ്രവര്‍ത്തകള്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ അധികവും ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന തുച്ഛമായ വേതനം പറ്റിയിരുന്ന പ്രശസ്തി നേടാത്തവരായിരുന്നു. ഫ്യൂഡല്‍ പ്രഭുക്കന്‍മാര്‍ നടത്തുന്ന അക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും റിപോര്‍ട്ട് ചെയ്യാന്‍ തുടങ്ങുന്നതോടെ അവര്‍ പ്രയാസങ്ങളും നേരിടേണ്ടി വരുന്നു. അതിന്റെ ഏറ്റവും മികച്ച മാതൃകയാണ് ബലൂചിസ്താന്‍. ഫ്യൂഡല്‍ പ്രഭുക്കന്‍മാരും പോലീസിലെ ഫ്യൂഡല്‍ ഘടകങ്ങളും നിങ്ങളുടെ കഥകഴിക്കാന്‍ കൈകോര്‍ക്കുന്ന അവിടെ നിന്നും റിപോര്‍ട്ട് ചെയ്യാന്‍ അസാമാന്യമായ മനക്കരുത്ത് ആവശ്യമാണ്. അതിലുപരിയായി മീഡിയ ഗ്രൂപ്പുകള്‍ക്കിടയില്‍ നടക്കുന്ന ചെറിയ ചെറിയ ഏറ്റുമുട്ടലുകളും പാകിസ്താനിലെ മാധ്യമപ്രവര്‍ത്തനത്തെ ബാധിക്കുന്നുണ്ട്. എതിര്‍ ഗ്രൂപ്പിലെ മാധ്യമ പ്രവര്‍ത്തക് നേരെ ആക്രമണമുണ്ടാവുമ്പോള്‍ അത് റിപോര്‍ച്ച് ചെയ്യാതിരിക്കുക എന്ന പ്രവണതയുമുണ്ട്.

ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് മടങ്ങണമെന്നും ഹിന്ദുത്വം അംഗീകരിക്കാത്തവര്‍ ഇന്ത്യവിടണമെന്നുമാണ് ഇന്ത്യയിലെ ചില തീവ്രഹിന്ദുത്വ ശക്തികള്‍ പറയുന്നത്. ഇതിനോട് എങ്ങനെ പ്രതികരിക്കുന്നു?
ഞങ്ങള്‍ ഹിന്ദുക്കളാണ്, എന്നാല്‍ പാകിസ്താനാണ് ഞങ്ങളുടെ മാതൃരാജ്യം. എന്തിന് ഞങ്ങള്‍ മാതൃരാജ്യം ഉപേക്ഷിക്കണം? സംഘ്പരിവാറിന്റെ പ്രചരണങ്ങള്‍ വിശ്വസിച്ച് ഈയടുത്ത കാലത്ത് പാകിസ്താനില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ ചില ഹിന്ദുക്കളെ എനിക്കറിയാം. രണ്ടാംകിട പൗരന്‍മാരായിട്ടാണ് അവര്‍ ഇന്ത്യയില്‍ ഗണിക്കപ്പെടുന്നത്. നല്ല കഴിവുകള്‍ ഉണ്ടായിട്ടും തങ്ങളുടെ യോഗ്യതക്ക് അനുസരിച്ച ജോലി ലഭിക്കുന്നതിലും കുടിയേറിയവര്‍ പ്രയാസം അനുഭവിക്കുന്നുണ്ട്.

നരേന്ദ്ര മോദിയാണ് ഇന്ത്യ ഭരിക്കുന്നത് എന്നത് പാകിസ്താനിലെ ഹിന്ദുക്കളെ സന്തോഷിപ്പിക്കുന്നുണ്ടോ?
ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ എന്റെ ചില ബന്ധുക്കളും സുഹൃത്തുക്കളും മോദിയെ പ്രശംസിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. അവര്‍ പറയുന്നു, ‘ഗുജറാത്തിലെ മുസ്‌ലിംകളെ പാര്‍ശ്വവല്‍കരിക്കുന്നതില്‍ മോദി വിജയിച്ചു.’ എന്നാല്‍ ഹിന്ദു മതവിശ്വാസവുമായി പാകിസ്താനില്‍ ജീവിക്കുന്ന ഒരാളെന്ന നിലക്ക് മോദിയുടെ ഭൂരിപക്ഷ രാഷ്ട്രീയത്തെ ഞാന്‍ വെറുക്കുന്നു. വിവിധ രാഷ്ട്രങ്ങളില്‍ ഹിന്ദുക്കള്‍ വസിക്കുന്നുണ്ട്. ആ രാഷ്ട്രങ്ങളിലെ ഭൂരിപക്ഷ മതമൗലികവാദികള്‍ ഹിന്ദുക്കളെല്ലാം അവരുടെ ജന്മനാട്ടിലേക്ക് മടങ്ങണമെന്ന് പറയാന്‍ തുടങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ? അമേരിക്കയിലും യൂറോപിലും ജോലി ചെയ്യുന്ന കുടിയേറ്റക്കാരില്‍ നിന്നാണ് തങ്ങളുടെ ഫണ്ടിന്റെ വലിയൊരു ഭാഗം ലഭിക്കുന്നതെന്ന് സംഘ്പരിവാര്‍ മറക്കരുത്.

