Current Date

Search
Close this search box.
Search
Close this search box.

ഞാന്‍ ഫറോവയല്ല, ഞങ്ങള്‍ സ്വതന്ത്രരാകാന്‍ പഠിക്കുകയാണ്

morsi.jpg

ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുമായി ‘ടൈം മാഗസിന്‍’ എഡിറ്റര്‍ റിക് സ്റ്റേഞ്ചലും, മാനേജിങ്ങ് എഡിറ്റര്‍ ബോബ്ബി ഘോഷും പശ്ചിമേഷ്യന്‍ പ്രതിനിധി കാള്‍വിക്കും ചേര്‍ന്ന് നടത്തിയ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. മുര്‍സിയുടെ മുഖചിത്രവുമായി പുറത്തിറങ്ങിയ പുതിയ ലക്കത്തിലാണ് ഇന്റര്‍വ്യു പ്രസിദ്ധീകരിച്ചിരിക്കുന്നത്. ‘പശ്ചിമേഷ്യയിലെ നിര്‍ണായക വ്യക്തിത്വം’ എന്നാണ് മാഗസിന്‍ പുറംചട്ടയില്‍ തലക്കെട്ട് നല്‍കിയിരിക്കുന്നത്.

ഈജിപ്തില്‍ യഥാര്‍ഥ അഭിപ്രായ സ്വാതന്ത്ര്യമുണ്ടാവണമെന്ന് ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ ജനത എല്ലാ മേഖലയിലും സ്വതന്ത്ര്യം നേടുകയെന്നതാണ് എന്റെ സ്വപ്നം. വിശ്വസിക്കാനും ഏത് ആശയങ്ങളെയും പിന്‍പറ്റാനുമുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ടാവണം. ഈ വ്യക്തിസ്വാതന്ത്ര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി ഞാന്‍ നിലയുറപ്പിക്കും. ഞാന്‍ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. എന്റെ കാലഘട്ടത്തില്‍ രാഷ്ട്രമാകുന്ന ഈ കപ്പലിന് ഒരു കേടുപാടും വരുത്താതെ നോക്കുകയെന്നതാണ് പ്രസിഡന്റെന്ന നിലയിലുള്ള എന്റെ കടമ. ഇത് വളരെ എളുപ്പമുള്ളൊരു കാര്യമല്ല. ഈജിപ്തുകാര്‍ സ്വാതന്ത്രവും ജനാധിപത്യവും നിലനിര്‍ത്താന്‍ എന്ത് ത്യാഗവും ചെയ്യാന്‍ തയ്യാറാണെന്ന് തെളിയിച്ചവരാണ്. അത് ഞാനും സാക്ഷ്യം വഹിച്ച സത്യമാണ്. ഈജിപ്തില്‍ വ്യക്തിസ്വാതന്ത്ര്യവും ജനാധിപത്യവും സാമൂഹികനീതിയും സ്ഥാപിക്കപ്പെടണമെന്നും നിലനില്‍ക്കണമെന്നുമാണ് രാഷ്ട്രത്തിന്റെയും ജനതയുടെയും ആഗ്രഹം. വ്യക്തിയെന്ന നിലയില്‍ എന്റെയും സ്വപ്‌നവും പ്രതീക്ഷയും അതാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനോ ഞാനോ അതിനെതിരായി ഒന്നും പറഞ്ഞിട്ടില്ല.

ഈജിപ്തിന്റെ ജനത ഉന്നതമായ സ്വതന്ത്രബോധം കാത്ത്‌സൂക്ഷിക്കുന്നവരാണ്. അവരുടെ പ്രസിഡന്റിനെതിരെ അവര്‍ ശബ്ദമുയര്‍ത്തുന്നു. ഈ ബോധം വളരെ സുപ്രധാനമാണ്. ഇപ്രകാരം ശബ്ദമുയര്‍ത്തുകയെന്നതും അവരുടെ വികാരങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുകയെന്നതും അവരുടെ അവകാശമാണ്. എന്നാല്‍ ഭരണാധികാരിയെന്ന നിലയില്‍ എനിക്ക് ചില ഉത്തരവാദിത്തങ്ങളുണ്ട്. അവര്‍ കാണുന്നതിനെക്കാള്‍ കാര്യങ്ങള്‍ ഞാന്‍ കാണുന്നുണ്ട്. ഞാന്‍ ഈജിപ്ഷ്യന്‍ ജനതക്കെതിരായി ഒരു തീരുമാനവും എടുത്തിട്ടില്ല. അവരുടെകൂടെ നടക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അവരുടെ ക്ഷേമമാണ് ഞാന്‍ ലക്ഷ്യം വെക്കുന്നത്.

എന്നാല്‍ ഇപ്പോള്‍ ഈജിപ്ഷ്യന്‍ തെരുവുകളില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ കാണുന്നുണ്ട്. അക്രമാസക്തമാണ് സമരങ്ങള്‍ എന്നതാണത്. 2011 ജനുവരിയില്‍ തഹ്‌രീര്‍ സ്‌ക്വയറിലും മറ്റ് ഈജിപ്ഷ്യന്‍ തെരുവുകളിലും നടന്ന പ്രക്ഷോപങ്ങളില്‍ ആര്‍ക്കെതിരെയും അക്രമങ്ങള്‍ നടന്നിരുന്നില്ല. എന്നാല്‍ ഇപ്പോഴുള്ള പ്രക്ഷോപങ്ങളില്‍ അക്രമങ്ങളാണ് കാര്യമായി നടക്കുന്നത്. ഇത്തരം അക്രമപ്രവര്‍ത്തനങ്ങളും മുന്‍ഭരണാധികാരിയായ മുബാറക് അനുകൂലികളും തമ്മില്‍ ബന്ധമുണ്ട്. അതിന്റെ വിശദാംശങ്ങള്‍ ഞങ്ങളുടെ കൈകളിലുണ്ട്. എല്ലാറ്റിനുമുപരിയായി ഇപ്പോള്‍ ഞങ്ങള്‍ പഠിക്കുകയാണ്. എപ്രകാരം സ്വതന്ത്രരായിത്തീരാമെന്നാണ് ഞങ്ങള്‍ ഈജിപ്തുകാര്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.