മോദിയുടെ ഹിന്ദുത്വ അജണ്ടയെ വിമര്‍ശിക്കുന്ന പാകിസ്താനിലെ ഹിന്ദു എം.പിയാണോ താങ്കള്‍?
പാകിസ്താനിലെ ഹിന്ദു ന്യൂനപക്ഷ സമുദായത്തിലാണ് ഞാന്‍ ജനിച്ചതും വളര്‍ന്നതും. അതുകൊണ്ട് തന്നെ മറ്റെവിടെത്തെയും ന്യൂനപക്ഷ പ്രശ്‌നങ്ങളെ കുറിച്ച് ഞാന്‍ കൂടുതല്‍ ബോധവാനാണ്. ഹിന്ദുത്വ മതഭ്രാന്തന്‍മാരുടെ കരങ്ങളാല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ പാകിസ്താനിലെ ഹിന്ദുക്കള്‍ വളരെയധികം പരിഭ്രാന്തരായിരുന്നു. പ്രത്യേകിച്ചും സിന്ധ് പ്രവിശ്യയിലുള്ളവര്‍. എന്നാല്‍ പ്രതികാരമായി ഹിന്ദുക്കളോ അവരുടെ ക്ഷേത്രങ്ങളോ അക്രമിക്കപ്പെടില്ലെന്ന് മതേതര പാര്‍ട്ടികളുടെ മുസ്‌ലിം നേതാക്കള്‍ ഉറപ്പ് നല്‍കി. അപ്രകാരം ഗുജറാത്ത് വംശഹത്യ നടന്നപ്പോഴും ഞങ്ങള്‍ പ്രതികാര ആക്രമണങ്ങള്‍ ഭയപ്പെട്ടിരുന്നു. എന്നാല്‍ എന്റെ അറിവില്‍ ഒരു ഹിന്ദു പോലും ആക്രമിക്കപ്പെട്ടില്ല. പരമ്പരാഗത മുസ്‌ലിം തൊപ്പി ധരിക്കാന്‍ നിന്ദ്യമായ തരത്തില്‍ വിസമ്മതിച്ച മോദിയുടെ മതേതരത്വത്തോടുള്ള നിലപാട് വളരെ വ്യക്തമാണ്. ഒരിക്കല്‍ ഉമര്‍കോട്ടില്‍ ഹിന്ദു വിഭാഗം സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഇംറാന്‍ ഖാന് ഹിന്ദുക്കള്‍ ഉപയോഗിക്കുന്ന തലപ്പാവ് സമ്മാനമായി നല്‍കി. വളരെ സന്തോഷത്തോടെ അദ്ദേഹമത് ധരിച്ചു. അത് ധരിച്ചതിലൂടെ ന്യൂനപക്ഷങ്ങള്‍ക്ക് നിങ്ങളും പാകിസ്താന്റെ ഭാഗമാണെന്ന സന്ദേശം പകര്‍ന്നു നല്‍കുയായിരുന്നു അദ്ദേഹം. ഡല്‍ഹി തെരെഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ലഭിച്ചിട്ടുള്ള മഹാവിജയം ഗുജറാത്തല്ല ഇന്ത്യയെന്ന മുന്നറിയിപ്പാണ് മോദിക്ക് നല്‍കുന്നത്.

അവലംബം: Tehelka Magazine, Volume 12 Issue 10

മൊഴിമാറ്റം: നസീഫ്‌

Related Articles