ഞാന്‍ മുമ്പ് ജയിലിലടക്കപ്പെട്ടിട്ടുണ്ട്. എഞ്ചിനീയറിം കോളേജിലെ ഒരു വിഭാഗത്തിന്റെ തലവനായിരുന്നു ഞാന്‍. അതിനിടയില്‍ ഈജിപ്തിലെ കോടതിയെ കുറിച്ചും അഭിഭാഷകരെ കുറിച്ചും ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. ലെജിസ്ലേറ്റീവ്, ജുഡീഷ്യറി, എക്‌സിക്യുട്ടീവ് തുടങ്ങീ ഭരണത്തിന്‍െ മൂന്നു തട്ടുകളെയും കുറിച്ച് എനിക്ക് കൃത്യമായി അറിവുണ്ട്. അതാണ് രാഷ്ട്രം നിലനില്‍ക്കുന്നതിലുള്ള അടിസ്ഥാനങ്ങള്‍. ജനതയാണ് അധികാരത്തിന്റെ ഉറവിടം. ഭരണനിര്‍വഹണത്തെ പ്രതിനിധീകരിക്കുന്നത് പ്രസിഡന്റാണ്. പ്രസിഡന്റ് ജനങ്ങളില്‍ നിന്നാണ് തെരെഞ്ഞെടുക്കപ്പെടുന്നത്. ഇപ്രകാരം പ്രസിഡന്റിനെ തെരെഞ്ഞെടുക്കുന്നതിന് ഈജിപ്ഷ്യന്‍ ജനതക്ക് പൂര്‍ണസ്വാതന്ത്രം നല്‍കണമെന്നതാണ് എന്റെ ആഗ്രഹം. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തെരെഞ്ഞെടുപ്പിലൂടെ തെരെഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റിന് അധികാരം കൈമാറണമെന്നാണ് എന്റെ താല്‍പര്യം. അപ്രകാരം ഞാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്രചെയ്തു. അമേരിക്കയിലും യൂറോപ്പിലുമെല്ലാം. അവിടെയൊക്കെ കാര്യങ്ങള്‍ നടക്കുന്നതെങ്ങനെയാണെന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്.

ഈജിപ്തില്‍ ഭൂരിപക്ഷവും വിപ്ലവത്തിന്റെയും സര്‍ക്കാറിന്റയും അനുകൂലികളാണ്. എന്നാല്‍ അതിനെ എതിര്‍ക്കുന്നവരും ഇവിടെയുണ്ടെന്നുള്ളത് ഞാന്‍ നിഷേധിക്കുന്നില്ല. എന്നാല്‍ എതിര്‍പക്ഷത്തുള്ളത് 30 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ്.   

ഞാന്‍ അധികാരത്തിലേറിയിട്ട് അഞ്ച് മാസം മാത്രമാണ് പിന്നിട്ടിരിക്കുന്നത്. അക്രമവും അധര്‍മവും ചെയ്ത് നീണ്ട മുപ്പത് വര്‍ഷങ്ങള്‍ ഞാന്‍ ഭരിച്ചിട്ടില്ല. ജനങ്ങളെ അരികുവല്‍കരിക്കുന്ന കാലം കഴിഞ്ഞു. വിപ്ലവത്തിലൂടെ ആ കാലഘട്ടത്തിനാണ് വിരാമമായിരിക്കുന്നത്. ഇഖ്‌വാനുല്‍ മുസ്‌ലിമൂനാണ് ആ വിപ്ലവങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഇഖ്‌വാന്റെ വിപ്ലവപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ടും നിയന്ത്രിച്ചുകൊണ്ടും ഞാന്‍ ഈജിപ്ത് തെരുവുകളില്‍ ജനങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ക്ക് പുതിയൊരു കാലം വരാനുണ്ടെന്നതായിരുന്ന അന്നത്തെ പ്രതീക്ഷ. ജനതയെ അംഗീകരിക്കുന്ന പുതിയ ഭരണഘടന വരുമെന്നായിരുന്നു സ്വപ്‌നം.

ആ കാലത്തെ എന്റെ സ്വപ്‌നമാണ് ഭരണഘടനാ നിലവില്‍ വരുന്നതോടെ സാക്ഷാല്‍കരിക്കപ്പടുക. അടുത്ത ഭാവിയില്‍ തന്നെ ഭരണഘടനാ സമിതി ഭരണഘടന അവതരിപ്പിക്കും. എന്റെ പ്രഖ്യാപനത്തെ ധാരാളം പേര്‍ പിന്തുണക്കുന്നുണ്ട്. ഇനി ഭരണഘടന നിലവില്‍ വന്നാല്‍ പുതിയ പാര്‍ലമെന്റ് വരും. പിന്നീട് തെരെഞ്ഞെടുപ്പുകള്‍ നടക്കും. ഈ പ്രശ്‌നങ്ങളെല്ലാം രണ്ട് മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടും.

വിവ: ജുമൈല്‍ കൊടിഞ്ഞി
 

Related Articles